Saturday, January 6, 2018

ആര്‍എസ്എസ്: രാഷ്ട്രസുരക്ഷയുടെ സമര്‍പ്പിതഭാവം-ജസ്റ്റിസ് തോമസ്

കോട്ടയം: രാജ്യസുരക്ഷയുടെ സമര്‍പ്പിതഭാവം ഉള്‍ക്കൊള്ളുന്ന സംഘടന എന്ന നിലയ്ക്കാണ് താന്‍ ആര്‍എസ്എസിനെ കാണുന്നതെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്. ഇല്ലിക്കല്‍ ചിന്മയാ വിദ്യാലയത്തില്‍ ആര്‍എസ്എസ് കോട്ടയം ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മുന്‍പ് താന്‍ പങ്കെടുത്ത ആര്‍എസ്എസിന്റെ പരിപാടികളില്‍നിന്ന് ഒരു വ്യത്യാസം കാണുവാന്‍ സാധിച്ചു. നിങ്ങളുടെ വേഷം ട്രൗസറില്‍ നിന്ന് പാന്റ്‌സ് ആയി മാറി. അതൊരു മെച്ചപ്പെടലായി ഞാന്‍ വിലയിരുത്തുന്നു. നിങ്ങളും അങ്ങനെ ചിന്തിച്ചതിനാലാണല്ലോ, മോഹന്‍ ഭാഗവത് അദ്ധ്യക്ഷനായ ഈ കാലത്ത് ഈ മാറ്റം വരുത്തിയത്.
ഈ പരിപാടി ദര്‍ശിക്കുന്ന സമയത്ത് എന്റെ മനസ്സിന് ഏറ്റവും കുളിര്‍മ്മ തോന്നിയ കാര്യം; ഇതിന്റെ ശിക്ഷണം, ചിട്ട ഇവയെല്ലാം പുതിയ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്ന കാലഘട്ടത്തില്‍ യുവതലമുറയെ മനസ്സിലാക്കി കൊടുക്കേണ്ടതാണെന്നുളളതാണ്. ശിക്ഷണവും, ചിട്ടയുമാണ് ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം നാം പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടത്.
ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇത് നിഴലിച്ചു കാണുന്നുണ്ട്. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് യോഗയുടെ പ്രചാരണവും. യോഗയും മറ്റും ആര്‍എസ്എസ്സിന്റേതാണ്, അത് നമ്മള്‍ ചെയ്യേണ്ടെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് അതല്ലെന്ന് ഇന്ന് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. അത് ആരോഗ്യത്തിനുവേണ്ടിയുള്ള വ്യായാമ മുറയാണെന്ന് മനസ്സിലാക്കിയതിനാല്‍ അതിനുവേണ്ടി ഒരു അന്താരാഷ്ട്ര ദിനവും പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.
ഇന്ത്യയിലെ ജനങ്ങള്‍ സുരക്ഷിതരായി ഇരിക്കുന്നത് എന്തുകൊണ്ടാണെന്ന് എന്നോട് ചോദിച്ചാല്‍, എനിക്ക് മനസ്സിലായതില്‍ നിന്ന് പറയുന്നത് 4 കാരണങ്ങള്‍ കൊണ്ടാണ്. 1. ഇന്ത്യയുടെ ഭരണഘടന 2. ഇന്ത്യയില്‍ ജനാധിപത്യം ഉള്ളതുകൊണ്ട് 3. വിവിധ സൈന്യങ്ങള്‍ ഉള്ളതുകൊണ്ട് 4. ആര്‍എസ്എസ് ഉള്ളതുകൊണ്ട്. ഇത് പറയാനുള്ള കാരണം അടിയന്തരാവസ്ഥക്കാലത്തെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം കണ്ടതുകൊണ്ടാണ്.
അടിയന്തരാവസ്ഥയക്കെതിരെ സുശക്തമായ സമരങ്ങള്‍ ആര്‍എസ്എസ് സംഘടിപ്പിച്ചു. ഇത് ഇന്റലിജന്‍സ് വഴി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അറിഞ്ഞു. ഇനിയും അടിയന്തരാവസ്ഥ മുന്നോട്ട് കൊണ്ടുപോയാല്‍ തനിക്ക് വിനയാകുമെന്ന് ഇന്ദിരയ്ക്ക് കൃത്യമായി ബോധ്യപ്പെടുകയും അടിയന്തരാവസ്ഥ പിന്‍വലിക്കുകയും ചെയ്തു.
അടിയന്തരാവസ്ഥയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചതിന് ഏതെങ്കിലും സംഘടനയ്ക്ക് പ്രശസ്തികൊടുക്കുവാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ അത് ആര്‍എസ്എസ് ആണെന്ന് പറയും. ആര്‍എസ്എസിന്റെ കൃത്യമായ പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ് അടിയന്തരാവസ്ഥയില്‍ നിന്ന് നമുക്ക് മോചനം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
News Credits ,Janmabhumidaily
More media reports from national dailies visit the below links
'After Army, RSS keeps Indians safe', says former SC judge

After Constitution, Army, RSS keeps Indians safe: Former Supreme Court judge

രണ്ടര പതിറ്റാണ്ടിനു ശേഷം മുഖ്യപ്രതി അറസ്റ്റില്‍

ചെന്നൈ: ചെന്നൈ ആര്‍എസ്എസ് കാര്യാലയം ബോംബു വച്ച് തകര്‍ത്ത് 11 പേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി 24 വര്‍ഷത്തിനു ശേഷം പിടിയില്‍. അല്‍ ഉമ ഭീകരന്‍ മുഷ്താഖ് അഹമ്മദ്( 56) ആണ് ചെന്നൈ നഗരത്തില്‍ നിന്ന് സിബിഐയുടെ പിടിയിലായത്.
'93 ആഗസ്ത് എട്ടിനാണ് അല്‍ ഉമ എന്ന ഭീകരസംഘടന ആര്‍ഡിഎക്‌സ് വച്ച് ചെന്നൈ ചെട്പെട്ടിലെ ആര്‍എസ്എസ് ആസ്ഥാനം തകര്‍ത്തത്. 11 സ്വയം സേവകര്‍ മരിച്ചു. ബഹുനില മന്ദിരം പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു.
സംഭവ ശേഷം ഒളിവില്‍ പോയ മുഷ്താഖിന്റെ തലയ്ക്ക് സിബിഐ പത്തു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സ്‌ഫോടക വസ്തുക്കള്‍ സംഘടിപ്പിച്ചതും മറ്റു പ്രതികള്‍ക്ക് അഭയം നല്‍കിയതും ഇയാളായിരുന്നു. കേസില്‍ 12 വര്‍ഷം നീണ്ട വിചാരണക്കു ശേഷം ടാഡാ കോടതി 2007ല്‍ പതിനൊന്നു പ്രതികളെ ശിക്ഷിച്ചിരുന്നു. മൂന്നു പേര്‍ക്ക് ജീവപര്യന്തവും മറ്റുള്ളവര്‍ക്ക് വിവിധ കാലയളവില്‍ തടവും. കേസില്‍ 18 പ്രതികളാണ് ഉണ്ടായിരുന്നത്.
അല്‍ ഉമ സ്ഥാപകന്‍ എസ്എ ബാഷയടക്കം നാലു പേരെ കൃത്യമായ തെളിവില്ലെന്നു പറഞ്ഞ് കോടതി കുറ്റവിമുക്തരാക്കി. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ പാക് ചാരന്‍ ഇമാം അലി മധുരയില്‍ വച്ച് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയും 2002 സപ്തംബറില്‍ ബെംഗളൂരുവില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു. പ്രധാന പ്രതിയും ജിഹാദ് സമിതി സ്ഥാപകനുമായ പളനി ബാബ 97 ജനുവരിയില്‍ കൊല്ലപ്പെട്ടു.

ഗീത ചൊല്ലിയ മുസ്ലിം പെണ്‍കുട്ടിക്ക് എതിരെ ഫത്വ

ന്യൂദല്‍ഹി: സ്‌കൂളിലെ പരിപാടിയില്‍ കൃഷ്ണ വേഷം കെട്ടി ഭഗവത്ഗീത ചൊല്ലിയ മുസ്ലിം പെണ്‍കുട്ടിക്കെതിരെ മൗലവിയുടെ ഫത്വ. അലിയാ ഖാന്(15) എതിരെ യുപി ദേവബന്ദിലെ ദാര്‍ ഉല്‍ ഉലൂമാണ് ഭീഷണി മുഴക്കിയത്. യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംഘടിപ്പിച്ച മല്‍സരത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ഒന്നാം സമ്മാനവും 25,000 രൂപയും ലഭിച്ചിരുന്നു. ചടങ്ങില്‍ ഗവര്‍ണ്ണര്‍ രാം നായിക്, മുഖ്യമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഇത് വലിയ വാര്‍ത്തയായതോടെയാണ് പെണ്‍കുട്ടിയുടെ പ്രവൃത്തി അനിസ്ലാമികമെന്നു പറഞ്ഞ് ഫത്വ പുറപ്പെടുവിച്ചത്. കൃഷ്ണ വേഷം കെട്ടി ഗീത ചൊല്ലിയതിന് എനിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ്. അതിന് എന്നെ പുറത്താക്കുമെന്നാണ് അവര്‍ പറയുന്നത്. ഇസ്ലാം അത്രയ്ക്ക് ദുര്‍ബലമൊന്നുമല്ല, അലിയ പറഞ്ഞു.

Wednesday, May 24, 2017

ഇരുള്‍ മൂടിയ കാലം - ഓ. രാജഗോപാല്‍ എംഎല്‍എ

എല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കുറ്റമെന്നു പറഞ്ഞ് രക്ഷപ്പെടാനാവില്ല. യഥാര്‍ത്ഥത്തില്‍ കേന്ദ്രത്തിന്റേത് ഉദാര സമീപനമാണ്. കോപ്പറേറ്റീവ് ഫെഡറലിസമാണ് മോദി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രി മോദിയെ കാണാന്‍ ചെന്നപ്പോള്‍, ഇത് നിങ്ങളുടെ വീടെന്നപോലെ കാണണമെന്നാണ് നിലപാടു പറഞ്ഞത്. പക്ഷേ പിണറായി സര്‍ക്കാര്‍ അതിനു തയ്യാറല്ല, സാധിക്കില്ല. കേരളത്തില്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒരു വര്‍ഷമാകുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണം തുടങ്ങിയിട്ട് മൂന്നു വര്‍ഷം തികഞ്ഞു. എല്ലാം ശരിയാക്കും എന്ന വാഗ്ദാനവുമായാണ് പിണറായി സര്‍ക്കാര്‍ വന്നത്. പക്ഷേ തൊട്ടതെല്ലാം തകരാറിലായി. ഇത് സ്വയം ഉണ്ടാക്കിയ സ്ഥിതിവിശേഷമാണ്. അനുകൂലമായിരുന്നു അന്തരീക്ഷം, 91 സീറ്റു നേടിയാണ് വിജയിച്ചത്.
ആശങ്കയില്ലാതെ ഭരിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെല്ലാം തകര്‍ത്തുകൊണ്ടാണ് പിണറായി ഭരണം. സ്വജനപക്ഷപാതം കാണിച്ചതിന്റെ പേരില്‍ മന്ത്രിക്ക് രാജിവെക്കേണ്ടിവന്നു. എല്ലാവരേയും തുല്യരായിക്കാണേണ്ട സര്‍ക്കാരിന്റെ ഭരണം സ്വന്തം പാര്‍ട്ടിക്കാര്‍ക്കു വേണ്ടിയുള്ളതായി എന്നതു പകല്‍പോലെ വ്യക്തം. മുഖ്യമന്ത്രിതന്നെ നിയമസഭയില്‍ പറഞ്ഞു, ”ഞങ്ങള്‍ക്ക് വോട്ടുചെയ്ത ആളുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കലാണ് പ്രധാന കടമ. അതില്‍നിന്ന് ഒഴിഞ്ഞുമാറില്ല,” എന്ന്. എല്ലാവരുടെയും താല്‍പര്യം സംരക്ഷിക്കേണ്ടയാളാണ് ഈ സത്യപ്രതിജ്ഞാ ലംഘനം പ്രസ്താവിച്ചത്. അതായത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനം.
സ്റ്റാറ്റിയൂട്ടറി റേഷനിംഗ് സംവിധാനം ഇവിടെ ഏറെക്കാലമായി നിലനില്‍ക്കുന്നു. അത് ഇപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നു. ആരാണുത്തരവാദി? 2013-ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമമുണ്ട്, റേഷന്‍ അര്‍ഹപ്പെട്ടവര്‍ക്ക് ആവശ്യത്തിനുറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ നിയമം. ഈ നിയമം രാജ്യമെമ്പാടും നടപ്പാകുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. ഇപ്പോള്‍ ഭരിക്കുന്ന പിണറായി സര്‍ക്കാറും മുന്‍കാലത്തെ യുഡിഎഫിന്റെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും ഈ നിയമം സംസ്ഥാനത്ത് നടപ്പാക്കിയില്ല. എന്നിട്ട്, കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ കുറ്റം പറയുകയാണ്. മോദിക്കെതരേ പ്രചാരണം നടത്തുകയാണ്. റേഷന്‍ കടകളില്‍ വിതരണത്തിന് അരിയും ധാന്യവുമില്ല. സംസ്ഥാനത്തു പോയിട്ട് ഒരു ജില്ലയില്‍ പോലും കേരളത്തില്‍ റേഷന്‍ വിതരണം നടപ്പാക്കാനായിട്ടില്ല. റേഷന്‍ കാര്‍ഡ് അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കിയിട്ടില്ല. അര്‍ഹരുടെ കൃത്യമായ പട്ടിക തയ്യാറാക്കാനായിട്ടില്ല.
കേരളത്തിന് യഥാര്‍ത്ഥ കണക്കു പ്രകാരം 12 ലക്ഷം ടണ്‍ അരിയാണ് വിതരണത്തിനു വേണ്ടത്. 14 ലക്ഷം ടണ്‍ അരി കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്നു. റേഷനരി കടകളില്‍ എത്താതെ എഫ്‌സിഐ ഗോഡൗണുകളില്‍ നിന്ന് കരിഞ്ചന്തയിലേക്ക് പോകുന്നു. ഒരു മന്ത്രിക്ക് അധികാരമേറ്റ് 41 ാം ദിവസം രാജിവെക്കേണ്ടിവന്നു. 200 ദിവസമായപ്പോള്‍ ഒരാള്‍കൂടി രാജിവെച്ചു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയതാണ് കാരണം. മൂന്നാമതൊരാള്‍ ക്രിമിനല്‍ നടപടി ചട്ട പ്രകാരം രാജിവെക്കേണ്ടതായിരുന്നു. ചെയ്തില്ല. രണ്ടു മന്ത്രിമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നു. ഏറ്റവും കുറച്ചുകാലംകൊണ്ട് ദുഷ്‌കര്‍മ്മങ്ങളുടെ പേരില്‍ ഇത്രമാത്രം ഗുരുതരമായ ആരോപണങ്ങള്‍ നേരിടേണ്ടിവന്ന അവസ്ഥ ഒരു സര്‍ക്കാരിനും മുമ്പുണ്ടായിട്ടില്ല.
പോലീസും സാധാരണക്കാരും തമ്മിലുള്ള തര്‍ക്കവും പ്രശ്‌നങ്ങളും ഒരു വഴിക്ക്. പോലീസ് തലപ്പത്തെ തമ്മിലടി മറ്റൊരു ഗൗരവ വിഷയം. പോലീസ് ആസ്ഥാനത്ത് പോലീസ് തലവനും എഡിജിപിയും തമ്മില്‍ തല്ല്. പോലീസില്‍ ഗ്രൂപ്പിസം. പോലീസ് വകുപ്പു ഭരിക്കുന്നത് മുഖ്യമന്ത്രിയാണ്. സിപിഎമ്മിന് പ്രിയപ്പെട്ടയാളായ, ജനങ്ങള്‍ക്ക് വിയോജിപ്പുള്ള വിവാദനായകനായ മുന്‍ ഡിജിപിയെ പോലീസിനെ ഉപദേശിക്കാന്‍ നിയോഗിച്ചിരിക്കുന്നു. ക്രമസമാധാനം ഒരു സംസ്ഥാനത്തിന്റെയും ഭരണത്തിന്റെയും ഭരണത്തലവന്റെയും വിജയ പരാജയങ്ങളുടെ അളവുകോലാണ്. കേരളത്തില്‍ ക്രമസമാധാനം പരിതാപകരമായ സ്ഥിതിയിലാണ്. അതെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. സംസ്ഥാനത്ത് മുന്നൂറിലേറെ കൊലപാതകം.
കണ്ണൂര്‍ ജില്ലയില്‍ 14 ബിജെപി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നാലു കൊലപാതകം മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു. അവര്‍ക്ക് വീടുകളില്‍ പോലും സുരക്ഷ ഇല്ലെന്നുവന്നു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് നൂറുകണക്കിന് ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയാത്തതിന്റെ പേരില്‍ സ്പീക്കറുടെ ശാസന കേള്‍ക്കേണ്ടിവന്നു.
പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരേ ആക്രമണം ഏറ്റവും കൂടി. അവര്‍ സിപിഎം വഞ്ചനകള്‍ തിരിച്ചറിഞ്ഞ് ആര്‍എസ്എസ്-ബിജെപി പ്രസ്ഥാനങ്ങളിലേക്കു വരുന്നതാണ് കാരണം.
വിദ്യാഭ്യാസരംഗമാണ് മറ്റൊന്ന്. പൂര്‍ണ്ണമായും കുത്തഴിഞ്ഞ്, പരാജയപ്പെട്ടു നില്‍ക്കുകയാണ് ആ വകുപ്പും മന്ത്രിയും. പത്താം ക്ലാസിലെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവം മാത്രം മതി ആ വകുപ്പിന് പൂജ്യം മാര്‍ക്ക്, അല്ല നെഗറ്റീവ് മാര്‍ക്ക് കൊടുക്കാന്‍. എല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കുറ്റമെന്നു പറഞ്ഞ് രക്ഷപ്പെടാനാവില്ല. യഥാര്‍ത്ഥത്തില്‍ കേന്ദ്രത്തിന്റേത് ഉദാര സമീപനമാണ്. കോപ്പറേറ്റീവ് ഫെഡറലിസമാണ് മോദി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രി മോദിയെ കാണാന്‍ ചെന്നപ്പോള്‍, ഇത് നിങ്ങളുടെ വീടെന്നപോലെ കാണണമെന്നാണ് പറഞ്ഞത്. പക്ഷേ പിണറായി സര്‍ക്കാര്‍ അതിനു തയ്യാറല്ല, സാധിക്കില്ല.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ പലതും പിണറായി സര്‍ക്കാര്‍ പേരുമാറ്റി സംസ്ഥാനത്ത് അവതരിപ്പിക്കുകയാണ്. അതില്‍ കേന്ദ്രത്തിന്റെ പങ്ക് വെളിപ്പെടുത്തുന്നുമില്ല. സ്വാതന്ത്ര്യം കിട്ട 75 വഷം തികയുന്ന 2020 ആകുമ്പോള്‍ എല്ലാവര്‍ക്കും വീടെന്ന സങ്കല്‍പ്പത്തില്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി കേന്ദ്രം നടപ്പാക്കുന്നു, സംസ്ഥാനങ്ങള്‍ വഴി ധനസഹായം ചെയ്യുന്നു. അത് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയെന്ന പേരില്‍ പിണറായി സര്‍ക്കാര്‍ പേരുമാറ്റി സ്വന്തമെന്ന് വ്യാജപ്രചാരണം നടത്തുന്നു. അടല്‍ പെന്‍ഷന്‍ പദ്ധതി, എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി, വിലകുറച്ച് മരുന്നു നല്‍കുന്ന പദ്ധതി, വിദ്യാഭ്യാസ സൗജന്യ പദ്ധതി, തുടങ്ങി ഇത്തരത്തില്‍ ഒട്ടേറെ.
വര്‍ഗ്ഗീയതയ്‌ക്കെതിരേ ശബ്ദ കോലാഹലമുണ്ടാക്കി, മതേതരത്വം പ്രസംഗിക്കുന്ന പിണറായി സര്‍ക്കാരും പാര്‍ട്ടിയുമാണ് ഏറ്റവും വര്‍ഗ്ഗീയത വളര്‍ത്തുന്നത്. അനധികൃത ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ ഔദ്യോഗിക കൃത്യ നിര്‍വഹണം നടത്തിയവരെ ”കുരിശെന്തു പിഴച്ചു”വെന്ന് വാദിച്ച് പിന്തിരിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്ത് തടഞ്ഞത് വര്‍ഗ്ഗീയ പ്രീണനമാണ്. പിണറായി സര്‍ക്കാര്‍ ഹിന്ദു സംഘടനകളില്‍ മാത്രമാണ് വര്‍ഗ്ഗീയത കാണുന്നത്. എല്ലാവരേയും തുല്യരായിക്കണ്ട് നീതി ഉറപ്പാക്കുമെന്ന സത്യപ്രതിജ്ഞാ വാചകം അര്‍ത്ഥമില്ലാതാക്കുന്നതാണ് ഈ നടപടികള്‍.
ഭരണമുന്നണിയിലെ തമ്മിലടി, സിപിഎമ്മിനെതിരേയുള്ള സിപിഐ വിമര്‍ശനം, പ്രതിഷേധം, പരസ്യ വിമര്‍ശനം, സമസ്ത രംഗത്തും ഭരണ പരാജയം… പിണറായി ഭരണം ജനങ്ങള്‍ക്ക് ഭാരമായിത്തീര്‍ന്നിരിക്കുകയാണ്. ഇരുണ്ട ഒരു വര്‍ഷമാണ് പിണറായി ഭരണത്തില്‍ കടന്നു പോകുന്നത്. ഈ സാഹചര്യത്തിലാണ് മെയ് 24 ന് ഒരു കൊല്ലം പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെയിരേ 24, 25 തീയതികളില്‍ ബിജെപി സംസ്ഥാനത്ത് സമര പരിപാടികള്‍ ആവിഷ്‌കരിക്കുന്നത്.
പിണറായിയുടെ അഴിമതിയുടെയും ദുര്‍ഭരണത്തിന്റെയും ഇരുണ്ട ഒരുവര്‍ഷം വിലയിരുത്തുന്ന വേളയില്‍ത്തന്നെ, മൂന്നു വര്‍ഷമായി, പ്രകാശം പരത്തുന്ന കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തേയും വിലയിരുത്തുമ്പോഴാണ് ‘ശരിയാവുന്നത്’ എവിടെയാണ്, ശരിയാക്കുന്നത് ആരാണ് എന്ന് വ്യക്തമാകുന്നത്. മെയ് 26 ന് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന മോദി സര്‍ക്കാര്‍ ഇതിനകം ഭാരതത്തിന്റെ യശസ്സ് ലോകത്തിന്റെ നിറുകയില്‍ എത്തിച്ചു. വിദേശ ഭാരതീയര്‍ വിവിധ വേദികളില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു.
വിദ്യാഭ്യാസരംഗത്ത് കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ ഐഐടി മോദി സര്‍ക്കാര്‍ സ്ഥാപിച്ചുകഴിഞ്ഞു. റെയില്‍വേയില്‍ അസാധ്യമെന്നു പറഞ്ഞൊഴിഞ്ഞിരുന്നതു പലതും സാധ്യമാക്കുന്നു. യുപിഎ സര്‍ക്കാര്‍ പത്തുവര്‍ഷത്തെ ഭരണത്തില്‍ കേരളത്തിനനുവദിച്ചതിനേക്കാള്‍ വിഹിതമാണ് മോദി സര്‍ക്കാരിന്റെ ബജറ്റില്‍. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത നടപ്പില്ലെന്നു പറഞ്ഞൊഴിഞ്ഞതാണ് മുന്‍ സര്‍ക്കാര്‍. എന്നാല്‍ ചെലവു കുറച്ച്, പുതിയ വഴിയിലൂടെ പാതി സാര്‍ത്ഥകമാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. പക്ഷേ പദ്ധതി കേരളവും കേന്ദ്രവും തുല്യപങ്കു ചെലവാണ് വ്യവസ്ഥ. ഇക്കാര്യത്തില്‍ തുടക്കത്തില്‍ കേരളം മുടക്കേണ്ട രണ്ടുകോടി രൂപയുടെ മേലുള്ള തര്‍ക്കത്തില്‍ പദ്ധതി തടഞ്ഞു നില്‍ക്കുകയാണ്. ശബരി റെയില്‍ പാതയ്ക്ക് 215 കോടി രൂപയാണ് കേന്ദ്ര ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു കൊടുക്കാന്‍ തയ്യാറല്ല.
കള്ളപ്പണക്കാരെ പിടികൂടാന്‍ കൊണ്ടുവന്ന നോട്ടു പിന്‍വലിക്കല്‍ പരിപാടി, ജിഎസ്ടി ബില്‍, എന്നിവയെ കേരളം എതിര്‍ത്തു. ഇപ്പോള്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്തന്നെ പറയുന്നു ഗുണമാണെന്ന്. പിന്നെന്തിനാണ് ജിഎസ്ടി ബില്‍ ഇത്ര വൈകിപ്പിച്ചത്. മോദി സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പരിപാടികള്‍ ഏറെയാണ്. യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സ്‌കില്‍ ഡവലപ്മന്റ് മന്ത്രാലയംതന്നെ തുറന്നു. സ്റ്റാര്‍ട്ട്അപ് വില്ലേജുകള്‍, മുദ്രാ ബാങ്ക് സഹായം, സര്‍വര്‍ക്കും പെന്‍ഷന്‍, ആരോഗ്യ പരിരക്ഷ… ഇവയൊക്കെ മൂന്നു വര്‍ഷത്തെ ഭരണ നേട്ടങ്ങളുടെയും പദ്ധതികളുടെയും ചെറിയൊരംശം മാത്രം. മൂന്നുകൊല്ലം രാജ്യത്തിന്റെ വികസന പ്രവര്‍ത്തനത്തില്‍, നാട്ടുകാരുടെ ക്ഷേമൈശ്വര്യകാര്യങ്ങളില്‍ പ്രകാശം പരത്തിയ ദിനങ്ങളായിരുന്നു. ഇനിയും കൂടുതല്‍ കൂടുതല്‍ പ്രഭ വിതറുന്നതാകും മോദി ഭരണമെന്ന ശുഭപ്രതീക്ഷയ്ക്കുതന്നെയാണ് സാഹചര്യങ്ങള്‍.
Article credits .ജന്മഭൂമി

Sunday, March 12, 2017

125 കോടി ജനങ്ങളുടെ കരുത്തിൽ ഒരു പുതിയ ഭാരതം ജനിക്കുന്നു; പ്രധാനമന്ത്രി

ന്യൂഡൽഹി: 125 കോടി ജനങ്ങളുടെ കരുത്തിലും കഴിവിലും ഒരു പുതിയ ഭാരതം ഉദയം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന്റെ ലക്ഷണങ്ങളാണ് പുതുതായുണ്ടാകുന്ന ഭാരതീയജനതാപാർട്ടിയുടെ തിരഞ്ഞെടുപ്പു വിജയങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസനത്തിലൂന്നിയാകും രാഷ്ട്രം നിലകൊളളുക. രാഷ്ട്രത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം നടക്കുമ്പോൾ ഗാന്ധിജിയും, സർദാർ പട്ടേലും, ഡോ. അം‌ബേദ്‌കറുമെല്ലാം സ്വപ്നം കണ്ട, അവരെല്ലാം അഭിമാനിക്കുന്ന ഒരു രാജ്യമായി ഭാരതത്തെ വാർത്തെടുക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ സന്ദേശവുമായി സുരേഷ് ഗോപി വിസ്മയയുടെ വീട്ടിലെത്തി

കണ്ണൂർ: കണ്ണൂര്‍ അണ്ടലൂരില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ്‌ കുമാറിന്റെ കുടുംബത്തെ ചലച്ചിത്രതാരം സുരേഷ്‌ഗോപി എം.പി സന്ദര്‍ശിച്ചു. തന്റെ അച്ഛനെ കൊന്നതെന്തിനെന്ന് ചോദിച്ചുകൊണ്ടുളള സന്തോഷ്‌ കുമാറിന്റെ മകള്‍ വിസ്മയയുടെ സാമൂഹ്യമാദ്ധ്യമങ്ങളിലെ പോസ്റ്റ് ദേശീയ ശ്രദ്ധ നേടിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് തന്റെ സന്ദര്‍ശനമെന്ന് സുരേഷ്‌ഗോപി പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭീകരത സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെ ജനാധിപത്യ രീതിയില്‍ തന്നെ കൈകാര്യം ചെയ്യാന്‍ യുദ്ധസമാനമായ നീക്കത്തിന് ദേശീയതലത്തില്‍ ബി.ജെ.പി തുടക്കം കുറിക്കുമെന്ന് സുരേഷ്‌ഗോപി എം.പി പറഞ്ഞു. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
വൈകിട്ട് അഞ്ചുമണിയോടെയാണ് ധര്‍മ്മടം അണ്ടലൂരിലെ സന്തോഷ്‌കുമാറിന്റെ വീട്ടില്‍ സുരേഷ്‌ഗോപി എത്തിയത്. സന്തോഷിന്റെ ഭാര്യ ബേബി, മക്കളായ സാരംഗ്, വിസ്മയ എന്നിവര്‍ക്കൊപ്പം ഏറെ നേരം ചിലവഴിച്ച്, അവരെ സാന്ത്വനപ്പെടുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
News credits,Janamtv

ഗോവയിലും മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ നിലംപരിശാക്കിയ രാഷ്ട്രീയ നീക്കങ്ങളിലൂടെ ഗോവയിലും മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജിവച്ച മനോഹര്‍ പരീഖര്‍ ഗോവയില്‍ വീണ്ടും മുഖ്യമന്ത്രിയാകും. 22 എംഎല്‍എമാരുടെ പിന്തുണക്കത്തുമായി പരീഖര്‍ ഗവര്‍ണറെ കണ്ട് മന്ത്രിസഭയ്ക്കുള്ള അവകാശം ഉന്നയിച്ചു.
മണിപ്പൂരില്‍ 31 എംഎല്‍എമാരുടെ പിന്തുണക്കത്തുകള്‍ ബിജെപി ഗവര്‍ണര്‍ക്കു കൈമാറി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ബിജെപി സഖ്യം ഗവര്‍ണറോട് ആവശ്യപ്പെട്ടു. 31 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് നേതൃത്വം നല്‍കുന്നത് രാം മാധവാണ്. ഗോവയില്‍ 40, മണിപ്പൂരില്‍ 60 സീറ്റുകളാണുള്ളത്.
ഒരുപാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ത്തന്നെ ബിജെപി ആരംഭിച്ചിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശനിയാഴ്ച തന്നെ പ്രഖ്യാപിച്ചു. മണിപ്പൂരില്‍ 21 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ നാല് എംഎല്‍എമാരും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നാല് എംഎല്‍എമാരും പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. എല്‍ജെപിയുടെ ഒരു അംഗവും ഒരു സ്വതന്ത്ര അംഗവും കൂടി പിന്തുണ പരസ്യമാക്കിയതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള 31 എന്ന സംഖ്യ ബിജെപി സഖ്യത്തിന് നേടാന്‍ കഴിഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധമന്ത്രിയുമായ മനോഹര്‍ പരീഖരിനെ ഗോവയിലേക്ക് തിരികെ വിടണമെന്നും മുഖ്യമന്ത്രിയാക്കണമെന്നും ബിജെപി എംഎല്‍എമാരുടെ യോഗം ദേശീയ അധ്യക്ഷന്‍ അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വിനയ് തെണ്ടൂല്‍ക്കര്‍ അറിയിച്ചതിന് പിന്നാലെയാണ് ഗോവയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയുടെയും പരീഖറിന്റെയും നേതൃത്വത്തില്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണ അവകാശവാദം ഉന്നയിച്ചത്. മൂന്ന് അംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും മഹാരാഷ്ട്രവാദി ഗോമാന്ത്രക് പാര്‍ട്ടിയും ബിജെപിയെ പിന്തുണയ്ക്കും. എന്‍സിപിയുടെ ഒരംഗവും രണ്ട് സ്വതന്ത്രരുമാണ് പരീഖറിന് പിന്തുണ അറിയിച്ചു.
ഇരു സംസ്ഥാനങ്ങളിലും വ്യക്തമായ ഭൂരിപക്ഷമുള്ള സഖ്യം രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പിന് ശേഷം സാധിച്ചത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിജയമാണ്. ഇരു സംസ്ഥാനങ്ങളുടേയും ചുമതലയുണ്ടായിരുന്ന മലയാളികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ തിരിച്ചടിയായി ബിജെപിയുടെ നീക്കം. മണിപ്പൂരില്‍ രമേശ് ചെന്നിത്തലയ്ക്കും ഗോവയില്‍ കെ.സി. വേണുഗോപാലിനുമായിരുന്നു ചുമതല. രണ്ടിടത്തും വിജയിച്ച എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ക്കാനുള്ള സമയം പോലും ഇരു നേതാക്കള്‍ക്കും ലഭിച്ചില്ല.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വന്‍ ഭൂരിപക്ഷത്തോടെ അധികാരമുറപ്പിച്ച ബിജെപി മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പതിനേഴായി. പതിനൊന്നില്‍ ബിജെപി ഒറ്റയ്ക്കും ആറില്‍ ബിജെപി മുന്നണിയും.
News Credits,Janmabhumidaily