Thursday, April 23, 2015

മന്ത്രിമാരെ പിടിച്ചുലച്ച്‌ മൊഴികള്‍ : സരിതയുടെ മൊഴി അട്ടിമറിച്ചു

കൊച്ചി: എറണാകുളം സി.ജെ.എം. കോടതിയില്‍ സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്‌. നായര്‍ നല്‍കിയ രഹസ്യമൊഴി മജിസ്‌ട്രേറ്റ്‌ എന്‍.വി. രാജുവും നിയമസെക്രട്ടറിയും അഡ്വക്കേറ്റ്‌ ജനറലും ചേര്‍ന്ന്‌ അട്ടിമറിച്ചെന്ന്‌ പി.സി. ജോര്‍ജ്‌ എം.എല്‍.എ. സോളാര്‍ അന്വേഷണ കമ്മിഷനു മൊഴിനല്‍കി. ജോസ്‌ കെ. മാണി എം.പിയുടെയും എറണാകുളത്തെ യുവ എം.എല്‍.എയുടെയും പേരു സരിത പറഞ്ഞതോടെയാണ്‌ മജിസ്‌ട്രേറ്റ്‌ മൊഴി രേഖപ്പെടുത്തുന്നത്‌ അവസാനിപ്പിച്ചത്‌. മൊഴിയുടെ പ്രത്യാഘാതം മനസിലാക്കിയ മജിസ്‌ട്രേറ്റ്‌ ജുഡീഷ്യല്‍ അക്കാദമിയില്‍ തന്റെ തലവനായിരുന്ന ഇപ്പോഴത്തെ നിയമ സെക്രട്ടറിയെ വിവരം അറിയിക്കുകയായിരുന്നു. നിയമസെക്രട്ടറി അഡ്വ. ജനറലുമായി ബന്ധപ്പെട്ടു മൊഴി അട്ടിമറിച്ചു.
നിയമസെക്രട്ടറി അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണിയുടെ ജൂനിയറായിരുന്നുവെന്നും മജിസ്‌ട്രേറ്റ്‌ എന്‍.വി. രാജുവും അഡ്വക്കറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണിയും തമ്മില്‍ ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തിയെന്നും ജോര്‍ജ്‌ മൊഴി നല്‍കി. വി.ജി. ഹരീന്ദ്രനാഥാണ്‌ നിയമസെക്രട്ടറിയെന്നും മൊഴി അട്ടിമറിച്ചതിന്റെ പ്രതിഫലമായിട്ടാണു നിയമനമെന്നും പി.സി. ജോര്‍ജ്‌ പിന്നീട്‌ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കാബിനറ്റ്‌ നോട്ട്‌ പോലും ഇല്ലാതെ ഔട്ട്‌ ഓഫ്‌ അജന്‍ഡയായിട്ടായിരുന്നു നിയമസെക്രട്ടറിയുടെ നിയമനമെന്നും ജോര്‍ജ്‌ ആരോപിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്‌, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ. ബാബു, ആര്യാടന്‍ മുഹമ്മദ്‌, ആന്റോ ആന്റണി എം.പി., ജോസ്‌ കെ. മാണി എം.പി. എന്നിവര്‍ക്കെതിരേയും ജോര്‍ജ്‌ കമ്മിഷനു മുന്നില്‍ മൊഴി നല്‍കി. സരിത ഡല്‍ഹിയില്‍ ചെന്നാല്‍ ജോസ്‌ കെ. മാണിയുടെ ഫ്‌ളാറ്റിലാണു താമസിക്കാറുള്ളതെന്ന്‌ ആന്റോ ആന്റണി പറഞ്ഞിട്ടുള്ളതായി ഈരാറ്റുപേട്ടയിലെ ബിസിനസുകാരന്‍ സജി ഏബ്രഹാം തന്നോടു പറഞ്ഞിട്ടുണ്ട്‌. സജിയും ആന്റോ ആന്റണിയുടെ അനുജന്‍ ചാള്‍സും കസിന്‍ ജിജോയും ചേര്‍ന്നു കേരളത്തില്‍ സോളര്‍ പാനല്‍ ബിസിനസ്‌ നടത്താന്‍ പദ്ധതിയിട്ടിരുന്നു. ആന്റോ ആന്റണിയുടെ താല്‍പര്യപ്രകാരമായിരുന്നു ഇത്‌. പദ്ധതിക്കായി ഇറ്റലിയില്‍നിന്ന്‌ ഒന്നേകാല്‍ കോടി രൂപയുടെ ഉപകരണങ്ങള്‍ ഇവിടെയെത്തിച്ചു. എന്നാല്‍ സരിത വിഷയം കത്തിയതോടെ പദ്ധതി ഉപേക്ഷിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി സരിതയ്‌ക്കു ബന്ധമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സി.സി.ടി.വിയുടെ പരിധിയില്‍ വരാത്ത സ്‌ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ഗൂഢാലോചന നടക്കുന്നത്‌. കെ. കരുണാകരന്‍ പാവം പയ്യന്‍ എന്നു വിശേഷിപ്പിച്ചിരുന്ന സി.എല്‍. ആന്റോ സമര്‍പ്പിച്ച 1,60,000 കോടി രൂപയുടെ പദ്ധതിയില്‍നിന്ന്‌ ഒരു ഭാഗമെടുത്താണു സോളാര്‍ പദ്ധതിക്ക്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വഴിയൊരുക്കിയത്‌. സി.എല്‍. ആന്റോ ചെയര്‍മാനായ സഹകരണ സംഘത്തിനു നടത്തിപ്പ്‌ അംഗീകാരം നല്‍കാമെന്നു പറഞ്ഞ്‌ അദ്ദേഹത്തെ മടക്കിയശേഷം ആന്റോ സമര്‍പ്പിച്ച പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, കെ.സി ജോസഫ്‌, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ. ബാബു, ആര്യാടന്‍ മുഹമ്മദ്‌, ആന്റോ ആന്റണി എം.പി എന്നിവര്‍ ചേര്‍ന്നു പരിശോധിച്ചു. ഒരു ലക്ഷം കോടിയുടെ മാലിന്യസംസ്‌കരണ പദ്ധതിയുടെ നടത്തിപ്പ്‌ ലീഗ്‌ മന്ത്രിമാര്‍ക്കു നല്‍കി. ശേഷിക്കുന്ന 60,000 കോടിയുടെ സോളാര്‍ പദ്ധതിയാണു മുഖ്യമന്ത്രിയും നാലു കോണ്‍ഗ്രസ്‌ മന്ത്രിമാരും ആന്റോ ആന്റണി എം.പിയും ചേര്‍ന്ന്‌ ഏറ്റെടുത്ത്‌ ബിസിനസായി കൊണ്ടുപോകാന്‍ തീരുമാനിച്ചത്‌.
സംസ്‌ഥാനത്ത്‌ 5612 മെഗാവാട്ട്‌ വൈദ്യുതിയുടെ കമ്മിയുള്ളതിന്റെ അടിസ്‌ഥാനത്തിലാണ്‌ വിജയമുറപ്പിച്ച്‌ മന്ത്രിമാര്‍തന്നെ പദ്ധതി നടത്തിപ്പുമായി രംഗത്തിറങ്ങിയത്‌. സി.എല്‍. ആന്റോയ്‌ക്ക്‌ മുഖ്യമന്ത്രിയില്‍നിന്ന്‌ ആദ്യം സഹകരണവാഗ്‌ദാനം ലഭിച്ചു. സാമ്പത്തികനേട്ടമുള്ള കാര്യമാണെന്നു മനസിലാക്കി ആന്റോയെ ഒഴിവാക്കുകയും മുഖ്യമന്ത്രിയും മന്ത്രിമാരും പിന്നണിയില്‍ നിന്നുകൊണ്ട്‌ സരിതയെ രംഗത്തിറക്കുകയുമായിരുന്നു. മാലിന്യ നിര്‍മാര്‍ജന പദ്ധതി ലീഗിനാണു വിട്ടുകൊടുത്തത്‌. ഇത്‌ പി.കെ. കുഞ്ഞാലിക്കുട്ടി ഹൈജാക്ക്‌ ചെയ്‌തു. തന്നെ വഞ്ചിച്ചതിനെക്കുറിച്ച്‌ ആന്റോ വേദനയോടെ മുഖ്യമന്ത്രിക്കും തിരുവഞ്ചൂരിനും കത്തെഴുതി. ഈ കത്തുകളും സി.എല്‍. ആന്റോയുടെ പ്ര?ജക്‌ട്‌ റിപ്പോര്‍ട്ടും പി.സി. ജോര്‍ജ്‌ കമ്മിഷനു മുമ്പില്‍ ഹാജരാക്കി. അനര്‍ട്ട്‌ വഴി ടെന്‍ഡര്‍ വിളിച്ചപ്പോള്‍ പദ്ധതി നടത്തിപ്പിന്‌ ഏറ്റവും കുറഞ്ഞ തുക നിരക്കുവിലയായി പറഞ്ഞത്‌ ചെന്നൈയിലെ വി.ഡി. സ്വാമി കമ്പനിയാണ്‌. എന്നാല്‍, കുറഞ്ഞ തുകയ്‌ക്കു പദ്ധതി അനുവദിച്ചാല്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന സഹായധനത്തില്‍ കുറവു വരുമെന്നതിനാല്‍, കൂടുതല്‍ തുക തട്ടിയെടുക്കാനായി സ്വാമിയുടെ കമ്പനിയെ ഒഴിവാക്കി. ഏറ്റവും കുറഞ്ഞ തുകയുടെ 30 ശതമാനമാണ്‌ കേന്ദ്രം സഹായധനമായി നല്‍കുക. എം.എന്‍.ആര്‍.ഐ. രജിസ്‌ട്രേഷന്‍ ഉണ്ടെങ്കിലേ ടെന്‍ഡറില്‍ പങ്കെടുക്കാനാകൂ എന്നതിനാല്‍ തന്റെ സ്‌ഥാപനത്തിനു രജിസ്‌ട്രേഷന്‍ ലഭ്യമാക്കാനായി ആന്റോ ആന്റണിയെയും ജോസ്‌ കെ. മാണിയെയും സരിത ഉപയോഗപ്പെടുത്തി. എന്നാല്‍, രജിസ്‌ട്രേഷന്‍ ലഭിച്ചില്ല. കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളുടെയും സഹായം സരിതയ്‌ക്ക്‌ ഉണ്ടായിരുന്നു. ഈ പ്രയാണത്തിലാണു സരിതയ്‌ക്ക്‌ തന്റെ സ്‌ത്രീത്വം വില്‍ക്കേണ്ടിവന്നതെന്നും പി.സി. ജോര്‍ജ്‌ പറഞ്ഞു.
ആരൊക്കെ ബലാല്‍ക്കാരം ചെയ്‌തെന്നു സരിതയുടെ കത്തില്‍ പേരെടുത്തു പറയുന്നുണ്ട്‌. ജാമ്യത്തിലിറങ്ങിയശേഷം സരിത തന്നെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. ആളറിയാതിരിക്കാന്‍ പര്‍ദ ധരിച്ചാണു വന്നത്‌. അന്ന്‌ ഈ കത്ത്‌ വായിച്ച ശേഷം തിരികെ കൊടുത്തു. ഈ കത്ത്‌ ആര്‍. ബാലകൃഷ്‌ണപിള്ളയുടെ കൈയില്‍ ഉണ്ടായിരുന്നതായി തനിക്ക്‌ അറിയാം. സരിതയെ ജോസ്‌ കെ. മാണി ലൈംഗികമായി ഉപയോഗിച്ചെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യം താന്‍ കെ.എം. മാണിയോട്‌ പറഞ്ഞു. കാശ്‌ കൊടുത്ത്‌ ഒതുക്കിക്കോട്ടെ എന്നോര്‍ത്തു പറഞ്ഞതാണ്‌. എന്നാല്‍, മാണിക്കു തന്നോടു വിരോധമായി. സരിതയുടെ ഡ്രൈവര്‍ നേരത്തേ ശരണ്യ ബസിന്റെ ്രെഡെവറായിരുന്നു. ഇയാള്‍ തന്നെ വന്നുകണ്ട്‌ എല്ലാക്കാര്യങ്ങളും പറഞ്ഞിട്ടുണ്ട്‌. സരിത സ്‌ഥിരമായി പോകാറുള്ള മന്ത്രിമാരുടെ വീടുകളെക്കുറിച്ചും പറഞ്ഞു. തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ നിര്‍ണായക സമയത്താണു കത്ത്‌ ഒരു ചാനലിലൂടെ പുറത്തുവന്നത്‌. കത്തിലെ ഉള്ളടക്കം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്കു താന്‍ കത്തു നല്‍കിയിട്ടുണ്ട്‌. കത്തു പുറത്തുവിട്ടതു ഞാനാണോ എന്ന്‌ ആ ദിവസം മുഖ്യമന്ത്രി ഫോണില്‍ ചോദിച്ചിരുന്നു. ജോര്‍ജല്ല എന്നു തനിക്കു മസിലായെന്നു പിന്നീടു മുഖ്യമന്ത്രി വിളിച്ചു പറഞ്ഞു. ഈ കത്ത്‌ പുറത്തുവിട്ടത്‌ ആരെന്നും അന്വേഷിക്കണം. സരിതയുടെ കത്തിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളുടെ പേരില്‍ നിരപരാധികളായ പല രാഷ്‌്രടീയതോക്കളും കുടുംബത്തില്‍ ചോദ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ സരിതയുടെ കത്ത്‌ കമ്മിഷന്‍ പിടിച്ചെടുക്കണമെന്നു ജോര്‍ജ്‌ ആവശ്യപ്പെട്ടു. ഇനിയും തന്റെ കൈയില്‍ തെളിവുകളുണ്ട്‌. തന്നെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും രേഖകളെല്ലാം സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നും ജോര്‍ജ്‌ ആവശ്യപ്പെട്ടു. ജോര്‍ജിന്റെ മുഖ്യവിസ്‌താരം മാത്രമാണ്‌ പൂര്‍ത്തിയായത്‌. ഈരാറ്റുപേട്ടയിലെ പരിപാടിയില്‍ പങ്കെടുക്കാനുള്ളതിനാല്‍ നേരത്തേ പോകണമെന്ന ജോര്‍ജിന്റെ അപേക്ഷ അനുവദിച്ചു. മറ്റൊരു ദിവസം സാക്ഷിവിസ്‌താരം പൂര്‍ത്തീകരിക്കും.
News Credits,Mangalam Daily,23rd April 2015

മന്ത്രിമാരെ പിടിച്ചുലച്ച്‌ മൊഴികള്‍

തിരുവനന്തപുരം: ബാര്‍ വിഷയവുമായി ബന്ധപ്പെട്ട്‌ ധനമന്ത്രി കെ.എം. മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടതില്‍ ഒരു കോടി നല്‍കിയെന്നും ലൈസന്‍സ്‌ ഫീസ്‌ കുത്തനെ ഉയര്‍ത്താതിരിക്കാന്‍ എക്‌സൈസ്‌ മന്ത്രി കെ. ബാബുവിന്‌ 10 കോടി രൂപ നല്‍കിയെന്നും ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാറിനും പണം നല്‍കിയെന്നും ബാറുടമാ അസോസിയേഷന്‍ വര്‍ക്കിങ്‌ പ്രസിഡന്റ്‌ ബിജു രമേശ്‌ കോടതിക്കു നല്‍കിയ രഹസ്യമൊഴി പുറത്ത്‌.
കഴിഞ്ഞ മാര്‍ച്ച്‌ 30ന്‌ ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലാണ്‌ മൂന്നു മന്ത്രിമാര്‍ പണം വാങ്ങിയെന്ന്‌ ബിജു വെളളിപ്പെടുത്തിയത്‌.
ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കെ. വിഷ്‌ണുവാണ്‌ വിജിലന്‍സിന്റെ ആവശ്യപ്രകാരം ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തിയത്‌.
വിജിലന്‍സിന്‌ ആദ്യം നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞ്‌ കെ.എം. മാണിയെ രക്ഷിക്കാന്‍ അസോസിയേഷന്‍ ഭാരവാഹികളെ ജോസ്‌ കെ. മാണി എം.പിയും മന്ത്രി പി.ജെ. ജോസഫും നിര്‍ബന്ധിച്ചെന്നു വ്യക്‌തമാക്കുന്ന സി.ഡിയും മൊഴിയോടൊപ്പം ബിജു കോടതിയില്‍ നല്‍കി.
എറണാകുളത്ത്‌ ചേര്‍ന്ന ബാറുടമകളുടെ യോഗത്തില്‍ മാണിയെ ബാര്‍ കോഴക്കേസില്‍ നിന്നു രക്ഷിച്ചാല്‍ കോടതിയില്‍ ബാറുടമകള്‍ക്ക്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കാമെന്ന്‌ എക്‌സൈസ്‌ മന്ത്രി കെ. ബാബു ഉറപ്പു നല്‍കിയതായും ബിജുവിന്റെ മൊഴിയില്‍ പറയുന്നു.
പൂട്ടിയ 418 ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ പുതുക്കിനല്‍കുന്നതിനു മുമ്പ്‌ കെ.പി.സി.സിയില്‍ ചര്‍ച്ച ചെയ്യണമെന്ന്‌ വി.എം. സുധീരന്‍ ആവശ്യപ്പെട്ടതായി കെ. ബാബു ബാര്‍ ഹോട്ടല്‍ ഉടമാ അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചു. ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ കെ.എം. മാണിയെയും കുഞ്ഞാലിക്കുട്ടിയെയും കാണാന്‍ നിര്‍ദേശിച്ചു. 418 ബാറുകളുടെ ലൈസന്‍സ്‌ പുതുക്കുന്നതിന്‌ മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാക്കാമെന്ന ഉറപ്പും മുഖ്യമന്ത്രി അസോസിയേഷന്‍ ഭാരവാഹികള്‍ക്ക്‌ നല്‍കി.
പ്രസിഡന്റ്‌ ഡി. രാജ്‌കുമാര്‍, സെക്രട്ടറി എം.ഡി. ധനേഷ്‌, വൈസ്‌ പ്രസിഡന്റ്‌ കൃഷ്‌ണദാസ്‌, ഉപദേശക സമിതിയംഗം ഇടശേരി ജോസ്‌, ജോണ്‍ കല്ലാട്ട്‌ തുടങ്ങിയവരാണ്‌ മാര്‍ച്ച്‌ 22 ന്‌ ക്ലിഫ്‌ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്‌. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇവര്‍ മന്ത്രി മാണിയുടെ പാലായിലെ വസതിയിലേക്കു പോയി. പോകുമ്പോള്‍ സംസ്‌ഥാന ട്രഷറര്‍ തങ്കച്ചനോടും കോട്ടയം ജില്ലാ സെക്രട്ടറി സാജു ഡൊമിനിക്കിനോടും കുറച്ച്‌ പണം സംഘടിപ്പിച്ച്‌ എത്താന്‍ ഉണ്ണി നിര്‍ദേശിച്ചു. ഇതനുസരിച്ച്‌ അവര്‍ 15 ലക്ഷം രൂപ എത്തിച്ചു. ഈ തുക കൈമാറിയപ്പോള്‍ കെ.എം. മാണി അഞ്ചു കോടി ആവശ്യപ്പെട്ടതായി ഭാരവാഹികള്‍ പറഞ്ഞറിയാമെന്നും ബിജുവിന്റെ മൊഴിയില്‍ പറയുന്നു.തുടര്‍ന്ന്‌ മാര്‍ച്ച്‌ 26-ലെ മന്ത്രിസഭായോഗത്തില്‍ 418 ബാറുകളുടെ ലൈസന്‍സ്‌ പുതുക്കുന്ന ഫയല്‍ പഠിക്കാന്‍ കെ.എം. മാണി കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഈ വിവരം കെ. ബാബു ഭാരവാഹികളെ അറിയിച്ചു. വീണ്ടും എറണാകുളം, തൃശൂര്‍ ഭാഗത്തു നിന്ന്‌ 50 ലക്ഷം പിരിച്ചുനല്‍കി. ബാക്കി ഉടന്‍ എത്തിക്കണമെന്ന്‌ മാണി പറഞ്ഞപ്പോള്‍ കൂടുതല്‍ സമയം വേണമെന്ന്‌ ഭാരവാഹികളും ആവശ്യപ്പെട്ടു. ഏപ്രില്‍ 20-ലെ മന്ത്രിസഭായോഗത്തിനു മുമ്പ്‌ പണം നല്‍കണമെന്നാണ്‌ മാണി ആവശ്യപ്പെട്ടത്‌. തിരുവനന്തപുരത്ത്‌ തന്റെ ഹോട്ടലില്‍ താമസിച്ച രാജ്‌കുമാര്‍ (ഉണ്ണി), തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുനില്‍, യമഹ സുരേന്ദ്രന്‍, ഇന്ദ്രപാലന്‍ എന്നിവരെ ബന്ധപ്പെട്ട്‌ 25 ലക്ഷം രൂപ സംഘടിപ്പിച്ചു. താന്‍ 10 ലക്ഷം രൂപ നല്‍കിയതും ചേര്‍ത്ത്‌ 35 ലക്ഷവുമായി മാണിയെ കാണാന്‍ പോയി. രാജ്‌കുമാറിനെ മാണിയുടെ ഔദ്യോഗിക വസതിയില്‍ എത്തിച്ചത്‌ തന്റെ ഡ്രൈവറായ വിജയകുമാറെന്ന അമ്പിളിയാണെന്നും ബിജു മൊഴി നല്‍കി. നിലവാരമുള്ള ബാറുകള്‍ക്കു ലൈസന്‍സ്‌ നല്‍കാന്‍ തുടര്‍ന്നു നടന്ന മന്ത്രിസഭാ യോഗത്തില്‍ മാണി ശക്‌തമായി ആവശ്യപ്പെട്ടു. എന്നാല്‍ സുധീരന്‍ പഴയ നിലപാടില്‍ ഉറച്ചുനിന്നു.
കെ.എം. മാണിക്കു പണം നല്‍കിയതും അദ്ദേഹം ബാക്കി നാലു കോടി രൂപ ആവശ്യപ്പെട്ടതും കൃഷ്‌ണദാസ്‌ വഴി കെ. ബാബുവിനെ അറിയിച്ചു. ഈ വിവരം ബാബു മുഖ്യമന്ത്രിയെ അറിയിച്ചു. ബാക്കി പണം നല്‍കേണ്ടെന്നും മാണിക്ക്‌ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായി ബാബു കൃഷ്‌ണദാസിനോടു പറഞ്ഞെന്നും ബിജുവിന്റെ മൊഴിയിലുണ്ട്‌.
ബിജു രമേശിനെതിരേ അടുത്തയാഴ്‌ച കേസ്‌ ഫയല്‍ ചെയ്യും: മന്ത്രി ബാബു
തിരുവനന്തപുരം: ബാര്‍ ഉടമ ബിജു രമേശിനെ ചട്ടുകമാക്കി സി.പി.എം. നടത്തുന്ന രാഷ്‌ട്രീയഗൂഢാലോചനയുടെ ഭാഗമാണു തനിക്കെതിരായ ആരോപണങ്ങളെന്നു മന്ത്രി കെ. ബാബു. ബിജുവിനെതിരേ അടുത്തയാഴ്‌ച കേസ്‌ ഫയല്‍ ചെയ്യുമെന്നും മന്ത്രി വ്യക്‌തമാക്കി.
ഫീസ്‌ കുറച്ചതുവഴി ബാര്‍ ഉടമകള്‍ക്കുണ്ടായ 12 കോടി രൂപയുടെ ലാഭത്തില്‍ 10 കോടി തനിക്കു നല്‍കിയെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. മന്ത്രി കെ.എം. മാണിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ ബിജു രമേശിനു കഴിഞ്ഞിട്ടില്ല. ബാറുകള്‍ പൂട്ടിയപ്പോള്‍ നഷ്‌ടമുണ്ടായ ഒരു മദ്യരാജാവിന്റെ പ്രതികരണം മാത്രമാണിത്‌. വിജിലന്‍സിനു നല്‍കിയ മൊഴിയില്‍ ബിജു തന്റെ പേരു പറഞ്ഞിട്ടില്ല. അദ്ദേഹവുമായി തനിക്കു യാതൊരു ബന്ധവുമില്ല. ബിജുവാണു നടത്തിപ്പുകാരനെന്ന്‌ അറിഞ്ഞതോടെ വെണ്‍പാലവട്ടം ക്ഷേത്രത്തിന്റെ പരിപാടിയില്‍നിന്നു പിന്മാറിയതും മന്ത്രി ചൂണ്ടിക്കാട്ടി.
News Credits -Mangalam Daily,Thursday, April 23, 2015

Wednesday, April 15, 2015

ഒരു കണിക്കൊന്ന മരത്തിന്റെ അദ്ഭുതകഥ - സുഗതകുമാരി

ആ മെലിഞ്ഞ കമ്പുകളെല്ലാം മൊട്ടിട്ടിരിക്കുന്നു!
വെട്ടിമാറ്റപ്പെട്ട ആ കൊന്നമരത്തെ അത്രമേല്‍
എനിക്കിഷ്ടമായിരുന്നെന്ന്
അവള്‍ക്കറിയാമായിരുന്നുവല്ലേ? അല്ലെങ്കില്‍
എങ്ങനെ മണ്ണിനടിയിലൂടെ ഒളിച്ചുനീങ്ങി
എന്റെയടുത്തേക്ക് പിന്നെയും വന്നു


ഇത് കഥയല്ല, നടന്ന സംഭവമാണ്.
നിങ്ങള്‍ക്ക് വന്ന് കണ്ണാല്‍ കാണാവുന്നത്. മൂന്നുനാല് വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്ത് വഞ്ചിയൂരിലുള്ള അഭയയുടെ വനിതാകേന്ദ്രമായ അത്താണിക്കുമുമ്പിലും വികസനം വന്നു. ഓട വലുതാക്കണം, റോഡ് വീതികൂട്ടണം. ഞങ്ങളുടെ പെണ്ണുങ്ങള്‍ കുടിപാര്‍ക്കുന്ന, അദാലത്തു നടക്കുന്ന പഴയ കെട്ടിടത്തിന്റെ മുറ്റത്തില്‍ പകുതിയും അളന്നെടുക്കപ്പെട്ടു. ഗൗരീഗാത്രക്കുലകള്‍ നിറഞ്ഞുനിന്ന രണ്ട് വലിയ തെങ്ങും കായ്ച്ചുതുടങ്ങിയൊരു ചെറുമാവും പ്ലാവും പേരറിയാത്തൊരു നെടിയ കാട്ടുമരവും കരിനൊച്ചിപ്പൊന്തയും പടര്‍ന്നുനില്‍ക്കുന്ന കണിക്കൊന്ന മരവുമെല്ലാം സര്‍ക്കാര്‍ അളന്നെടുത്ത അതിരിനുള്ളിലായി. ഒട്ടനവധി ചര്‍ച്ചകളും ആലോചനകളുമെല്ലാം നടന്നുവെങ്കിലും ഒടുവില്‍ എല്ലാം വിട്ടുകൊടുക്കേണ്ടിവന്നു. ചെറിയ മാവ് ഇളക്കിനടാമെന്നും കണിക്കൊന്നമരം തീര്‍ച്ചയായും വെട്ടാതെ പുതിയ റോഡിനരികില്‍ നിര്‍ത്തിക്കൊള്ളാമെന്നും ഒരിക്കലല്ല, പലവട്ടം അധികൃതര്‍ വാക്കുതന്നു. ഇതിനിടയില്‍ സുഗതകുമാരിക്കെതിരായ പോസ്റ്ററുകള്‍ മതിലുകളില്‍ പ്രത്യക്ഷപ്പെട്ടുവെന്നതും പ്രസ്താവ്യമാണ്. ജെ.സി.ബി. വന്നു, തൊഴിലാളികള്‍ വന്നു, ആ നിറഞ്ഞ തെങ്ങുകള്‍ മുറിച്ചുമാറ്റി. ചെറിയ മാവ് പാടുപെട്ട് പിഴുതെടുത്ത് കവടിയാര്‍ റോഡരികില്‍ മാറ്റിനട്ടു. പേരറിയാമരവും നൊച്ചിപ്പൊന്തയും ചെറിയ പ്ലാവുമെല്ലാം വെട്ടിമാറ്റപ്പെട്ടു. ആ കൊല്ലമാണ് പ്ലാവ് കന്നികായ്ച്ചതെന്നും നിറയെ ചക്കയുണ്ടായതെന്നുംകൂടി ഞാനോര്‍ക്കുന്നു. കണിക്കൊന്നമരം ഞങ്ങളുടെ മുറ്റത്തിനുപുറത്തായി. മുന്‍വശത്തെ റോഡ് വികസിച്ചു, തണല്‍ വീശിനിന്ന കൊന്നമരം, അധികൃതര്‍ തന്ന വാക്കനുസരിച്ച് റോഡരികില്‍ത്തന്നെ നില്‍ക്കുന്നത് ഞാന്‍ ആശ്വാസത്തോടെ കണ്ടു. എല്ലാവര്‍ഷവും ആ പ്രദേശം മുഴുവന്‍ പൊന്‍ മഞ്ഞപ്പൂക്കള്‍ കാറ്റത്ത് വാരിവിതറുന്ന ആ വലിയ മരമെങ്കിലും രക്ഷപ്പെട്ടല്ലോ.
പക്ഷേ, അതിനുപിന്നാലെ ഓടവെട്ടല്‍ വന്നു. ആ വഴിയരികില്‍ മാറിനിന്ന മറ്റുപല മരങ്ങളെയും കൊന്നുവീഴ്ത്തിക്കൊണ്ട് ആ ഓടപ്പണി കൊന്നച്ചുവട്ടിലേക്ക് നീങ്ങുകയാണ്. ഞാന്‍ റോഡ് ഫണ്ട് അധികൃതരെ വീണ്ടും വീണ്ടും വിളിച്ച് അവരുടെ വാഗ്ദാനം ഓര്‍മിപ്പിച്ചു. ഒരല്പം മാറ്റി ഓട കുഴിച്ചിരുന്നെങ്കില്‍ എത്രയോ മരങ്ങള്‍ നിലനിര്‍ത്താമായിരുന്നെന്ന് ഞാന്‍ വാദിച്ചു. റോഡ് ഫണ്ട് മേധാവി വീണ്ടും പറഞ്ഞു ''ഞാന്‍ ടീച്ചര്‍ക്ക് വാക്കുതന്നതാണ്, ആ കൊന്നമരം വെട്ടുകയില്ല''. ഓട അല്പം മാറ്റിക്കുഴിച്ചെങ്കിലും കൊന്നമരത്തിന്റെ വലിയ വേരുകള്‍ പകുതിയോളം വെട്ടിമാറ്റിക്കഴിഞ്ഞിരുന്നു. വീണ്ടും സംശയങ്ങള്‍, ചര്‍ച്ചകള്‍. നാട്ടുകാരും സ്ഥലം കൗണ്‍സിലറും ഉദ്യോഗസ്ഥരുമായി വീണ്ടും വീണ്ടും ചര്‍ച്ചകള്‍, ''ഇല്ല, ആ മരം വെട്ടുകയില്ല'' വാഗ്ദാനങ്ങള്‍ വീണ്ടുമുണ്ടായി. ആര്‍ക്കും ആ കൊന്ന നില്‍ക്കുന്നതില്‍ താത്പര്യമില്ല. എതിര്‍പ്പുണ്ടുതാനും. എങ്കിലും എന്റെ നിര്‍ബന്ധംമൂലം അവര്‍ സമ്മതിക്കുകയായിരുന്നു.
കൊന്നമരം വാടിത്തുടങ്ങി. ഇലകളെല്ലാം പൊഴിഞ്ഞ് തളര്‍ന്നുനില്‍ക്കുന്ന ആ മരത്തെനോക്കി ഞാന്‍ ഏറെ വ്യസനിച്ചു. വേരുകള്‍ കുറേ മുറിഞ്ഞുപോയിട്ടും അത്തവണയും ആ ക്ഷീണിതയായ കൊന്ന പൂത്തു. പൂക്കള്‍ വാരിയണിഞ്ഞ് ചമഞ്ഞ ആ മരം കാറ്റത്ത് വീണുപോകാതെ തറകെട്ടി നിര്‍ത്തിത്തരാമെന്ന് വനംവകുപ്പുകാര്‍ എന്നെ ആശ്വസിപ്പിച്ചു.
കുറച്ചുദിവസങ്ങള്‍ കഴിഞ്ഞതേയുള്ളൂ റോഡ് വികസിച്ചു, ഓടവെട്ട് നിര്‍ബാധം നടക്കുന്നു, കൊന്നമരം സുന്ദരിയായി പൂവിട്ടുനില്‍ക്കുന്നു.
പക്ഷേ, ഒരു തിങ്കളാഴ്ച രാവിലെ അത്താണിയില്‍നിന്ന് ഫോണ്‍ വന്നു, ''നമ്മുടെ കൊന്നമരം കാണാനില്ല!'' കാണാനില്ലേ? ആരുവെട്ടി? എന്തിനു വെട്ടി? ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. വെട്ടിമുറിച്ച മരക്കുറ്റിയും ചിതറിയ ഇലകളും വാടിയ പൂക്കളും ബാക്കി. റോഡ് ഫണ്ട് ബോര്‍ഡുകാര്‍ പറഞ്ഞു ''ഞങ്ങള്‍ വെട്ടിയിട്ടില്ല, ടീച്ചര്‍ക്ക് ഞങ്ങള്‍ ഉറപ്പുതന്നതല്ലേ?'' കൗണ്‍സിലര്‍ കൈമലര്‍ത്തി ''ഞാനറിഞ്ഞിട്ടില്ല''. നാട്ടുകാര്‍ പരസ്പരം നോക്കി ''ഞങ്ങളാരുമല്ല''. ചോരയൊലിക്കുന്ന ആ മരച്ചുവട് തൊട്ടുതൊഴുത് മാപ്പുപറഞ്ഞ് ഞാന്‍ കയറിപ്പോന്നു. ഇനിയൊന്നും ചെയ്തിട്ട് ഫലമില്ല. എങ്കിലും ചില പരാതികള്‍ കൊടുത്തു. ഞാന്‍ വീണ്ടും തോല്‍ക്കുന്ന യുദ്ധത്തിലെ പടയാളിയായി. ഇതേപ്പറ്റി മിണ്ടാതായി. കവടിയാര്‍ റോഡില്‍ പിഴുതുനട്ട ചെറുമാവും ആ നിലയില്‍ കരിഞ്ഞുണങ്ങി മരിച്ചു. അത്താണിമുറ്റത്ത് വെയിലും ചൂടും നിറഞ്ഞു.
അടുത്ത രണ്ടുവര്‍ഷത്തിലധികം അങ്ങനെ കടന്നുപോയി. വേനല്‍ക്കാലത്ത് മാങ്ങയില്ലാതെ, ചക്കയില്ലാതെ, ചുവന്ന തേങ്ങകളില്ലാതെ, കൊന്നപ്പൂക്കളില്ലാതെ ശൂന്യമായി. ഞങ്ങള്‍ മതിലിനുള്ളില്‍ നട്ടിരുന്ന കിളിപ്പഴം (ആശൃറ ഇവലൃൃ്യ) വളര്‍ന്നു പന്തലിച്ച് തണല്‍വീശിത്തുടങ്ങി. ഗേറ്റിനരികില്‍ ഇടതുവശത്തുള്ള പൊന്തച്ചെടികളും വേപ്പും നെടിയ ചെമ്പകമരവും ബാക്കിയുണ്ട്.
ഒരു ദിവസം പതിവുപോലെ ഞാന്‍ കയറിവന്നപ്പോള്‍ മുറ്റത്ത് കുറുകെ ഒരു നീണ്ട കമ്പില്‍ ഒരു കൊന്നപ്പൂങ്കുല തൂങ്ങിക്കിടക്കുന്നു, ഞാന്‍ ശ്രദ്ധിക്കാതെ അകത്തുകയറിപ്പോയി. കുട്ടികളാരോ കൊണ്ടുവന്ന് കെട്ടിത്തൂക്കിയതാണ്.
ഇത്തിരി ശുണ്ഠിയോടെ ഞാന്‍ ചോദിച്ചു: ''ആരാണീ പൂക്കള്‍ ഇവിടെ കൊണ്ടുവന്ന് കെട്ടിത്തൂക്കിയത്? വാടിപ്പോവില്ലേ? ഒരു പൂപ്പാത്രത്തില്‍ വെള്ളമൊഴിച്ച് വെക്കരുതോ?'' എന്ന ചോദ്യത്തിന് ചിരികിലുങ്ങുന്ന മറുപടികിട്ടി: ''ടീച്ചറമ്മാ, അത് കെട്ടിത്തൂക്കിയതല്ല, ആ കൊമ്പില്‍ പൂത്തതാണ്‍'' അമ്പരപ്പോടെ ഞാന്‍ ഇറങ്ങിച്ചെന്ന് നോക്കിയപ്പോള്‍ അതാ പൊന്തയ്ക്കിടയില്‍ ഉയര്‍ന്നുവന്നിരിക്കുന്നു മെലിഞ്ഞ രണ്ടുമൂന്ന് കമ്പുകള്‍. ഒരു കണിക്കൊന്ന! ഞാന്‍ നട്ടതല്ല. ആരും നട്ടതല്ല! ആ കൊല്ലപ്പെട്ട കൊന്നമരം ഭൂമിക്കടിയിലൂടെ വേരുകള്‍ നീട്ടി ഞങ്ങള്‍ക്കരികില്‍വന്ന് ഉയിര്‍ത്തെണീറ്റതാണ്‍ തൈ വെച്ചതാണെങ്കില്‍ ഇത്ര പെട്ടെന്ന് പൂക്കുകയില്ലല്ലോ. അടിവേരില്‍നിന്ന് പൊട്ടിമുളച്ചതാണ്. ഞാന്‍ നിറഞ്ഞ കണ്ണുകളോടെ കണ്ടുനിന്നു. ആ മെലിഞ്ഞ കമ്പുകളെല്ലാം മൊട്ടിട്ടിരിക്കുന്നു! വെട്ടിമാറ്റപ്പെട്ട ആ കൊന്നമരത്തെ അത്രമേല്‍ എനിക്കിഷ്ടമായിരുന്നെന്ന് അവള്‍ക്കറിയാമായിരുന്നുവല്ലേ? അല്ലെങ്കില്‍ എങ്ങനെ മണ്ണിനടിയിലൂടെ ഒളിച്ചുനീങ്ങി എന്റെയടുത്തേക്ക് പിന്നെയും വന്നു? സ്‌നേഹസാന്ത്വനമായി പിന്നെയും വന്ന് ചിരിച്ച് പൊന്‍വിളങ്ങിനിന്നു?
Article Credits,Mathrubhumi daily

Thursday, April 9, 2015

ജനജീവിതം ദുസഹം,ഭരണം നിലച്ചു

തിരുവനന്തപുരം: ഭരണനേതൃത്വവും പ്രതിപക്ഷവും ഉദ്യോഗസ്‌ഥരും അഴിമതിക്കഥകളുടെയും വിവാദങ്ങളുടെയും പിന്നാലെയായതോടെ സംസ്‌ഥാനത്ത്‌ ഭരണം നിശ്‌ചലം. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പാര്‍ട്ടികളില്‍ ആഭ്യന്തര കലഹവും രൂക്ഷം. വിവാദങ്ങളുടെ മറപിടിച്ച്‌ അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധങ്ങളുടെ വില കുതിച്ചതോടെ ജനജീവിതം ദുസ്സഹം.
ഉപ്പു തൊട്ട്‌ കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല, സേവനങ്ങള്‍ക്ക്‌ വന്‍തോതില്‍ ഫീസ്‌ ഉയര്‍ത്തി സര്‍ക്കാരും ജനങ്ങളുടെ പോക്കറ്റടിക്കുന്നു. പൂഴ്‌ത്തിവയ്‌പും കരിഞ്ചന്തയും തടയാന്‍ സംവിധാനം ഏര്‍പ്പെടുത്താത്തതുമൂലം റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക്‌ ഒഴുകുകയാണ്‌. ഇവ പായ്‌ക്കറ്റുകളിലാക്കി ബ്രാന്‍ഡഡ്‌ ലേബലില്‍ പൊതുവിപണിയില്‍ വിറ്റഴിക്കുന്നു. ഈ മാസം മുതല്‍ ജീവിതച്ചെലവ്‌ അഞ്ചു മുതല്‍ പത്തു ശതമാനം വരെ ഉയര്‍ന്നതോടെ സാധാരണക്കാര്‍ പെടാപ്പാടു പെടുകയാണ്‌. ജനശ്രദ്ധ തിരിക്കാനായി ഭരണ, പ്രതിപക്ഷ കക്ഷികള്‍ ബാര്‍കോഴയും സരിതോര്‍ജവുമെല്ലാം സൗകര്യപൂര്‍വം ഉപയോഗിക്കുന്നു.കോഴ, അഴിമതി, വിവാദ ചര്‍ച്ചകളുമായി നടന്ന സര്‍ക്കാരിന്‌ ചരക്കുലോറി സമരം തീര്‍ക്കാന്‍ അഞ്ചു ദിവസമാണ്‌ വേണ്ടിവന്നത്‌. സമരം ആരംഭിച്ച്‌ അഞ്ചു ദിവസം കഴിഞ്ഞ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം. മാണിയും നടത്തിയ തിരക്കിട്ട ചര്‍ച്ചയിലാകട്ടെ ലോറി ഉടമകളുടെ ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിച്ചു. ചര്‍ച്ചയ്‌ക്ക്‌ ഒരു മണിക്കൂര്‍ പോലും വേണ്ടിവന്നില്ല. ചര്‍ച്ച ദിവസങ്ങളോളം നീട്ടിക്കൊണ്ടുപോയത്‌ പൊതുവിപണിയില്‍ പൂഴ്‌ത്തിവയ്‌പ്പും കരിഞ്ചന്തയും വിലക്കയറ്റവും ഉണ്ടായതു മിച്ചം!
കെ.എസ്‌.ആര്‍.ടി.സി. ടിക്കറ്റിന്‌ സെസ്‌ ഏര്‍പ്പെടുത്തിയതോടെ പതിവു യാത്രക്കാരുടെ പോക്കറ്റ്‌ കാലിയാകുകയാണ്‌. കടബാധ്യതയില്‍ മുങ്ങിത്താഴുമ്പോഴും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി കെ.എസ്‌.ആര്‍.ടി.സിയില്‍ മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളും സ്‌ഥാനക്കയറ്റ മാമാങ്കം നടത്തുന്നു. സ്വന്തം വകുപ്പുകളില്‍ എന്തു നടക്കുന്നുവെന്നുപോലും മന്ത്രിമാര്‍ ശ്രദ്ധിക്കുന്നില്ല. നാടുനീളെ തെരുവുനായ്‌ക്കളുടെ ആക്രമണം. പട്ടി കടിച്ച്‌ ആശുപത്രിയില്‍ എത്തിയാല്‍ മരുന്നില്ലെന്നു മറുപടി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന്‌ ജീവനക്കാരും മരുന്നുകളുമില്ല. എന്നാല്‍ സംസ്‌ഥാനത്ത്‌ യാതൊരുവിധ ഭരണസ്‌തംഭനവുമില്ലെന്ന നിലപാടിലാണ്‌ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും.
ചുങ്കചീട്ട്‌, ജാമ്യച്ചീട്ട്‌, മുക്‌ത്യാര്‍ രജിസ്‌ട്രേഷന്‍, വില്‍പ്പത്രം റദ്ദാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള ഫീസ്‌ ഇരട്ടിയും അതിലേറെയും വര്‍ധിപ്പിച്ചതോടെ റവന്യൂ ഓഫീസുകളുമായി ബന്ധപ്പെട്ട മുഴുവന്‍ ഇടപാടുകാരും വലയുന്നു. കിടപ്പാടമില്ലാതെ വാടകയ്‌ക്കു താമസിക്കുന്നവരെയും സര്‍ക്കാര്‍ വെറുതേവിട്ടില്ല. ഇനി വാടകക്കാര്‍ ഒരു മാസത്തെ വാടകയ്‌ക്കു തുല്യമായ തുക സര്‍ക്കാരിനു നല്‍കണം. സാധാരണയായി 100 രൂപയുടെ മുദ്രപത്രത്തിലാണു വാടകച്ചീട്ട്‌ എഴുതിയിരുന്നത്‌. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം അനുസരിച്ച്‌ 11 മാസത്തെ വാടകയുടെ ആറു ശതമാനത്തിനു തുല്യമായ മുദ്രപത്രവും രണ്ടു ശതമാനം ഫീസും ഉള്‍പ്പെടെയുള്ള ഉടമ്പടി നിര്‍ബന്ധം. ഇത്‌ ഏകദേശം ഒരു മാസത്തെ വാടകയ്‌ക്കു തുല്യമായ തുകയാകും. ഇതിനു പുറമേ ഫീസടച്ച്‌ ഉടമ്പടി രജിസ്‌റ്റര്‍ ചെയ്യുകയും വേണം.ഭൂനികുതി അടയ്‌ക്കാന്‍ വില്ലേജ്‌ ഓഫീസുകളില്‍ എത്തുന്നവരെ കാത്തിരിക്കുന്നത്‌ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ നാലിരട്ടിയുടെ വര്‍ധനയാണ്‌. 16 സെന്റ്‌ ഭൂമിക്ക്‌ 2014-15 വര്‍ഷം 14 രൂപ കരമടച്ചയാള്‍ ഈ വര്‍ഷം 56 രൂപ അടയ്‌ക്കേണ്ടി വന്നു. 2015-16 വര്‍ഷത്തെ കരമായി 35 രൂപയും കഴിഞ്ഞ വര്‍ഷത്തെ ബാക്കിയെന്ന നിലയില്‍ 21 രൂപയും കൂട്ടിയാണ്‌ ഇത്‌. ഡിസംബറില്‍ ഭൂനികുതി വര്‍ധിച്ചെന്നും അന്നു മുതലുള്ള അധിക നികുതി ഈ സാമ്പത്തിക വര്‍ഷം ഈടാക്കുകയാണെന്നുമാണ്‌ വിശദീകരണം.
ബജറ്റില്‍ പ്രഖ്യാപിച്ച റബര്‍, നെല്ല്‌ സംഭരണ നടപടികള്‍ ഏങ്ങുമെത്താതിരുന്നതോടെ കര്‍ഷകരും ദുരിതത്തിലാണ്‌. റബറും നെല്ലും സംഭരിക്കാന്‍ വിലസ്‌ഥിരതാ ഫണ്ടിന്‌ 300 കോടി രൂപ വീതം ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടിയായില്ല. നെല്ല്‌ കിട്ടാനില്ലെന്നു പറഞ്ഞാണ്‌ അരിക്കു വില കയറുന്നത്‌. കിലോയ്‌ക്ക്‌ 150 രൂപ താങ്ങുവില നല്‍കി 20,000 മെട്രിക്‌ ടണ്‍ റബര്‍ സംഭരിക്കാനാണ്‌ 300 കോടി നീക്കിവച്ചിരിക്കുന്നത്‌. റബര്‍ സംഭരണം എങ്ങുമെത്താത്തതിനാല്‍ റബര്‍വില ഇടിയുകയാണ്‌. കോഴിത്തീറ്റയ്‌ക്കു വില കൂടിയതോടെ കോഴിക്കര്‍ഷകരും പ്രതിസന്ധിയിലായി. കര്‍ഷകര്‍ക്ക്‌ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കു വില കിട്ടുന്നില്ല. ഇടനിലക്കാരുടെ കൈയിലായ വിപണിയില്‍ സര്‍ക്കാരിനു നിയന്ത്രണം നഷ്‌ടപ്പെട്ടു.
ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലായതോടെ അരി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയടക്കം നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില ഉയര്‍ന്നു. കൂട്ടിയ നികുതികള്‍ കുറച്ചെന്ന്‌ സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാണ്‌. വിലക്കുറവില്‍ സാധനങ്ങള്‍ ലഭിച്ചിരുന്ന സിവില്‍ സപ്ലൈസ്‌-ത്രിവേണി സംവിധാനങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്‌. പാവങ്ങളുടെ ആശ്രയകേന്ദ്രമായ മാവേലി സ്‌റ്റോറുകളില്‍ നിന്നും വിതരണം ചെയ്യുന്ന ഭക്ഷ്യവസ്‌തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ആരും ശ്രദ്ധിക്കുന്നില്ല.
എണ്ണക്കമ്പനികള്‍ ഇന്ധനവില കുറച്ചെങ്കിലും സര്‍ക്കാര്‍ തീരുവ കൂട്ടിയതിനാല്‍ സംസ്‌ഥാനത്ത്‌ ഡീസലിനും പെട്രോളിനും വില കുറഞ്ഞില്ല. രണ്ടു കോടിയിലേറെ വിറ്റുവരവുള്ള വസ്‌ത്രവ്യാപാരികളില്‍ നിന്ന്‌ ഈടാക്കിയിരുന്ന രണ്ടു ശതമാനം വിറ്റുവരവു നികുതി ഒഴിവാക്കി പകരം തുണിത്തരങ്ങള്‍ക്ക്‌ ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ തുണിത്തരങ്ങള്‍ക്കും വില ഉയര്‍ന്നു തുടങ്ങി. ഹോട്ടല്‍ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ്‌ വര്‍ധിപ്പിച്ചതോടെ ഹോട്ടല്‍ ഭക്ഷണത്തിന്‌ അപ്രഖ്യാപിത വര്‍ധനയുണ്ടായി. നിര്‍മാണ സാമഗ്രികള്‍, വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം വില കയറി. പാവപ്പെട്ടവര്‍ ബാങ്കിലെത്തിയാല്‍ കാര്‍ഷിക, വിദ്യാഭ്യാസ വായ്‌പകളില്ല; സ്വര്‍ണപ്പണയത്തില്‍ വായ്‌പ തരാമെന്നാണ്‌ ബാങ്ക്‌ അധികൃതരുടെ നിലപാട്‌.
നിത്യോപയോഗ സാധനങ്ങളുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരി ചില്ലറ വില
കുറഞ്ഞ കുത്തരി 28-30-32
ബ്രാന്‍ഡഡ്‌ കുത്തരി 32-42-36
കുറഞ്ഞ പച്ചരി 22-25-26
കൂടിയ പച്ചരി 25-27-30
പഞ്ചസാര 33-34-32
ഉഴുന്ന്‌ 66-79-98
മല്ലി 100-110-120
കടുക്‌ 70-74-80
പരിപ്പ്‌ 54-58-60
കടല 50-52-60
ഗ്രീന്‍പീസ്‌ 50-52-55
ചെറുപയര്‍ 73-78-110
വന്‍പയര്‍ 58-60-64
മുളക്‌ 90-100-120
റവ 28-30-32
ഗോതമ്പുപൊടി 24-26-30
മൈദ 28-30- 32
ശര്‍ക്കര 50-54-56
വെളിച്ചെണ്ണ 82-140-158
നല്ലെണ്ണ 90-100-110
സവാള 16-24-26
വെളുത്തുള്ളി 80-90-100
ഉരുളക്കിഴങ്ങ്‌ 19-24-26
പച്ചക്കറി കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരി ചില്ലറ നിരക്ക്‌
അമര 10-12-14
കത്തിരി 15-16-20
വഴുതന 20-22-24
വെണ്ട 11-22-34
പാവയ്‌ക്ക 20-48-34
പയര്‍ 34-36-40
തടിയന്‍ 10-19-12
മത്തന്‍ 08-10-12
ചെറിയ മുളക്‌ 30-38-40
വലിയ മുളക്‌ 35-40-42
പടവലം 17-22-24
പേയന്‍കായ്‌ 16-18-24
മാങ്ങ 20-26-28
കാരറ്റ്‌ 30-32-34
ബീന്‍സ്‌ 25-34-40
വെള്ളരി 09-14-24
തക്കാളി 12-22-24
കാബേജ്‌ 16-18-24
കോളി ഫ്‌ളവര്‍ 28-34-34
ചെറിയ നാരങ്ങ
(ഒരെണ്ണം) 05-കിലോ 75
വലിയ നാരങ്ങ 30-35-40
മുരിങ്ങക്ക 16-18-20
ഇഞ്ചി 56-68-70
ബീറ്റ്‌റൂട്ട്‌ 16-18-20
ചെറിയ ചേമ്പ്‌ 25-28-30
വലിയ ചേമ്പ്‌ 56-67-30
ചേന 15-19-30
മരച്ചീനി 15-22-25
ചെറിയ ഉള്ളി 28-39-30
മല്ലിയില 18-30-50
കറിവേപ്പില 18-24-40
ഏത്തക്കായ്‌ 25-28-30
കോവയ്‌ക്ക 22-22-24
സാലഡ്‌ വെള്ളരി 14-18-24
നെല്ലിക്ക 25-28-30
ചീര 16-24-28
കാപ്‌സിക്കം 38-44-60
വാഴക്കൂമ്പ്‌ 05-05-05
ഏത്തപ്പഴം 25-28-30
പാളയങ്കോടന്‍ 17-18-20
കപ്പപ്പഴം 32-39-50
റോബസ്‌റ്റ 15-20-25
കൈതച്ചക്ക 28-30-30

Article credits, ജി. അരുണ്‍,Mangalam Daily,10th April 2015