Saturday, August 17, 2013

ജോര്‍ജും കോണ്‍ഗ്രസും നേര്‍ക്കുനേര്‍

August 18, 2013 കോട്ടയം: ഗവ. ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജും കോണ്‍ഗ്രസ്‌ നേതൃത്വവും തമ്മിലുളള ശീതസമരം തെരുവിലേക്ക്‌ നീങ്ങിയതോടെ യു.ഡി.എഫില്‍ പുതിയ പ്രതിസന്ധി. സോളാര്‍ വിവാദത്തിന്റെ പേരില്‍ ശിഥിലമായ യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ ശമിച്ചുവരുന്നതിനിടെയാണ്‌ പുതിയ വിഷയം ഉടലെടുത്തത്‌. ഇടതുപാര്‍ട്ടികള്‍ പോലും സോളാര്‍ വിഷയത്തില്‍ നിന്നും പതുക്കെ പിന്നോട്ട്‌ പോയ സാഹചര്യത്തില്‍ ഗവ.ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌ തുടര്‍ച്ചയായി നടത്തുന്ന പ്രസ്‌താവനകള്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വീണ്ടും ബുദ്ധിമുട്ടിലാക്കുന്നുവെന്ന ആരോപണവുമായി യൂത്ത്‌ കോണ്‍ഗ്രസ്‌ രംഗത്ത്‌ എത്തിയതാണ്‌ പുതിയ പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കം. ഇവര്‍ക്ക്‌ പിന്തുണയുമായി ഒരു വിഭാഗം കോണ്‍ഗ്രസ്‌ നേതാക്കളും രംഗത്തെത്തി. ജോര്‍ജിനെ സംരക്ഷിക്കാന്‍ സി.പി.എമ്മും സി.ഐ.ടി.യുവും രംഗത്തെത്തിയത്‌ സ്‌ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്‌. ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ ജോര്‍ജിനെ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ കഴിഞ്ഞ ദിവസം തടഞ്ഞതാണ്‌ ചീഫ്‌വിപ്പിനെ ക്ഷുഭിതനാക്കിയത്‌. യൂത്ത്‌കോണ്‍ഗ്രസുകാര്‍ക്കെതിരേ പി.സി.ജോര്‍ജും രംഗത്ത്‌ എത്തിയതോടെയാണ്‌ സംഘര്‍ഷം തെരുവിലേക്ക്‌ നീങ്ങിയത്‌. മുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെയും അറിവോടെയാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തനിക്കെതിരേ തിരിഞ്ഞിരിക്കുന്നതെന്നാണ്‌ ജോര്‍ജിന്റെ ആരോപണം. എന്നാല്‍ സി.പി.എമ്മുമായി ജോര്‍ജ്‌ ഉണ്ടാക്കിയ ധാരണയുടെ അടിസ്‌ഥാനത്തിലാണ്‌ മുഖ്യമന്ത്രിക്കെതിരേ ജോര്‍ജ്‌ സ്‌ഥിരം പ്രസ്‌താവനകളിറക്കുന്നതെന്നാണ്‌ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാട്ടുന്നത്‌. മാത്രമല്ല ഇടതുമുന്നണിയില്‍ ചേക്കേറുന്നതിന്റെ ഭാഗമായാണ്‌ ചീഫ്‌ വിപ്പ്‌ സര്‍ക്കാരിനെതിരേ നിരന്തരം പ്രസ്‌താവനകളിറക്കുന്നതെന്ന്‌ കഴിഞ്ഞ ദിവസം കോട്ടയത്ത്‌ ചേര്‍ന്ന എ ഗ്രൂപ്പ്‌ നേതാക്കളുടെ യോഗം ആരോപിച്ചിരുന്നു. ഇതിന്‌ മറുപടിയായി ജോര്‍ജ്‌ പറഞ്ഞത്‌ കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാര്‍ക്കു മാത്രമാണു തന്നോട്‌ എതിര്‍പ്പുളളതെന്നും മറ്റ്‌ കോണ്‍ഗ്രസുകാര്‍ക്ക്‌ കുഴപ്പമില്ലെന്നുമാണ്‌. എന്നാല്‍ ഇന്നലെ ഐ ഗ്രൂപ്പു നേതാവ്‌ കെ.മുരളീധരനും ജോര്‍ജിന്റെ നടപടിക്കെതിരേ പരസ്യമായി രംഗത്ത്‌ വന്നിരുന്നു. ജോര്‍ജും യൂത്ത്‌കോണ്‍ഗ്രസുകാരും തമ്മിലുളള ഏറ്റുമുട്ടല്‍ തുടങ്ങിയിട്ട്‌ ഒരാഴ്‌ചയിലേറെയായിട്ടും കോണ്‍ഗ്രസ്‌ നേതൃത്വമോ കേരള കോണ്‍ഗ്രസ്‌ നേതൃത്വമോ കാര്യമായ ഇടപെടല്‍ ഇതുവരെ നടത്തിയിട്ടില്ല. ജോര്‍ജിനെ കരിങ്കൊടി കാണിക്കുന്നത്‌ അപലപനീയമാണെന്ന്‌ ഇന്നലെ മാത്രമാണ്‌ കേരള കോണ്‍ഗ്രസ്‌ നേതാവ്‌ കെ.എം.മാണി പറഞ്ഞത്‌. ഇതിനിടെ മുണ്ടക്കയത്ത്‌ ജോര്‍ജിനെ കരിങ്കൊടി കാട്ടാനെത്തിയ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ നേരിടാന്‍ സി.ഐ.ടി.യു പ്രവര്‍ത്തകരും ഡിവൈ.എഫ്‌.ഐ പ്രവര്‍ത്തകരും പരസ്യമായി രംഗത്ത്‌ വന്നത്‌ പുതിയ രാഷ്‌ട്രീയ മാനങ്ങള്‍ക്ക്‌ വഴിതെളിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിക്കെതിരേ നിലപാടെടുത്താല്‍ ചീഫ്‌ വിപ്പിനെ വഴിയില്‍ ഇനിയും തടയുമെന്നാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നിലപാട്‌. എന്നാല്‍ തടഞ്ഞാല്‍ തനിക്ക്‌ പലതും വിളിച്ച്‌ പറയേണ്ടിവരുമെന്നാണ്‌ ജോര്‍ജിന്റെ ഭീഷണി. ഇതോടെ യു.ഡി.എഫ്‌.നേതൃത്വം വീണ്ടും വെട്ടിലായിരിക്കുകയാണ്‌.

No comments:

Post a Comment