Thursday, August 1, 2013

ദൈവത്തിന്റെ സ്വന്തം നാട്ടിലെ തട്ടിപ്പുകാര്‍

ദൈവത്തിന്റെ സ്വന്തം നാടായ കേരളം തട്ടിപ്പുകാരുടെ സ്വന്തമായി. സോളാര്‍ തട്ടിപ്പ്‌ കേസ്‌ കേരളജനതയേയും അതിന്റെ രാഷ്‌ട്രീയത്തേയും ഇളക്കി മറിക്കുന്നു. കേരളീയരെ വിദഗ്‌ദ്ധമായി വഞ്ചിച്ച ഏറ്റവും പുതിയ താരങ്ങളാണ്‌ ഈ തട്ടിപ്പിലെ പ്രതികള്‍. കേരള ജനതയെ വഞ്ചിക്കുന്നതു ഒരു പുതുമയല്ല. അതിന്‌ നീണ്ട ചരിത്രമുണ്ട്‌. ഈ നാളുകളില്‍ അവരെ ചില പത്രങ്ങള്‍ ഓര്‍മിച്ചു. അവരില്‍ ചിലരൊക്കെ ജയിലില്‍ സുഖവാസത്തിലുമാണ്‌. കേരളീയര്‍ ഇത്ര മണ്ടന്മാരാണോ എന്ന്‌ നാം തന്നെ ചോദിച്ചു തുടങ്ങിയിരിക്കുന്നു. പറ്റിക്കാന്‍ നിന്നു കൊടുക്കുന്ന മണ്ടന്മാരാണോ കേരളീയര്‍? ഇതിനോട്‌ ഈയുള്ളവനു യോജിപ്പില്ല. കേരളീയന്റെ നന്മയുടെ ഫലമായാണ്‌ അവര്‍ വഞ്ചിക്കപ്പെടുന്നത്‌. കേരളീയര്‍ വിശ്വസിക്കുന്നു, അവരുടെ വിശ്വാസത്തെ വഞ്ചിക്കുന്നു. കേരളീയരെ ആര്‍ക്കും വഞ്ചിക്കാനാവാത്ത സ്‌ഥിതി ഇവിടെ സംജാതമാകരുതേ എന്നാണ്‌ എന്റെ പ്രാര്‍ഥന. ആരെയും വിശ്വസിക്കാത്തവരുടെ സംസ്‌കാരമായിരിക്കും നമുക്കപ്പോള്‍. വഞ്ചനയും തട്ടിപ്പും വിശ്വാസത്തിന്റെ മണ്ണിലാണ്‌ നടമാടുന്നത്‌. സ്വകാര്യസ്വത്തിന്റെ ലോകത്തില്‍ മാത്രം വിലസുന്നവരാണ്‌ കള്ളന്മാര്‍. സ്വകാര്യ സ്വത്തവകാശം നിലനില്‍ക്കണമെന്നു ആഗ്രഹിക്കുന്നവരാണ്‌ കള്ളന്മാര്‍. കേരളീയര്‍ വിശ്വസിക്കുന്നവരാകണം എന്നതാണ്‌ തട്ടിപ്പുകാരുടെ ആഗ്രഹം. കള്ളന്മാരെ പേടിച്ച്‌ നാം സ്വകാര്യ സ്വത്തവകാശം ഉപേക്ഷിക്കുമോ? വഞ്ചനയുള്ളതുകൊണ്ട്‌ നാം വിശ്വാസം ഉപേക്ഷിക്കണോ? വിശ്വാസത്തിന്റെയും സത്യനിഷ്‌ഠയുടെയും ലോകത്തില്‍ മാത്രമേ നുണയും വഞ്ചനയും നടമാടൂ. വിശ്വാസത്തിനു നാം കൊടുക്കേണ്ട വിലയാണ്‌ ഇത്‌. വിശ്വാസവഞ്ചനയുള്ളതുകൊണ്ട്‌ നാം പരസ്‌പരം വിശ്വസിക്കാതിരിക്കണോ?
ഇതുപോലൊരു വിശ്വാസത്തിന്റെയും വിശ്വാസവഞ്ചനയുടെയും ഊരാക്കുടുക്കില്‍ നമ്മുടെ മുഖമന്ത്രിയുംപെട്ടിരിക്കുന്നു. അദ്ദേഹം കള്ളന്മാര്‍ക്ക്‌ കഞ്ഞിവച്ചവനായി മുദ്രകുത്തപ്പെടുന്നു. ഈ തട്ടിപ്പില്‍ അദ്ദേഹത്തിനു പങ്കില്ലെന്നാണ്‌ ഞാന്‍ കരുതുന്നത്‌. അതും ഒരു വിശ്വാസമാണ്‌.
മുഖ്യമന്ത്രി തന്റെ ഓഫീസിലെ അംഗങ്ങളെ വിശ്വസിച്ച്‌ അവര്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കി. അദ്ദേഹം വിശ്വസിച്ചവന്‍ അദ്ദേഹത്തോടു അവിശ്വസ്‌ത കാണിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ്‌ തട്ടിപ്പുകാരുടെ ഏജന്‍സി ഓഫീസായി മാറി. സ്വന്തം ഓഫീസ്‌ ഭരിക്കാനറിയാത്ത മുഖ്യമന്ത്രി എന്ന ദുഷ്‌പേരും വന്നു. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നതാണ്‌ പ്രതിപക്ഷത്തിന്റെ മുറവിളി. ഓഫീസിലുള്ളവര്‍ തെറ്റു ചെയ്‌താല്‍ ഓഫീസ്‌ ഭരിക്കേണ്ടവന്‍ അതിനു മറുപടി പറയണം. അടുത്തകാലത്ത്‌ വാനോളം ലോകം വാഴ്‌ത്തിയ ഒരു രാജിയുണ്ടായി. അതു ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ രാജിയായിരുന്നു. അദ്ദേഹം മുന്‍കൂട്ടി തീരുമാനമെടുത്ത്‌ അന്ന്‌ രാജിവച്ചതല്ല. കാരണം അദ്ദേഹം തന്നെ ഈ വിശ്വാസവര്‍ഷത്തില്‍ പുറപ്പെടുവിക്കാന്‍ ഒരു ചാക്രിക ലേഖനം എഴുതുകയായിരുന്നു. അതു പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്‌ പെട്ടെന്ന്‌ അദ്ദേഹം സ്‌ഥാനത്യാഗം നടത്തി. അതിനു കാരണമായി പെട്ടെന്ന്‌ വത്തിക്കാനില്‍ വല്ലതും ഉണ്ടായോ? അദ്ദേഹത്തിന്റെ സ്വകാര്യവസതിയിലെ വേലക്കാരനായ ബട്‌ലര്‍ അറസ്‌റ്റ്‌ ചെയ്യപ്പെട്ടിരുന്നു. വത്തിക്കാന്റെ രഹസ്യരേഖകള്‍ ചിലര്‍ക്ക്‌ ഇയാള്‍ വഴി ചോര്‍ത്തിക്കൊടുക്കുന്നു എന്നതായിരുന്നു ആരോപണം. ഈ രേഖകള്‍ ചോര്‍ത്തലും അതു പരസ്യമാക്കലും വത്തിക്കാന്‍ ഭരണകൂടത്തിലെ ഇടനാഴികളില്‍ നടന്നു കൊണ്ടിരുന്ന ചില അധികാര വടംവലികളുടേയും ചില ഉന്നതര്‍ തമ്മിലുള്ള ശീതസമരത്തിന്റെയും ഭാഗമായിരുന്നു. അത്‌ അന്വേഷിക്കാന്‍ ബെനഡിക്‌ട്‌ മാര്‍പാപ്പ തന്നെ മൂന്നു കര്‍ദ്ദിനാളന്മാരെ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ട്‌ പരമരഹസ്യമാക്കി മാര്‍പാപ്പയ്‌ക്ക്‌ കൈമാറി. അതിലെ ചില കണ്ടെത്തലുകളാണ്‌ മാര്‍പാപ്പയുടെ രാജിക്ക്‌ കാരണമായതെന്ന്‌ ആ ദിവസങ്ങളില്‍ത്തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മാര്‍പാപ്പയുടെ രാജിക്ക്‌ മാര്‍പാപ്പയും മറ്റ്‌ ചിലരും ഔദ്യോഗികമായി പറഞ്ഞ കാരണങ്ങളില്‍ ഇതൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ചില കര്‍ദ്ദിനാളന്മാര്‍ അടക്കത്തില്‍ പറയുന്നതും മറ്റു ചിലര്‍ പരസ്യമായി പറയുന്നതും വത്തിക്കാനിലെ ഭരണസിരകളില്‍ പ്രവര്‍ത്തിക്കുന്നവരെ നിയന്ത്രിക്കാന്‍ മാര്‍പാപ്പപരാജയപ്പെട്ടു എന്നാണ്‌. ഇത്‌ ഏതാണ്ട്‌ ശരിവയ്‌ക്കുന്നതാണ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ വത്തിക്കാന്‍ കാര്യാലയങ്ങളെ പരിഷ്‌ക്കരിക്കാന്‍ ബോംബെയിലെ കര്‍ദ്ദിനാളടക്കമുള്ളവരെ ചേര്‍ത്ത്‌ കമ്മിഷന്‍ രൂപീകരിച്ചിരിക്കുന്നത്‌. ജര്‍മ്മനിയിലെ പ്രശസ്‌തമായ മ്യൂണിക്‌ അതിരൂപതയുടെ മെത്രാപ്പോലിത്ത ആയിരുന്നപ്പോഴും കാര്‍ഡിനല്‍ റാറ്റ്‌സിംഗര്‍ എന്ന ബെനഡിക്‌ട്‌ മാര്‍പാപ്പയ്‌ക്ക്‌ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്‌ എന്നു പറയപ്പെടുന്നു.തന്റെ ഭരണത്തിന്റെ ചുമതല ഏല്‍പിച്ച ഉദ്യോഗസ്‌ഥര്‍ മാര്‍പാപ്പയോട്‌ വിധേയത്വം കാണിക്കാതെ പ്രവര്‍ത്തിച്ചതും അധാര്‍മിക ഉതപ്പുകള്‍ക്കു വരെ കാരണമായതും നിയന്ത്രിക്കാന്‍ അതിബുദ്ധിമാനും പണ്‌ഡിതനുമായ ബെനഡിക്‌ട്‌ മാര്‍പാപ്പയ്‌ക്കു സാധിച്ചില്ല എന്നാണ്‌ നാം മനസിലാക്കുന്നത്‌. ഈ സാഹചര്യത്തില്‍ ഭരണത്തില്‍ തുടരാനാവില്ല എന്ന തീരുമാനമെടുത്തു ചരിത്രത്തിലെ അതിവിരളമായി വിരമിച്ച മാര്‍പാപ്പഎന്ന ടൈറ്റില്‍ അദ്ദേഹം ഏറ്റെടുത്തു. ഇതിനു മുമ്പ്‌ ഇതുപോലുള്ള അവസ്‌ഥ ചില മാര്‍പാപ്പമാര്‍ക്ക്‌ വന്നു ഭവിച്ചിട്ടുണ്ട്‌. പ്രത്യേകിച്ചും അവരുടെ അവസാന കാലഘട്ടങ്ങളില്‍ - അപ്പോഴൊക്കെ മരിക്കാന്‍ കിടക്കുന്ന മാര്‍പാപ്പയുടെ പേരില്‍ താഴെയുള്ളവര്‍ തിട്ടൂരങ്ങള്‍ തട്ടിക്കൂട്ടുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തിട്ടുണ്ട്‌. സഭയുടെ ഭരണത്തിന്റ കീഴ്‌ഘടകങ്ങളിലും ഈ കെടുകാര്യസ്‌ഥത കടന്നുകൂടിയിട്ടുണ്ട്‌. അധികാരം ബലഹീനമാകുമ്പോള്‍ ഞാഞ്ഞൂലുകള്‍ പെരുംപാമ്പുകളാകും. ഈ പറഞ്ഞത്‌ രാജ്യങ്ങളില്‍ രാജ്യഭരണത്തിലും സംഭവിച്ചിട്ടുണ്ട്‌, സംഭവിക്കുന്നുമുണ്ട്‌. എന്നാല്‍ ചിലര്‍ക്ക്‌ അതു പറ്റുന്നില്ല. അവര്‍ എല്ലാവരെയും വരച്ച വരയില്‍ നിറുത്തി ഭരണം നടത്തുന്നു. ചിലര്‍ ഇക്കാര്യത്തില്‍ വലിയവിദഗ്‌ധരാണ്‌. കാരണം അവര്‍ ഭരണത്തിലേറുമ്പോള്‍ മക്കിയവല്ലിമാരാകും. മക്കിയവല്ലി രാജകുമാരന്‌ നല്‍കുന്ന ഉപദേശം അപ്പാടെ സ്വീകരിക്കുന്നു: രാജാവ്‌ ഒരേ സമയം സിംഹവും കുറുക്കനുമാകണം. അവര്‍ ഭരിക്കുന്നതു മഹാഭാരതത്തിലെ ദുര്യോധനനെപ്പോലെ ശകുനിമാരെ വച്ചാണ്‌. ഭരണം ഇവര്‍ക്ക്‌ ചൂതുകളിയാണ്‌. അവിടെ ഏതു കാര്യവും അസുര ബുദ്ധിയോടെ വീക്ഷിക്കപ്പെടുന്നു. ആരും വിശ്വസ്‌തരല്ല. എല്ലാം കരുക്കള്‍, അതുവച്ചു കളിച്ചു വെട്ടിമാറ്റി കയറും. ഇവിടെ ഭരണം അപാര ചാണക്യ ബുദ്ധിയുടേതാണ്‌. ഏതു കരുവും വെട്ടിമാറ്റപ്പെടും. എല്ലാവരും കളിക്കളത്തിലെ വെറും കരുക്കളുമാണ്‌. ഈ ചതുരംഗത്തോട്‌ പ്രതിപത്തിയില്ലാത്ത ധാരാളം നല്ല നേതാക്കളുണ്ട്‌. അവര്‍ ആളുകളെ വിശ്വസിക്കും, ആദരിക്കും, സ്വാതന്ത്ര്യം നല്‍കും. പക്ഷേ, അതു ചിലപ്പോള്‍ വിനയായി കുരിശുകള്‍ തീര്‍ക്കും. അതു വിശ്വാസത്തിനു കിട്ടുന്ന കഷായമാണ്‌. സ്വാതന്ത്യം കൊടുക്കുന്നതു അപകടമാണ്‌, അതു കൊടുക്കുന്നവനെ സ്വാതന്ത്യം ഒറ്റികൊടുക്കും. പക്ഷെ, സ്വാതന്ത്ര്യം കൊടുക്കാത്തവര്‍ അതിനെക്കാള്‍ ഭീകരമായ അടിമത്തത്തിന്റെ വ്യവസ്‌ഥിതികള്‍ തീര്‍ക്കുന്നു. സ്വാതന്ത്ര്യം സൃഷ്‌ടിക്കുന്നതില്‍ അപകടമുണ്ട്‌. പക്ഷെ, നന്മ സ്വാതന്ത്ര്യം സൃഷ്‌ടിക്കും. പ്രജാപതിയുടെ പതനഫലമാണ്‌ ഈ പ്രപഞ്ചം. ഒന്നായിരുന്നവന്‍ ഏകത്വത്തില്‍ നിന്നും രണ്ടിനെ മോഹിച്ചപ്പോള്‍ സംഭവിച്ചതു പതനമാണ്‌. ഒന്നായിരുന്ന പ്രജാപതിയുടെ ബലിയില്‍ നിന്നാണ്‌ ലോകമുണ്ടായത്‌ എന്നും ആ ബലി സ്‌നേഹത്തിന്റെ പതനമായിരുന്നെന്നും ഹൈന്ദവ പുരാണത്തിലെ പ്രജാപതിയുടെ ഐതീഹ്യം വ്യാഖ്യാനിച്ചുകൊണ്ട്‌ റയ്‌മണ്ട്‌ പണിക്കര്‍ എന്ന, കേരളീയനായ പണിക്കര്‍ക്ക്‌ സ്‌പാനിഷ്‌കാരിയില്‍ ജനിച്ച ക്രൈസ്‌തവ പണ്‌ഡിതന്‍ സൃഷ്‌ടിയെ വിശദീകരിക്കുന്നത്‌ ഓര്‍മിക്കുന്നു. എല്ലാ സൃഷ്‌ടിയിലും സ്‌നേഹത്തിന്റെ പതനമുണ്ട്‌. മകനെ സൃഷ്‌ടിക്കുന്നതിലും ഈ അപകടമുണ്ട്‌. ദൈവം തിന്മ അനുവദിക്കുന്നു എന്ന തോമസ്‌ അക്വിനാസ്‌ പഠിപ്പിച്ചതും ഓര്‍മിക്കുന്നു. നന്മ അനുവദിക്കുന്നതിന്റെ പരിണിത ഫലമായി തിന്മയും അനുവദിക്കപ്പെടും. സ്വാതന്ത്ര്യം നല്‍കുന്നവര്‍ സ്വാതന്ത്ര്യത്തിന്റെ വൈകൃതങ്ങളും അനുഭവിക്കാന്‍ ഇടയാകും. കളിയനുവദിച്ചവന്‍ കള്ളക്കളിയും അനുവദിച്ചു എന്നു പറയേണ്ടി വരും. ഇതു നന്മയുടെ ഗതിയാണ്‌. നന്മയുടെ മാര്‍ഗം ഉപേക്ഷിച്ചവര്‍ക്ക്‌ കൗശലത്തിന്റെ വഴിയുണ്ട്‌. കൗശലം കൊണ്ട്‌ അടിമകളെ തീര്‍ത്തു അടിച്ചു ഭരിക്കുന്ന വഴി. അവരെക്കുറിച്ചാണ്‌ ബൈബിളില്‍ മരണങ്ങളുടെ രാജാവിനെ തെരഞ്ഞെടുത്ത കഥ പറയുന്നത്‌. അത്തിയും മുന്തിരിയും സമൂഹത്തിനു പഴം നല്‌കുന്ന പണി ഉപേക്ഷിച്ച്‌ രാജാവാകാന്‍ സന്നദ്ധരാകാതെ വന്നപ്പോള്‍ മുള്‍ച്ചെടി രാജാവായി. ഇങ്ങനെ മുള്‍ച്ചെടികള്‍ തങ്ങളുടെ ഉപായങ്ങളുടെ മുള്ളുകള്‍ കൊണ്ട്‌ അടക്കി ഭരിച്ച കഥകള്‍ അവസാനിച്ചത്‌ ചെസ്‌റ്റര്‍ട്ടണ്‍ പറഞ്ഞ ധര്‍മത്തിന്റെ ഗൂഢാലോചനയുടെ ഫലമായാണ്‌. തിന്മ അനുവദിക്കുന്നവരും തിന്മ ഭരിക്കാന്‍ ഇടയാകാതിരിക്കാന്‍ സൂക്ഷിക്കണം. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതും ഒരു വിധത്തില്‍ ധര്‍മത്തിന്റെ ഗൂഡാലോചനയുടെ ഫലമാണ്‌. ദൈവത്തിന്റെ നാട്‌ സ്വാതന്ത്ര്യത്തിന്റേതാണ്‌, അവിടെ തട്ടിപ്പുകള്‍ ഉണ്ടാകും. ഈ സ്വാതന്ത്ര്യമില്ലാത്ത നാട്‌ ദൈവത്തിന്റെയല്ല, പൈശാചിക ഏകാധിപത്യത്തിന്റെ ജയിലാണ്‌. Article By.Fr. Paul Thelakkattu Credits :mangalam malayalam July 29, 2013

No comments:

Post a Comment