Monday, August 12, 2013

ഉമ്മൻചാണ്ടി മാത്രമല്ല യു.ഡി.എഫും ഊരാക്കുടുക്കിൽ

തിരുവനന്തപുരം: ഇടതുമുന്നണി പ്രവർത്തകരുടെ വൻവ്യൂഹം സെക്രട്ടേറിയേറ്റിനെ മാത്രമല്ല, സംസ്ഥാന മന്ത്രിസഭയെയും വളഞ്ഞുവച്ചതോടെ യു.ഡി.എഫ് ഊരാക്കുടുക്കിലായി. പ്രതിസന്ധിക്ക് പരിഹാരമായി ഉമ്മൻചാണ്ടി രാജിവച്ചാൽ യു.ഡി.എഫിന് ആത്മഹത്യാപരമാവും. പ്രതിപക്ഷത്തിന്റെ ഭീഷണിക്കു വഴങ്ങി രാജിവച്ചു എന്ന നാണക്കേടിലേക്കാവും യു.ഡി.എഫ് തലകുത്തി വീഴുക. സോളാർ വിവാദമുണ്ടാക്കിയ പ്രതിച്ഛായാ നഷ്​ടത്തെക്കാൾ ഭീമമായിരിക്കും ആ നാണക്കേട്. അടുത്ത തിരഞ്ഞെടുപ്പിന് യു.ഡി.എഫിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാക്കും അത് സമ്മാനിക്കുക.
കോടതി പരാമർശത്തിന്റെ പേരിലോ, സോളാർ കേസിലുണ്ടായ പുതിയ ഏതെങ്കിലും വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലോ, അല്ലെങ്കിൽ പാർട്ടിയിൽ നിന്നോ മുന്നണിയിൽ നിന്നോ ഉണ്ടാകുന്ന സമ്മർദ്ദ പ്രകാരമോ മുഖ്യമന്ത്രി രാജിവയ്​ക്കുന്നതു പോലെയല്ല പ്രതിപക്ഷസമരത്തിന്റെ പേരിൽ രാജിവയ്​ക്കുന്നത്. അദ്യത്തേതാണെങ്കിൽ അത് ഉമ്മൻചാണ്ടിക്ക് മാത്രമേ ക്ഷീണമുണ്ടാക്കൂ. എന്നാൽ പ്രതിപക്ഷം ബലപ്രയോഗത്തിലൂടെ രാജിവാങ്ങിച്ചു എന്നുവന്നാൽ അത് യു.ഡി.എഫിന്റെ മൊത്തത്തിലുള്ള ക്ഷീണത്തിന് കാരണമാവും. സർക്കാരിന്റെയും യു.ഡി.എഫ് നേതൃത്വത്തിന്റെയും എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചാണ് ഇടതു പ്രവർത്തകർ എത്തിച്ചേർന്നിട്ടുള്ളത്. സെക്രട്ടേറിയറ്റിന് ചുറ്റും സമുദ്രം കണക്കെ അലയടിക്കുന്ന അവർ മുഖ്യമന്ത്രിയുടെ രാജിയിൽകുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന് ആർത്തുവിളിക്കുന്നുമുണ്ട്. ആവേശത്തിന്റെ ഉച്ചിയിൽ നിൽക്കുന്ന ഈ പ്രവർത്തകരെ വിജയം കാണാതെ പിൻവലിക്കാൻ ഇടതുമുന്നണിക്കും കഴിയില്ല. അപ്പോൾ ഉയരുന്നത് കേരളം ഇതിന് മുൻപൊന്നും കണ്ടിട്ടില്ലാത്ത ഈ സമരം എങ്ങനെ അവസാനിക്കും എന്നതാണ്.. ഈ പ്രതിസന്ധിഘട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തത്ക്കാലം തടിയൂരുക എന്നതാണ് യു.ഡി.എഫ് നേതാക്കൾ കണ്ടു വച്ചിരിക്കുന്ന ഒരു മാർഗ്ഗം. വൈകിട്ട് ചേർന്ന യു.ഡി.എഫ് നേതാക്കളുടെ യോഗത്തിലും ഈ ആശയമാണ് ഉയർന്നു വന്നത്. പക്ഷേ ഇടതുമുന്നണിക്ക് ഈ നിർദ്ദേശം സ്വീകാര്യമല്ല. മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നതാണ് അവരുടെ ആവശ്യം.
ഈ പ്രതിസന്ധി ഘട്ടത്തിൽ യു.ഡി.എഫും പാർട്ടിയും ഒറ്റെക്കെട്ടായി തനിക്ക് പിന്നിലില്ലെന്നത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിഷമിപ്പിക്കുന്നുണ്ട്. ഐ ഗ്രൂപ്പും ചില ഘടകക്ഷികളും പേരിന് മാത്രമേ മുഖ്യമന്ത്രിക്ക് ഒപ്പമുള്ളൂ. ഇതൊന്നും തങ്ങളെ ബാധിക്കുന്നില്ല എന്ന മട്ടിലാണ് ചില ഘടകകക്ഷികൾ.
Article credits: ബി.വി.പവനൻ,Kerala Kaumudi

No comments:

Post a Comment