Monday, August 5, 2013

ഭൂമിതട്ടിപ്പ്‌ കേസ്‌: സലിം രാജിന്റെ ഫോണ്‍വിളി വിവരങ്ങള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിം രാജ്‌ ഉള്‍പ്പെടെയുള്ളവരുടെ മൊബൈല്‍ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്‌. കേസന്വേഷണം ഏറ്റെടുക്കുന്നതു സംബന്ധിച്ച്‌ നിലപാട്‌ അറിയിക്കാന്‍ സി.ബി.ഐയോടും കോടതി ആവശ്യപ്പെട്ടു.
സലിം രാജ്‌, ബന്ധു അബ്‌ദുള്‍ മജീദ്‌ എന്നിവരടക്കമുള്ളവരുടെ ഫോണ്‍വിളികളുടെ വിവരങ്ങള്‍ പിടിച്ചെടുക്കാനാണ്‌ ജസ്‌റ്റിസ്‌ വി.കെ. മോഹനന്‍ മധ്യമേഖലാ ഐ.ജിക്ക്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.
വ്യാജ രേഖകള്‍ ചമച്ചു തിരുവനന്തപുരം ജില്ലയിലെ കടകമ്പിള്ളിയിലും എറണാകുളത്തെ പത്തടിപ്പാലത്തും വന്‍തോതില്‍ ഭൂമി തട്ടിയെടുക്കാന്‍ ഇവര്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രിയുമായുള്ള അടുപ്പം ഉപയോഗിച്ച്‌ ഇക്കാര്യത്തിലുള്ള പരാതികളില്‍ ഇടപെട്ടുവെന്നും കേസ്‌ സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്‌ തൈക്കാട്‌ സ്വദേശികളായ പ്രേംചന്ദ്‌, രമ, മോഹന്‍ചന്ദ്‌, പത്തടിപ്പാലം സ്വദേശി ഷെരീഫ്‌ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണു കോടതി ഉത്തരവ്‌. പരാതിക്ക്‌ ഇടയായ ഭൂമിയുടെ തണ്ടപ്പേര്‍ മാറ്റുന്നതും കോടതി തടഞ്ഞിട്ടുണ്ട്‌.
പരാതിയില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനു പത്തുദിവസത്തെ സാവകാശം കോടതി അനുവദിച്ചു. ഭൂമി തട്ടിയെടുക്കാന്‍ മരിച്ച വ്യക്‌തിയുടെ പേരില്‍ വ്യാജ തണ്ടപ്പേര്‍ ഉപയോഗിച്ച്‌ വ്യാജ രേഖകള്‍ ചമച്ച്‌ കടകമ്പിള്ളിയില്‍ 45.5 ഏക്കര്‍ ഭൂമിയും പത്തടിപ്പാലത്ത്‌ 1.16 ഏക്കറും തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണു പരാതി.
News Report: Tuesday, August 6, 2013 Mangalam Daily

No comments:

Post a Comment