Monday, August 12, 2013

സെക്രട്ടറിയറ്റ് പൂട്ടി - തിരമാലകള്‍പോലെ ഇരമ്പിയെത്തിയ ജനക്കൂട്ടം

തിരു: നാടിനെ നാണംകെടുത്തിയ ആഭാസഭരണത്തിനെതിരെ അനന്തപുരിയില്‍ സമരത്തിന്റെ തീജ്വാല ഉയര്‍ന്നു. തലസ്ഥാന നഗരം സമരക്കടലാക്കി പതിനായിരങ്ങള്‍ അച്ചടക്കത്തോടെ മാര്‍ച്ച് ചെയ്തപ്പോള്‍ അത് പുതുചരിത്രമായി. മഞ്ചേശ്വരം മുതല്‍ പാറശാലവരെയുള്ള സമരഭടന്മാര്‍ ഏകമനസ്സായി ദൃഢനിശ്ചയത്തോടെ രാപ്പകല്‍ ഉപരോധം തീര്‍ത്തപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണം നിശ്ചലമായി. പ്രക്ഷോഭം ഭയന്ന് ചൊവ്വയും ബുധനും സെക്രട്ടറിയറ്റിന് സര്‍ക്കാര്‍ അവധി നല്‍കി. ഉപരോധത്തില്‍ പങ്കെടുത്തതിന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ എന്നിവരടക്കം കണ്ടാലറിയാവുന്ന പതിനയ്യായിരം പേര്‍ക്കെതിരെ കേസെടുത്തു. സെക്രട്ടറിയറ്റ് പരിസരത്ത് അനധികൃതമായി കൂട്ടംകൂടി ഗതാഗത തടസ്സം സൃഷ്ടിച്ചെന്ന് ആരോപിച്ച് കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്. എന്നാല്‍, വി എസിനും പിണറായിക്കുമെതിരെ കേസ് എടുത്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.
തിരമാലകള്‍പോലെ ഇരമ്പിയെത്തിയ ജനക്കൂട്ടം ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റ് തിങ്കളാഴ്ച പുലര്‍ച്ചയോടെ വളഞ്ഞു. ഇനി രാവും പകലും സമരഭടന്മാരുടെ കാവല്‍. പട്ടാളത്തെയും പൊലീസിനെയും ഇറക്കി രാപ്പകല്‍ ഉപരോധം നേരിടാമെന്ന ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും ശ്രമം ജനക്കരുത്തില്‍ തട്ടിത്തകര്‍ന്നു. സെക്രട്ടറിയറ്റിന്റെ നാല് കവാടവും സമരഭടന്മാര്‍ ഉപരോധിച്ചു. തിരുവനന്തപുരം നഗരം തിങ്കളാഴ്ച ഉണര്‍ന്നെഴുന്നേറ്റത് പോര്‍മുഖത്തായിരുന്നു. ആവേശകരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അവര്‍ സെക്രട്ടറിയറ്റ് ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്തു. ഞായറാഴ്ച തുടങ്ങിയ ജനപ്രവാഹം തുടരുകയാണ്. ജനങ്ങളുടെ മഹാസാഗരമായി അത് മാറുകയാണ്. സമരത്തിന്റെ അലയൊലികള്‍ പാര്‍ലമെന്റിനെപ്പോലും സ്തംഭിപ്പിച്ചു. ദേശീയമാധ്യമങ്ങളില്‍ ഉപരോധം പ്രധാന വാര്‍ത്തയായി. പ്രകോപനം സൃഷ്ടിച്ച് സമരത്തെ ഇകഴ്ത്തിക്കാണിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ വിലകുറഞ്ഞ തന്ത്രങ്ങളാണ് പുറത്തെടുത്തത്. കള്ളനെപ്പോലെ പുലര്‍ച്ചെ സെക്രട്ടറിയറ്റില്‍ എത്തിയ ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും പതിനഞ്ച് മിനിറ്റ് മാത്രം നീണ്ട മന്ത്രിസഭാ യോഗം ചേര്‍ന്നു. എന്നാല്‍, സമരം ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രി സെക്രട്ടറിയറ്റ് വിടുകയുംചെയ്തു. സെക്രട്ടറിയറ്റില്‍നിന്ന് ബേക്കറി ജങ്ഷന്‍ വഴി പുറത്തുകടക്കാനുള്ള ശ്രമത്തെയും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സമരഭടന്മാരെ സമരകേന്ദ്രത്തിലേക്കും ഭക്ഷണപ്പുരകളിലേക്കും പോകുന്നത് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കി. ബാരിക്കേഡുകളുയര്‍ത്തി നഗരത്തില്‍ ഗതാഗത തടസ്സമുണ്ടാക്കി ജനങ്ങളെ സമരത്തിനെതിരെ തിരിച്ചുവിടാനും പൊലീസ് ശ്രമിച്ചു. കോണ്‍ഗ്രസ് സംഘടനയെ ഉപയോഗിച്ച് ജീവനക്കാരുടെ ഒപ്പ് പുറത്തുനിന്ന് ശേഖരിച്ച് സെക്രട്ടറിയറ്റിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നുവെന്ന പ്രതീതിയുണ്ടാക്കാനുള്ള ശ്രമവും ജനങ്ങളുടെ ഇടപെടല്‍ കാരണം പുറത്തായി. ഒരോ ജില്ലകളില്‍നിന്ന് എത്തിയവര്‍ ഒന്നിച്ചാണ് സെക്രട്ടറിയറ്റിലേക്ക് നീങ്ങിയത്. അതത് ജില്ലയ്ക്ക് നിശ്ചയിച്ച സ്ഥലത്ത് അവര്‍ അച്ചടക്കത്തോടെ കുത്തിയിരുന്നു. പതിനഞ്ച് ഭക്ഷണശാലയിലും പതിനായിരങ്ങളാണ് ഭക്ഷണം കഴിക്കുന്നത്. തികഞ്ഞ അച്ചടക്കമാണ് എവിടെയും ദൃശ്യമായത്.
സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് അനിശ്ചിതകാല പ്രക്ഷോഭം ഉദ്ഘാടനംചെയ്തത്. മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ എഛ് ഡി ദേവഗൗഡ, സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍, ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി ജി ദേവരാജന്‍, എന്‍സിപി നേതാവ് ടി പി പീതാംബരന്‍, കേരളകോണ്‍ഗ്രസ് നേതാവ് പി സി തോമസ്, കോണ്‍ഗ്രസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനായി. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി തുടങ്ങിയവരും സംബന്ധിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ സി ദിവാകരന്‍ സ്വാഗതവും കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
വി ബി പരമേശ്വരന്‍ ,deshabimani Daily

No comments:

Post a Comment