Tuesday, August 20, 2013

പട്ടാളക്കാര്‍ക്കും പ്രവാസികള്‍ക്കും ആധാര്‍ ഇല്ലെങ്കിലും സബ്‌സിഡി നഷ്‌ടമാകില്ല

August 20, 2013 തിരുവല്ല: പട്ടാളക്കാര്‍, പ്രവാസികള്‍, അന്യസംസ്‌ഥാനങ്ങളില്‍ കഴിയുന്നവര്‍ തുടങ്ങി ആധാര്‍ ഇല്ലാത്ത ആര്‍ക്കും പാചകവാതക സബ്‌സിഡി നഷ്‌ടമാകില്ല. ആധാര്‍ കാര്‍ഡുള്ള കുടുംബാംഗങ്ങളുടെ ആരുടെ പേരിലേക്കു വേണമെങ്കിലും കണക്‌ഷന്‍ മാറ്റാം. ഇതിനു ചില നടപടിക്രമങ്ങള്‍ പാലിക്കണം. ഇതേപ്പറ്റിയുള്ള നിര്‍ദേശങ്ങള്‍ www.indane.co.in എന്ന വെബ്‌സൈറ്റില്‍ നിന്നോ പാചകവാതക വിതരണ ഏജന്‍സികളില്‍ നിന്നോ ലഭിക്കും. കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ ഇടതുവശത്തായി നാവിഗേഷന്‍ എന്ന കോളത്തില്‍ ഡയറക്‌ട്‌ സബ്‌സിഡി ട്രാന്‍സ്‌ഫര്‍ എന്ന തലക്കെട്ടിന്‌ കീഴിലായി ഡൗണ്‍ലോഡ്‌ ഫോര്‍മാറ്റ്‌ എന്നെഴുതിയതില്‍ ക്ലിക്ക്‌ ചെയ്‌താല്‍ ഇതിനുള്ള എല്ലാ ഫോമുകളും ലഭിക്കും. സബ്‌സിഡി ലഭിക്കാന്‍ ഉപയോക്‌താക്കള്‍ ചെയ്യേണ്ടത്‌: നിലവില്‍ ആധാര്‍ കാര്‍ഡും കണക്‌ഷന്‍ സ്വന്തം പേരിലുമുള്ളവര്‍ പാചകവാതക സബ്‌സിഡി ലഭിക്കുന്നതിനായി കെ.വൈ.സി (നോ യുവര്‍ കസ്‌റ്റമര്‍ ഫോം-വെബ്‌സൈറ്റിലും ഏജന്‍സിയിലും നിന്ന്‌ ലഭിക്കും) പൂരിപ്പിച്ച്‌ ഫോട്ടോ പതിപ്പിച്ച്‌, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ബാങ്ക്‌ അക്കൗണ്ട്‌ നമ്പരും ഫോണ്‍നമ്പരും സഹിതം ഏജന്‍സിയില്‍ നല്‍കണം. ഏജന്‍സിയിലുള്ളവര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ ഈ വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്യും. കെ.വൈ.സി ഫോമില്‍ ഏതുബാങ്കിലെ അക്കൗണ്ട്‌ നമ്പരാണോ കാണിച്ചിരിക്കുന്നത്‌ ആ ബാങ്കിലെത്തി ആധാര്‍ നമ്പര്‍ അക്കൗണ്ട്‌ നമ്പറുമായി സംയോജിപ്പിക്കേണ്ടതാണ്‌. ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക്‌ കണക്‌ഷന്‍ മറ്റൊരു പേരിലേക്കു മാറ്റാം. പട്ടാളക്കാര്‍, പ്രവാസികള്‍, അന്യസംസ്‌ഥാനങ്ങളില്‍ ജോലിചെയ്യുന്നവര്‍ തുടങ്ങി ആധാര്‍ കാര്‍ഡ്‌ ലഭിച്ചിട്ടില്ലാത്ത ആര്‍ക്കും സബ്‌സിഡി ലഭിക്കും. കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലും പേരിലേക്ക്‌ കണക്‌ഷന്‍ മാറ്റാം. അതിനായി ചെയ്യേണ്ടത്‌: 1. എസ്‌.വി ഹോള്‍ഡര്‍(സബ്‌സ്‌ക്രിപ്‌ഷന്‍ വൗച്ചര്‍-അതായത്‌ ആദ്യമായി ഗ്യാസ്‌ കണക്‌ഷന്‍ ലഭിച്ചപ്പോള്‍ ഏജന്‍സിയില്‍ നിന്ന്‌ ലഭിച്ച ഉപയോക്‌താവിന്റെ വിവരങ്ങള്‍ അടങ്ങിയ രസീത്‌) താന്‍ കണക്‌ഷന്‍ മറ്റൊരാളുടെ പേരില്‍ നല്‍കാന്‍ തയാറാണെന്ന്‌ വെള്ളപേപ്പറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‌ നല്‍കുന്ന സമ്മതപത്രം. (അനെക്‌സര്‍-എ. ഇതിന്റെ മാതൃക വെബ്‌സൈറ്റിലുണ്ട്‌). 2. ആരുടെ പേരിലേക്കാണോ കണക്‌ഷന്‍ മാറ്റേണ്ടത്‌ അവര്‍ നൂറുരൂപയുടെ മുദ്രപ്പത്രത്തില്‍ കോര്‍പ്പറേഷന്‌ നല്‍കുന്ന സത്യവാങ്‌മൂലം.(അനെക്‌സര്‍-ബി, മാതൃക വെബ്‌സൈറ്റില്‍) 3. പുരിപ്പിച്ച കെ.വൈ.സി ഫോം 4. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്‌, ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍, ടെലിഫോണ്‍ നമ്പര്‍ 5. അഡ്രസ്‌ പ്രൂഫ്‌/തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്‌ ഒറിജിനല്‍ എസ്‌.വി(സബ്‌സ്‌ക്രിപ്‌ഷന്‍ വൗച്ചര്‍) നഷ്‌ടപ്പെട്ടു പോയവര്‍ നൂറുരൂപയുടെ മുദ്രപത്രത്തില്‍, എസ്‌.വി നഷ്‌ടപ്പെട്ടു പോയതായുള്ള നോട്ടറിയുടെ സത്യവാങ്‌മൂലം ഹാജരാക്കണം. ഇതിനുള്ള മാതൃക വെബ്‌സൈറ്റില്‍ ഡൗണ്‍ലോഡ്‌ ഫോര്‍മാറ്റ്‌ എന്ന ഓപ്‌ഷനില്‍ 7-ാം നമ്പരായി ചേര്‍ത്തിട്ടുണ്ട്‌. മരിച്ചയാളുടെ പേരിലുള്ള കണക്‌ഷനാണ്‌ മാറ്റേണ്ടതെങ്കില്‍ ഹാജരാക്കേണ്ട രേഖകള്‍: 1. മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്‌ 2. വില്ലേജ്‌ അധികൃതര്‍/നോട്ടറി നല്‍കുന്ന അനന്തരവകാശ സമ്മതപത്രം 3. ആരുടെ പേരിലേക്കാണോ കണക്‌ഷന്‍ മാറ്റേണ്ടത്‌ അവര്‍ നൂറുരൂപയുടെ മുദ്രപ്പത്രത്തില്‍ നല്‍കുന്ന സത്യവാങ്‌മൂലം. (മാതൃക വെബ്‌സൈറ്റില്‍ അനെക്‌സര്‍-ഡി) 4. പൂരിപ്പിച്ച കെ.വൈ.സി ഫോം 5. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്‌, ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍, ടെലിഫോണ്‍ നമ്പര്‍ 6. അഡ്രസ്‌ പ്രൂഫ്‌/തിരിച്ചറിയില്‍ കാര്‍ഡിന്റെ പകര്‍പ്പ്‌ മരിച്ചയാളുടെ ഏറ്റവും അടുത്ത ബന്ധുവിന്റെ(ഭാര്യ, മകന്‍/മകള്‍) പേരിലേക്കാണ്‌ കണക്‌ഷന്‍ മാറ്റുന്നതെങ്കില്‍ ഡെപ്പോസിറ്റ്‌ തുകയുടെ ആവശ്യമില്ല. ഇവരല്ലാതെ മൂന്നാമതൊരാളുടെ പേരിലേക്കാണ്‌ മാറ്റുന്നതെങ്കില്‍, കണക്‌ഷന്‍ എടുത്ത സമയത്ത്‌ അടച്ച ഡെപ്പോസിറ്റ്‌ തുക എത്രയാണോ അത്‌ കിഴിച്ച്‌ ബാക്കി തുക അടയ്‌ക്കേണ്ടി വരും. പുതിയ കണക്‌ഷന്‌ 1450 രൂപയാണ്‌ ഡെപ്പോസിറ്റ്‌ നല്‍കേണ്ടത്‌. മുന്‍പ്‌ കണക്‌ഷന്‍ എടുത്തവര്‍ 450, 900 എന്നിങ്ങനെയാണ്‌ ഡെപ്പോസിറ്റ്‌ തുക അടച്ചിട്ടുള്ളത്‌. ഉദാ: 450 രൂപയാണ്‌ മുന്‍പ്‌ അടച്ച ഡെപ്പോസിറ്റ്‌ തുകയെങ്കില്‍, കണക്‌ഷന്‍ മൂന്നാമതൊരാളുടെ പേരിലേക്ക്‌ മാറ്റുമ്പോള്‍ 1450-450= 1000 രൂപ അടയ്‌ക്കേണ്ടി വരും. ഒരാളുടെ പേരില്‍ ഒന്നില്‍ കൂടുതല്‍ ഗ്യാസ്‌ കണക്‌ഷന്‍ ഉണ്ടെങ്കില്‍ അത്‌ സറണ്ടര്‍ ചെയ്യണം. അല്ലാത്ത പക്ഷം, പിന്നീട്‌ ഇത്‌ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ നല്‍കേണ്ടി വരികയോ കണക്‌ഷന്‍ റദ്ദാകുകയോ ചെയ്യും. കണക്‌ഷന്‍ സറണ്ടര്‍ ചെയ്യുമ്പോള്‍ ഒറിജിനല്‍ എസ്‌.വി, കണക്‌ഷന്‍ എടുത്തപ്പോള്‍ ലഭിച്ച റഗുലേറ്റര്‍ എന്നിവ മടക്കി നല്‍കേണ്ടതുണ്ട്‌. എസ്‌. വി. നഷ്‌ടപ്പെട്ടിട്ടുണ്ടെങ്കില്‍ നൂറുരൂപയുടെ മുദ്രപ്പത്രത്തില്‍ നോട്ടറി നല്‍കുന്ന സത്യവാങ്‌മൂലം സമര്‍പ്പിക്കണം. റഗുലേറ്റര്‍ നഷ്‌ടപ്പെട്ടു പോയവരില്‍ നിന്ന്‌ പിഴ ഈടാക്കുകയും ചെയ്യും. കണക്‌ഷന്‍ സറണ്ടര്‍ ചെയ്യുമ്പോള്‍ അതിന്‌ നല്‍കിയ ഡെപ്പോസിറ്റ്‌ തുക മടക്കി കിട്ടും. Article credits: Mangalam daily

No comments:

Post a Comment