Friday, August 9, 2013

സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു ?

തിരു: ഭൂമിതട്ടിപ്പ് കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജിന്റെ ഫോണ്‍രേഖ പിടിച്ചെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത് പച്ചക്കള്ളം. സോളാര്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി സലിംരാജിന്റെ ഫോണ്‍വിളിരേഖ പൊലീസിന്റെ പക്കലുള്ളപ്പോഴാണ് അക്കാര്യം മറച്ചുവച്ച് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ഫോണ്‍രേഖ പിടിച്ചെടുത്ത് ഹാജരാക്കണമെന്ന കോടതിനിര്‍ദേശം അപ്രായോഗികമാണെന്നാണ് ഡിവിഷന്‍ബെഞ്ച് മുമ്പില്‍ സര്‍ക്കാര്‍ പറഞ്ഞത്.
അതേസമയം, ഇക്കാര്യം സംബന്ധിച്ച് ഡിജിപിയുടെയോ വിജിലന്‍സ് ഡയറക്ടറുടെയോ അഭിപ്രായം സര്‍ക്കാര്‍ തേടിയില്ല. സലിംരാജിന്റെ ഫോണ്‍വിളി സംബന്ധിച്ച പട്ടിക ഡിജിപിയുടെയും ഇന്റലിജന്‍സിന്റെയും പക്കലുണ്ട്. സോളാര്‍ കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘവും സരിത നായരും സലിംരാജും തമ്മിലുള്ള ഫോണ്‍വിളി സംബന്ധിച്ച വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഫോണ്‍കോള്‍ ലിസ്റ്റാണ് പൊലീസിന്റെയും ഇന്റലിജന്‍സിന്റെയും പക്കലുള്ളത്. ഇക്കാര്യം മനഃപൂര്‍വം മറച്ചുവച്ചാണ് സലിംരാജിനും ഉന്നതര്‍ക്കും വേണ്ടി സര്‍ക്കാര്‍ രംഗത്തിറങ്ങിയത്. ഫോണ്‍വിളിരേഖ ഹാജരാക്കാന്‍ സിംഗിള്‍ബെഞ്ച് ആഗസ്ത് അഞ്ചിനാണ് ഉത്തരവിട്ടത്. ഡിജിപിയെയും വിജിലന്‍സ് ഡയറക്ടറെയും എതിര്‍കക്ഷിയാക്കിയിരുന്നതിനാല്‍ അവര്‍ക്കും കോടതി നോട്ടീസ് അയച്ചു. എന്നാല്‍, വിധിപ്പകര്‍പ്പോ മറ്റ് വിശദാംശങ്ങളോ ഇരുവര്‍ക്കും കിട്ടിയിരുന്നില്ല. അതിനകംതന്നെ ഡിവിഷന്‍ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ അഡ്വക്കറ്റ് ജനറലിന് നിര്‍ദേശം നല്‍കി.
ഇന്റലിജന്‍സിന്റെ പക്കലുള്ള ഫോണ്‍വിളിപ്പട്ടിക സോളാര്‍ കേസിന്റെ പ്രാരംഭസമയത്തുതന്നെ ഡിജിപിക്ക് നല്‍കിയിരുന്നു. അദ്ദേഹം ഈ പട്ടിക ആഭ്യന്തര സെക്രട്ടറി മുഖേന ആഭ്യന്തരമന്ത്രിക്ക് കൈമാറി. ഫോണ്‍വിളിവിവരം പുറത്തായാല്‍ സലിംരാജിന്റെ ദുരൂഹ ഇടപാടുകളും മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരുടെ പങ്കും പുറത്തുവരുമെന്ന് ബോധ്യമായപ്പോഴാണ് ഉടനടി ഡിവിഷന്‍ബെഞ്ചിനെ സമീപിക്കാന്‍ നിര്‍ദേശിച്ചത്. കടകംപള്ളി വില്ലേജിലെ ഭൂമിതട്ടിപ്പ് കേസില്‍ സലിംരാജിനൊപ്പം ഒരു മന്ത്രിക്കും പങ്കുണ്ട്. 12.27 ഏക്കര്‍ ഭൂമി തണ്ടപ്പേര്‍ രജിസ്റ്റര്‍ തിരുത്തി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്.
റവന്യൂരേഖകളില്‍ തിരിമറി നടത്തിയത് സലിംരാജിന്റെ ഇടപെടലിനെതുടര്‍ന്നാണ്. സലിംരാജിന്റെ ഭാര്യാ സഹോദരന്‍ അബ്ദുള്‍മജീദ് ഉള്‍പ്പെട്ട മാഫിയസംഘമാണ് തട്ടിപ്പിനുപിന്നില്‍. അനുരഞ്ജനചര്‍ച്ചയ്ക്ക് വിളിച്ച സലിംരാജ് ആറ് ഏക്കറാണ് ആവശ്യപ്പെട്ടത്. ഇതില്‍ ഒരു ഏക്കര്‍ മന്ത്രിക്ക് നല്‍കണമെന്നും ഇയാള്‍ അറിയിച്ചു. ഉന്നത റവന്യൂ ഉദ്യോഗസ്ഥരും മാഫിയക്ക് അനുകൂലനിലപാടാണ് സ്വീകരിച്ചത്. വില്ലേജ് ഓഫീസിലെ തണ്ടപ്പേര്‍ രജിസ്റ്ററിലെ ബന്ധപ്പെട്ട പേജുകള്‍ കീറിക്കളഞ്ഞശേഷം രേഖകളില്‍ തിരിമറി നടത്തി. 2005-06 വരെയുള്ള കാലയളവില്‍ വര്‍ക്കല, പോത്തന്‍കോട്, കരകുളം എന്നീ സബ്രജിസ്ട്രാര്‍ ഓഫീസുകളിലാണ് വ്യാജപ്രമാണം രജിസ്റ്റര്‍ചെയ്തത്. ഇതിന് അനുസൃതമായി മറ്റു റവന്യൂരേഖകളില്‍ സലിംരാജ് ഇടപെട്ട് തിരിമറി നടത്തി. ഇതുസംബന്ധിച്ച് 2012 ഡിസംബര്‍ 12ന് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും ഡിജിപി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
2013 ജൂണ്‍ ആറിന് മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയില്‍ പരാതി നല്‍കിയെങ്കിലും ഫലംകണ്ടില്ല. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഇടപെട്ട് പരാതി തടഞ്ഞുവച്ചതായി വസ്തു ഉടമകള്‍ പറയുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തണ്ടപ്പേര്‍ രജിസ്റ്ററില്‍ തിരിമറി നടത്തി ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സിംഗിള്‍ബെഞ്ച് ഉത്തരവിനെ എതിര്‍കക്ഷികള്‍ ചോദ്യംചെയ്യുന്നതിനുമുമ്പ് സര്‍ക്കാര്‍ ഡിവിഷന്‍ബെഞ്ചിലെത്തിയതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
Article credits:കെ ശ്രീകണ്ഠന്‍ 09-Aug-2013 Deshabhimani Daily,

No comments:

Post a Comment