Monday, August 12, 2013

സമരം ലൈവായി കണ്ടുകൊണ്ട്‌ മന്ത്രിമാര്‍

തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ ഉപരോധത്തിനിടയിലും മന്ത്രിസഭായോഗം തടസപ്പെട്ടില്ല. മുഖ്യമന്ത്രിയുള്‍പ്പെടെ 15 മന്ത്രിമാര്‍ സെക്രട്ടേറിയറ്റില്‍ കൂടിയ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തു. അഞ്ചു മന്ത്രിമാര്‍ വിവിധ കാരണങ്ങളാല്‍ എത്തിയില്ല. രാവിലെ ഏഴുമണിക്കു തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സെക്രട്ടേറിയറ്റിലെത്തി. എട്ടുമണിയോടെ മറ്റു മന്ത്രിമാരെത്തി. മന്ത്രി കെ.പി. മോഹനനെ കന്റോണ്‍മെന്റ്‌ ഗേറ്റില്‍ തടയാന്‍ ശ്രമമുണ്ടായി. പോലീസ്‌ ഇടപെട്ടു മന്ത്രിയെ അകത്തേക്കു കടത്തിവിട്ടു. രാവിലെ തന്നെ എത്തേണ്ടിവന്നതിനാല്‍ ചില മന്ത്രിമാരുടെ വ്യായാമമുള്‍പ്പെടെയുള്ള ദിനചര്യകള്‍ മുടങ്ങി. മന്ത്രി ഷിബു ബേബിജോണ്‍ തന്റെ ഓഫീസിലെത്തിയാണു കുളിച്ചു റെഡിയായത്‌. മന്ത്രിമാരായ അനൂപ്‌ ജേക്കബ്‌, പി.കെ. ജയലക്ഷ്‌മി, പി.ജെ. ജോസഫ്‌, വി.കെ. ഇബ്രാഹിം കുഞ്ഞ്‌, പി.കെ. അബ്‌ദുറബ്ബ്‌ എന്നിവരാണു മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതിരുന്നത്‌. അനൂപ്‌ ജേക്കബ്‌ കൊച്ചിയിലും പി.കെ. ജയലക്ഷ്‌മി അട്ടപ്പാടിയിലും ഇബ്രാഹിംകുഞ്ഞ്‌ ആലുവയിലുമായിരുന്നു. പി.ജെ. ജോസഫിനു പനിയായിരുന്നു. ഒന്‍പതുമണിക്കാരംഭിച്ച മന്ത്രിസഭായോഗം പത്തരയ്‌ക്ക്‌ അവസാനിച്ചു. യോഗം കഴിഞ്ഞയുടന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണറെ കാണാന്‍ പോയി. പിന്നീട്‌ ഔദ്യോഗിക വസതിയിലെത്തി. മന്ത്രിസഭായോഗം കഴിഞ്ഞു പുറത്തേക്കിറങ്ങിയ പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ്‌. ശിവകുമാര്‍ എന്നിവരെ സമരാനുകൂലികള്‍ തടഞ്ഞതു നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നു സെക്രട്ടേറിയറ്റിനുള്ളിലേക്കു മടങ്ങിയ മന്ത്രിമാര്‍ അല്‍പംകഴിഞ്ഞു വന്‍സുരക്ഷാ സന്നാഹത്തോടെ പുറത്തിറങ്ങി. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്‌, കെ. ബാബു, എം.കെ. മുനീര്‍, കെ.സി. ജോസഫ്‌, എ.പി. അനില്‍കുമാര്‍ എന്നിവര്‍ ഉച്ചയ്‌ക്കും സെക്രട്ടേറിയറ്റിലെ തങ്ങളുടെ ഓഫീസില്‍ തന്നെയുണ്ടായിരുന്നു. ഓഫീസിലെ ടെലിവിഷനില്‍ ഉപരോധസമരം ലൈവായി കണ്ടുകൊണ്ടാണു മന്ത്രിമാര്‍ തങ്ങളുടെ ജോലികളില്‍ മുഴുകിയത്‌. ഉച്ചകഴിഞ്ഞ്‌ മന്ത്രിമാരായ കെ.എം മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍ എന്നിവര്‍ ക്ലിഫ്‌ ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. സമരത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാനാണു മന്ത്രിമാരെത്തിയത്‌.

No comments:

Post a Comment