Tuesday, July 30, 2013

ഓഫീസിലുണ്ടാകുന്ന തെറ്റിന് ഭരിക്കുന്നവര്‍ മറുപടി പറയണം: സീറോ മലബാര്‍ സഭ

Tuesday, July 30, 2013 12:58
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ശക്തമായ നിലപാടുമായി സീറോ മലബാര്‍ സഭ. ഓഫീസിനുണ്ടാകുന്ന തെറ്റുകള്‍ക്ക് ഓഫീസ് ഭരിക്കുന്നവര്‍ മറുപടി പറയണമെന്ന് സഭ വക്താവ് ഫാ.പോള്‍ തേലക്കാട് ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. 'ദൈവത്തിന്റെ സ്വന്തം നാട്ടിലെ തട്ടിപ്പുകാര്‍' എന്ന ലേഖനത്തിലാണ് മുഖ്യമന്ത്രി രാജിവച്ച് ഒഴിയുന്നതാണ് ഉചിതമെന്ന സൂചന നല്‍കുന്നത്. ഇതിന് ഉദാഹരണമായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രാജിവച്ച സാഹചര്യവും ഫാ.തേലക്കാട്ട് ചൂണ്ടിക്കാട്ടുന്നു. മാര്‍പാപ്പയുടെ ഓഫീസ് തെറ്റു ചെയ്തുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുകയായിരുന്നുവെന്ന് ഫാ.തേലക്കാട്ട് ലേഖനത്തില്‍ പറയുന്നു.
മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെന്നുള്ളത് വിശ്വാസം മാത്രമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ ഏജന്‍സിയായി മാറി. മുഖ്യമന്ത്രി ഓഫീസിലുള്ളവരെ അമിതമായി വിശ്വസിച്ചു. വിശ്വസിച്ചവര്‍ അവിശ്വസ്തത കാട്ടിയപ്പോള്‍ വി്വൊസ വഞ്ചന കാട്ടി. മുഖ്യമന്ത്രി കള്ളന്‍മാര്‍ക്ക് കഞ്ഞിവച്ചവനായി മാറി. മുഖ്യമന്ത്രി തെറ്റു ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന സൂചനയും ഫാ.തേലക്കാട്ട് ലേഖനത്തില്‍ പറയുന്നൂ.
എന്നാല്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് താന്‍ ലേഖനത്തില്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ഫാ.പോള്‍ തേലക്കാട്ട് പ്രതികരിച്ചു. മുഖ്യമന്ത്രി തെറ്റു ചെയ്‌തോ ഇല്ലയോ എന്ന് തനിക്കറിയില്ല. തന്റെ ലേഖനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതല്ല, ധര്‍മ്മിക നിലപാടാണ് വിശദീകരിക്കുന്നത്. ക്രിസ്തീയ കാഴ്ചപ്പാടോടെയുള്ള ലേഖനമാണിത്. മുഖ്യമന്ത്രിയെയോ മാര്‍പാപ്പയെയോ ചെറുതാക്കാനോ മഹത്വീകരിക്കാനോ താന്‍ ലേഖനത്തില്‍ ഉദ്ദേശിക്കുന്നില്ല. മാര്‍പാപ്പ രാജിവച്ച് ഒഴിഞ്ഞതുവഴി അദ്ദേഹം മഹത്വീകരിക്കപ്പെട്ടു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവം അനുവദിച്ച സ്വാതന്ത്ര്യങ്ങളുണ്ട്. അതു അനുഭവിക്കുമ്പോള്‍ തിന്മയുടെ സ്വാധനീമുണ്ടാകും. അത്തരം കുരിശുകള്‍ അവര്‍ പേറേണ്ടതാണെന്നും ഫാ.തേലക്കാട് വിശദീകരിച്ചു. ഓഫീസിലുണ്ടായ വീഴ്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം തുടരുന്നതിനിടെയാണ് കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കുന്നത്. രാഷ്ട്രീയ വിഷയങ്ങളില്‍ ആദ്യമായാണ് സഭ ഇത്രയും ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നത്.
എന്നാല്‍ ഫാ.പോള്‍ തേലക്കാടിന്റെ ലേഖനം സഭയുടെ ഔദ്യോഗിക നിലപാടല്ലെന്ന് കൂരിയ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ വ്യക്തമാക്കി.
News Credits:mangalam online newspaper

No comments:

Post a Comment