Thursday, September 29, 2016

ഇന്ത്യയുടെ സൈനികശക്തിക്ക് മുന്നില്‍ പാകിസ്ഥാന്‍ പിടിച്ചുനില്‍ക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഇന്ത്യയുടെ സൈനിക ശക്തിക്ക് മുന്നില്‍ ഒരു ദിവസം പോലും പിടിച്ചുനില്‍ക്കാന്‍ ശേഷിയില്ലാത്ത രാജ്യമാണ് പാകിസ്ഥാനെന്ന് മുസ് ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് കുഞ്ഞാലിക്കുട്ടി അഭിപ്രായം വ്യക്തമാക്കിയത്. ഭീകരവാദികള്‍ക്ക് ആയുധവും പണവും പരിശീലനവും നല്‍കി പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുകയാണെന്ന നമ്മുടെ വാദം ഇപ്പോള്‍ ലോകം അംഗീകരിച്ചതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
നമ്മുടെ സേന നടത്തിയ മിന്നലാക്രമണം ഏല്‍പ്പിച്ച കനത്ത പ്രഹരത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജനാധിപത്യബോധം കൈവരിക്കാനാണ് പാകിസ്ഥാന്‍ പരിശ്രമിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉറിയില്‍ 18 വീരസൈനികര്‍ കൊല്ലപ്പെട്ട സംഭവത്തോടെ പാകിസ്ഥാന്‍ നടത്തുന്ന ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ അടുത്ത പടിയാണ് ഇപ്പോള്‍ അതിര്‍ത്തി കടന്ന് ഭീകര ക്യാമ്പുകള്‍ക്ക് നേരെ സൈന്യം ആക്രമണം നടത്തിയത്. സമാധാനം ആഗ്രഹിക്കുന്ന ഇന്ത്യയുടെ സഹിഷ്ണുതയെയാണ് പാകിസ്ഥാന്‍ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ ഭീകരവാദ ക്യാമ്പുകള്‍ നടത്തണമെന്ന് ഇന്ത്യയിലെ ഒരു മുസ്‌ലിമും ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ ജനത ഏറെക്കാലമായി ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും കെടുതികള്‍ നേരിടുകയാണ്. ഭീകരര്‍ക്ക് ഏതു ദേശത്തും ഒരേ രൂപമാണ്. ഇന്ത്യയിലായാലും പാക്കിസ്ഥാനിലായാലും ഇറാക്കിലായാലും സിറിയയിലായാലും അവര്‍ നിരപരാധികളായ മനുഷ്യരെയാണ് കൊന്നൊടുക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ഭീകരര്‍ക്കെതിരായ പോരാട്ടത്തിന് ഇന്ത്യന്‍ സൈന്യത്തിനൊപ്പം ജീവനും രക്തവും നല്‍കി ഒറ്റക്കെട്ടായി ഇന്ത്യന്‍ ജനത കൂടെയുണ്ടാകുമെന്ന് പറഞ്ഞാണ് ഫെയ്‌സ്ബുക്ക് പ്രസ്താവന പി.കെ കുഞ്ഞാലിക്കുട്ടി അവസാനിപ്പിക്കുന്നത്. ഇന്ത്യന്‍ മുസ്‌ലിംകളുടെ നിലപാട് എന്താണെന്ന് ഖാഈദെ മില്ലത്ത് സ്വതന്ത്ര്യാനന്തര വേളയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ആറര പതിറ്റാണ്ടിനിപ്പുറവും ആ നിലപാടില്‍ നിന്ന് ഇന്ത്യന്‍ മുസ്‌ലിംകള്‍ അണുകിട പിന്നോട്ട് പോയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടുന്നു. സൈന്യത്തിന് അഭിവാദ്യമര്‍പ്പിക്കുന്ന ചിത്രം സഹിതമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റ്.
News Credits Janamtv.com

പാരാ റെജിമെന്റിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പാക്കിസ്ഥാന്‍ വിറച്ചു

ന്യൂദല്‍ഹി: ഭാരത സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആസൂത്രിത മിന്നലാക്രമണമാണ് പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ പാരാ റെജിമെന്റ് നടത്തിയത്. മേഖലയിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് നാശമുണ്ടാകാതെ രീതിയില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ക്കാന്‍ സൈന്യത്തിനായി.
പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് സമീപം ഹെലികോപ്ടറില്‍ ഇറങ്ങിയ ശേഷമായിരുന്നു പാരാ റെജിമെന്റിന്റെ ആക്രമണം. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും നിരീക്ഷണത്തിലായിരുന്നു സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്. കെട്ടിടങ്ങള്‍ക്കും മറ്റ് ചുറ്റുപാടുകള്‍ക്കും അധികം നാശം ഉണ്ടാക്കാതെ ലക്ഷ്യം വയ്ക്കുന്നതിനെ മാത്രം ആക്രമിക്കുന്ന രീതിയാണിത്. നിരപരാധികള്‍ കൊല്ലപ്പെടാനുള്ള സാധ്യത തീരെ കുറവാണ്.
ആക്രമണ വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ അജിത് ദോവലും മനോഹര്‍ പരീക്കറും പ്രധാനമന്ത്രിയെ അറിയിച്ചുകൊണ്ടിരുന്നു. ആധുനിക ഹെലികോപ്റ്ററുകളില്‍ അതിര്‍ത്തി കടന്ന സൈന്യം പരച്യൂട്ട് ഉപയോഗിച്ചാണ് പാക് അധീന കശ്മീരിലിറങ്ങിയത്. ഏകദേശം മൂന്ന് കിലോമീറ്ററോളം ഉള്ളില്‍ കടന്നായിരുന്നു ഭാരത സൈന്യത്തിന്റെ ആക്രമണം.
അര കിലോമീറ്റര്‍ മുതല്‍ രണ്ട് കിലോമീറ്റര്‍ വരെ അകലത്തുള്ള തീവ്രവാദി കേന്ദ്രങ്ങളാണ് ഭാരത സൈന്യം തകര്‍ത്തെറിഞ്ഞത്. ദൗത്യത്തില്‍ പങ്കെടുത്ത ഭാരത സൈനികര്‍ സുരക്ഷിതരായി തിരിച്ചെത്തി.

നരകത്തിൽ പോയാലും തീർത്തിട്ട് തിരിച്ചു വരും: ഭാരതത്തിന്റെ സ്വന്തം പാരാ എസ് എഫ്

ദീർഘദൂര ഓട്ടമത്സരമായ മാരത്തണിൽ ഓടിത്തീർക്കേണ്ടത് 42.195 കിലോമീറ്ററാണ് .പരിശീലനം സിദ്ധിച്ച മാരത്തൺ ഓട്ടക്കാർ പോലും മാരത്തൺ കഴിയുമ്പോൾ അവശരാകും . ദീർഘനാളത്തെ തയ്യാറെടുപ്പും മറ്റെല്ലാ സൗകര്യങ്ങളും മാരത്തൺ ഓടുന്ന കായിക താരങ്ങൾക്ക് ലഭിക്കും. ഒരു ഭാരവും കൂടെ എടുക്കേണ്ടതുമില്ല. പക്ഷേ ലോകത്തെ ഏറ്റവും മികച്ച സ്പെഷ്യൽ ഫോഴ്സുകളിലൊന്നായ ഭാരതത്തിന്റെ പാര എസ് എഫിൽ അംഗമാകണമെങ്കിൽ ഒറ്റ ഉദ്യമത്തിൽ ഓടിത്തീർക്കേണ്ടത് എത്ര കിലോമീറ്ററാണെന്നറിയുമോ ?
100 കിലോമീറ്റർ ! അതും പതിനേഴ് കിലോ ഭാരമുള്ള യുദ്ധസാമഗ്രികളും ആയുധവുമായി.
അതി കഠിനമായ പരിശീലനത്തിന്റെ 90 ദിവസം നീണ്ടു നിൽക്കുന്ന പ്രോബേഷൻ പീരിയഡ് . മനസ്സും ശരീരവും ഒരു പോലെ തളർത്തുന്ന മുറകൾ . വിശ്രമമില്ലാതെ 36 മണിക്കൂർ നീണ്ടു നിൽക്കുന്ന പരിശീലന വിഷയങ്ങൾ . അതിനു ശേഷമുള്ള 100 കിലോമീറ്റർ ഓട്ടം . ഓരോ പാരാ എസ് എഫ് വോളണ്ടിയറും ലക്ഷ്യത്തിലെത്തുന്നതിനു മുൻപ് കടക്കേണ്ടത് സാധാരണ മനുഷ്യന് സാദ്ധ്യമാകാത്ത നിരവധി കടമ്പകളാണ്.
ഭാരതത്തിന്റെ പാരച്യൂട്ട് റെജിമെന്റിന് പതിറ്റാണ്ടുകളുടെ പോരാട്ട വീര്യത്തിന്റെയും ഉജ്ജ്വലവിജയങ്ങളുടേയും ചരിത്രമുണ്ട് . 1941 ഒക്ടോബർ 29 നാണ് പാരച്യൂട്ട് റെജിമെന്റ് സ്ഥാപിതമാകുന്നത് .പിന്നീടിങ്ങോട്ട് യുദ്ധതന്ത്രത്തിന്റെയും അനുപമമായ സൈനിക വീര്യത്തിന്റെയും പ്രതീകമായി അത് മാറി. രണ്ടാം ലോക മഹായുദ്ധത്തിൽ മ്യാന്മറിൽ ഓപ്പറേഷൻ ഡ്രാക്കുള വിജയകരമായി നടത്തിയതിന് പാരച്യൂട്ട് റെജിമെന്റിന് ലഭിച്ചത് അഭിനന്ദന പ്രവാഹങ്ങളാണ് .
1945 മാർച്ച് ഒന്നിനാണ് ഭാരതത്തിന്റെ സൈനികർ മാത്രമുൾപ്പെട്ട പാരച്യൂട്ട് റെജിമെന്റ് രൂപീകരിച്ചത്. പിന്നീട് പാകിസ്ഥാൻ രൂപവത്കരിക്കപ്പെട്ടപ്പോൾ റെജിമെന്റ് രണ്ടായി വിഭജിക്കപ്പെട്ടു. 1948 ൽ കശ്മീർ ആക്രമിച്ചപ്പോഴാണ് പാരച്യൂട്ട് റെജിമെന്റിന്റെ സൈനിക വൈഭവത്തിന്റെ ചൂട് പാകിസ്ഥാൻ അറിഞ്ഞത്.
1965 ലെ യുദ്ധത്തിലാണ് റെജിമെന്റിൽ നിന്നും പ്രത്യേക കമാൻഡോ സംഘം എന്ന ആശയം ഉടലെടുത്തത് . വിവിധ റെജിമെന്റുകളിൽ നിന്ന് തെരഞ്ഞെടുത്ത സൈനികർ മേജർ മേഘ് സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ സൈനിക നീക്കമാണ് ഇതിന് വഴി തെളിച്ചത് . അങ്ങനെ 1966 ജൂലൈ ഒന്നിന് ആദ്യ കമാൻഡോ സംഘമായ 9 പാര രൂപീകൃതമായി.1971 ലെ ബംഗ്ളാദേശ് വിമോചന യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച പാരച്യൂട്ട് റെജിമെന്റിന് നിലവിൽ 9 പാര എസ് എഫ് ബറ്റാലിയനുകളാണുള്ളത് .
90 ദിവസം നീണ്ടു നിൽക്കുന്ന കഠിന പരിശീലനത്തിലൂടെയാണ് പാര ട്രൂപ്പറെ തെരഞ്ഞെടുക്കുന്നത് . പാര സ്പെഷ്യൽ ഫോഴ്സിലെത്തെണമെങ്കിൽ വീണ്ടുമൊരു ആറുമാസ പരിശീലനം പൂർത്തിയാക്കണം .പരിശീലനം തുടങ്ങുമ്പോഴുള്ളവരിൽ നിന്നും വിരലിലെണ്ണാവുന്നവർ മാത്രമായിരിക്കും കഠിനമായ പരിശീലന കടമ്പകൾ പൂർത്തിയാക്കുന്നത് .കായിക ശേഷിയേക്കാൾ മാനസികമായി ഏത് ആക്രമണത്തെയും , കഷ്ടപ്പാടിനേയും നേരിടാനുള്ള കഴിവാണ് പരിശോധിക്കപ്പെടുക . ഏത് കരയിലും വെള്ളത്തിലും ആകാശത്തിലും ഏത് പ്രതികൂല സാഹചര്യത്തിലും പിടിച്ചു നിൽക്കാനും ദൗത്യം പൂർത്തിയാക്കാനും കഴിയുന്ന രീതിയിൽ ഓരോ കമാൻഡോയും സുശിക്ഷിതരാക്കപ്പെടുന്നു.
ബലിദാൻ മുദ്രയും മറൂൺ ബെററ്റുമാണ് പാരാ എസ് എഫിന്റെ സവിശേഷതകൾ. ഓരോ കമാൻഡോയുടേയും അഭിമാന മുദ്രകൾ . ഇത് സാധ്യമാക്കാൻ അവൻ പിന്നിടുന്നത് അതി കഠിനമായ പരിശീലനമുറകളാണ് . നരകത്തിൽ പോയാൽ പോലും പണി തീർത്ത് തിരിച്ച് വരാൻ പ്രാപ്തരാക്കുന്ന മുറകൾ . യഥാർത്ഥ ആയുധം ഉപയോഗിച്ചാണ് പരിശീലനം . ഒരു ചെറിയ തെറ്റ് പോലും ജീവൻ നഷ്ടപ്പെടുത്തും . ജോഡികളായി തിരിഞ്ഞുള്ള ആക്രമണമായതിനാൽ കൂടെയുള്ളയാൾക്ക് വെടിയേൽക്കാതെ സെന്റിമീറ്ററുകൾ മാത്രം അകലെയുള്ള ലക്ഷ്യം തകർക്കാനുള്ള പരിശീലനം അത്യാവശ്യമാണ്. പരിശീലനത്തിനിടയിൽ മരണം സ്വാഭാവികവുമാണ്.
ഭാരതത്തിന്റെ അഭിമാനമായ പാരാ എസ് എഫിൽ ബലിദാൻ മുദ്രയും മറൂൺ ബെററ്റുമണിഞ്ഞ് കമാൻഡോ ആയി സേവനമനുഷ്ഠിക്കാൻ കഴിയുന്നത് അത്ര എളുപ്പമല്ലെന്ന് ചുരുക്കം
Article Credits,Janamtv.com & Janmabhumidaily.com

Thursday, September 15, 2016

നീതിദേവതേ… വഞ്ചിയ്ക്കപ്പെട്ടത് നീയാണ്, ഞാനാണ്, നമ്മളാണ്

ഒരു പെൺകുട്ടിയുടെ ജീവന്റെയും മാനത്തിന്റെയും വില ഒരു കൊലയാളിയുടെ പുരുഷായുസ്സിലെ കേവലം ഏഴു വർഷങ്ങൾ മാത്രം! ഒരമ്മയുടെയും, ഒരു സമൂഹത്തിന്റെയും തീരാത്ത വേദനയുടെ വില ബി.എ.ആളൂർ എന്ന പാപത്തിന്റെ പങ്കു പറ്റിയ അഭിഭാഷകൻ നേടിയ ഫീസും, പ്രശസ്തിയും മാത്രം. ഇന്ന് കേരളമെന്ന സംസ്ഥാനം തലകുനിച്ചിരിക്കുന്നത് ഉദാസീനമായ ഒരു സർക്കാർ നടപടിയുടെ പരിണിതഫലം സമ്മാനിച്ച ദുഃഖഭാരത്താലാണ്.
സൗമ്യ കൊലക്കേസിലെ സുപ്രീം കോടതി വിധി, ശക്തമായ പ്രോസിക്യൂഷൻ നിലപാടുകളെ പ്രതിഭാഗം ഖണ്ഡിച്ചതു കൊണ്ടല്ല. വാദങ്ങളില്ലാതെ പോയതു കൊണ്ടാണ്, അഥവാ വാദം ദുർബ്ബലമായതു കൊണ്ടാണ്. തെളിവുകൾ ഇല്ലാതിരുന്നതു കാരണമല്ല. അതു കോടതിയിൽ എത്താതിരുന്നതു കൊണ്ടാണ്. പ്രതി ഇരയോടു ക്രൂരത കാട്ടിയിട്ടില്ലാത്തതുകൊണ്ടല്ല, ആ കൊടും ക്രൂരത കോടതിയെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കാതിരുന്നതുകൊണ്ടാണ്.
ഇവിടെ പരമോന്നത നീതിപീഠത്തെ ഒരു തരത്തിലും കുറ്റപ്പെടുത്താൻ കഴിയില്ല. കോടതിയിലെത്തേണ്ട വസ്തുതകൾ അവിടെയെത്തിക്കാത്തവരാണ് പ്രതിസ്ഥാനത്ത്. ആത്യന്തികമായി ഇത് സംസ്ഥാനസർക്കാരിന്റെ വീഴ്ചയെന്നതിലുപരി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിതനയം കൂടിയാണെന്ന് ചുരുങ്ങിയ കാലത്തെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും.
ഇന്നു സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ തലമുതിർന്ന നേതാവായ എം.എ.ബേബി പണ്ടേയ്ക്കു പണ്ടേ വ്യക്തമാക്കിയ പാർട്ടി നയം തന്നെയാണ്, “വധശിക്ഷ വേണ്ട” എന്നത്. യാക്കൂബ് മേമൻ എന്ന തീവ്രവാദിയെ വധിച്ചപ്പോൾ, അജ്മൽ കസബ് എന്ന ഭീകരനെ വധിച്ചപ്പോഴെല്ലാം ബഹുമാന്യമായ ന്യായാസനത്തിനെതിരെയും, രാജ്യത്തിനെതിരെയും ആരോപണങ്ങളുന്നയിയ്ക്കുകയും, സമരങ്ങൾ നടത്തുകയും ചെയ്ത ചരിത്രമല്ലേ ഇടതുപക്ഷത്തിനുള്ളത്? സദ്ദാം ഹുസൈനും, ലോക തീവ്രവാദത്തിന്റെ തലതൊട്ടപ്പനായ ഒസാമ ബിൻ ലാദനും വേണ്ടി വരെ കവിത പാടി ഐക്യദാർഢ്യം പ്രഖ്യാപിച്ച നേതാക്കളല്ലേ ഇന്നീ സംസ്ഥാനം ഭരിക്കുന്നത്? ബലാത്സംഗമെന്നാൽ ചായകുടിക്കുന്നതു പോലെയേ ഉള്ളൂവെന്ന് നിസ്സാരവത്കരിച്ച ജനപ്രിയ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പാർട്ടിയും സി.പി.എം ആയിരുന്നില്ലേ? സ്ത്രീകളുള്ളിടത്തു ബലാത്സംഗവും ഉണ്ടാകുമെന്നും മുഖ്യമന്ത്രിയായിരുന്ന നായനാർ തന്നെയല്ലേ പറഞ്ഞത്? ആ പാർട്ടി താത്വികാചാര്യന്റെ തൊട്ടടുത്ത തലമുറയല്ലേ ഇന്നു കേരളം ‘ശരിയാക്കുന്നത്‘? ഇവിടെ, ഈ പാർട്ടിമേലാളന്മാരുടെ നോട്ടത്തിൽ, ചായ കുടിക്കുന്നത്ര ലാഘവത്വമുള്ള, കേവലം ഒരു ബലാത്സംഗം മാത്രം ചെയ്ത, 51 വെട്ടിന്റെയോ, ബോംബിന്റെയോ ഐതിഹാസിക പശ്ചാത്തലമില്ലാത്ത വെറുമൊരു ഒറ്റക്കയ്യൻ വധശിക്ഷയ്ക്കർഹനാകുമെന്ന് കേരളത്തിലുള്ള ഒരു വ്യക്തിയെങ്കിലും ചിന്തിച്ചുവോ? അങ്ങനെ ചിന്തിച്ചുവെങ്കിൽ ഈ കേസിലെ വിജയം ആളൂരിനല്ല മറിച്ച് സംസ്ഥാനം ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റിന് അവകാശപ്പെട്ടതാണ്.
നിയമമറിയാത്ത വ്യക്തിയല്ല സുപ്രീം കോടതിയിൽ സംസ്ഥാനത്തിനു വേണ്ടി ഹാജരായത്, ഹൈക്കോടതി ജഡ്ജിയായിരുന്ന മുതിർന്ന അഭിഭാഷകനാണ്. തത്വത്തിൽ ഈ കേസിന്റെ വീഴ്ച അദ്ദേഹത്തിന്റെ ഭാഗത്താണെന്നും പറയാൻ കഴിയില്ല. എന്തു കൊണ്ടെന്നാൽ സ്റ്റാന്റിംഗ് കൗൺസിൽ ആയി സുപ്രീം കോടതിയിൽ ഹാജരായിരുന്ന നിഷെ രാജൻ ശങ്കർ എന്ന അഭിഭാഷകൻ, കോടതിക്കു മുൻപാകെ എത്തിയിരിക്കുന്ന കേസ് എന്താണെന്നു പോലും വിശദീകരിക്കാതെ നിൽക്കുന്ന കാഴ്ചയാണ് ദൃക്സാക്ഷികൾ കണ്ടത്.
ഡി.എൻ.എ സാമ്പിളുകളടക്കമുള്ള ശാസ്ത്രീയതെളിവുകളും, സാഹചര്യത്തെളിവുകളും പകൽവെളിച്ചം പോലെ നിൽക്കുമ്പോൾ കണ്ണു മൂടിയ നീതിദേവതയുടെ കാതിൽ സത്യം വിളിച്ചു പറയേണ്ടിയിരുന്ന അഭിഭാഷകരെ മൗനിയാക്കിയത് ഏതു പ്രേരകശക്തിയാണ്? ബഹുമാനപ്പെട്ട ഹൈക്കോടതി അംഗീകരിച്ച പതിനേഴോളം തെളിവുകൾ സുപ്രീം കോടതിയ്ക്കു മുൻപാകെ എത്താതിരിക്കുകയോ, അപ്രസക്തമാവുകയോ ചെയ്തതിന്റെ ഉത്തരവാദിത്വം ആർക്കാണ്? സൗമ്യയെ ട്രെയിനിൽ നിന്നു വലിച്ചെറിഞ്ഞതിന്റെ വ്യക്തമായ തെളിവുകൾ സംബന്ധിച്ച് ഡോ.ഷേർളിയുടെ പ്രസ്താവന മാദ്ധ്യമങ്ങളിൽ വരെ വന്നിട്ടും, അത്രയും ആധികാരികമായ ഒരു പരാമർശം എന്തുകൊണ്ട് കോടതിയിലെത്തിയില്ല?
പ്രതിഭാഗത്തിനു വേണ്ടി വാദിച്ച അഡ്വ.ബി.എ.ആളൂർ തന്നെ മാദ്ധ്യമങ്ങളോടു തുറന്നു പറഞ്ഞത് തെളിവുകൾ സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതു കൊണ്ടു മാത്രമാണ് പ്രതി രക്ഷപ്പെട്ടതെന്നും, പ്രോസിക്യൂഷൻ അഭിഭാഷകൻ താനായിരുന്നെങ്കിൽ പ്രതി രക്ഷപ്പെടില്ലായിരുന്നുവെന്നുമാണ്. ആ വാക്കുകളിലെ അധിക്ഷേപവും പരിഹാസവും, നീതിപീഠത്തിനും സർവ്വോപരി അന്തിമ അഭയകേന്ദ്രമായി ന്യായാസനങ്ങളിൽ പ്രതീക്ഷയർപ്പിക്കുന്ന പൗരന്മാർക്കും നേർക്കല്ലേ ചെന്നു പതിക്കുന്നത്? താൻ അന്യായത്തിനു വേണ്ടിയാണ്, അനീതിയ്ക്കു വേണ്ടിയാണ്, തെറ്റിനു വേണ്ടിയാണ് വാദിച്ചതെന്നും ജയിച്ചതെന്നും ആളൂർ പറയാതെ പറയുകയായിരുന്നില്ലേ?
ചാർളി എന്ന ഗോവിന്ദച്ചാമിയ്ക്കു വേണ്ടി, ബിജു ആന്റണി ആളൂർ എന്ന ബി.എ.ആളൂർ കോടതിയിലെത്തിയതിന്റെ പിന്നാമ്പുറക്കഥകളിൽ, കേവലം കറുത്ത പ്രശസ്തിയ്ക്കു വേണ്ടിയുള്ള ശ്രമമെന്നതിലുപരി മതപരമായ ഇടപെടലുകൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നതും ഈയവസരത്തിൽ ചിന്തിക്കാതിരിക്കാൻ, അഭയ കേസിന്റെ വികാസപരിണാമങ്ങൾ ഇന്നും മറന്നിട്ടില്ലാത്ത കേരളസമൂഹത്തിനു കഴിയുമോ?
അക്ഷരാർത്ഥത്തിൽ ഇവിടെ ശിക്ഷ വിധിയ്ക്കപ്പെട്ടത് കേരള സമൂഹത്തിനൊന്നാകെയാണ്. ശിക്ഷിയ്ക്കപ്പെട്ടത് ഇരയാണ്. പരമോന്നതന്യായാസനത്തിനു മുൻപിൽ തെളിവുകൾ സമർപ്പിയ്ക്കാതെ നാടകം കളിച്ച് വഞ്ചിച്ചത് ഉദാരവും, വിശാലവുമായ ഈ നാടിന്റെ നിയമസംഹിതയെയാണ്.
Article Credits ,കാളിദാസ് ,Janamtv.com

Wednesday, September 7, 2016

പെന്‍ഷന്‍ വീട്ടിലെത്തിക്കുന്ന സര്‍ക്കാര്‍ പദ്ധതി താഴെത്തട്ടില്‍ അട്ടിമറിച്ച് സിപിഎം

കൊല്ലം: സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഗുണഭോക്താവിന് വീട്ടിലെത്തിക്കുന്ന പദ്ധതി താഴെത്തട്ടില്‍ അട്ടിമറിച്ച് സിപിഎം. സര്‍ക്കാര്‍ ആനുകൂല്യം സിപിഎം പ്രാദേശിക നേതാക്കളുടെയും ജനപ്രതിനിധികളുടേയും വീടുകളില്‍ യോഗം വിളിച്ചു ചേര്‍ത്താണ് വിതരണം ചെയ്യുന്നത്. പാര്‍ട്ടി ഫണ്ടിലേക്ക് നിശ്ചിത തുക പിരിക്കുന്നുവെന്ന പരാതിക്കൊപ്പം പല സ്ഥലങ്ങളിലും ഈ നടപടി സംഘര്‍ഷത്തിനും വഴിയൊരുക്കിയിട്ടുണ്ട്.
വാര്‍ദ്ധക്യ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ തുടങ്ങി എല്ലാത്തരം സാമൂഹ്യക്ഷേമ പെന്‍ഷനുകളും സഹകരണ ബാങ്കുകള്‍ വഴി ഗുണഭോക്താക്കളുടെ വീടുകളിലെത്തിച്ച് നല്‍കുകയെന്നതായിരുന്നു സര്‍ക്കാര്‍ തീരുമാനം. പെന്‍ഷനുളള പണം സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.
സഹകരണബാങ്കുകളില്‍ നിന്നും ഗുണഭോക്താക്കളുടെ ലിസ്റ്റ് ശേഖരിച്ച ശേഷം സിപിഎം ജനപ്രതിനിധികളുടെയോ അതല്ലെങ്കില്‍ പ്രാദേശിക നേതാക്കളുടെയോ വീടുകള്‍ കേന്ദ്രീകരിച്ച് വിതരണം ചെയ്യുക എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ടുള്ള ഈ പ്രവൃത്തി ബാങ്കുദ്യോഗസ്ഥരുടെ കൂടി സാന്നിദ്ധ്യത്തിലായിരുന്നു പലയിടങ്ങളിലും അരങ്ങേറിയത്.
കൊല്ലം കല്ലുന്താഴം കോളേജ് ഡിവിഷനില്‍ ഇത്തരമൊരു നീക്കം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തടയുകയും സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തു. പെന്‍ഷന്‍ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന പലര്‍ക്കും പാര്‍ട്ടി ഇടപെടല്‍ വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയത്. ഗുണഭോക്താക്കളില്‍ പലരും ഇത്തരമൊരു യോഗത്തിന്റെ കാര്യം അറിഞ്ഞതേയുണ്ടായില്ല. പലയിടങ്ങളിലും പാര്‍ട്ടി നേതൃത്വത്തിലുള്ള പെന്‍ഷന്‍ വിതരണത്തിനിടെ പാര്‍ട്ടി ഫണ്ടിലേക്ക് പണപ്പിരിവ് നടന്നതായും ആരോപണമുണ്ട്. പെന്‍ഷന്‍ തുകയുടെ ഒരു ശതമാനം പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന നല്‍കാനാണ് പലരെയും നിര്‍ബന്ധിക്കുന്നത്.
News Credits Janam Tv

ലൈസന്‍സിനും വാഹനരേഖകള്‍ക്കും ഇനി ഡിജിറ്റല്‍ മുഖം; വാഹനരേഖകള്‍ മൊബൈലില്‍ സൂക്ഷിക്കാം

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന ഡ്രൈവിങ്ങ് രേഖകള്‍ക്ക് ഡിജിറ്റല്‍ മുഖം. ഡ്രൈവിങ്ങ് ലൈസന്‍സും ആര്‍സി ബുക്കുമെല്ലാം ഇനി മൊബൈലില്‍ സൂക്ഷിക്കാം. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ സാങ്കേതികവിദ്യയെ സാധാരണക്കാരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചുവടുവയ്പ്.
ഡ്രൈവിങ്ങ് ലൈസന്‍സ്, ആര്‍സി ബുക്ക്, ഇന്‍ഷൂറന്‍സ് രേഖകള്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് രേഖകള്‍ തുടങ്ങി വാഹനവുമായി ബന്ധപെട്ട രേഖകളെല്ലാം ഇനി മൊബൈലില്‍ ലഭ്യമാകും. ഇതിനായി പ്രത്യേക ആപ്ലിക്കേഷന്‍ പുറത്തിറക്കി. കേന്ദ്ര മന്ത്രിമാരായ നിഥിന്‍ ഗഡ്കരിയും രവിശങ്കര്‍ പ്രസാദുമാണ് ഡല്‍ഹിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്.
വാഹന പരിശോധനയിലും മറ്റും സുതാര്യത ഉറപ്പാക്കി അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാന്‍ പദ്ധതി സഹായകമാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി പറഞ്ഞു. രേഖകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ക്വി. ആര്‍ കോഡ് സഹിതമാണ് ഡിജിറ്റല്‍ രേഖകള്‍ ലഭ്യമാകുക. മൊബൈല്‍ വ്യൂ രൂപത്തിലും ഡിജിറ്റല്‍ ഒപ്പോടുകൂടിയ രേഖയായും ലഭിക്കും.
19.5 കോടി പേരുടെ രജിസ്േ്രടഷന്‍ സര്‍ട്ടിഫിക്കറ്റും 10 കോടി പേരുടെ ഡ്രൈവിങ്ങ് ലൈസന്‍സും ഇതോടകം ഡിജിറ്റലാക്കി കഴിഞ്ഞു. ഡിജിറ്റല്‍ ലോക്കര്‍ ഡോട് ഗവ്.ഇന്‍ എന്ന സൈറ്റില്‍ കയറിയാല്‍ ആധാര്‍ നമ്പര്‍ അടിസ്ഥാനത്തില്‍ രേഖകള്‍ ലഭ്യമാകും.
News Credits JanamTv

സമുദ്ര സുരക്ഷക്കായി ഭാരതത്തിന് യുഎസിൽ നിന്നും ഡ്രോണുകൾ ലഭിക്കും

ന്യുയോർക്ക്: ഭാരതത്തിന് സമുദ്ര നിരീക്ഷണത്തിന് വേണ്ടിയുള്ള 22 ഡ്രോണുകൾ അമേരിക്ക നൽകും. കഴിഞ്ഞ ജൂണിൽ അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയായി ഭാരതത്തിനെ അംഗികരിച്ചതിനു ശേഷമാണ് ഡ്രോണുകൾ ഭാരതത്തിന് ലഭിക്കുവാൻ പോകുന്നത്.
ഇന്ത്യൻ സമുദ്രത്തിലെ സ്വത്തു സംരക്ഷിക്കുക, മുംബൈ ഭീകരാക്രമണം നടത്തിയവർ കടലിലൂടെ രാജ്യത്തു നുഴഞ്ഞുകയറിയതു പോലുള്ള സാഹചര്യം ഒഴിവാക്കുന്നതിനു നിരീക്ഷണം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ഭാരതം അത്യാധുനിക ഡ്രോണുകൾ കരസ്ഥമാക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ ആവശ്യമുന്നയിച്ച് ഭാരതം യുഎസിനെ സമീപിക്കുന്നത്. ഇതു സംബന്ധിച്ച് അമേരിക്കയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഭാരതത്തിന്റെ പ്രതിരോധമന്ത്രി മനോഹർ പരീക്കറും യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടൺ കാർട്ടറും കഴിഞ്ഞ മാസം 29ന് ഇതു സംബന്ധിച്ചു വിശദമായ ചർച്ചകൾ നടത്തിയിരുന്നു.
ജന്മഭൂമി

ആന്റണി എന്തേ ബാബുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നു?

ഒന്നരവര്‍ഷം മുന്‍പ് ബാബുവിന്റെ അനധികൃത സമ്പാദ്യവും ബിനാമി ഇടപാടുകളും ‘ജന്മഭൂമി’ പുറത്തുകൊണ്ടുവന്നപ്പോള്‍ പലരും നെറ്റിചുളിച്ചു. ബാബു വല്ലാതെ കയര്‍ത്ത് സംസാരിച്ചു. മാത്രമല്ല നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വക്കീല്‍ നോട്ടീസ് വഴി ‘ജന്മഭൂമി’യെ ഭീഷണിപ്പെടുത്താനും നോക്കി. എന്നാല്‍ വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നിയമനടപടിയെ നേരിടുമെന്നും അറിയിച്ചശേഷം ബാബുവില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.
മലയാളികളെ നാണം കെടുത്തിയ സോളാര്‍ തട്ടിപ്പിന് പിറകെ ഉയര്‍ന്ന ബാര്‍ കോഴയുടെ ചുരുളുകള്‍ അഴിയുകയാണ്. കെ.എം.മാണിയിലാണ് ബാര്‍ കോഴ തുടങ്ങിയതും തീരുന്നതും എന്ന ധാരണ ഇപ്പോള്‍ മാറി. മാണിയോടൊപ്പമല്ല അതിനേക്കാള്‍ മീതെയാണ് കെ.ബാബുവിന് അഴിമതിയില്‍ സ്ഥാനമെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും മാത്രമല്ല ബിനാമികളിലേക്കും അഴിമതി സമ്പാദ്യം പരന്നു. കോടികളുടെ ആസ്തിയാണ് കെ.ബാബുവാരിക്കൂട്ടുകയും വെട്ടിപ്പിടിക്കുകയും ചെയ്തിട്ടുള്ളത്. ഇതുവരെയുണ്ടായ കണ്ടെത്തലുകള്‍ ആരെയും ഞെട്ടിക്കുന്നു.
എല്ലാ പരിശോധനയും പൂര്‍ത്തിയാകുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന അഴിമതിയാണ് ബാര്‍ കോഴയെന്ന് വ്യക്തമാകും. ഇത് ബാബുവിലും മാണിയിലും അവസാനിക്കില്ല. സമുന്നതരായ ഇരുപത് നേതാക്കള്‍ക്ക് ബാര്‍ കോഴയിലൂടെ കോടികള്‍ നേടിക്കൊടുത്തു. അതിലേക്ക് അന്വേഷണം നീളുകയാണ്. ഒന്നരവര്‍ഷം മുന്‍പ് ബാബുവിന്റെ അനധികൃത സമ്പാദ്യവും ബിനാമി ഇടപാടുകളും ‘ജന്മഭൂമി’ പുറത്തുകൊണ്ടുവന്നപ്പോള്‍ പലരും നെറ്റിചുളിച്ചു. ബാബു വല്ലാതെ കയര്‍ത്ത് സംസാരിച്ചു. മാത്രമല്ല നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വക്കീല്‍ നോട്ടീസ് വഴി ‘ജന്മഭൂമി’യെ ഭീഷണിപ്പെടുത്താനും നോക്കി. എന്നാല്‍ വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നിയമനടപടിയെ നേരിടുമെന്നും അറിയിച്ചശേഷം ബാബുവില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.
അഷ്ടിക്ക് വകയില്ലാതെ കഴിഞ്ഞതാണ് ബാബുവിന്റെ കുട്ടിക്കാലം. അങ്കമാലിയില്‍ ചെറിയൊരു ചായക്കടയിലെ വരുമാനമായിരുന്നു ബാബുവിന്റെ അംഗസംഖ്യയേറിയ കുടുംബത്തിനുണ്ടായിരുന്നത്. കടയിലെ വരുമാനം ഒന്നിനും തികയാതെ വന്നപ്പോള്‍ അത് നിര്‍ത്തി. പോലീസ് സ്റ്റേഷനിലും വില്ലേജാഫീസിലും കക്ഷികള്‍ക്ക് പരാതിയും അപേക്ഷയും എഴുതിക്കൊടുത്ത് കിട്ടുന്ന വരുമാനമായിരുന്നു ബാബുവിന്റെ പിതാവിന്. ഒറ്റ ഖദര്‍ ഷര്‍ട്ടുമിട്ട് അങ്കമാലിയില്‍ കെഎസ്‌യു പ്രവര്‍ത്തനത്തിനിറങ്ങിയ ബാബുവിന്റെ കഷ്ടപ്പാട് കണ്ടുകൊണ്ടുതന്നെയാണ് പഠിത്തം കഴിഞ്ഞ ബാബുവിനെ പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. അങ്കമാലി മുനിസിപ്പാലിറ്റിയായപ്പോള്‍ ആദ്യ ചെയര്‍മാനായി ഒന്നരവര്‍ഷത്തോളം. അതിനുശേഷമാണ് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായെത്തുന്നത്.
അങ്കമാലിയിലെ രണ്ടുസെന്റ് ഭൂമിയുടെ അവകാശികളിലൊരാളായ ബാബു എങ്ങനെ ശതകോടികളുടെ ആസ്തിയുള്ള ആളായി എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്. എംഎല്‍എ സ്ഥാനത്ത് ആദ്യം മത്സരിക്കുമ്പോള്‍ എടുത്തുപറയത്തക്ക നിക്ഷേപമോ വരുമാനമോ ബാബുവിന് ഉണ്ടായിരുന്നില്ല. എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയാവുകയും അഞ്ചുവര്‍ഷം ബാബു മന്ത്രിയായിരിക്കുകയും ചെയ്തപ്പോള്‍ പണമിരട്ടിപ്പിക്കുന്ന അത്ഭുതവിളക്ക് ബാബുവിന് സ്വന്തമായി. ഇതുവരെയുള്ള പരിശോധനയില്‍ ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും അവരുടെ ബന്ധുക്കളുടെയുമെല്ലാം പേരില്‍ വന്‍ സമ്പാദ്യമായി. ബാങ്കുകളില്‍ പണവും സ്വര്‍ണവും കുമിഞ്ഞുകൂടി. ഭൂമിയാണെങ്കില്‍ എവിടെയൊക്കെ, ആരുടെയൊക്കെ പേരില്‍ എന്ന് തെളിയാനിരിക്കുന്നതേയുള്ളൂ.
തന്റെ ജീവിതം തുറന്ന പുസ്തകമെന്നാണ് ആരോപണങ്ങള്‍ വന്നപ്പോള്‍ ബാബു പ്രസ്താവിച്ചത്. ബാറുകള്‍ അനുവദിച്ചതും വിദേശമദ്യ വില്‍പ്പന നിര്‍ത്തിയതുമെല്ലാം മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്നാണ് ബാബു ഉറക്കെ പറഞ്ഞത്. അതിന്റെ അര്‍ത്ഥം ബാര്‍ കോഴയുടെ പങ്ക് എല്ലാം മന്ത്രിമാര്‍ക്കും ഉണ്ടെന്നുതന്നെയാണ്. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയും രമേശ്‌ചെന്നിത്തലയും ബാബുവിന്റെ പിന്നില്‍ ഉറച്ചുനില്‍ക്കുന്നത്. നിയമം നിയമത്തിന്റെ വഴിയെ എന്നാണയിടാറുള്ള ഉമ്മന്‍ചാണ്ടിക്ക് ഇപ്പോള്‍ മറിച്ചൊരു ന്യായമായി. എന്നാല്‍ ആദര്‍ശത്തിന്റെ ആള്‍രൂപമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആന്റണി ഒരക്ഷരം മിണ്ടുന്നില്ല.
യുപിഎ ഭരണകാലത്തെ അഴിമതികളെക്കുറിച്ചന്വേഷിക്കുമ്പോള്‍ കോണ്‍ഗ്രസിനോട് പകവീട്ടുകയാണെന്നും രാഷ്ട്രീയമായി അതിനെ നേരിടുമെന്നും വീമ്പുപറയുന്ന ആന്റണി എന്തേ ബാബുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നു? അതില്‍നിന്ന് തന്നെ വ്യക്തമാണ്, കാര്യങ്ങളെല്ലാം എല്ലാവര്‍ക്കുമറിയാം. ബാബു മന്ത്രിയായിരിക്കെ മകളുടെ കല്യാണത്തിനെത്തിയ ആഡംബരകാറുകളുടെ നീണ്ടനിര കണ്ട് അമ്പരന്നതാണ് ആന്റണി. എന്നിട്ടും എന്തേ തുറന്നപുസ്തകത്തിലേക്ക് കണ്ണോടിച്ചില്ല.
ഇതൊരു കൂട്ടായ്മ കവര്‍ച്ചയായിരുന്നു. അന്വേഷണം നീളുമ്പോള്‍ മൗനികളായിരിക്കുന്ന പല മഹാന്മാരുടെയും ഖദറില്‍ ചെളി ഉറപ്പായും കാണാനാകും. ഇടതും വലതും ചേര്‍ന്ന് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ഒത്തുതീര്‍പ്പു രാഷ്ട്രീയത്തെ ജനങ്ങള്‍ അംഗീകരിക്കില്ല. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കണമെന്ന ജനങ്ങളുടെ ആഗ്രഹം നടക്കുകതന്നെ വേണം.
News credits ജന്മഭൂമി

Sunday, September 4, 2016

സിപിഎം വലിയ വില നല്‍കേണ്ടി വരും

സിപിഎമ്മിലെ അധികാരത്തര്‍ക്കത്തിന് തടയിടാന്‍ ആര്‍എസ്എസ്സിനെ കരുവാക്കി കേരളത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് കോടിയേരി ബാലകൃഷ്ണന്‍.
ഇതിന്റെ തെളിവാണ് കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതും കോടിയേരിയുടെ പത്തനംതിട്ട പ്രസംഗവും. ഈ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമന്ന് എല്ലാ പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുകയാണ്.
സംയമനം പാലിക്കുന്നത് ഭീരുത്വം കൊണ്ടല്ല. ഉത്തരവാദിത്തം ഉള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന ചുമതലയുള്ളതിനാലാണ്.
രാജ്യമെങ്ങും തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സിപിഎം. എന്ത് ചെയ്താല്‍ അണികളെ പിടിച്ചു നിര്‍ത്താം എന്ന ആശയക്കുഴപ്പത്തിലാണ് സിപിഎം നേതൃത്വം. ചെയ്യുന്നതൊന്നും വിജയിക്കാത്തതിന്റെ ജാള്യത മറയ്ക്കാനാണ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആയുധമെടുക്കാന്‍ സംസ്ഥാന സെക്രട്ടറി തന്നെ ആഹ്വാനം ചെയ്യുന്നത്.
പാര്‍ട്ടിക്കുള്ളില്‍ ശക്തനായ പിണറായിയുടെ നേതൃത്തില്‍ അധികാരം കിട്ടിയിട്ടും അണികള്‍ക്കും ജനങ്ങള്‍ക്കും പ്രതീക്ഷയോ ആത്മവിശ്വാസമോ നല്‍കുന്ന ഒരു നടപടിയും ഇടത് സര്‍ക്കാരിനായിട്ടില്ല. പിണറായിയുടെ ഏകാധിപത്യ രീതിയില്‍ സഹമന്ത്രിമാര്‍ അസംതൃപ്തരാണ്. മുഖ്യമന്ത്രിക്ക് കണ്ണൂര്‍ ലോബിയെ മാത്രമാണ് വിശ്വാസം.
ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തി പുകയുകയാണ്. ഇടതു ഭരണത്തിന്‍ കീഴില്‍ മുമ്പൊരിക്കലും സംഭവിക്കാത്ത രീതിയില്‍ പാര്‍ട്ടി സെക്രട്ടറിയും എ കെ ജി സെന്ററും അവഗണിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ നിന്നൊക്കെ ശ്രദ്ധ തിരിക്കാനാണ് പാര്‍ട്ടി സെക്രട്ടറി തന്നെ പ്രകോപനപരമായ പ്രസ്താവനയുമായി കളം നിറയാന്‍ ശ്രമിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ വരമ്പത്ത് കൂലി പ്രസംഗത്തിനു ശേഷമാണ് ഏറക്കാലത്തിന് ശേഷം കണ്ണൂരില്‍ അക്രമം വ്യാപകമായത്. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കാത്ത കോടിയേരി അക്രമത്തിന് പ്രേരണ നല്‍കി അണികളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ്.
ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പത്തനംതിട്ടയിലെ കോടിയേരിയുടെ പ്രസംഗം. രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളും പാലിച്ച് അനുമതിയോടെ നടക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തനം റെഡ് വാളന്റിയര്‍മാരെ ഉപയോഗിച്ച് തടയുമെന്ന കോടിയേരിയുടെ പ്രസ്താവന കലാപത്തിനുള്ള ആഹ്വാനം അല്ലെങ്കില്‍ മറ്റെന്താണ്?
ഇത് സമാധാനത്തിനു നേരെയുള്ള വെല്ലുവിളിയാണ്. ഒപ്പം സ്വന്തം മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന പ്രഖ്യാപനവും. അധികാരത്തിന്റെ ഹുങ്കില്‍ അമ്പലങ്ങള്‍ കയ്യേറാമെന്ന സിപിഎം ആഗ്രഹം വിലപ്പോവില്ല. ഇതിനെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ പൊതുസമൂഹം കൈകാര്യം ചെയ്യുമെന്ന് തന്നെയാണ് ബിജെപി വിശ്വസിക്കുന്നത്.
ആര്‍എസ്എസ് നടത്തുന്നത് രഹസ്യ പ്രവര്‍ത്തനമല്ല. ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. പെട്ടെന്നൊരു ദിവസം ആര്‍എസ്എസിനെ ശാഖകളില്‍ കയറി ശാരീരികമായി നേരിടുമെന്ന് പറയുന്ന കോടിയേരിയുടെ പ്രസ്താവന കേരളത്തിന്റെ സമാധാന നില തകര്‍ക്കാനേ ഉപകരിക്കൂ. പാര്‍ട്ടി സെക്രട്ടറിയുടെ പ്രസംഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കണ്ണൂരില്‍ അത് പരീക്ഷിക്കപ്പെട്ടു. നിരപരാധിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ ഇല്ലാതാക്കിയ സിപിഎം പ്രവര്‍ത്തകര്‍ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ്.
ആശയത്തെ ആയുധം കൊണ്ട് നേരിടുക നമ്മുടെ ശൈലിയല്ലാത്തതിനാല്‍ ആരും പ്രതിഷേധത്തിന് ജനാധിപത്യ മാര്‍ഗ്ഗം ഉപേക്ഷിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിലെ ക്രമസമാധാനം ഭദ്രമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മലയാളികളെ പരിഹസിക്കാനുള്ളതാണ്. ഇനിയുളള നാളുകളിലും ഇങ്ങനെയാണ് ക്രമസമാധാന നില ഭദ്രമാക്കാന്‍ പോകുന്നതെങ്കില്‍ സിപിഎം അതിന് വലിയ വില നല്‍കേണ്ടി വരും.
News Credits ജന്മഭൂമി

പണവും ഭൂമിയും ബാബു വാരിക്കൂട്ടി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന് മുന്‍ മന്ത്രി കെ. ബാബുവിനെതിരെ വിജിലന്‍സ് കേസെടുത്തു. ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികളുടെയും വീടുകളും ഓഫീസുകളുമടക്കം പത്തുകേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ കോടികളുടെ അനധികൃത സ്വത്ത് സംബന്ധിച്ച രേഖകളും180 ഗ്രാം സ്വര്‍ണ്ണവും പിടിച്ചെടുത്തു.
റെയ്ഡില്‍ കണക്കില്‍പ്പെടാത്ത എട്ട് ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് ബാങ്ക് ലോക്കറുകളും അഞ്ച് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. 100 കോടിരൂപ ബാബു സമ്പാദിച്ചതായാണ് വിവരം. ബിനാമികളായ ബാബുറാം, മോഹനന്‍, നന്ദകുമാര്‍, തോപ്പില്‍ ഹരി, വിജി എന്നിവര്‍ക്കെതിരെയും കേസെടുത്തു. ബാബുവിന്റെ വീട്ടില്‍ നിന്ന് തമിഴ്‌നാട് തേനി ആണ്ടിപ്പെട്ടി ഗ്രാമത്തില്‍ 120 ഏക്കര്‍ ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ട തമിഴിലുള്ള രേഖകളും മോഹനന്റെ വീട്ടില്‍ നിന്ന് 6.6 ലക്ഷം രൂപയും, തൊടുപുഴയിലെ മകളുടെ വീട്ടില്‍ നിന്ന് ഭൂമി ഇടപാടിന്റെ രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തു. മരവിപ്പിച്ച അഞ്ച് ബാങ്ക് അകൗണ്ടുകള്‍ ബാബുവിന്റെയും ഭാര്യയുടെയും മക്കളുടെയും പേരിലുള്ളതാണ്. മക്കളുടേതാണ് മരവിപ്പിച്ച രണ്ട് ബാങ്ക് ലോക്കറുകള്‍.
മുന്‍ നഗരസഭാ കൗണ്‍സിലറാണ് തോപ്പില്‍ ഹരി; പേഴ്‌സണല്‍ സ്റ്റാഫായിരുന്നു നന്ദകുമാര്‍. കര്‍ത്തേടം കുടുംബാംഗമാണ്, വിജി. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വസതിയിലും മൂത്തമകള്‍ ആതിരയുടെ തൊടുപുഴയിലെയും ഇളയമകള്‍ ഐശ്വര്യയുടെ പാലാരിവട്ടത്തെയും വസതികളിലും ബാബുറാം, മോഹനന്‍ എന്നിവരുടെ കുമ്പളത്തെയും തൃപ്പൂണിത്തുറയിലെയും വസതികളിലും ബാബുറാമിന്റെ ഓഫീസിലും ആതിരയുടെ ഭര്‍തൃപിതാവിന്റെ തൊടുപുഴയിലെ വീടിനടുത്തുള്ള ഫാക്ടറി ഓഫീസിലും ഒരേ സമയമായിരുന്നു റെയ്ഡ്.
വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി വി.എന്‍. ശശിധരന്റെ നേതൃത്വത്തില്‍ രണ്ട് ഡിവൈഎസ്പിമാരും മൂന്ന് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്ന ഏഴ് വിജിലന്‍സ് സംഘങ്ങളാണ് പരിശോധന നടത്തിയത്. എക്‌സൈസ് മന്ത്രിയായിരിക്കെ 2011-2016 കാലയളവില്‍ കേരളത്തിനകത്തും പുറത്തും കോടികളുടെ അനധികൃത സ്വത്ത് ബാബു സമ്പാദിച്ചതായി വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ബുധനാഴ്ച കേസ് റജിസ്റ്റര്‍ ചെയ്തത്. ബാബു അധികാര ദുര്‍വിനിയോഗത്തിലൂടെ വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചു. റിയല്‍ എസ്‌റ്റേറ്റ് മാഫിയയുമായും വ്യവസായ ഗ്രൂപ്പുകളുമായും ബിനാമികളുമായും ചേര്‍ന്ന് നിയമവിരുദ്ധ ഇടപാടുകള്‍ നടത്തി. വിജിലന്‍സിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു.
പോളക്കുളം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പാലാരിവട്ടത്തെ റിനായ് മെഡിസിറ്റി ആശുപത്രിയില്‍ ബാബുവിന് 60 ശതമാനം പങ്കാളിത്തമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. ബിനാമിയായ തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് സ്വദേശി മോഹനന്റെ റോയല്‍ ബേക്കറി, തൊടുപുഴയിലെ മൂത്തമകളുടെ ഭര്‍തൃപിതാവ് നടത്തുന്ന ഇന്റര്‍ലോക് ബ്രിക്‌സ് യൂണിറ്റ്, കുമ്പളം സ്വദേശി ബാബുറാം, പി.ഡി. ശ്രീകുമാര്‍ എന്നിവരുടെ പേരില്‍ നടക്കുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ എന്നിവയില്‍ ബാബുവിന്റെ പണമുണ്ട്. തൃപ്പൂണിത്തുറ എരൂര്‍ ജംഗ്ഷനില്‍ തോപ്പില്‍ ജോജി എന്നയാള്‍ നടത്തുന്ന ഇംപാക്ട് സ്റ്റീല്‍ കമ്പനിയിലും ബാബുവിന് ഉടമസ്ഥാവകാശമുള്ളതായി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു.
2012ല്‍ മകള്‍ ആതിരയുടെ വിവാഹത്തിന് ബാബു 45 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ ഭാര്യാപിതാവിന്റെ പേരില്‍ വാങ്ങിക്കൊടുത്തു. കെ എല്‍ 38 ഡി 6005 നമ്പര്‍ റജിസ്‌ട്രേഷനുള്ള കാര്‍ ബാര്‍ കോഴ ആരോപണം വന്നതിനെ തുടര്‍ന്ന് ജാസ്മിന്‍ എന്ന സ്ത്രീക്ക് മറിച്ചു വിറ്റു. മകള്‍ ആതിരയുടെ പേരില്‍ ഏഴ് ലക്ഷത്തോളം രൂപയുള്ള നിസാന്‍ മൈക്ര എക്‌സ് പി പ്രീമിയം ബി എസ് 4 കാറും ബാബു വിവാഹത്തോടനുബന്ധിച്ച് വാങ്ങി നല്‍കി. ബാബുവിന്റെ പേരില്‍ ഒമ്പത് ലക്ഷം രൂപയുടെ ടൊയോട്ട ഇന്നോവ കാറാണുള്ളത്.
ഇളയ മകള്‍ ഐശ്വര്യക്ക് പൂജ മില്‍ക്ക്‌സ് എന്ന പാല്‍- പാലുല്‍പന്ന കമ്പനിയാണ് ബാബു വാങ്ങിക്കൊടുത്തത്. ഇത് മറ്റൊരാള്‍ക്ക് പാട്ടത്തിന് നല്‍കിയതായും വിജിലന്‍സ് കണ്ടെത്തി. ഐശ്വര്യയുടെ വിവാഹം കലൂരിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആഢംബരത്തോടെയാണ് നടത്തിയത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ബാബു ഭൂമി വാങ്ങിക്കൂട്ടി. തമിഴ്‌നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമി ബാബുവിന്റെ പേരിലുണ്ട്. കര്‍ണാടകത്തില്‍ മകള്‍ ഐശ്വര്യയുടെ ഭര്‍തൃപിതാവിന്റെ പേരിലും വന്‍തോതില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. തൃപ്പൂണിത്തുറ സംസ്‌കൃത കോളജിന് സമീപം ബാബു താമസിക്കുന്ന വീട് വന്‍തുക ചെലവിട്ട് ആഢംബര വീടായി മോടിപിടിപ്പിച്ചത് മന്ത്രിയായിരുന്ന കാലത്താണ്.
മന്ത്രി എന്ന നിലയില്‍ അവിഹിതമായി സമ്പാദിച്ച പണം ഉപയോഗിച്ചാണ് ബാബു, മൂന്നാം പ്രതി മോഹനുമായി ചേര്‍ന്ന് തൃപ്പൂണിത്തുറയില്‍ റോയല്‍ ബേക്കേഴ്‌സ് എന്ന പേരില്‍ ബിനാമി ബിസിനസ് തുടങ്ങിയതെന്ന് എഫ് ഐ ആറില്‍ പറയുന്നു.
ബിനാമികളായ മോഹനന്‍, ബാബുറാം എന്നിവര്‍ സ്വന്തമായി വരുമാന മാര്‍ഗമില്ലാത്തവരാണ്. എന്നാല്‍ ഇവര്‍ ബിഎംഡബ്ല്യൂ, ബെന്‍സ് തുടങ്ങിയ ആഡംബര കാറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇവര്‍ കൈയാളുന്ന സ്വത്തുക്കള്‍ ബാബുവിന്റെ ബിനാമിയായിട്ടാണ്. ഭൂമി ഇടപാടുകള്‍ക്കാണ് ബാബു ഉപയോഗപ്പെടുത്തിയിരുന്നത്. ബാബുവിന്റെ എസ്റ്റേറ്റ് നോക്കിനടത്തുന്നതും ബാബുറാമാണ്.
മന്ത്രി എന്ന നിലയിലെ ശമ്പളം മാത്രമായിരുന്നു ബാബുവിന്റെ വരുമാനം. ബാബുവിന് ബാങ്ക് വായ്പകളോ മറ്റും വരുമാന മാര്‍ഗങ്ങളോ ഉള്ളതായി അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അഴിമതി നിരോധന നിയമത്തിലെ 13(1- ഡി, ഇ), 13(2) വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
News Credits ജന്മഭൂമി

മാധ്യമങ്ങളോടുള്ള പിണറായി സര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധം: മുരളീധരന്‍

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന പിണറായി സര്‍ക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി. മുരളീധരന്‍. സെക്രട്ടേറിയറ്റിലേക്കും വിവിധ വകുപ്പുകളിലേക്കും കടന്നുചെല്ലാനുള്ള മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിനു് സര്‍ക്കാര്‍ കടിഞ്ഞാണിട്ടിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടേറിയറ്റിലേക്കും മന്ത്രിയാഫീസുകളിലേക്കും കടന്നുചെല്ലാനാകൂ.
മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്‌നം വഷളാക്കിയതും പ്രശ്‌നപരിഹാരം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതും മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ മറ്റൊരു ഭാഗമായാണ്. ഒന്നരമാസത്തിലധികമായി ഹൈക്കോടതി മുതല്‍ സബ് കോടതികള്‍ വരെയുള്ള 400ലധികം കോടതികളില്‍ ചെന്ന് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല, കോടതികളിലെ വാര്‍ത്തകള്‍ പുറത്തുവരുന്നില്ല. സര്‍ക്കാരാണ് ഇതിന്റെ ഗുണഭോക്താവ്.
മന്ത്രിസഭാ തീരുമാനങ്ങള്‍ ഇ മെയിലിലൂടെയാണ് മാധ്യമസ്ഥാപനങ്ങളിലെത്തുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും വ്യക്തതവരുത്താനുമുള്ള അവസരമാണ് മുഖ്യമന്ത്രി നിഷേധിച്ചത്.
മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ വരെ സമീപിച്ചതും മന്ത്രിസഭക്ക് ജനങ്ങളില്‍നിന്ന് എന്തൊക്കയോ മറയ്ക്കാനുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്.വി. മുരളീധരന്‍ പറഞ്ഞു.
News Credits ജന്മഭൂമി