Tuesday, August 27, 2013

സരിത വിളിച്ചത് ഉന്നതരെയും ഇടപാടുകാരെയും

കണ്ണൂര്‍: സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത ഡിവൈഎസ്പിയുടെ ഫോണില്‍ ബന്ധപ്പെട്ടത് ഭരണതലത്തിലെ ഉന്നതരെയും ഇടപാടുകാരുകാരെയും. ഫോണ്‍ രേഖപരിശോധനയില്‍ ഇത് വ്യക്തമാകുമെങ്കിലും അത്തരം അന്വേഷണം ഉണ്ടാകാതിരിക്കാന്‍ പൊലീസ് ആസ്ഥാനത്തുനിന്ന് ഇടപെട്ടുവെന്നാണ് സൂചന. ഞായറാഴ്ച ജയിലിലേക്കുള്ള സഞ്ചാരത്തിനിടെ തളിപ്പറമ്പ് ഡിവൈഎസ്പി കെ എസ് സുദര്‍ശന്റെ ഫോണിലാണ് സരിത ദീര്‍ഘമായി സംസാരിച്ചത്. ദുരൂഹസാഹചര്യത്തിലാണ് ഡിവൈഎസ്പി സ്വന്തം ഫോണ്‍ സരിതയ്ക്ക് കൈമാറിയത്. എന്നാല്‍ അഭിഭാഷകനുമായി സംസാരിക്കാന്‍ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ഫോണ്‍ നല്‍കിയതെന്നാണ് ഡിവൈഎസ്പിയുടെ ന്യായീകരണം. എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് എത്തിയപ്പോഴാണ് ഡിവൈഎസ്പി സരിതയ്ക്ക് ഫോണ്‍ നല്‍കിയത്. ക്വിക് റസ്പോണ്‍സ് ടീം ഉള്‍പ്പെടെ അഞ്ച് വാഹനങ്ങളാണ് സരിതയ്ക്ക് അകമ്പടി സേവിച്ചത്. സരിതക്കൊപ്പം ജീപ്പിലുണ്ടായിരുന്ന വനിതാപൊലീസുകാരെയും മറ്റുള്ളവരെയും അകലേക്ക് നീക്കിനിര്‍ത്തി. സരിത 20 മിനിറ്റ് സംസാരിച്ചതായാണ് വാഹനവ്യൂഹത്തിലുണ്ടായിരുന്ന പൊലീസുകാരുടെ വെളിപ്പെടുത്തല്‍. ഈ ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താനെത്തിയ ചെറുപ്പക്കാരെ പൊലീസ് വിരട്ടിയോടിച്ചു. അഭിഭാഷകന് പുറമെ മറ്റാരോടെങ്കിലും സരിത സംസാരിച്ചെങ്കില്‍ ഗുരുതരമായ കൃത്യവിലോപമാണ്. ക്രിമിനല്‍ കേസിലെ പ്രതിക്ക് വാഹനം, വാര്‍ത്താവിനിമയ സൗകര്യം എന്നിവ അനുവദിക്കുന്നത് കുറ്റകരമാണ്. ജയില്‍ നിയമം, പൊലീസ് ആക്ട് എന്നിവ പ്രകാരവും പ്രതിയുടെ ഫോണ്‍വിളി കുറ്റകരമാണ്. റിമാന്‍ഡ് പ്രതികളെ കോടതിയില്‍നിന്നോ, മജിസ്ട്രേറ്റിന്റെ വസതിയില്‍നിന്നോ ജയിലിലേക്ക് കൊണ്ടുപോകുന്നതിന് കര്‍ശന നിബന്ധനകളുണ്ട്. സ്വകാര്യവാഹനം, പുറത്തുനിന്നുള്ള ഭക്ഷണം, മറ്റുള്ളവരുമായി സമ്പര്‍ക്കം, ടെലിഫോണ്‍ സൗകര്യം എന്നിവ ഏര്‍പ്പെടുത്താന്‍ പാടില്ല. ചികിത്സയും കോടതി നിര്‍ദേശപ്രകാരം മാത്രം. ജയിലുകളില്‍ തടവുകാര്‍ക്കായി കോയിന്‍ബൂത്ത് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. അപേക്ഷ നല്‍കിയാല്‍ ഇത് അനുവദിക്കും. എന്നിട്ടും സ്വന്തം ഫോണ്‍ ഡിവൈഎസ്പി നല്‍കിയത് ഉന്നതങ്ങളിലെ നിര്‍ദേശപ്രകാരമാണെന്ന്് വ്യക്തം. ജയിലിലും കസ്റ്റഡിയിലും സരിത പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്. കേസുകളില്‍ പണം നല്‍കി ഒത്തുതീര്‍പ്പിനുള്ള നീക്കങ്ങളും സജീവമാണ്. കബളിപ്പിക്കപ്പെട്ടവരെ നിയമപ്രശ്നങ്ങള്‍ ധരിപ്പിക്കാന്‍ അഭിഭാഷകരും വഴങ്ങാത്തവരെ വരുതിയിലാക്കാന്‍ ഗുണ്ടകളും ഇടപെടുന്നതായും സൂചനയുണ്ട്. ഇതിനിടെ, ഡിവൈഎസ്പിയുടെ ഫോണില്‍നിന്ന് സരിത വിളിച്ചതായി സരിതയുടെ അഭിഭാഷകന്‍ പത്തനംതിട്ട സ്വദേശി പ്രിന്‍സ് പി തോമസ് അവകാശപ്പെട്ടു. ഞായറാഴ്ച വൈകിട്ട് 5.15നാണ് വിളിച്ചത്. 1.18 മിനിറ്റാണ് സംഭാഷണം നീണ്ടത്. മറ്റാരെയെങ്കിലും സരിത വിളിച്ചോയെന്ന് തനിക്ക് അറിയില്ല. അഭിഭാഷകനുമായി ബന്ധപ്പെടാന്‍ അവസരം നല്‍കണമെന്ന് റിമാന്‍ഡ് നോട്ടില്‍ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായപ്പോള്‍ സരിതയ്ക്ക് പൊലീസുദ്യോഗസ്ഥന്‍ ഫോണ്‍ കൈമാറിയത് വിവാദമായിരുന്നു. പൊലീസ് സ്റ്റേഷനിലായിരുന്നു അന്നത്തെ ഫോണ്‍വിളി. കേസ് കാര്യം സംസാരിക്കാന്‍ എന്നായിരുന്നു അന്നും പൊലീസിന്റെ ന്യായീകരണം.
സ്വന്തം ലേഖകന്‍ -Deshabhimani Daily

No comments:

Post a Comment