Sunday, August 11, 2013

മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം: കൃഷ്ണയ്യര്‍

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. മൂന്ന് ചീഫ് ജസ്റ്റിസുമാരടങ്ങുന്ന സംഘത്തിന് അന്വേഷണച്ചുമതല ഏല്‍പ്പിക്കണം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് അദ്ദേഹം സന്നദ്ധത അറിയിച്ചെന്നും കൃഷ്ണയ്യര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തലസ്ഥാനത്ത് ആഭ്യന്തരയുദ്ധത്തിന് സമാനമായ അന്തരീക്ഷമാണ്്. ഇടതുപക്ഷ സമരത്തെ പട്ടാളത്തെയും പൊലീസിനെയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അപമാനകരമാണ്. സാധാരണക്കാരുടെ സ്വകാര്യജീവിതംപോലും താറുമാറാകുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. കുറേക്കാലമായി ഭരണസ്തംഭനമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വി എസിനെയും പിണറായിയെയും വിളിച്ചിരുന്നുവെന്നും സമരം സമാധാനപരമായിരിക്കുമെന്ന് അവര്‍ അറിയിച്ചെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. പ്രഫ. എം കെ സാനു, അഡ്വ. ശിവന്‍ മഠത്തില്‍ എന്നിവരും കൃഷ്ണയ്യര്‍ക്കൊപ്പം ഉണ്ടായി. സംസ്ഥാന ഭരണതലത്തില്‍ വലിയ താമസമില്ലാതെ മാറ്റമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിലെ അവസ്ഥ വല്ലാത്ത ദിശയിലെത്തിയിരിക്കുന്നു. നാടിനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും പ്രയാസമുണ്ടാക്കുന്ന സംഭവങ്ങളാണ് സമീപകാലത്തുണ്ടായിരിക്കുന്നത്. സ്ഥിതി വളരെ മോശമാണ്. എന്തായാലും കാലതാമസമില്ലാതെ ഇതിന് മാറ്റമുണ്ടാകുമെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉപരോധം നേരിടാന്‍ കേന്ദ്രസേനയെ വിളിച്ചത് പാര്‍ടിയുമായി ആലോചിക്കാതെയാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഉപരോധത്തെ എങ്ങനെയാണ് നേരിടുന്നതെന്ന് ഘടകകക്ഷികള്‍പോലും അറിയുന്നില്ല. പാര്‍ടി നേതാക്കള്‍ കാര്യങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. യുഡിഎഫില്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടുവെന്നും മുരളീധരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ ആവശ്യം യുഡിഎഫ് യോഗം വിളിച്ച് ചര്‍ച്ച ചെയ്യണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. ഇതിന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുന്‍കൈയെടുക്കണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

No comments:

Post a Comment