Saturday, August 10, 2013

ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം: ചീഫ് വിപ്പ്

തിരു: ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. മുഖ്യമന്ത്രി രാജിവച്ചാല്‍ യുഡിഎഫിലെ പ്രശ്നങ്ങള്‍ തീരുമെന്നും ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. രാജിവയ്ക്കണമെന്ന എല്‍ഡിഎഫിന്റെ ആവശ്യം ന്യായമാണ്. ഉമ്മന്‍ചാണ്ടി എന്ന വ്യക്തിക്കുവേണ്ടി യുഡിഎഫിനെ ബലികഴിക്കേണ്ടതില്ല. സൈന്യത്തെ ഇറക്കി സമരത്തെ അടിച്ചമര്‍ത്തുന്നത് ശരിയല്ല. വെടിയും ലാത്തിയും കൊണ്ട് സമരത്തെ തോല്‍പ്പിക്കാനാകില്ല. യുദ്ധസന്നാഹം വേണ്ടായിരുന്നെന്ന് ചരിത്രം രേഖപ്പെടുത്തും. നിക്ഷ്പക്ഷമായി കെപിസിസിയോട് ചോദിച്ചാല്‍ എത്രപേര്‍ സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കുമെന്നത് സംശയമാണ്. യുഡിഎഫും ശിഥിലമാണിന്ന്. മുഖ്യമന്ത്രിസ്ഥാനം രാജിവച്ചാല്‍ ഹൈക്കമാന്‍ഡ് മറ്റൊരു മാന്യമായ പദവി ഉമ്മന്‍ചാണ്ടിക്ക് നല്‍കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്നത് ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധമല്ലെന്നും പട്ടാളത്തെ ഇറക്കിയത് നാണക്കേടായെന്നും ജോര്‍ജ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് സമരത്തെ ശക്തിപ്പെടുത്തുന്ന നടപടികളാണ് ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് യുഡിഎഫിലെ ചെറുകക്ഷികളുടെ യോഗം കൊച്ചിയില്‍ അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂര്‍, ജെഎസ്എസ് നേതാവ് രാജന്‍ബാബു, സിഎംപി നേതാവ് കെ ആര്‍ അരവിന്ദാക്ഷന്‍ എന്നിവരാണ് യോഗം ചേര്‍ന്ന് സര്‍ക്കാരിനെ വിമര്‍ശിച്ചത്. അതിനിടെ, ഉപരോധത്തില്‍ അണിചേരുമെന്ന് യൂത്ത് ഫ്രണ്ട് എം, മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരും അറിയിച്ചു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗങ്ങളും മണ്ഡലം പ്രസിഡന്റുമാരും ഉള്‍പ്പെടെ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ ഉപരോധത്തില്‍ പങ്കെടുക്കുമെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജസ്റ്റിന്‍ രാജ്, ജോര്‍ജ് വെങ്ങാലില്‍ ഹരിപ്പാട്, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോസ് തോമസ് കണ്ണാട്ട്, കായംകുളം നിയോജകമണ്ഡലം പ്രസിഡന്റ് മനു സാം മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യൂത്ത് ലീഗ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അഷ്കര്‍ മേട്ടുംപുറത്ത്, മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് പഴകുളം ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരും സമരത്തിനെത്തും. സമരം തടയാനാകില്ലെന്നും കേന്ദ്രസേനയെ വിളിച്ചുവരുത്തിയവര്‍ മറുപടി പറയണമെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍ കോഴഞ്ചേരിയില്‍ പ്രതികരിച്ചു. news Credits : Deshabhimani Daily

No comments:

Post a Comment