Thursday, August 1, 2013

കേരളത്തില്‍ പ്രച്ഛന്നമായ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നു: എം എ ബേബി

തൃക്കാക്കര: സോളാര്‍ തട്ടിപ്പിനെ തുടര്‍ന്ന് കേരളത്തില്‍ പ്രച്ഛന്നമായ അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. മുഖ്യമന്ത്രിയും യുഡിഎഫ് സര്‍ക്കാരും ജനാധിപത്യത്തിന്റെ എല്ലാ മൂല്യങ്ങളെയും ചവിട്ടിമെതിക്കുകയാണ്. ഏഴു പതിറ്റാണ്ടുകളുടെ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള വി എസ് അച്യുതാനന്ദനു നേരെ ഗ്രനേഡ് എറിയുന്നു. സത്യം പുറത്തുകൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നിയമ നടപടി സ്വീകരിക്കുന്നു. നിയമസഭാ സമ്മേളനം ഇടയ്ക്ക് നിര്‍ത്തുന്നു. ജുഡീഷ്യറിയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നു. സമരം ചെയ്ത ഡിവൈഎഫ്ഐ നേതാവ് സാബുവിനെ മുഖ്യമന്ത്രിയുടെ കാറിടിച്ച് വീഴ്ത്തുന്നു. ചീഫ് വിപ്പ് പി സി ജോര്‍ജ് അടക്കമുള്ളവരുടെ ഫോണ്‍ ചോര്‍ത്തുന്നു. ഇങ്ങനെ എല്ലാ രംഗത്തും അടിയന്തരാവസ്ഥ പ്രച്ഛന്നമായ രീതിയില്‍ നിലനില്‍ക്കുകയാണ്. ഇതിനിടെ മുഖ്യമന്ത്രി സ്ഥാനത്ത് കടിച്ചു തൂങ്ങിക്കിടക്കുന്ന ഉമ്മന്‍ചാണ്ടി ഓരോ നിമിഷവും അപമാനിതനാവുകയാണെന്ന് എം എ ബേബി പറഞ്ഞു. എല്‍ഡിഎഫ് രാപ്പകല്‍ സമരത്തിന്റെ ഒന്‍പതാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സരിത എസ് നായര്‍ക്ക് കോടതിയില്‍ മൊഴി എഴുതിക്കൊടുത്തിരിക്കുന്നത് നിയമ ഭാഷയിലാണ്. സരിതയ്ക്ക് പേനയും പേപ്പറും എത്തിച്ചുകൊടുക്കുക മാത്രമല്ല, എന്തെഴുതണമെന്നും പറഞ്ഞു കൊടുത്തിട്ടുണ്ട്. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞത് അവരുടെ വെളിപ്പെടുത്തല്‍ കേട്ട് ജഡ്ജി ഞെട്ടിപ്പോയെന്നാണ്. മജിസ്ട്രേട്ടിനു മുന്നില്‍ ഇരുപതു മിനിട്ട് സംസാരിച്ച കാര്യങ്ങള്‍ മൂന്നേകാല്‍ പേജില്‍ എഴുതാന്‍ മാത്രമേ കാണുകയുള്ളോ? നീതിന്യായ വ്യവസ്ഥയുടെ സഹായത്തോടെ മുഖ്യമന്ത്രിയും അനുചരന്മാരും സോളാര്‍ കേസില്‍ നിന്ന് ഊരാന്‍ ശ്രമിക്കുകയാണ്. ബിജുവും സരിതയും ശാലുവും ചേര്‍ന്ന് തട്ടിയെടുത്ത പണം പലിശ സഹിതം ഘട്ടം ഘട്ടമായി തിരികെ കൊടുക്കാന്‍ നടപടി തയ്യാറാക്കുന്നു. ഇതിനു വേണ്ടിയാണ് സരിതയുടെ അമ്മയെ ജയിലിലേക്ക് അയച്ചത്. മോളെക്കൊണ്ട് മര്യാദയ്ക്ക് മൊഴി കൊടുപ്പിച്ചാല്‍ കുഴപ്പമൊന്നും ഉണ്ടാവില്ല, അല്ലെങ്കില്‍ അമ്മയും ജയിലില്‍ കിടക്കുമെന്ന് ഭീഷണി മുഴക്കി. ഇത്തരം കാര്യങ്ങളൊക്കെ ചെയ്യാന്‍ നല്ല സാമര്‍ഥ്യമുള്ളവരാണ് കോണ്‍ഗ്രസുകാര്‍. അതിന് ദേശീയ തലത്തില്‍ തന്നെ അവര്‍ പാരമ്പര്യമുണ്ട്. ശുഭവാര്‍ത്ത നാളെ കേള്‍ക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വന്ന വാര്‍ത്ത സരിതയുടെ മൊഴിയാണ് ഇത് നേരത്തേ മനസിലാക്കിയാണ് മുഖ്യമന്ത്രി ശുഭവാര്‍ത്തയുടെ കാര്യം സൂചിപ്പിച്ച് വളരെ നാള്‍ കൂടി ഒന്നു ചിരിച്ചത്. മന്ത്രിസഭാ പുനഃസംഘടനയില്‍ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കാനിടയില്ല. ഉമ്മന്‍ചാണ്ടിയുടെ തട്ടിപ്പ് പുറത്തുവരുമെന്ന ബോധ്യം ഉള്ളതുകൊണ്ടാണ് ആഭ്യന്തരം നല്‍കാത്തത്. അഥവാ നല്‍കിയാലും സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും അനുചരന്മാര്‍ക്കുമെതിരെ അന്വേഷണം നടത്തില്ലെന്ന് ഹൈക്കമാന്‍ഡിനു മുന്നില്‍ ചെന്നിത്തലയ്ക്ക് ഉറപ്പു നല്‍കേണ്ടി വരും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായും നടത്തുന്ന അന്വേഷണം സത്യാവസ്ഥ പുറത്തു കൊണ്ടുവരില്ലെന്ന് എം എ ബേബി പറഞ്ഞു.
News Credits: Deshabhimani Daily

No comments:

Post a Comment