Wednesday, August 7, 2013

ആ ഫോണ്‍ ലിസ്‌റ്റില്‍ വിദേശ-കളങ്കിതബന്ധങ്ങള്‍?

കെ.കെ. സുനില്‍,,Mangalam Baily Wednesday, August 7, 2013 കൊച്ചി: മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന പോലീസുകാരന്‍ സലിം രാജിന്റെ ഫോണ്‍ വിളിപ്പട്ടിക ഹൈക്കോടതിയിലെത്തിയാല്‍ പുറത്താകുക ദുരൂഹസാഹചര്യത്തിലുള്ള ഒട്ടേറെ വിദേശ കോളുകളും ചില കളങ്കിത വ്യക്‌തിത്വങ്ങളുമായുള്ള ബന്ധങ്ങളുമെന്നു സൂചന.
സലിംരാജുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരേപോലും ആരോപണമുള്ള സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ ഇന്നലെ നടന്ന അസാധാരണവും ചടുലവുമായ സര്‍ക്കാര്‍നീക്കം വന്‍ വിവാദമായി. സി.പി.എമ്മും ബി.ജെ.പിയും ചില നിയമജ്‌ഞരും പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു.
സോളാര്‍ വിവാദവുമായി ബന്ധപ്പെട്ടു സസ്‌പെന്‍ഷനില്‍ കഴിയുന്ന സാധാരണ പോലീസുകാരനായ സലിംരാജിനെതിരായ കേസില്‍ സംസ്‌ഥാനത്തിന്റെ അഡ്വക്കേറ്റ്‌ ജനറല്‍ നേരിട്ടു രംഗത്തിറങ്ങിയതാണു നിയമവൃത്തങ്ങളെ അമ്പരപ്പിച്ചത്‌. ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു സലിംരാജിന്റെ ഫോണ്‍വിളിപ്പട്ടിക പിടിച്ചെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെയാണു സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ നേരിട്ടത്‌.
സലിംരാജിന്റെ ഫോണ്‍വിളിപ്പട്ടികയിലെ ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നതാണു സര്‍ക്കാര്‍ നടപടിയെന്നാണ്‌ ആക്ഷേപം. മുഖ്യമന്ത്രിയുടെ വിശ്വസ്‌തനായി അറിയപ്പെടുന്ന സലിംരാജിന്റെ ഫോണ്‍വഴി ഒട്ടേറെ വിദേശ ഇടപാടുകള്‍ നടന്നതായി ആരോപണമുണ്ട്‌. ചില കളങ്കിത വ്യക്‌തിത്വങ്ങളെ ദുരൂഹ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ജീവനക്കാരന്‍ ബന്ധപ്പെട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗം സംശയം പ്രകടിപ്പിച്ചിരുന്നു.
ഈ വിഷയത്തില്‍ സലിംരാജും സംശയനിഴലിലാണെന്നാണ്‌ അറിയുന്നത്‌. വിദേശ കോളുകളില്‍ ഹൈക്കോടതി അന്വേഷണത്തിന്‌ ഉത്തരവിട്ടാല്‍ വഴിവിട്ട ഒട്ടേറെ ഇടപാടുകള്‍ പുറത്താകുമെന്ന ഭീതി സര്‍ക്കാരുമായി ബന്ധപ്പെട്ട ചിലര്‍ക്കുണ്ടെന്നാണ്‌ ഉന്നത പോലീസ്‌ വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ടു സലിംരാജിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ചിട്ടുള്ളത്‌.
ഫോണ്‍വിളിപ്പട്ടിക ഹൈക്കോടതിയിലെത്തിയാല്‍ ഈ കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരം പുറംലോകത്തെത്തുമെന്നു മുഖ്യമന്ത്രി ഭയക്കുന്നതായി ബി.ജെ.പി. ഉന്നയിച്ച ആരോപണവും ശ്രദ്ധേയമാണ്‌. സോളാര്‍ തട്ടിപ്പിലെ കേന്ദ്രബിന്ദു സരിത എസ്‌. നായരുമായി മുന്നൂറ്റിഅമ്പതിലേറെ കോളുകള്‍ സലിംരാജ്‌ നടത്തിയതിന്റെ രേഖകള്‍ പുറത്തായിരുന്നു.
സലിംരാജിന്റെ ഫോണില്‍ മുഖ്യമന്ത്രി സംസാരിച്ചിട്ടുണ്ടെന്ന അഭ്യൂഹവും ശക്‌തമാണ്‌. ഈ സാഹചര്യത്തിലാണു ഹൈക്കോടതിയില്‍ നാടകീയനീക്കങ്ങള്‍ക്കു സര്‍ക്കാര്‍ എ.ജിയെ രംഗത്തിറക്കിയതെന്നാണ്‌ ആക്ഷേപം.

No comments:

Post a Comment