Friday, October 30, 2015

ഹരിയാനയിൽ ദളിത് കുട്ടികൾ കൊല്ലപ്പെട്ട സംഭവം : തീ പടർന്നത് വീടിനകത്ത് നിന്ന്

ഫരീദാബാദ് : ഹരിയാനയിൽ ദളിത് കുട്ടികൾ തീപിടിത്തത്തിൽ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത് . തീ പിടിച്ചത് വീട്ടിനുള്ളിൽ നിന്ന് തന്നെയാണെന്ന് ഫോറൻസിക് റിപ്പോർട്ട് . കുട്ടികളുടെ അച്ഛന്റെ മൊഴികളും കിട്ടിയ തെളിവുകളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും ഫോറൻസിക് വിദഗ്ദ്ധർ വ്യക്തമാക്കി .
തീപിടുത്തത്തിൽ ഭാഗികമായി നശിച്ച കട്ടിലിന് അടിയിൽ നിന്ന് പകുതി കത്തിയ മണ്ണെണ്ണ കുപ്പിയും തൊട്ടടുത്ത് നിന്ന് തന്നെ തീപ്പെട്ടിക്കൊള്ളിയും കണ്ടെത്താൻ കഴിഞ്ഞു. തീപിടിത്തത്തിന്റെ ഉറവിടം വീടിനുള്ളിൽ തന്നെയാണെന്നുള്ള റിപ്പോർട്ട് ഉടൻ തന്നെ സി ബി ഐക്ക് കൈമാറും .
താനും ഭാര്യയും കുട്ടികളും മുറിയിൽ ഉറങ്ങുമ്പോൾ തുറന്ന് കിടന്ന ജനലിൽ കൂടി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നെന്നും മുറി പുറത്ത് നിന്നും പൂട്ടിയതിനാൽ പുറത്ത് കടക്കാനായില്ലെന്നുമാണ് കുട്ടികളുടെ അച്ഛൻ ജിതേന്ദർ പോലീസിനോട് പറഞ്ഞത് . എന്നാൽ മുറി പൂട്ടിയത് ഉള്ളിൽ നിന്ന് തന്നെയാണെന്ന് ഫോറൻസിക് വിദഗ്ദ്ധർ കണ്ടെത്തി . മാത്രമല്ല വീടിനടുത്തേക്ക് അക്രമി സംഘം അതിക്രമിച്ച് കടന്നതിന്റെ യാതൊരു ലക്ഷണങ്ങളുമില്ലെന്നും ഫോറൻസിക് വിദഗ്ദ്ധർ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ
കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ സൂഷ്മമായ പരിശോധനയിൽ പുറത്ത് നിന്ന് ജനൽ വഴി പെട്രോൾ ഒഴിച്ചതിന്റെയല്ല മറിച്ച് അകത്ത് നിന്ന് ഒഴിച്ചതിന്റെ സൂചനകളാണ് കണ്ടെത്താനായത് . തീ പിടിച്ച മേഖലകൾ പരിശോധിച്ചപ്പോൾ ഇതാണ് തെളിയുന്നതെന്നും റിപ്പോർട്ടിലുണ്ട് .
പുറത്ത് നിന്ന് പൂട്ടപ്പെട്ടതിനാൽ തീപിടിച്ച മുറിയിൽ നിന്ന് കുട്ടികളേയും കൊണ്ട് താൻ അടുത്ത മുറിയിലെത്തിയത് ഇടയിലുള്ള ഒരു ദ്വാരത്തിലൂടെയാണെന്ന ജിതേന്ദറിന്റെ വാദവും തെറ്റാണെന്ന് ഫോറൻസിക് വിദഗ്ദ്ധർ കണ്ടെത്തി . ഒരാൾക്ക് കടക്കാൻ കഴിയുന്ന വ്യാസം ആ ദ്വാരത്തിനില്ല എന്ന് തെളിഞ്ഞു .
കേസ് സിബിഐ ഏറ്റെടുത്തതോടെ രാജ്യത്ത് എറെ ചർച്ചകൾക്ക് വഴിതെളിച്ച സംഭവത്തിന്റെ യാഥാർത്ഥ്യം ഉടൻ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .
News Credits,Janamtv News

മുസ്ലിം വ്യക്തിനിയമത്തിനെതിരെ വനിതാ സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ന്യൂഡൽഹി : ബഹുഭാര്യാത്വവും മുത്തലാക്കും ഇന്ത്യയിൽ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ മുസ്ലീം വനിതാ സംഘടനകൾ പ്രക്ഷോഭത്തിലേക്ക്. മുസ്ലീം വ്യക്തി നിയമം അപരിഷ്‍‍‍കൃതമെന്ന സുപ്രീം കോടതി നിരീക്ഷണം പുറത്തു വന്ന് മണിക്കൂറുകൾക്കകമാണ് വനിതാ സംഘടനകൾ പ്രതിഷേധത്തിനൊരുങ്ങുന്നത്. സ്‍ത്രീകളുടെ മൗലിക സ്വാതന്ത്ര്യം ഉൾപ്പടെ ഹനിക്കുന്ന മുസ്ലീം വ്യക്തി നിയമം അടിയന്തരമായി പരിഷ്കരിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
രാജ്യത്തെ ഭരണഘടന ലിംഗപരമായ വേർതിരിവ് അനുവദിക്കാത്തിടത്തോളം ഇസ്ലാം മത വിശ്വാസികൾക്കിടയിലെ ഇത്തരം പ്രശ്നങ്ങൾ വിലയിരുത്താനും കാലോചിതമായ മാറ്‍റങ്ങൾ നിർദ്ദേശിക്കാനും പ്രത്യേക ബഞ്ച് രൂപീകരിക്കണമെന്നായിരുന്നു ജസ്‍റ്റിസുമാരായ എ.ആർ.ദാവെ, എ.കെ.ഗോയൽ എന്നിവരടങ്ങുന്ന ബഞ്ച് ചീഫ് ജസ്‍റ്റിസ് എച്ച്.എൽ. ദത്തുവിനോട് ആവശ്യപ്പെട്ടിരുന്നത്.
ബഹുഭാര്യത്വവും മുത്തലാക്കും സദാചാരമൂല്യങ്ങൾക്കെതിരെന്ന ജാവേദ് vs സ്‍റ്റേറ്റ് ഓഫ് ഹരിയാന കേസിലെ കോടതി നിരീക്ഷണം കൂടി ഉദ്ധരിച്ചായിരുന്നു ആവശ്യമുന്നയിച്ചത്. ഇതിനെ തുടർന്നാണ് രാജ്യത്തെ പ്രമുഖ മുസ്ലീം വനിതാ സംഘടനയായ ഭാരതീയ മുസ്ലീം വനിത ആന്തോളൻ ഉൾപ്പടെയുള്ളവർ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്. ബഹുഭാര്യത്വത്തിനും മുത്തലാക്കിനുമെതിരെ ഡൽഹിയിൽ പൊതുസഭ സംഘടിപ്പിക്കാനും അഭിപ്രായ സർവ്വേ നടത്താനുമൊരുങ്ങുകയാണ് സംഘടന.
അഖിലേന്ത്യാ മുസ്ലീം വനിതാ വ്യക്തി നിയമ ബോർഡ് ഭാരവാഹികളിൽ ചിലരും നിയമ പരിഷ്ക്കരണമെന്ന ആവശ്യത്തെ പിന്തുണച്ച് മുന്നോട്ടുവന്നെന്നത് ഏറെ ശ്രദ്ധേയമാണ്. ടർക്കി, ടുണീഷ്യ, മൊറൊക്കോ തുടങ്ങി പാകിസ്ഥാൻ വരെയുള്ള ഇസ്ലാമിക രാഷ്‍ട്രങ്ങളിൽ മുസ്ലീം വ്യക്തി നിയമത്തിൽ കാലോചിതമായ മാറ്‍റങ്ങൾ വരുത്തിയിട്ടുണ്ട്. 1961ലെ ഭേദഗതിയിൽ പാകിസ്ഥാനിൽ ബഹുഭാര്യത്വത്തിനും മുത്തലാക്കിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
വിഭജന ശേഷം ബംഗ്ലാദേശിലും ഇതേ നിയമഭേദഗതി തുടർന്നും നടപ്പിലാക്കി. ടുണീഷ്യയിലെ മജാല എന്ന നിയമം ബഹുഭാര്യത്വത്തെയും മുത്തലാക്കിനെയും തടയുന്നതിനായി രൂപീകരിച്ചതാണ്. അൽജീരിയയിലും മൊറോക്കൊയിലും ബഹുഭാര്യത്വത്തിന് തടയിട്ട് കാലാനുസൃത നിയമ പരിവർത്തനങ്ങൾ വന്നിരുന്നു. ഭാരതത്തിൽ 1950ൽ കാലോചിതമായ മാറ്‍റങ്ങൾ ഉൾപ്പെടുത്തി ഹിന്ദു വ്യക്തി നിയമം പരിഷ്‍ക്കരിച്ചിട്ടുണ്ട്. എന്നാൽ നാളിതുവരെ മാറ്‍റമില്ലാതെ തുടരുന്ന മുസ്ലീം വ്യക്തി നിയമം ബഹുഭാര്യത്വവും മുത്തലാക്കും യഥേഷ്‍ടം തുടരാൻ അനുവദിക്കുന്നതിനെതിരെയാണ് നിലവിലെ പ്രതിഷേധം.
News Credits,Janamtv,30/10/2015

Thursday, October 29, 2015

മുസ്ലീം വ്യക്തി നിയമം അപരിഷ്‍‍‍കൃതമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്ത്രീകളുടെ മൗലിക സ്വാതന്ത്ര്യം ഉൾപ്പടെയുള്ളവ ഹനിക്കുന്ന നിലവിലെ നിയമം അടിയന്തരമായി പരിഷ്ക്കരിക്കണം. ബഹുഭാര്യാത്വവും മുത്തലാക്കും സ്ത്രീ വിരുദ്ധമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ എ.ആർ.ദാവെ, എ.കെ.ഗോയൽ എന്നിവരടങ്ങുന്ന ബഞ്ചാണ് ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തുവിന് മുന്നിൽ മുസ്ലീം വ്യക്തി നിയമം പരിഷ്ക്കരിക്കണമെന്ന ആവശ്യമുന്നയിച്ചത്. രാജ്യത്തെ ഭരണഘടന ലിംഗപരമായ വേർതിരിവ് അനുവദിക്കാത്തിടത്തോളം ഇസ്ലാം മത വിശ്വാസികൾക്കിടയിലെ ഇത്തരം പ്രശ്നങ്ങൾ വിലയിരുത്താനും കാലോചിതമായ മാറ്റങ്ങൾ നിർദ്ദേശിക്കാനും പ്രത്യേക ബഞ്ച് രൂപീകരിക്കണമെന്നും ജസ്റ്റിസുമാർ ആവശ്യപ്പെട്ടു.
വിവാഹവും പിന്തുടർച്ചാവകാശവുമൊന്നും മതവുമായി ബന്ധപ്പെട്ട വിഷയങ്ങളല്ല. മതത്തിൽ ഇതിനെക്കുറിച്ചുള്ള നിഷ്കർഷകളുമില്ല. 1950ൽ കാലോചിതമായ മാറ്റങ്ങൾ ഉൾപ്പെടുത്തി ഹിന്ദു വ്യക്തി നിയമം പരിഷ്‍ക്കരിച്ചിരുന്നു. എന്നാൽ നാളിതുവരെ മാറ്റമില്ലാതെ തുടരുന്ന മുസ്ലീം വ്യക്തി നിയമം തീർത്തും അപരിഷ്‍‍‍കൃതമെന്നും ബഞ്ച് വിലയിരുത്തി. ജാവേദ് vs സ്റ്റേറ്റ് ഓഫ് ഹരിയാന കേസിൽ ബഹുഭാര്യത്വത്തിനെതിരെയുള്ള മൂന്നംഗ ബഞ്ചിന്റെ നിരീക്ഷണം കൂടി ഉദ്ധരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന് മുന്നിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്.
ബഹുഭാര്യത്വവും മുത്തലാക്കും സദാചാരമൂല്യങ്ങൾക്കെതിരെന്നായിരുന്നു ജാവേദ് vs സ്റ്റേറ്റ് ഓഫ് ഹരിയാന കേസിലെ കോടതി നിരീക്ഷണം. 1985ൽ വിവാഹമോചിതയും അറുപതുകാരിയുമായ മുസ്ലീം വനിതക്ക് ജീവനാംശം നൽകുന്നതിനായി സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ മുസ്ലീം വ്യക്തി നിയമത്തിന്റെ പഴുതുകളുപയോഗിച്ച് അന്നത്തെ കോൺഗ്രസ്സ് സർക്കാർ ഇത് നിഷേധിക്കുകയായിരുന്നു.
1986 ലെ രാജീവ് ഗാന്ധി സർക്കാർ പസ്സാക്കിയ മുസ്ലീം വിമൻ ആക്ടും ഭരണഘടനാ ബഞ്ച് പുന:പരിശോധിക്കണമെന്നും പുതിയ ആവശ്യത്തിൽ പറയുന്നു.
News Credits Janamtv News

'മാണി 25 ലക്ഷം കോഴ വാങ്ങി' : വിന്‍സന്‍ പോള്‍ കേസ്‌ അട്ടിമറിച്ചു

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്ക്‌ എതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. രണ്ടു തവണയായി മാണി 25 ലക്ഷം കോഴ വാങ്ങിയെന്ന വിജിലന്‍സ്‌ എസ്‌.പി: ആര്‍. സുകേശന്റെ റിപ്പോര്‍ട്ട്‌ ശരിവച്ച കോടതി വിജിലന്‍സ്‌ ഡയറക്‌ടര്‍ വിന്‍സന്‍ എം. പോളിനെ രൂക്ഷമായി വിമര്‍ശിച്ചു.
പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി മന്ത്രി മാണി ആദ്യ തവണ 15 ലക്ഷവും രണ്ടാം തവണ 10 ലക്ഷവും വാങ്ങിയെന്നു വിജിലന്‍സ്‌ റിപ്പോര്‍ട്ടിലുണ്ട്‌. പണം കൈമാറിയതിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നു വിജിലന്‍സ്‌ ജഡ്‌ജി ജോണ്‍ കെ. ഇല്ലിക്കാടന്റെ ഉത്തരവില്‍ പറയുന്നു. മാണിക്കെതിരായ കേസ്‌ അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ്‌ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട്‌ കോടതി തള്ളി.
കേസിലെ സത്യാവസ്‌ഥ മറച്ചുവയ്‌ക്കാന്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ ശ്രമിച്ചുവെന്ന്‌ കോടതി നിരീക്ഷിച്ചു. ഉന്നത ഉദ്യോഗസ്‌ഥന്‍ എന്ന സ്‌ഥാനം ഉപയോഗിച്ച്‌ സമ്മര്‍ദം ചെലുത്തിയ വിജിലന്‍സ്‌ ഡയറക്‌ടര്‍, അന്വേഷണ ഉദ്യോഗസ്‌ഥന്റെ നിഗമനങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍നിന്ന്‌ ഒഴിവാക്കി. സുപ്രീം കോടതി വിധിന്യായങ്ങളുടെ ലംഘനം ബാര്‍ കോഴക്കേസില്‍ നടന്നെന്ന്‌ കോടതി വിലയിരുത്തി. ഡയറക്‌ടറുടെ സൂക്ഷ്‌മപരിശോധനാ റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഒരടി മുന്നോട്ടു നീങ്ങിയില്ല. അന്തിമ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കേണ്ടത്‌ അന്വേഷണോദ്യോഗസ്‌ഥന്‍ എസ്‌.പി: ആര്‍. സുകേശന്റെ കണ്ടത്തലുകളാണ്‌- കോടതി വ്യക്‌തമാക്കി.മന്ത്രി കെ.എം. മാണി കോഴ കൈപ്പറ്റിയെന്ന്‌ വസ്‌തുതാന്വേഷണ റിപ്പോര്‍ട്ടില്‍ എസ്‌.പി. ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം മറികടക്കാനായി പുറത്തുള്ള അഭിഭാഷകരില്‍ നിന്ന്‌ വിജിലന്‍സ്‌ ഡയറക്‌ടര്‍ നിയമോപദേശം തേടി. ഉന്നത ഉദ്യോഗസ്‌ഥന്‍ എന്ന നിലയില്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ക്കു ചില അധികാരങ്ങളുണ്ട്‌. അന്വേഷണം തൃപ്‌തികരമല്ലെങ്കില്‍ തുടരന്വേഷണത്തിന്‌ ഉത്തരവിടാന്‍ മാത്രമാണ്‌ അദ്ദേഹത്തിന്‌ അധികാരമുള്ളതെന്നു കോടതി വിലയിരുത്തി. അന്തിമ റിപ്പോര്‍ട്ട്‌ എങ്ങനെയായിരിക്കണമെന്ന്‌ തീരുമാനിക്കാന്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ക്ക്‌ അധികാരമില്ല. വസ്‌തുതാ റിപ്പോര്‍ട്ട്‌ കേസിലെ ആധികാരിക രേഖയല്ലെന്ന വിജിലന്‍സ്‌ പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലിന്റെ വാദം കോടതി തള്ളി.
2014 മാര്‍ച്ച്‌ 22നു കെ.എം. മാണി ബാറുടമകളുമായി കൂടിക്കാഴ്‌ച നടത്തി. മാണിയുടെ വീട്ടില്‍വച്ച്‌ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ്‌ അസോസിയേഷന്‍ നേതാവ്‌ ജോണ്‍ കല്ലാട്ട്‌ 15 ലക്ഷം രൂപ െകെമാറിയെന്നു സാക്ഷിമൊഴികളുണ്ട്‌. ഈ തുക മാണിക്കു െകെമാറാനായാണു പിരിച്ചെടുത്തതെന്നും സാക്ഷിമൊഴിയുണ്ട്‌. അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നു പിരിച്ചെടുത്ത പണം അസോസിയേഷന്റെ ബാങ്ക്‌ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുമില്ല.
മാര്‍ച്ച്‌ 31നു നടന്ന രണ്ടാം കൂടിക്കാഴ്‌ചയ്‌ക്കു മുമ്പ്‌ 50 ലക്ഷം രൂപ പണപ്പിരിവ്‌ നടത്തി. ശാസ്‌ത്രീയ തെളിവുകള്‍ സൂചിപ്പിക്കുന്നത്‌ മാര്‍ച്ച്‌ 30നു ബാറുടമകള്‍ പാലയിലെത്തിയെന്നാണ്‌. കൂടിക്കാഴ്‌ചയില്‍ പണം െകെമാറിയതു സംബന്ധിച്ച്‌ അന്വേഷണ ഉദ്യോഗസ്‌ഥനു തെളിവ്‌ ലഭിച്ചില്ല. എന്നാല്‍, അസോസിയേഷന്റെ കാഷ്‌ ബുക്കില്‍ ഈ തുകയെപ്പറ്റി ശരിയായ രീതിയില്‍ രേഖപ്പെടുത്തലുകളില്ല. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്‌. അസോസിയേഷന്‍ നേതാക്കള്‍ 2014 മാര്‍ച്ചില്‍ പിരിച്ചെടുത്ത ലീഗല്‍ ഫണ്ടിനെക്കുറിച്ചും ബാങ്ക്‌ ഇടപാടുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ബാര്‍ ഉടമാ അസോസിയേഷന്‍ നേതാവ്‌ രാജ്‌കുമാര്‍ ഉണ്ണി മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയെന്ന ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയും ശാസ്‌ത്രീയ തെളിവുകളും ഒത്തുചേരുന്നതായി കോടതി വിലയിരുത്തി. മൂന്നാം കൂടിക്കാഴ്‌ചയില്‍ മന്ത്രി പത്തു ലക്ഷം കോഴ െകെപ്പറ്റിയതിന്‌ ആവശ്യമായ തെളിവുണ്ടെന്നും കോടതി വിലയിരുത്തി.
മാര്‍ച്ച്‌ 26നു നടന്ന മന്ത്രിസഭായോഗത്തില്‍ ബാര്‍ വിഷയത്തില്‍ നിയമമന്ത്രിയുടെ അഭിപ്രായം ആരാഞ്ഞതു െകെക്കൂലി വാങ്ങാനാണെന്ന എസ്‌.പിയുടെ കണ്ടെത്തലുകളും കോടതി ശരിവച്ചു. ബാറുടമ ബിജു രമേശ്‌ നല്‍കിയ സി.ഡിയിലെ ശബ്‌ദരേഖയെക്കുറിച്ച്‌ ശാസ്‌ത്രീയ അന്വേഷണം വേണം. ബാറുടമയുടെ ശബ്‌ദവും ശബ്‌ദരേഖയിലെ ശബ്‌ദവും താരതമ്യം ചെയ്യേണ്ടതുണ്ട്‌. ഇതിനുശേഷം മാത്രമേ ശബ്‌ദരേഖ സംബന്ധിച്ച്‌ അന്തിമ തീരുമാനത്തിലെത്താന്‍ കഴിയൂ. വസ്‌തുതാ റിപ്പോര്‍ട്ടിനും അന്തിമറിപ്പോര്‍ട്ടിനുമിടയില്‍ ഒരു അന്വേഷണവും നടന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
News Credits,Mangalam Daily
ബാര്‍കോഴ കേസ് തുടരന്വേഷണം: ആരോപണ പ്രത്യാരോപണങ്ങളുമായി ഇടത്-വലത് നേതാക്കള്‍
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ.എം.മാണിക്ക് ഉറച്ച പിന്തുണയുമായി മുഖ്യമന്ത്രി രംഗത്തെത്തി. വിധിയുടെ പശ്ചാത്തലത്തില്‍ കെ.എം.മാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ വിധിയെ സ്വാഗതം ചെയ്യുന്നതായും തുടരന്വേഷണം നടക്കട്ടേയെന്ന് മന്ത്രി കെ.എം.മാണി വ്യക്തമാക്കി. അതേസമയം മാണി കോഴ വാങ്ങിയതായി തെളിഞ്ഞതായും സര്‍ക്കാര്‍ തന്നെ രാജിവെക്കണമെന്നും ഇടത് നേതാക്കള്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വെച്ച ബാര്‍കോഴ കേസില്‍ മന്ത്രി കെ.എം.മാണിക്കെതിരെ വിജിലന്‍സ് കോടതി തുടരന്വേഷണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടത്-വലത് നേതാക്കള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയത്.
വിധി വന്ന ഉടന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആദ്യം പ്രതികരിച്ചതാകട്ടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. വിധിയുടെ പശ്ചാത്തലത്തില്‍ കെ.എംമാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. അന്വേഷണം നേരിട്ട മന്ത്രിമാര്‍ രാജിവെക്കുന്ന കീഴ്‌വഴക്കമില്ലെന്ന് കെ.എം.മാണി വ്യക്തമാക്കി.
മന്ത്രി സ്ഥാനം രാജിവെക്കണമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കെ.എം. മാണി തന്നെയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിനെ ഒരു തരത്തിലും വിധി ബാധിക്കില്ലെന്ന് എക്‌സൈസ് വകുപ്പ്് മന്ത്രി കെ.ബാബു പറഞ്ഞു. നിയമപരമായി കാര്യങ്ങള്‍ പരിശോധിച്ചശേഷം അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രൂക്ഷമായ ഭാഷയിലാണ് ഇടത് മുന്നണി നേതാക്കള്‍ മന്ത്രിമാരുടെ വാക്കുകള്‍ക്കെതിരെ പ്രതികരിച്ചത്. മന്ത്രി കെ.എം.മാണിക്ക് ആത്മാഭിമാനം ഉണ്ടെങ്കില്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിധിയിലൂടെ പരാജയപ്പെട്ടെന്ന് വി.എസ് സുനില്‍കുമാര്‍ എംഎല്‍എ വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കെ ബാര്‍കോഴ വിവാദം വീണ്ടും യുഡിഎഫിനെ പിടിച്ചുലക്കുകയാണ്. വരും ദിവസങ്ങളില്‍ കേസിന് കൂടുതല്‍ വഴിത്തിരിവുകളുണ്ടാകുമെന്നും ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
News Credits,Janamtv News

ലോകം ആരാധിക്കുന്ന ആദ്യ പത്ത് നേതാക്കളിൽ ഗാന്ധിജിയും മോദിയും

ജനീവ : ലോകം ആരാധിക്കുന്ന നേതാക്കന്മാരെ കണ്ടെത്താൻ വേൾഡ് ഇക്കണോമിക് ഫോറം നടത്തിയ സർവേയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ രണ്ട് ഭാരതീയർ ഇടം പിടിച്ചു . ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് ആദ്യ പത്തിലുൾപ്പെട്ടത് . പട്ടികയിൽ മഹാത്മജി നാലാമതെത്തിയപ്പോൾ മോദി പത്താം സ്ഥാനത്താണ് .,br> ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യ നായകൻ നെൽസൺ മണ്ഡേലയാണ് ഒന്നാം സ്ഥാനം നേടിയത് . പോപ്പ് ഫ്രാൻസിസാണ് രണ്ടാമത് . ടെസ് ല മോട്ടോഴ്സ് ചീഫ് എലോൺ മസ്ക് ( 3) , ബിൽ ഗേറ്റ്സ് ( 5) , ബാരക്ക് ഒബാമ (6 ) വിർജിൻ ഗ്രൂപ്പ് സ്ഥാപകൻ റിച്ചാർഡ് ബാർസൺ ( 7 ) , സ്റ്റീവ് ജോബ്സ് (8) , മുഹമ്മദ് യൂനിസ് (9) എന്നിവരാണ് ആദ്യ പത്തിലുൾപ്പെട്ട മറ്റുള്ളവർ .
വേൾഡ് ഇക്കണോമിക് ഫോറത്തിലെ 285 നഗരങ്ങളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത സർവേയാണിത് . ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരായിരുന്നു സർവേയിൽ പങ്കെടുത്തത്.


ഭീകര സംഘങ്ങളെ പരിശീലിപ്പിച്ചത് പാകിസ്ഥാനാണെന്ന് മുഷറഫിന്റെ കുറ്റസമ്മതം

ലാഹോർ : കാശ്മീരിൽ ഭീകരാക്രമണങ്ങൾ നടത്താൻ ലഷ്കർ ഇ തോയിബ ഉൾപ്പടെയുളള ഭീകര സംഘടനകൾക്ക് പരിശീലനവും, സഹായവും നൽകിയത് തങ്ങളാണെന്ന് മുൻ പാകിസ്ഥാൻ പ്രസിഡന്‍റ് പർവേസ് മുഷറഫ്. ഒസാമ ബിൻ ലാദനും, താലിബാനും ഹഖാനി ശൃംഖലയും അൽ സവാഹിരിയും തങ്ങളുടെ വീര നായകന്മാരായിരുന്നെന്നും മുഷറഫ് പറഞ്ഞു.ഒരു പാകിസ്ഥാനി മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫിന്റെ വെളിപ്പെടുത്തലുകൾ വന്നത്.
1990 കളിൽ കാശ്മീരിൽ ഭീകരാക്രമണം നടത്താൻ ലഷ്കർ ഇ തോയ്ബയ്ക്ക് പരിശീലനവും, സാമ്പത്തിക സഹായവും നൽകിയിരുന്നു.അക്കാലത്ത് ലഷ്കറിന് പുറമേ മറ്‍റു പന്ത്രണ്ടോളം സംഘടനകളേയും പാക്കിസ്ഥാൻ സഹായിച്ചിട്ടുണ്ട്. ലഷ്കർ ഭീകരരായ ഹാഫിസ് സയദും സഖി ഉർ റഹ്മാൻ ലഖ്വിയും തങ്ങളുടെ വീരനായകന്മാരായിരുന്നു . മതമൗലികവാദം ഭീകരതയിലേക്ക് തിരിഞ്ഞത് പിന്നീടാണ് . അക്കാലത്തെ സാഹചര്യം മനസ്സിലാക്കി വേണം കാര്യങ്ങളെ കാണാനെന്നും മുഷറഫ് വ്യക്തമാക്കി ,br> സോവിയറ്റ് ശക്തികൾക്കെതിരെ പോരാടാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭീകരവാദികളെ എത്തിച്ചു. റഷ്യക്കെതിരെ പോരാടാൻ താലിബാനെ പരിശീലിപ്പിക്കുകയും, അവരെ അങ്ങോട്ടയക്കുകയും ചെയ്തു. പാക്കിസ്ഥാനിൽ മതതീവ്രവാദം ഭീകരവാദത്തിലേക്ക് തിരിഞ്ഞതാണ് പ്രശ്നമായത്. ഇവർ സ്വന്തം ആളുകളേയും കൊന്നൊടുക്കുകയാണെന്ന് മുഷറഫ് പറഞ്ഞു. ഇത് നിയന്ത്രിക്കണമെന്നും മുഷറഫ് അഭിപ്രായപ്പെട്ടു.എന്നാൽ ലഷ്കർ ഭീകരരായ ഹാഫിസ് സയദിനേയും സഖി ഉർ റഹ്മാൻ ലഖ്വിയേയും നിയന്ത്രിക്കേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാൻ മുഷറഫ് തയ്യാറായില്ല.
പാക് ചാര സംഘടനയായ ഐ എസ് ഐ യുടെ പിന്തുണയും സഹായവും ലഷ്കർ ഇ തോയ്ബയ്ക്കുണ്ടെന്ന ഭാരതത്തിന്റെ ആരോപണം ശരി വയ്ക്കുന്നതാണ് മുഷറഫിന്റെ മൗനം .
News credits,Janamtv

Thursday, October 22, 2015

സങ്കൽപ്പം കർമ്മപഥത്തിൽ



കലിയുഗത്തിനാവശ്യം സംഘടനാ ശക്തിയാണ് എന്ന ചിന്തയോടെ 1925 സെപ്റ്റംബർ 27 ന് ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ രാഷ്ട്രീയ സ്വയംസേവക സംഘം ആരംഭിച്ചത് ഒരു വിജയദശമി ദിനത്തിലാണ് . അന്ന് രേഷം ബാഗിലെ മോഹിതെവാഡെ സംഘസ്ഥാനിൽ വിരലിലെണ്ണാവുന്ന കിശോരന്മാരിൽ നിന്ന് ഭാരതത്തിനകത്തും പുറത്തും ശാഖോപശാഖകളായി പടർന്ന് പന്തലിച്ച ഒരു മഹാപ്രസ്ഥാനമായി അത് മാറിയിരിക്കുന്നു . ഇന്ന് ദേശീയ നവോത്ഥാനത്തിന്റെ സാരഥിയായി 90 വർഷങ്ങൾ പിന്നിടുകയാണ് ആർ.എസ്.എസ്
സംഘസ്ഥാപനം കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു . ആത്മ വിസ്മൃതിയിലാണ്ട് കിടന്ന ഒരു ജനതയെ ഉണർത്തിയ വിവേകാനന്ദ സ്വാമികൾ അച്ചടക്കമുള്ള സംഘടനയുടെ അഭാവമാണ് സമാജം നേരിടുന്ന പ്രശ്നമെന്ന് ഉദ്ബോധിപ്പിച്ചു . സംഘം ആരംഭിക്കുമ്പോൾ ഹെഡ്ഗേവാറിന്റെ മനസ്സിലുണ്ടായിരുന്നതും ഈ വിവേകവാണികളായിരുന്നു . യഥാർത്ഥ ദേശീയ ശക്തിയുടെ അഭാവമാണ് വിദേശഭരണത്തിന് കളമൊരുക്കിയത് എന്ന് മനസ്സിലാക്കിയ അദ്ദേഹം ദേശീയതയെ പ്രോജ്ജ്വലിപ്പിക്കുന്ന ഒരു സംഘടനയ്ക്ക് വേണ്ടി ചിന്തിച്ചു .അങ്ങനെ 1925ൽ വിജയദശമി ദിനത്തിൽ ആരംഭിച്ച സംഘം ഇന്ന് സമൂഹത്തിന്റെ എല്ലാ മേഖലകളിലും വിജയക്കൊടി പാറിച്ച് നവതിയിലേക്കെത്തുകയാണ് ..
രാജനൈതിക മേഖലയിൽ ഭാരതീയ ജനതാ പാർട്ടി , വിദ്യാർത്ഥി മേഖലയിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് , തൊഴിൽ മേഖലയിൽ ഭാരതീയ മസ്ദൂർ സംഘ് , ലോകത്തിലെത്തന്നെ ഏറ്റവും വലിയ കുട്ടികളുടെ പ്രസ്ഥാനങ്ങളിലൊന്നായ ബാലഗോകുലം , ക്ഷേത്രങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളാക്കാൻ പ്രവർത്തിക്കുന്ന ക്ഷേത്ര സംരക്ഷണ സമിതി , വിശ്വഹിന്ദു പരിഷദ് , ഏത് പ്രകൃതി ദുരന്തത്തിലും സഹായവുമായി എത്തുന്ന, മാനവസേവ മാധവസേവ എന്ന് പ്രഖ്യാപിച്ച് പ്രവർത്തിക്കുന്ന സേവാഭാരതി , ശാ‍സ്ത്ര ചിന്തകൾ സമൂഹത്തിലെത്തിക്കാൻ യത്നിക്കുന്ന സ്വദേശി ശാസ്ത്ര പ്രസ്ഥാനം, വനവാസി സഹോദരങ്ങളുടെ ഉയർച്ചക്കു വേണ്ടി പ്രവർത്തിക്കുന്ന വനവാസി കല്യാണാശ്രമം തുടങ്ങി നിരവധി സംഘടനകൾ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ആശയാടിത്തറയിൽ രൂപം കൊണ്ടിട്ടുണ്ട് .
1975 ൽ ഏകാധിപത്യത്തിന്റെ കരാളതയിൽ ഭാരതം അടിയന്തരാവസ്ഥയെ നേരിട്ടപ്പോൾ ജനതയെ സംഘടിപ്പിച്ച് ജനാധിപത്യത്തെ സംരക്ഷിച്ചവരുടെ മുൻ നിരയിലും രാഷ്ട്രീയ സ്വയംസേവക സംഘം ഉണ്ടായിരുന്നു . ഭാരതം നേരിട്ട പാകിസ്ഥാൻ ചൈന ആക്രമണങ്ങളിൽ രാഷ്ട്രം ആവശ്യപ്പെട്ട എല്ലാ സേവനങ്ങൾക്കും സ്വയംസേവകർ മുന്നിലുണ്ടായിരുന്നു. ഭാരതീയ സംസ്കാരത്തിന്റെ ശ്രേഷ്ഠവും ജീവത്പോഷകവുമായ മൂല്യങ്ങളെ വളർത്തിയെടുത്ത് രാഷ്ട്രത്തെ പരമ വൈഭവത്തിലെത്തിക്കുകയെന്നതാണ് സംഘത്തിന്റെ ലക്ഷ്യം
തനതായ വ്യക്തിത്വവും സമ്പത്തും വിദ്യാഭ്യാസവും എല്ലാമുണ്ടായിട്ടും ദേശീയ ബോധത്തിന്റെ അഭാവമാണ് ഭാരതം ദീർഘനാളായി വൈദേശിക അടിമത്തത്തിലാണ്ടു പോകാൻ കാരണമായത് . സ്വപ്രേരണയാലേ രാഷ്ട്രഹിതത്തിനു വേണ്ടി പ്രവർത്തിക്കുന്ന സ്വയം സേവകരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘം മുന്നോട്ടു പോകുകയാണ് . ..
“ കടന്നു ചെൽകയെങ്ങുമേ നഗരഗ്രാമഭാവമായ്
നിറഞ്ഞിടുന്ന ജീവിതത്തുടിപ്പുകൾ തിരഞ്ഞു നാം
അതിൽ പകർന്നൊഴിക്ക ദേശസ്നേഹ ഭാവധാരകൾ
കൊളുത്തി വയ്ക്ക ശുദ്ധ ധ്യേയ ബോധമാം വിളക്കുകൾ..

Monday, October 19, 2015

പുരസ്‌കാര തിരസ്‌കാരം

ഫാസിസത്തോടുള്ള പ്രതിഷേധം ജ്വലിച്ചപ്പോള്‍ ചെയ്തുതുടങ്ങിയതാണ് ഈ സാഹസം. നമ്മളെക്കൊണ്ട് വേറെ കാര്യമായൊന്നും ചെയ്യാനാവില്ലെന്നതുകൊണ്ടാണ് അവാര്‍ഡ് സാധനം എടുത്തൊരേറ് എറിഞ്ഞത്
രാജ്യത്തുടനീളം സാഹിത്യകാരന്മാര്‍ക്കിടയില്‍ പുരസ്‌കാര തിരസ്‌കാര ജ്വരം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണല്ലോ. മോദി സര്‍ക്കാര്‍ ഇതുകണ്ട് ഞെട്ടുകയും വിറയ്ക്കുകയും രക്ഷപ്പെടാന്‍ എഴുത്താളര്‍ വര്‍ഗത്തിന്റെ കാല്‍ക്കല്‍ വീണ് മാപ്പ് അപേക്ഷിക്കുകയും ചെയ്യും എന്നായിരുന്നു വിചാരിച്ചിരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളാണ് ആദ്യമൊക്കെ ത്യജിച്ചിരുന്നത്. ഇങ്ങോട്ട് വന്ന അവാര്‍ഡുകള്‍ ബൂമറാങ്ങായി അങ്ങോട്ടുതന്നെ തിരിച്ചുചെന്നിട്ടും ഭരണചക്രം തിരിക്കുന്നവരില്‍ ലവലേശം കൂസല്‍ ദൃശ്യമായില്ല. അതിനെ തുടര്‍ന്ന്, ഡോ.മന്‍മോഹന്‍ സിങ്ങ് കാലത്ത് കിട്ടിയ, വീടിന്റെ അട്ടത്തും പറമ്പിന്റെ ഓരങ്ങളിലും ഉപേക്ഷിച്ചിരുന്ന പുരസ്‌കാരഫലകങ്ങള്‍ തപ്പിപ്പിടിച്ച് പൊടിതട്ടി തിരിച്ചയച്ചു.. മോദിജി ഇനിയും മൗനം തുടര്‍ന്നാല്‍ പ്രധാനമന്ത്രി നെഹ്‌റുവിന്റെ കാലത്ത് കൊടുത്ത സാധനങ്ങളും തിരഞ്ഞുപിടിച്ച് മിസ്സൈല്‍ പോലെ ദല്‍ഹിക്ക് തൊടുക്കും. കാണാമല്ലോ, സംഘപരിവാരം എത്ര പിടിച്ചുനില്‍ക്കുമെന്ന്.
ഫാസിസത്തോടുള്ള പ്രതിഷേധം ജ്വലിച്ചപ്പോള്‍ ചെയ്തുതുടങ്ങിയതാണ് ഈ സാഹസം. നമ്മളെക്കൊണ്ട് വേറെ കാര്യമായൊന്നും ചെയ്യാനാവില്ലെന്നതുകൊണ്ടാണ് അവാര്‍ഡ് സാധനം എടുത്തൊരേറ് എറിഞ്ഞത്. പണ്ട് താത്രപത്രബഹുമതി കിട്ടിയതിനെകുറിച്ച് ചോദിച്ചപ്പോള്‍, മുറ്റത്ത് പാഞ്ഞുകേറുന്ന പട്ടിയെ എറിയാന്‍ ബെസ്റ്റാണ് അത് എന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത്. മോദിയെ എറിയാന്‍ വേറെ കൈവശമൊന്നുമില്ലാത്തതുകൊണ്ടാണ് പുരസ്‌കാരം തിരിച്ചെറിഞ്ഞത്. ഒരോന്നും എറിയുന്നതിന് മുമ്പ് അതിന്റെ ഉത്ഭവത്തെ കുറിച്ച് ഗവേഷണം നടത്താനാവില്ലല്ലോ. അല്ലെങ്കിലും സര്‍ക്കാറാണോ സാഹിത്യകാരന്മാര്‍ക്ക് അവാര്‍ഡ് നല്‍കുന്നത് ? പ്രധാനമന്ത്രിയാണോ ഇതിന്റെ ലിസ്റ്റ് തയ്യാറാക്കുന്നത് ? ആയിരുന്നെങ്കില്‍ അവാര്‍ഡ് വാങ്ങാനേ പാടില്ലല്ലോ. സാഹിത്യ അക്കാദമി ഒരു സര്‍ക്കാര്‍ സ്ഥാപനമേ അല്ലെന്നൊരു വാദവും ഉണ്ട്. സാഹിത്യ അക്കാദമി സാഹിത്യം നടത്താന്‍ സാഹിത്യകാരന്മാര്‍ക്ക് ജനം ഉണ്ടാക്കിക്കൊടുത്ത സ്ഥാപനമാണ്. മോദിയോട് പ്രതിഷേധിച്ച് അക്കാദമിക്ക് കല്ലെറിയുന്നത്, ചാനല്‍ ചര്‍ച്ച കേട്ട് സമനില തെറ്റി വീട്ടിലെ ടിവി വെട്ടിപ്പൊളിക്കുന്നത് പോലെയല്ലേ എന്ന ചോദ്യമുണ്ട്. അതിനൊക്കെ മറുപടി പിന്നെ പറയാം. തല്‍ക്കാലം അവാര്‍ഡ് ഏറ് തുടരും.
അവാര്‍ഡ് തിരിച്ചുനല്‍കുന്നവര്‍ അതിന്റെ അഭിനന്ദനപത്രവും ഒപ്പം കൊടുക്കാറുള്ള എടുത്താല്‍ പൊങ്ങാത്ത വിചിത്ര ശില്പവും ആണോ തിരിച്ചുകൊടുക്കുക ? കൂടെക്കിട്ടിയ കാശ് തിരിച്ചുകൊടുക്കുമോ ?
കെ.ജി.ശങ്കരപ്പിള്ള ചോദിച്ചതുപോലെ അവാര്‍ഡ് എന്നാല്‍ കാശും പ്രസംശാപത്രവും മാത്രമാണോ ? അന്ന് കിട്ടിയ അഭിനന്ദന എസ്.എം.എസ്സുകള്‍ തിരിച്ചയക്കാന്‍ പറ്റുമോ, സ്വീകരണങ്ങള്‍ ക്യാന്‍സലാക്കുമോ ? പതങ്ങളില്‍വന്ന വെണ്ടയ്ക്കാതലക്കെട്ടുകള്‍, ടെലിവിഷന്‍ അഭിമുഖങ്ങള്‍..... പുരസ്‌കാരത്തേക്കാള്‍ പബ്ലിസിറ്റി പലപ്പോഴും തിരസ്‌കാരങ്ങള്‍ക്ക് കിട്ടും. മുമ്പൊരു സാഹിത്യനായകനെ അക്കാദമിയില്‍ നിന്ന് വിളിച്ച് അവാര്‍ഡ് താങ്കള്‍ക്കാണ് എന്ന് പറഞ്ഞപ്പോള്‍ ബഹുസന്തോഷം എന്ന് പറയുകയും അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ പിറ്റേന്ന് നിരസിക്കുകയും ചെയ്തതായി കേട്ടിരുന്നു. ഡസന്‍ ആളുകള്‍ക്കൊപ്പം സ്റ്റാമ്പ് പോലൊരു ഫോട്ടോ ആണ് പത്രത്തില്‍ അവാര്‍ഡ് വാര്‍ത്തയ്‌ക്കൊപ്പം വന്നത്. എല്‍.പി.സ്‌കൂള്‍ കുട്ടികള്‍ക്ക് എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പിന് ഇതിലും വലിയ ഫോട്ടോ വരും. സാഹിത്യനായകന്‍ ഉടനെ പത്രസമ്മേളനം വിളിച്ച് അവാര്‍ഡ് നിരസിച്ചു. ഒരാഴ്ച് നീണ്ടുനിന്നു അതിന്റെ മാധ്യമ ആഘോഷം. അല്ല പിന്നെ...
നരേന്ദ്രമോദിയുടെ ഭരണ കാര്യസ്ഥന്മാര്‍ പരിഭ്രമിച്ചിരിക്കുന്നു എന്നത് ശരിയാണ്. അതുപക്ഷേ, അവാര്‍ഡ് തിരസ്‌കാരം കൊണ്ടല്ല. അക്കാദമിയുടെ കമ്മിറ്റികളില്‍ സ്ഥാനം വഹിക്കുന്ന നിരവധി ആളുകള്‍ രാജിവെച്ചുകൊണ്ടിരിക്കുന്നത് സീരിയസ് പ്രശ്‌നമാണ്. എന്തോ ഭാഗ്യത്തിന് ചെയര്‍മാന്‍ രാജിവെച്ചിട്ടില്ല. പുതിയ ചെയര്‍മാനെ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇതിനൊക്കെ എവിടെ ആളെത്തിരയാനാണ് ? ഇടതുപക്ഷത്ത് കൊടിപിടിക്കുന്നവരൊക്കെ ബുദ്ധിജീവികളാണ്. കോണ്‍ഗ്രസ് സര്‍ക്കാറിന് ഇടതുപക്ഷത്ത് നിന്ന് ബുദ്ധിജീവികളെ കടമെടുക്കാം. സംഘപരിവാറിന് സ്വന്തം വക ഇക്കൂട്ടര്‍ ഇല്ല, കടമെടുക്കാനും കിട്ടില്ല. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തലവനായി ഭക്തി സിനിമയിലെ നടനെ നിയമിച്ചതിന്റെ പുകില്‍ തീര്‍ന്നിട്ടില്ല. ഡസന്‍ കണക്കിന് കമ്മിറ്റി ഒഴിവുകള്‍ ഉണ്ട്. പേടിക്കാനില്ല. കേരളത്തില്‍ ഒരു ഡസന്‍ ആളുകള്‍ പുരസ്‌കാര തിരസ്‌കാരികള്‍ക്ക് എതിരെ പ്രസ്താവനയിറക്കാന്‍ ധൈര്യമായി മുന്നോട്ട് വന്നിരുന്നല്ലോ. അവരെ പരിഗണിക്കാന്‍ ആരോടും ചോദിക്കേണ്ട. വിഷമഘട്ടത്തില്‍ പിന്താങ്ങാന്‍ വരുന്നവരെ മരണംവരെ നമ്മള്‍ വിസ്മരിക്കരുത്.
പുരസ്‌കാര തിരസ്‌കാരം തുടങ്ങിയ ചില്ലറ പരിപാടികള്‍ വല്ലതും ഇനിയും കൈവശം ബാക്കിയുണ്ടെങ്കിലും വേഗം പുറത്തെടുക്കുന്നതാവും നല്ലത്. പിന്നീട് ഇതിനൊന്നും സമയം കിട്ടിയെന്ന് വരില്ല. ഫാസിസത്തിന്റെ വരവാണെന്നാണല്ലോ നമ്മള്‍ ഉറച്ചുവിശ്വസിക്കുന്നത്. എങ്കില്‍ ഈ ജാതി പ്രതിഷേധമൊക്കെ ആനയെ ഉറമ്പ് കടിച്ചതിന് അപ്പുറം ഒന്നുമല്ല. അവാര്‍ഡ് വലിച്ചെറിഞ്ഞാലൊന്നും ഫാസിസ്റ്റുകള്‍ പേടിക്കില്ല. ഫാസിസത്തിന് തീവ്രത കൂടുന്നതിന്റെ അതേ അനുപാതത്തില്‍ സാഹിത്യനായകന്മാരുടെയും സമാന ബുദ്ധിജീവികള്‍കളുടെയും ഫാസിസ്റ്റ് വിരോധത്തിന് തീവ്രത കുറഞ്ഞുവരും എന്നത് ചരിത്രം. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഫാസിസ്റ്റ് വിരോധികളായ കേരളത്തിലെ സിംഹഗര്‍ജനക്കാരും ബഹുഭാഷാപണ്ഡിതന്മാരും മറ്റും മറ്റും ഇന്ദിരാഗാന്ധിക്ക് സ്തുതിഗീതങ്ങള്‍ എഴുതിത്തളരുകയായിരുന്നു. അടിയന്തരാവസ്ഥ ലോകം കണ്ടതില്‍വെച്ചേറ്റവും ദുര്‍ബലവും പരിഹാസ്യവുമായ ഏകാധിപത്യമായിരുന്നു. ബുദ്ധിജീവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും മാധ്യമ പുലികള്‍ക്കും ഭാഗ്യമുണ്ടെങ്കില് ഒറിജിനല്‍ 'മെയ്ക് ഇന്‍ ഇന്ത്യ' സാധനം കാണാന്‍ പറ്റിയേക്കും. ധൃതിപ്പെടരുത്.
Article credits,Indrans,Mathrubhumi Daily,18 October 2015

4,60,000 സിപിഎമ്മുകാര്‍ പ്രതികള്‍: പിന്നെ പ്രതികളെ എങ്ങനെ മത്സരിപ്പിക്കാതിരിക്കും

കേസുകളില്‍ പ്രതികളായവര്‍ മത്സരിക്കണോ വേണ്ടയോ എന്ന് പക്ഷം പിടിക്കുന്നവര്‍ ഒരുകാര്യം കൂടി കേള്‍ക്കുക. കേരളത്തില്‍ നാല് ലക്ഷത്തിഅറുപതിനായിരം സി.പി.എമ്മുകാര്‍ കേസില്‍ പ്രതികളാണ്. പറയുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ. കേസില്‍ പ്രതികളാകുന്നവരെ മത്സരിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ സി.പി.എമ്മില്‍ സ്ഥാനാര്‍ത്ഥികളുണ്ടാവില്ലെന്ന് കോടിയേരി വ്യക്തമാക്കുന്നു.
ശരിയാണ്‌ ഇത്രയും പേരെ മാറ്റിനിര്‍ത്തിയാല്‍ പിന്നെ സി.പി.എമ്മിന് ഒരു തദ്ദേശ തിരഞ്ഞെടുപ്പിലൊക്കെ മത്സരിക്കാന്‍ എവിടുന്ന് ആളെകുട്ടും. ഈ ചര്‍ച്ച തുടങ്ങിവെച്ച കാരായിമാരുടെ സ്ഥാനാര്‍ഥിത്വത്തിന് കോടിയേരിക്ക് മറ്റൊരു ന്യായീകരണവുമുണ്ട്. കാരായി രാജനും കാരായി ചന്ദ്രശേഖരനും ഭരണകൂട ഭീകരതയ്‌ക്കെതിരെ ജനവിധി തേടുന്നതിനാണ് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതെന്നാണ് കോടിയേരി പറഞ്ഞത്. കോടിയേരിയുടെ വാദങ്ങളോട് നിങ്ങള്‍ക്കും പ്രതികരിക്കാം
ജയിലിലല്ലെങ്കിലും ജയിലിലെന്ന പോലെ കഴിഞ്ഞുകൂടുന്ന രണ്ട് സഖാക്കളെ കണ്ണൂര്‍ ജില്ലയില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളാക്കിയത് ബൂര്‍ഷ്വാകള്‍ക്ക് ഒട്ടും പിടിച്ചിട്ടില്ല. പാര്‍ട്ടിക്കകത്തെ ചില ബൂര്‍ഷ്വാകള്‍ക്കും പിടിച്ചിട്ടില്ല. കൊലക്കേസ് പ്രതികളെ എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയാക്കി എന്നതിനുള്ള ന്യായങ്ങള്‍ പറയാം. ശ്രദ്ധിച്ചുകേള്‍ക്കണം.
ഒന്ന്, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെങ്കില്‍, മത്സരിക്കുന്ന ആള്‍ക്ക് പ്രചാരണം നടത്താനും അവകാശമുണ്ട്. കണ്ണൂരില്‍ പോകേണ്ട, പ്രചാരണം എറണാകുളത്ത് നടത്തിയാല്‍മതി എന്ന് കോടതി പറയില്ല. തിരഞ്ഞെടുപ്പ് ജയിച്ചാലും ഇല്ലെങ്കിലും അത്രയും നാള്‍ നാട്ടില്‍ തങ്ങാന്‍ പറ്റിയാല്‍ കാരായിമാര്‍ക്ക് അത്രയും കാര്യായി. രണ്ട്. തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ധരിക്കേണ്ട. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലടച്ചിരുന്ന പാട്യം ഗോപാലനെ ജയിപ്പിച്ചത് ഇതേ കണ്ണൂര്‍ ജില്ലയിലെ വോട്ടര്‍മാരാണ് എന്ന് പി.ജയരാജന്‍ ദേശാഭിമാനി ലേഖനത്തില്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്. കാരായിമാരെ കണ്ണൂരില്‍ കടക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അതുമതി രണ്ട് സീറ്റ് ജയിക്കാന്‍. രാജ്യദ്രോഹക്കുറ്റത്തേക്കാള്‍ വലുതല്ലല്ലോ കൊലക്കുറ്റം.
മൂന്ന്. പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകനും ഒരു കൊലക്കേസ്സിലും കുറ്റവാളിയല്ല. പ്രതിയായിരിക്കും, കുറ്റവാളിയല്ല. ബൂര്‍ഷ്വാകോടതി ശിക്ഷിച്ചാലും പാര്‍ട്ടിക്കോടതിയില്‍ അവര്‍ക്ക് ശിക്ഷയില്ല. അവര്‍ ആദരണീയര്‍, മഹാന്മാര്‍, ത്യാഗികള്‍. പാര്‍ട്ടിപ്രവര്‍ത്തകരായ എല്ലാ കൊലക്കേസ് പ്രതികളും നിരപരാധികളാണ്. ജയിലില്‍ കുറ്റവാളിയായ ഒരു പ്രവര്‍ത്തകനുമില്ല. അതുകൊണ്ട് ഫൈസല്‍ കൊലക്കേസ് പ്രതിയെ അല്ല, ഏത് കൊലക്കേസ് പ്രതിയായി പാര്‍ട്ടിക്കാരനെയും സ്ഥാനാര്‍ത്ഥിയാക്കും. അടുത്ത തവണ സ്ഥാനാര്‍ത്ഥിനിര്‍ണയം നടത്തുമ്പോള്‍ ജയിലിലുള്ള പാര്‍ട്ടിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതും ആലോചിക്കാവുന്നതാണ്.
ബൂര്‍ഷ്വാപാര്‍ട്ടിക്കാര്‍ അവര്‍ക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ടാല്‍ ഉടന്‍ രാജിവെച്ചുപോയ്‌ക്കൊള്ളണം, അത് അഴിമതിയാകട്ടെ മറ്റെന്തുമാവട്ടെ. കോടതി വിട്ടാലും പാര്‍ട്ടി അവരെ വെറുതെ വിടില്ല. കൊലക്കേസ്സില്‍ കോടതി ശിക്ഷിച്ചാലും പാര്‍ട്ടിപ്രവര്‍ത്തകന്‍ കുറ്റവാളിയല്ല. യേത് ?
ആളുകള്‍ മൊത്തത്തില്‍ തെറ്റിദ്ധാരണകളിലും ദുര്‍വ്യാഖ്യാനങ്ങളിലും മുങ്ങിച്ചാവുകയാണ്. പാവപ്പെട്ട സ്പീക്കര്‍ ശക്തന്‍ തമ്പുരാന്‍, കുനിഞ്ഞ് ചെരിപ്പിടാന്‍ കഴിയാത്തതുകൊണ്ട് പരസ്സഹായം തേടിയത് ഭയങ്കര കുറ്റ കൃത്യമായിപ്പോയി. ബഹു.സ്പീക്കര്‍ തലയില്‍ തൊപ്പിയിടാനോ ഷര്‍ട്ടിടാനോ മുണ്ടുടുക്കാനോ കൈയില്‍ വാച്ച് കെട്ടാനോ ആയിരുന്നു പരസ്സഹായം തേടിയിരുന്നത് എങ്കില്‍ ബഹളം വല്ലതും ഉണ്ടാകുമായിരുന്നോ ? ഇല്ല. അപ്പോള്‍ കാല്‍ എന്നും ചെരിപ്പ് എന്നും പറയുന്ന സാധനങ്ങള്‍ ഹീനങ്ങളാണ്. അതാര് തീരുമാനിച്ചതാണ് ? ചില അവയവങ്ങളും ചില വസ്തുക്കളും അധ:കൃതരും അവര്‍ണരും തൊട്ടുകൂടാത്തതും ആയതിന്റെ നീതി ശാസ്ത്രം എന്താണ് ? എല്ലാം തെറ്റിദ്ധാരണയാണെന്ന് ഉറപ്പിച്ചുപറയണം ബഹു സ്പീക്കറെ... സിദ്ധാന്തം പറഞ്ഞാലേ ഇവിടെ പിടിച്ചുനില്‍ക്കാന്‍ പറ്റൂ.
ബഹു.സ്പീക്കര്‍ക്കും ഉണ്ട് ചില തെറ്റിദ്ധാരണകള്‍. തന്റെ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ ഒട്ടും സഹായിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ പണി അതാണെന്നത് ഒരു തെറ്റിദ്ധാരണ. രണ്ടാമത്, ശക്തന്‍ വളര്‍ന്നു എന്നത്. അതൊരു തോന്നലാണ്. സത്യമാവണമെന്നില്ല.
News Credits,Mathrubhumi Daily

Thursday, October 15, 2015

മോദിക്കെതിരെ സൃഷ്ടിക്കപ്പെട്ട കടലാസ് വിപ്ലവo -അരുണ്‍ ജെയ്റ്റിലി

ന്യൂഡല്‍ഹി: എഴുത്തുകാര്‍ കൂട്ടത്തോടെ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിര്‍മ്മിക്കപ്പെട്ട കടലാസ് വിപ്ലവത്തിന്റെ ഭാഗമാണെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി. 'എ മാനുഫാക്‌ചേര്‍ഡ് റിവോള്‍ട്ട്-പൊളിറ്റിക്‌സ് ബൈ അദര്‍ മീന്‍സ്' എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ജെയ്റ്റിലി എഴുത്താരുടെ പ്രതിഷേധത്തെ വിമര്‍ശിച്ചത്. ദാദ്രിയില്‍ ഒരു ന്യൂനപക്ഷ സമുദായക്കാരനെ തല്ലിക്കൊന്നത് ദൗര്‍ഭാഗ്യകരവും അപലപിക്കേണ്ടതുമാണ്. ശരിയായി ചിന്തിക്കുന്ന ആര്‍ക്കും അതിനെ ന്യായീകരിക്കാനാകില്ല. അത്തരം സംഭവങ്ങള്‍ രാജ്യത്തിന് പേരുദോഷമുണ്ടാക്കും. ഈ സംഭവത്തിന് പിന്നാലെ നിരവധി എഴുത്തുകാര്‍ സൗഹിത്യ അക്കാദമി നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് കീഴില്‍ അസഹിഷ്ണുതയുടെ അന്തരീക്ഷം രാജ്യത്ത് സംജാതമായെന്ന് വരുത്തിതീര്‍ക്കുകയാണ് എഴുത്തുകാരുടെ ഉദ്ദേശലക്ഷ്യം. ഈ പ്രതിഷേധങ്ങള്‍ യഥാര്‍ഥത്തിലുള്ളതാണോ അതോ നിര്‍മ്മിക്കപ്പെട്ടതോ ജെയ്റ്റിലി ചോദിക്കുന്നു.
ഇതില്‍ പല എഴുത്തുകാരും മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിനെതിരെ പ്രതികരിച്ചവരാണ്. പലരുടെയും അസ്വസ്ഥത ഒരു രാഷ്ട്രീയ യാഥാര്‍ഥ്യമാണ്. കോണ്‍ഗ്രസ് തിരിച്ചുവരുന്നതിന്റെ ഒരു ലക്ഷണവുമില്ല. ഇടതുപക്ഷം പേരിനുമാത്രമായി ശോഷിച്ചു. അതിനാല്‍ മോദി വിരുദ്ധതയും, ബി.ജെ.പി വിരുദ്ധതയും മറ്റൊരു രാഷ്ട്രീയമാക്കി പയറ്റുകയാണ്.
ഒരു പ്രതിസന്ധി സൃഷ്ടിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം ഒരു കടലാസ് വിപ്ലവം സൃഷ്ടിച്ച് സര്‍ക്കാരിനെതിരെ തിരിക്കുകയാണ്. ബി.ജെ.പിയോടുള്ള ആശയപരമായ അസഹിഷ്ണുതയാണ് ഇത് കാണിക്കുന്നത്. കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന വിപ്ലവകാരികളോട് ചോദിക്കാനുള്ളത്, അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ ഇവരില്‍ എത്ര പേര്‍ അറസ്റ്റ് വരിച്ചിട്ടുണ്ട്, അല്ലെങ്കില്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്, സിഖ് വിരുദ്ധകലാപത്തിലോ, 89 ലെ ഭഗല്‍പൂര്‍ കലാപത്തിലോ ഇവരില്‍ എത്ര പേര്‍ പ്രതികരിച്ചുവെന്നും ജെയ്റ്റിലി ചോദിക്കുന്നു.
News Credits,Mathrubhumi Daily,15/10/2015

ദേവദുർല്ലഭം ഈ ജീവിതം

അഗ്നിച്ചിറകുകളിൽ പറന്ന് നന്മയുടെ തിളക്കം ലോകത്തിന് നൽകാൻ പ്രയത്നിച്ച മഹാമനീഷി. ഭാരതത്തെ ശക്തവും ഐശ്വര്യ പൂർണവുമായ വികസിത രാഷ്ട്രമായി കാണാൻ ആഗ്രഹിച്ച പ്രതിഭാധനൻ . ജ്വലിക്കുന്ന മനസ്സുകൾക്ക് രാഷ്ട്രചിന്തയുടെ പൊൻവെളിച്ചം പകർന്നു നൽകിയ ദേശഭക്തൻ . അതെ അവുൽ പകിർ ജൈനുലാബ്ദീൻ അബ്ദുൾ കലാമിന്റേത് ദേവദുർല്ലഭമായ ജീവിതം തന്നെയായിരുന്നു .
ഇബ്സന്റെ പാരഡൈസ് ലോസ്റ്റിൽ പ്രപഞ്ചത്തിന്റെ അനന്തത കണ്ട് അത്ഭുതം കൂറിയ പഴയ കോളേജ് വിദ്യാർത്ഥി . ഒടുവിൽ ബഹിരാകാശ യാനങ്ങളുടെ നിർമാണ ചുമതലയിലെത്തിയത് കഠിനപ്രയത്നമൊന്ന് കൊണ്ട് മാത്രമായിരുന്നു .രാമേശ്വരത്തെ ചെറുകുടിൽ ഭാരതത്തിന്റെ ആത്മീയസത്തയെ അറിഞ്ഞു വളർന്നത് കലാമിന്റെ പിൽക്കാല ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.ശ്രീരാമന്റെയും പ്രവാചകന്റെയും കഥ കേട്ടു വളർന്ന ബാല്യം ഭാരതത്തിന്റെ സാംസ്കാരിക സ്വഭാവത്തെ അതിന്റെ തനിമയോടെ തന്നെ സ്വീകരിച്ചു.
പ്രാർത്ഥിക്കുമ്പോൾ ഒരാൾ മത , ദേശ , വർണ്ണ വിഭാഗീയതകളില്ലാത്ത ഒരു പ്രപഞ്ചത്തിന്റെ ഭാഗമായിത്തീരുകയാണെന്ന് കലാമിനെ പഠിപ്പിച്ചത് പിതാവ് ജെയ്നുലാബ്ദീനാണ് . ജീവിതയാത്രയിൽ വിഭാഗീയതകളില്ലാത്ത രാഷ്ട്രത്തെ സ്വപ്നം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞതും അതുകൊണ്ട് തന്നെയാകണം.
2015 ജൂലൈ 27 ന് ആ പ്രതിഭാധനനെ മരണം തട്ടിയെടുത്തപ്പോൾ രാജ്യമെങ്ങുമുള്ള കുട്ടികൾക്ക് നഷ്ടമായത് തങ്ങളുടെ സ്വന്തം കൂട്ടുകാരനെയാണ് . താൻ മരിച്ച ദിനം അവധി നൽകരുതെന്നും പകരം ഒരു ദിനം കൂടി പ്രവർത്തി ദിവസമാക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം മരണത്തിൽ പോലും ജീവിതാദർശത്തിന്റെ സന്ദേശം നൽകി .
അറിയപ്പെടാത്തൊരു നാട്ടിൽ പിന്നാക്കം നിൽക്കുന്ന ഏതെങ്കിലും പാവപ്പെട്ട കുട്ടിക്ക് തന്റെ ജീവിതം ഒരു പ്രചോദനമാകുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടാകുമെന്ന് അദ്ദേഹം ആത്മകഥയിൽ കുറിച്ചു .താന്താങ്ങളുടെ സവിശേഷമായ പങ്ക് നിർവഹിക്കാനെത്തിയ എല്ലാ മനുഷ്യജീവിക്കും അത് കഴിയണമെന്നില്ല. എന്നാൽ ഡോ. എ പി ജെ അബ്ദുൾ കലാം പ്രപഞ്ച ശക്തിയുടെ കണക്കുകൂട്ടലുകൾക്കപ്പുറം ജീവിച്ചു മറഞ്ഞു. ഭാരതം മഹത്തായ മുന്നേറ്റങ്ങൾ നടത്തുമെന്ന് പ്രവചിച്ചുകൊണ്ട്..
രാമേശ്വരം ദ്വീപിലെ മോസ്ക് സ്ട്രീറ്റിൽ സഹോദരനെ സഹായിക്കാൻ വർത്തമാനപ്പത്രങ്ങൾ വിറ്റു നടന്ന ഒരു ബാലന്റെ കഥ , ശിവാനന്ദ സ്വാമികളും ശിവസുബ്രഹ്മണ്യ അയ്യരും ഇയ്യാദുരൈ സോളമനും പ്രൊ. കെ എ വി പണ്ടാലയും വളർത്തിയെടുത്ത ഒരു ശിഷ്യന്റെ കഥ, എം ജി കെ മേനോനാൽ കണ്ടെത്തപ്പെട്ട , പ്രൊഫ: വിക്രം സാരാഭായിയാൽ പ്രചോദിതനായ ഒരു എഞ്ചിനീയറുടെ കഥ , പരാജയങ്ങളും തിരിച്ചടികളും ഐതിഹാസികമായ വിജയങ്ങളും ഒരു പോലെ അനുഭവിച്ച ഒരു ശാസ്ത്രജ്ഞന്റെ കഥ, രാജ്യമെങ്ങും ആദരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്ത ഒരു രാഷ്ട്രതന്ത്രജ്ഞന്റെ കഥ ..
അതെ ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ജീവിത കഥ ഐഹികമായ അർത്ഥത്തിൽ 2015 ജൂലൈ 27 ന് അവസാനിച്ചിട്ടുണ്ടാകാം . എന്നാൽ ഭാരത ജനതയ്ക്ക് അനന്തമായ പ്രേരണാ ശ്രോതസ്സായി , അഗ്നിച്ചിറകുകളിൽ പറന്നുയരാനുള്ള പ്രചോദനം നൽകി അവുൾ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം അനശ്വരനായി നിലകൊള്ളുക തന്നെ ചെയ്യും...
Article credits,JanamtvNews

ഗുജറാത്ത് - സഞ്ജീവ് ഭട്ടിനെതിരേ സുപ്രീംകോടതി നടത്തിയത് ഗുരുതര പരാമര്‍ശങ്ങള്‍

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെതിരേ സുപ്രീംകോടതി നടത്തിയത് ഗുരുതര പരാമര്‍ശങ്ങള്‍. കേസിലെ എതിര്‍കക്ഷികളുടെ രാഷ്ട്രീയ എതിരാളികളുമായും എന്‍ജിഒകളുമായും സഞ്ജീവ് ഭട്ട് സജീവ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ഹര്‍ജി നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരിലാണെന്നും കോടതി വിലയിരുത്തി.
സഞ്ജീവ് ഭട്ട് കോടതിയെ സമീപിച്ചിരിക്കുന്നത് ശുദ്ധമായ കൈകളോടെയല്ലെന്ന് അദ്ദേഹം തന്നെ വിളിച്ചുപറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കാര്യം ആത്മാര്‍ഥമായി തുറന്നുപറയുമ്പോള്‍ ഇത്തരം രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നു നില്‍ക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജഡ്ജിമാരെയും അമിക്കസ് ക്യൂറിയെയും സമ്മര്‍ദ്ദം ചെലുത്തുന്ന തരത്തിലേക്ക് ഇടപെടലുകള്‍ നീണ്ടതായി കോടതി നിരീക്ഷിച്ചു.
സഞ്ജീവ് ഭട്ടിന്റെ ഹര്‍ജി സദുദ്ദേശ്യത്തോടെയാണെന്ന് കരുതുന്നില്ല. എന്‍ജിഒകള്‍ പറഞ്ഞു പഠിപ്പിച്ച പോലെ ഇവരുടെ അഭിഭാഷകര്‍ മാദ്ധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റീസ് എച്ച്. എല്‍ ദത്തു അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന കാര്യം പോലും സഞ്ജീവ് ഭട്ട് മറക്കുന്നതായി കോടതി പറഞ്ഞു. സര്‍ക്കാരിനെതിരേ തെളിവ് നല്‍കാന്‍ പൊലീസ് ഉദ്യോഗസ്ഥനെ നിര്‍ബന്ധിച്ചുവെന്ന് ഉള്‍പ്പെടെയുള്ള കേസുകളാണ് സഞ്ജീവ് ഭട്ടിനെതിരേ നിലനില്‍ക്കുന്നത്.
ഇന്നലെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പ്രതിചേര്‍ക്കണമെന്നും തനിക്കെതിരായ കേസുകളില്‍ പ്രത്യേക അന്വേഷണസംഘം വേണമെന്നും ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. ഗുജറാത്ത് മുന്‍ അഡ്വക്കേറ്റ് ജനറല്‍ തുഷാര്‍ മേത്തയുടെ ഇ മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ സഞ്ജീവ് ഭട്ടിനെതിരേ തുടര്‍ നടപടി സ്വീകരിക്കാനും കോടതി അനുമതി നല്‍കിയിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞ സഞ്ജീവ് ഭട്ട് എന്തുകൊണ്ടാണ് ഇ മെയിലുകളുടെ കാര്യം മറച്ചുവെച്ചതെന്ന് കോടതി ചോദിച്ചു.
സഞ്ജീവ് ഭട്ടിനെതിരായ കേസുകളിലെ തുടര്‍ നടപടികളിലും സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ നിര്‍ണായകമാകും.
News Credits,Jnamtv News

Tuesday, October 13, 2015

കോട്ടക്കലിൽ ബിജെപിക്കെതിരെ സാമ്പാർ മുന്നണി

മലപ്പുറം : കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ മൂന്ന് വാർഡുകളിൽ കോൺഗ്രസ് - ലീഗ് - കമ്യൂണിസ്റ്റ് പരസ്യ സഖ്യം . ബിജെപിയുടെ സുനിശ്ചിത വിജയം തടയാനാണ് കോൺഗ്രസും കമ്യൂണിസ്റ്റും മുസ്ലിം ലീഗും ഒന്നിക്കുന്ന സാമ്പാർ മുന്നണിയുടെ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്.
കഴിഞ്ഞ തവണ ബിജെപി വിജയിച്ച വാർഡുകളായെ മൈത്രിയിലും നായാടിപ്പാറവാർഡിലും മൈത്രി വാർഡിലെ മെംബറായ ബിജെപി നേതാവ് കോട്ടുപ്പറമ്പിൽ ഗോപിനാഥൻ ഇപ്പോൾ മത്സരിക്കുന്ന തോക്കാമ്പാറ വാർഡിലുമാണ് സാമ്പാർ സഖ്യങ്ങൾ ഉണ്ടായിരിക്കുന്നത് .
പത്ത് വർഷങ്ങൾക്ക് മുൻപ് ബിജെപി ആദ്യമായി വിജയിക്കുന്നത് നായാടിപ്പാറ വാർഡിലാണ് . സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് ജനകീയനായ ഗോപിനാഥനിലൂടെ ബിജെപി പിടിച്ചെടുക്കുകയായിരുന്നു . കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നായാടിപ്പാറ സംവരണമായതിനെ തുടർന്ന് ഗോപിനാഥൻ മൈത്രി വാർഡിൽ മത്സരിച്ചു . വാർഡിലെ വികസന പ്രവർത്തങ്ങൾ മൂലം നായാടിപ്പാറയിലും ഒപ്പം മൈത്രിയിലും ബിജെപി വിജയിച്ചു.
ഇപ്രാവശ്യം ഗോപിനാഥൻ തോക്കാമ്പാറയിലേക്ക് മാറി മത്സരിക്കുകയാണ് . സി പി എമ്മിന്റെ സിറ്റിംഗ് സീറ്റുകളാണ് കോട്ടക്കലിൽ നഷ്ടപ്പെട്ടിട്ടുള്ളത് . ബിജെപിയുടെ ഈ വിജയം തടയാനാണ് മുസ്ലിം ലീഗും സി പി എമ്മും കോൺഗ്രസും ചേർന്ന മുന്നണി പൊതുസ്ഥാനാർത്ഥിയെ നിർത്തുന്നതെന്ന് ആരോപണമുയർന്ന് കഴിഞ്ഞു . സാമ്പാർ സഖ്യത്തിൽ പാർട്ടി അണികളും നിരാശരാണ് .
എന്നാൽ ഇത്തരം സാമ്പാർ സഖ്യത്തിന് തങ്ങളുടെ മുന്നേറ്റത്തെ തകർക്കാൻ കഴിയില്ലെന്ന് ബിജെപിയും പറയുന്നു . ഇതുവരെ പരസ്പരം പോരടിച്ചിരുന്ന പാർട്ടികൾ ഇപ്പോൾ ഒരുമിക്കുന്നതിന് പിന്നിലെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്നും ബിജെപി വ്യക്തമാക്കുന്നു.
News Credits,Janamtv News

എംഎച്ച് 17 തകര്‍ന്നത് റഷ്യന്‍ നിര്‍മിത മിസൈല്‍ പ്രയോഗത്തിലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ലണ്ടന്‍: കിഴക്കന്‍ യുക്രെയ്‌ന് മുകളിലൂടെ പറക്കുകയായിരുന്ന മലേഷ്യന്‍ യാത്രാവിമാനം എംഎച്ച് 17 തകര്‍ന്നത് റഷ്യന്‍ നിര്‍മിത മിസൈല്‍ പ്രയോഗത്തിലാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അന്താരാഷ്ട്രസംഘത്തിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. യുക്രെയ്ന്‍ വിമതരുടെ ശക്തികേന്ദ്രമായ ഡോണ്‍സ്‌റ്റെക്കില്‍ 2014 ജൂലൈയില്‍ ഉണ്ടായ അപകടത്തില്‍ 298 പേരാണ് കൊല്ലപ്പെട്ടത്.
വിമാനത്തിന്റെ മുന്‍ഭാഗത്ത് ഇടത് വശത്തായി റഷ്യന്‍ നിര്‍മിത ബക് മിസൈല്‍ പതിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതിന്റെ ആഘാതത്തില്‍ വിമാനത്തിന്റെ മറ്റ് ഭാഗങ്ങളും തകരുകയായിരുന്നു. ആരാണ് മിസൈല്‍ തൊടുത്തതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. കിഴക്കന്‍ യുക്രെയ്ന്‍ വ്യോമമേഖല സുരക്ഷിതമല്ലെന്നും അടച്ചിടണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
മിസൈല്‍ പതിച്ച് ഒന്നര മിനിറ്റിനുളളില്‍ വിമാനം തകര്‍ന്നു. ഏഴ് ഘട്ടങ്ങളിലായാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന് സംഘം വ്യക്തമാക്കി. സ്‌ഫോടനമോ മറ്റ് സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്ന് തുടക്കത്തിലെ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തതാണ് നിര്‍ണായക തെളിവായത്.
അപകടത്തിന്റെ ഗ്രാഫിക്‌സ് പ്രസന്റേഷന്‍ സഹിതമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഡച്ച് അധികൃതര്‍ പുറത്തുവിട്ടത്. ഇതിന് മുന്‍പ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്.
196 ഡച്ച് പൗരന്‍മാരും 10 ബ്രിട്ടീഷുകാരും ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റഷ്യയ്‌ക്കെതിരേ നേരത്തെ മുതല്‍ വ്യാപക വിമര്‍ശനമുയര്‍ന്നെങ്കിലും ദുരന്തത്തില്‍ പങ്കില്ലെന്നായിരുന്നു റഷ്യയുടെ വിശദീകരണം.
News credits Janamtv News

ക്രൈംബ്രാഞ്ച്‌ പുനരന്വേഷണ റിപ്പോര്‍ട്ട്‌ പുറത്ത്‌ : ' ശാശ്വതികാനന്ദയുടേത്‌ മുങ്ങിമരണം'

കൊച്ചി: ശിവഗിരി മഠം മുന്‍ അധ്യക്ഷന്‍ ശാശ്വതികാനന്ദയുടെ മരണം പെരിയാറില്‍ കുളിക്കുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ടായിരുന്നുവെന്നു ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്‌. മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ്‌ അന്വേഷിച്ച ക്രൈം ബ്രാഞ്ചിന്റെ അന്നത്തെ ഡി.എസ്‌.പി: കെ.ജി. സൈമണ്‍ രണ്ടുവര്‍ഷം മുമ്പ്‌ ഫോര്‍ട്ട്‌കൊച്ചി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ടാണ്‌ പുറത്തുവന്നത്‌. കേസില്‍ വെള്ളാപ്പള്ളി നടേശന്‍ 34-ാം പ്രതിയാണ്‌. 114-ാം സാക്ഷിയായി ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 2002 ജൂലൈ ഒന്നിനാണ്‌ ആലുവപ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ സ്വാമി ശാശ്വതികാനന്ദയുടെ മൃതദേഹം കാണപ്പെട്ടത്‌. മരണത്തെക്കുറിച്ച്‌ ആദ്യം അന്വേഷിച്ചത്‌ ലോക്കല്‍ പോലീസാണ്‌. 2003ല്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടു സ്വാമിയുടെ അമ്മയും സഹോദരങ്ങളും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന്‌ അന്വേഷണം ക്രൈം ബ്രാഞ്ച്‌ ഏറ്റെടുത്തു.
കുളിക്കുന്നതിനായി സ്വാമി പെരിയാര്‍ പുഴയില്‍ കെട്ടിയിരിക്കുന്ന നടയിലെത്തിയശേഷം ജുബ്ബാ, മുണ്ട്‌, മോതിരം എന്നിവ സഹായിയായ സാബുവിനെ ഏല്‍പ്പിച്ച്‌ ഉത്തരീയം എടുത്തു പുഴയില്‍ ഇറങ്ങി. രണ്ടുതവണ മുങ്ങിയശേഷം തിരിച്ചുകയറിയ ശാശ്വതീകാനന്ദ സാബുവിന്റെ കൈയില്‍നിന്നു സോപ്പു വാങ്ങി. തുടര്‍ന്ന്‌ വീണ്ടും പുഴയില്‍ ഇറങ്ങിയപ്പോള്‍ യാദൃശ്‌ചികമായി എങ്ങനെയോ അടിയൊഴുക്കില്‍പ്പെട്ടു വെള്ളത്തില്‍ മുങ്ങിതാഴ്‌ന്നു വെള്ളംകുടിച്ചു ശ്വാസംമുട്ടി മരിച്ചെന്നാണു ക്രൈം ബ്രാഞ്ച്‌ കണ്ടെത്തല്‍.
മരണകാരണത്തില്‍ സംശയങ്ങളില്ല. കൊലപാതകമാണെന്നതിനു തക്ക തെളിവുകളൊന്നും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടും മുങ്ങിമരണമാണെന്നു സ്‌ഥിരീകരിച്ചു. വാടകക്കൊലയാളിയെന്നു ബിജുരമേശ്‌ പറയുന്ന പ്രിയനെ മുമ്പു രണ്ടുതവണ ചോദ്യംചെയ്‌തെങ്കിലും സ്വാമിയുടെ മരണവുമായി അയാളെ ബന്ധിപ്പിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല. പ്രിയന്റെ ഫോണ്‍വിളികള്‍ മൂന്നുമാസം നിരീക്ഷിച്ചതായും ക്രൈം ബ്രാഞ്ച്‌ പറയുന്നു. 114 പേരുടെ മൊഴികള്‍, പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌, മെഡിക്കല്‍ വിശകലന റിപ്പോര്‍ട്ട്‌ എന്നിവയുടെ അടിസ്‌ഥാനത്തിലുള്ള നിഗമനങ്ങളാണ്‌ ഇതിലുള്ളത്‌. വെള്ളത്തില്‍ ശ്വാസം മുട്ടിയാണു മരണമെന്നു നിസംശയം മനസിലാക്കാമെന്നും 15 പേജുകളുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ശാശ്വതികാനന്ദയുടെ മരണം: ബിജു രമേശിന്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ബിജെപി
തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ബിജു രമേശിന്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് ബിജെപി. അടുത്തിടെ ബിജു രമേശ് കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതും ബാര്‍ കോഴക്കേസ് ദുര്‍ബ്ബലമായതും ഇതിന്റെ ഉദാഹരണമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍ പറഞ്ഞു.
ഒരു ദശാബ്ദത്തിന് ശേഷമാണ് വിഷയത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത്. ഈ കാലയളവില്‍ ഇടത് -വലത് മുന്നണികള്‍ ഇവിടെ ഭരിച്ചിട്ടുണ്ട്. ശാശ്വതീകാനന്ദയുടേത് സ്വാഭാവിക മരണമായിരുന്നില്ലെങ്കില്‍ എന്തുകൊണ്ട് ഇവര്‍ നേരത്തെ അന്വേഷിച്ചിട്ടില്ലെന്ന് വി. മുരളീധരന്‍ ചോദിച്ചു. ഇതേക്കുറിച്ച് ഇടത്-വലത് മുന്നണികളാണ് ജനങ്ങളോട് വെളിപ്പെടുത്തേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

Monday, October 12, 2015

മാര്‍ക്‌സിസം കാലഹരണപ്പെട്ടുവെന്ന് ചൈനീസ് കരസേന മേധാവി


ബെയ്ജിംഗ്: മാര്‍ക്‌സിസം കാലഹരണപ്പെട്ടതായി ചൈനീസ് കരസേന മേധാവിയുടെ തുറന്നുപറച്ചില്‍. സാമൂഹിക പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിലും പരിഹരിക്കുന്നതിലും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ പൂര്‍ണ്ണ പരാജയമെന്നും ജനറല്‍ ലിയു യാഷു പറഞ്ഞു. പെക്കിങ് സര്‍വ്വകലാശാല സംഘടിപ്പിച്ച അന്താരാഷ്ട്ര മാര്‍ക്‌സിസ്റ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചത് കാലഹരണപ്പെട്ട മാര്‍ക്‌സിയന്‍ തത്വങ്ങളാണ്. വികസിത രാഷ്ട്രങ്ങള്‍ ഇരട്ട അക്ക വളര്‍ച്ചാനിരക്കിന്റെ കണക്കുകള്‍ കരസ്ഥമാക്കി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ചൈനയുടെ വളര്‍ച്ചാ നിരക്ക് 7 ശതമാനത്തില്‍ ചുറ്റിത്തിരിയുന്നത് ഇതിനുദാഹരണമാണ്. ഒരു തത്വശാസ്ത്രത്തെ മറ്റൊന്ന് കൊണ്ട് നശിപ്പിക്കുക അസാധ്യമാണ്. എന്നാല്‍ ഏതൊരു തത്വശാസ്ത്രത്തെയും തകര്‍ക്കാന്‍ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കരുത്തുണ്ടെന്ന് ലിയു യാഷു പറഞ്ഞു.
ചൈനയിലെ മാറുന്ന സാമൂഹിക അന്തരീക്ഷത്തില്‍ കാലഹരണപ്പെട്ട മാര്‍ക്‌സിയന്‍ ആദര്‍ശങ്ങള്‍ അപ്രത്യക്ഷമാകുന്ന കാലം വിദൂരമല്ലെന്നും ചൈനീസ് പട്ടാള മേധാവി അഭിപ്രായപ്പെട്ടു. ഇടത് ദര്‍ശനങ്ങളുടെ വേരോട്ടം വര്‍ദ്ധിപ്പിക്കുന്നതിനായി ചൈന സംഘടിപ്പിച്ച ആദ്യ അന്താരാഷ്ട്ര മാര്‍ക്‌സിസ്റ്റ് സമ്മേളനത്തില്‍ 20 രാജ്യങ്ങളില്‍ നിന്നെത്തിയ നാനൂറിലധികം വിദഗ്ദരുടെ മുന്നിലായിരുന്നു ജനറല്‍ ലിയു യാഷു കാഴ്ചപ്പാടുകള്‍ തുറന്നു പറഞ്ഞത്.
മാര്‍ക്‌സിസവും മനുഷ്യരാശിയുടെ വികസനവുമെന്നതായിരുന്നു സമ്മേളന പ്രമേയം. ചൈനയില്‍ യുവാക്കള്‍ക്കിടയില്‍ കമ്മ്യൂണിസത്തോടുള്ള താല്‍പര്യക്കുറവ് തിരിച്ചറിഞ്ഞ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ്് ചൈനയെ ഇരുത്തി ചിന്തിപ്പിക്കുന്ന ജനറല്‍ ലിയു യാഷുവിന്റെ വാക്കുകള്‍.
News Credits,JanamTv News

കേരളരാഷ്‌ട്രീയം പ്രതീക്ഷകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമപ്പുറത്തേക്ക്‌ നീങ്ങുകയാണ്

കേരളരാഷ്‌ട്രീയം പ്രതീക്ഷകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമപ്പുറത്തേക്ക്‌ നീങ്ങുകയാണ്‌. ഇവിടെ ഒരു മൂന്നാം മുന്നണി രൂപമെടുക്കുന്നു. ബി.ജെ.പിയും മറ്റുചില ചെറുകക്ഷികളും ചേര്‍ന്നാണ്‌ ഇതുവരെ അത്തരമൊരു ബദല്‍ചിന്ത ഉണര്‍ത്തിയിരുന്നത്‌. ഇന്നത്‌ മറ്റു രണ്ടു രാഷ്‌ട്രീയ സഖ്യങ്ങളുടെയും ഉറക്കം കെടുത്തുന്ന നിലയിലേക്ക്‌ മാറിയിരിക്കുന്നു. ബി.ജെ.പി. തന്നെയാണ്‌ അതിനു വഴിയൊരുക്കിയതെങ്കിലും വെള്ളാപ്പള്ളി നടേശനും എസ്‌.എന്‍.ഡി.പിയുമാണ്‌ അതിനു കാരണക്കാര്‍. ഇന്നത്തെ നിലയ്‌ക്ക് ഈ കൂട്ടുകെട്ടിന്‌ കേരളത്തില്‍ പലതും ചെയ്യാനാവും. എന്നാല്‍ ഒരു പ്രത്യേകത, ഇപ്പറയുന്ന പുതിയ രാഷ്‌ട്രീയകക്ഷി രൂപമെടുക്കുന്നതിനു മുന്‍പേ തന്നെ ഈ മൂന്നാം മുന്നണിയുടെ പ്രസക്‌തിയും ശക്‌തിയും വിലയിരുത്തുമെന്നതാണ്‌. ഈ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ അതിന്റെ വ്യക്‌തത ഉണ്ടാവും, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലേതുപോലെ ഏതാനും സീറ്റുകളിലും ചുരുങ്ങിയ ശതമാനം വോട്ടിലും ബി.ജെ.പി. ഒതുക്കപ്പെട്ടാല്‍ അതു മറ്റു രണ്ടു മുന്നണികള്‍ക്കും കൊട്ടിഘോഷിക്കാന്‍ വഴിയൊരുക്കും. അവിടെയാണ്‌ ബി.ജെ.പിയും ശ്രീനാരായണ പ്രസ്‌ഥാനവും കൈകോര്‍ത്തു നീങ്ങേണ്ടതിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്‌. അത്‌ ബി.ജെ.പിയും വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരും മനസിലാക്കുന്നുണ്ട്‌ എന്നാണു കരുതേണ്ടത്‌.
ബി.ജെ.പി. ഇന്നിപ്പോള്‍ കേരളത്തില്‍ ഒരു പ്രധാനപ്പെട്ട ശക്‌തിയാണ്‌. അഞ്ചും ആറും ശതമാനം വോട്ടുള്ളകക്ഷി എന്നതില്‍നിന്ന്‌ രണ്ടുമുന്നണിയേയും എതിരിടാനുള്ള കരുത്തുള്ള പാര്‍ട്ടി എന്ന അവസ്‌ഥയിലേക്ക്‌ അതുമാറി. എന്നാല്‍ ധ്രുവീകൃത മുന്നണി രാഷ്‌ട്രീയ സംവിധാനത്തിനിടയില്‍ വിജയം സുനിശ്‌ചിതമാക്കാന്‍ തക്ക ഒരിടം വോട്ടര്‍മാരില്‍ ഉണ്ടാക്കാന്‍ ബി.ജെ.പിക്ക്‌ കഴിയാതെ വരുന്നു; ജയിക്കാനാവാതെ വരുന്നു. പൊതുവെ ഹിന്ദുത്വാധിഷ്‌ഠിതമായ ഈ പാര്‍ട്ടിക്ക്‌ ന്യൂനപക്ഷസമുദായങ്ങളുടെ വോട്ടു കിട്ടാന്‍ വിഷമമുണ്ടാകുക സ്വാഭാവികം ഹിന്ദുക്കളില്‍ നല്ലൊരു ഭാഗം സി.പി.എമ്മിലാണ്‌; പ്രത്യേകിച്ച്‌ പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഹിന്ദുക്കള്‍. ആ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം എന്ന നിലയ്‌ക്കാണ്‌ വെള്ളാപ്പള്ളിയെയും മറ്റും കൂടെനിര്‍ത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ ബി.ജെ.പി. ആരംഭിച്ചത്‌.
നരേന്ദ്ര മോഡി പ്രധാനമന്ത്രിയും അമിത്‌ ഷാ ബി.ജെ.പി. അധ്യക്ഷനും ആയതിനുശേഷം ഉണ്ടായ കരുനീക്കങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്‌. അവരുടെ ഓരോ നീക്കവും ഫലം കണ്ടു എന്നതും മറന്നുകൂടാ. കോണ്‍ഗ്രസിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ന്നടിഞ്ഞതും അതിനിടയില്‍ കണ്ടു. മോഡി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന സംസ്‌ഥാനങ്ങളില്‍ ബി.ജെ.പി. കൈവരിച്ച നേട്ടം ചെറിയകാര്യമല്ല. ഹരിയാന, ഝാര്‍ഖണ്ഡ്‌, മഹാരാഷ്‌ട്ര, ജമ്മു-കാശ്‌മീര്‍ എന്നിവിടങ്ങളിലൊക്കെ ബി.ജെ.പി. ഭരണകക്ഷിയായി. (ഡല്‍ഹി മറക്കുകയല്ല). അതൊക്കെ ഒരു മോഡി തരംഗം കൊണ്ടുമാത്രമല്ല നേടിയെടുത്തത്‌. മോഡി ഘടകം അവിടെയൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മറ്റൊന്ന്‌, രാഷ്‌ട്രീയത്തെ സൂക്ഷ്‌മമായി വിശകലനം ചെയ്യാനും അതിനനുസൃതമായി കാര്യങ്ങള്‍ നീക്കാനുമുള്ള ബി.ജെ.പി. നേതൃത്വത്തിന്റെ കഴിവാണ്‌. മറുപക്ഷത്ത്‌ കോണ്‍ഗ്രസിനു നേരിട്ട അപചയവും മറക്കുകവയ്യ. ജനങ്ങള്‍ ഒരുതരത്തിലും ഗൗരവത്തിലെടുക്കാത്ത നേതൃത്വമാണ്‌ കോണ്‍ഗ്രസിന്റേത്‌ എന്നത്‌ ഓരോ തെരഞ്ഞെടുപ്പ്‌ കഴിയുമ്പോഴും വ്യക്‌തമായിക്കൊണ്ടിരിക്കുന്നു. ഒരു ഭാഗത്ത്‌ കോണ്‍ഗ്രസിനുണ്ടായ തകര്‍ച്ചയും തളര്‍ച്ചയും; അതേ സമയം ചലനങ്ങളുണ്ടാക്കിക്കൊണ്ട്‌ ഏതു ജനതയെയും കീഴടക്കാനുള്ള ബി.ജെ.പിയുടെ പദ്ധതി. അതിന്റെ തുടര്‍ച്ചയാണ്‌ കേരളത്തില്‍ ഇന്നിപ്പോള്‍ കാണുന്നത്‌.
കേരളം എന്നും ബി.ജെ.പിക്ക്‌, അല്ല സംഘ പരിവാറിന്‌, ഒരു പ്രധാനപ്പെട്ട സംസ്‌ഥാനമായിരുന്നു. ഇവിടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ സംഘ പ്രസ്‌ഥാനങ്ങള്‍ ശ്രമമാരംഭിച്ചത്‌ ഇന്നോ ഇന്നലെയോ അല്ല. കേരളത്തില്‍ ഒരു തെരഞ്ഞെടുപ്പ്‌ വിജയം; നിയമസഭയില്‍ ഒരു അംഗം കടന്നുവരുന്നത്‌ അവര്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. 1980ല്‍ ബി.ജെ.പി. രൂപമെടുക്കുമ്പോള്‍ മുതല്‍ ആ ചിന്തകളുണ്ട്‌. കേരളത്തിലെ ആര്‍.എസ്‌.എസ്‌. സംഘ പരിവാര്‍ നേതൃത്വവും ഇക്കാര്യത്തില്‍ വേണ്ടതിലധികം ശുഷ്‌കാന്തി കാട്ടിയിട്ടുണ്ട്‌. പഴയ ബേപ്പൂര്‍ വടകര സഖ്യവും മുസ്ലീം ലീഗും കോണ്‍ഗ്രസിലെ ഒരു വിഭാഗവുമായുണ്ടാക്കിയ ധാരണകളുമൊക്കെ പലവുരു ചര്‍ച്ചചെയ്‌തുകഴിഞ്ഞതാണ്‌. 1980 കളിലെ തെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.പി എസ്‌.ആര്‍.പി. സ്‌ഥാനാര്‍ഥികള്‍ക്കെതിരേ മത്സരിക്കാതെ നോക്കിയതുമൊക്കെ ഇവിടത്തെ ബി.ജെ.പി. സംഘ പരിവാര്‍ ചരിത്രത്തിന്റെ ഭാഗമാണ്‌. അതൊക്കെ ഓരോ പരീക്ഷണമായിരുന്നു. പലതും പരാജയപ്പെട്ടു. വിജയിച്ചിരുന്നുവെങ്കില്‍ മറ്റൊന്നാവുമായിരുന്നു വിലയിരുത്തല്‍.
എസ്‌.എന്‍.ഡി.പി. രൂപീകരിക്കുന്ന പാര്‍ട്ടിയാണല്ലോ ചര്‍ച്ചാവിഷയം. കഴിഞ്ഞ കുറെക്കാലമായി അനവധി ഹിന്ദു സംഘടനകളുടെ ഒരു ഐക്യവേദി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. വെള്ളാപ്പള്ളി പറയുന്ന നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവര്‍ അതിന്റെ ഭാഗമാണ്‌. അവരില്‍ പലരുമാണ്‌ ഇന്നിപ്പോള്‍ എസ്‌.എന്‍.ഡി.പി. മുന്‍കൈയെടുത്തു രൂപീകരിക്കാന്‍ പോകുന്ന രാഷ്‌ട്രീയകക്ഷിയില്‍ ചേരുന്നത്‌. സംഘ പ്രസ്‌ഥാനങ്ങളോട്‌ എതിര്‍പ്പുള്ളവരല്ല ഇന്നിപ്പോള്‍ വെള്ളാപ്പള്ളിയോടൊപ്പം അണിനിരക്കുന്നത്‌ എന്നര്‍ഥം. അത്‌ പ്രധാനമാണ്‌. അതുകൊണ്ട്‌ പുതിയ രാഷ്‌ട്രീയ കക്ഷി രൂപപ്പെടുമ്പോള്‍ അത്‌ ബി.ജെ.പിയോട്‌, സംഘ പ്രസ്‌ഥാനങ്ങളോട്‌ ചേര്‍ന്നുനില്‍ക്കുന്നതാവും എന്നകാര്യത്തില്‍ സംശയമുണ്ടാവേണ്ട കാര്യമില്ല. ഇപ്പോഴേ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌, സാങ്കേതികമായി പാര്‍ട്ടി രൂപം കൊണ്ടിട്ടില്ലെങ്കിലും, സഹകരിക്കുന്നതിന്‌ പ്രയാസമുണ്ടാവുമെന്നും തോന്നുന്നില്ല.

Saturday, October 10, 2015

എഴുത്തിന്റെ കഴുത്തിൽ പിടിച്ചതാര് ?

കേരളത്തിൽ ഫാസിസം വന്നിട്ട് കാലമേറെയായി . അതിന്റെ മുഖംമൂടി പക്ഷേ മാനവികതയായിരുന്നെന്ന് മാത്രം..
വായുജിത് എഴുതുന്നു..
കേരളത്തിൽ ഫാസിസം പടിവാതിലിലെത്തി നിൽക്കുന്നുവെന്നുള്ള സംഭ്രമജനകമായ ഓരിയിടലുകൾ വീണ്ടും ഉയർന്നു തുടങ്ങിയിട്ടുണ്ട് . തീർത്തും രാഷ്ട്രീയ താത്പര്യങ്ങൾ മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള ഇത്തരം ഓരിയിടലുകൾക്ക് തന്റേതായ സംഭാവനകൾ നൽകാൻ സാഹിത്യകാരന്മാർ തീരുമാനിച്ചതിന്റെ വാർത്തകളും പുറത്ത് വന്നു.
കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്കാരങ്ങളും സ്ഥാനമാനങ്ങളും തിരിച്ചു നൽകി ഫാസിസത്തോട് സന്ധിയില്ലാ സമരം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുന്നത് സാറാ ജോസഫും സച്ചിദാനന്ദനും പി കെ പാറക്കടവുമാണ് .ഇവരെ പിന്തുടരാൻ നിരവധി സാഹിത്യകാരന്മാർ മുന്നോട്ടു വരുമെന്ന് പ്രഖ്യാപിത പുരോഗാമികൾ അവകാശപ്പെടുന്നുമുണ്ട് .

ഈ സാഹിത്യ പ്രഭൃതികൾക്ക് അറിയുമോയെന്നറിയില്ല . യഥാർത്ഥ ഫാസിസം കേരളത്തിലെ സാഹിത്യപ്രവർത്തനത്തെ കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചതും ഏറെക്കുറെ വിജയിച്ചതും പത്തറുപത് വർഷം മുൻപാണ് . അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും എന്തുമെഴുതുവാനുള്ള അവകാശത്തിന്റെയും അപ്പോസ്തലന്മാരെന്ന് ഇന്ന് നടിക്കുന്നവർ അന്ന് എഴുത്തുകാർക്ക് കൂച്ചുവിലങ്ങിടാനാണ് ശ്രമിച്ചത് . അന്നും കേരളത്തിലെ സാഹിത്യകാരന്മാർ ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന സംഘടനകളുടെ അനുകൂലികളായിരുന്നു .
പി ഭാസ്കരൻ തന്റെ 'പ്രേതങ്ങളുടെ പാട്ട്' എന്ന കവിതയിൽ ചൂണ്ടിക്കാണിച്ചത് പോലെ കൊടിയ വെറുപ്പിന്റെ തത്വശാസ്ത്രങ്ങളെ ചുടുചുടെ ഊറ്റി നനച്ചവരായിരുന്നു മിക്കവരും .എന്നാൽ 1940 കളുടെ അവസാന കാലത്ത് സാഹിത്യകാരന്മാർ എങ്ങനെ എഴുതണം എന്നുള്ള മാനിഫെസ്റ്റോ പുറത്തിറക്കാനുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമം പലരേയും അകറ്റുകയാണുണ്ടായത്.

കമ്യൂണിസമെന്ന യഥാർത്ഥ ഫാസിസം പേനയിൽ പിടിമുറുക്കിയപ്പോഴാണ് തങ്ങൾ കയറിയത് പുലിപ്പുറത്താണെന്ന് സാഹിത്യകാരന്മാർക്ക് മനസ്സിലായത് . ഇരിക്കാൻ നല്ല രസമാണെങ്കിലും ഇറങ്ങിയാൽ പുലി പിടിക്കുമെന്ന അവസ്ഥ . സോവിയറ്റ് നോക്കികളായ പാർട്ടി, സ്റ്റാലിൻ റഷ്യയിൽ ആവിഷ്കരിച്ച ഷ്ദാനേവ് ഡോക്ട്രിൻ മലയാളത്തിലും നടപ്പാക്കാൻ ശ്രമിച്ചതിന്റെ ബാക്കി പത്രം .1938 മുതൽ ജീവൽ സാഹിത്യമെന്ന പേരിൽ പ്രവർത്തിച്ചു വന്ന നവീന സാഹിത്യ പ്രസ്ഥാനം പിന്നീട് പുരോഗമന സാഹിത്യ പ്രസ്ഥാനമായി മാറിയതിനു ശേഷമായിരുന്നു അതിനെ പൂർണമായി ഏറ്റെടുക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചത് . കെ ദാമോദരനും , സി അച്യുതക്കുറുപ്പും, ഇ എം എസും , എം എസ് ദേവദാസുമൊക്കെയായിരുന്നു അണിയറയിൽ .
ഭീകരരോടൊപ്പമോ ഭീകരവിരുദ്ധ ചേരിയിലോ എന്ന അമേരിക്കയുടെ ആധുനികകാല ചോദ്യത്തെ വിമർശിക്കുന്ന കമ്യൂണിസ്റ്റുകൾക്ക് അന്ന് ഒരു ചോദ്യമുണ്ടായിരുന്നു . നിങ്ങൾ സോവിയറ്റ് റഷ്യയ്ക്കൊപ്പമോ ഫാസിസ്റ്റ് ചേരിയിലോ ? സാഹിത്യം നിർമ്മിക്കുന്നത് ജനങ്ങളുടെ ആവശ്യമറിഞ്ഞു വേണമെന്നായിരുന്നു പാർട്ടി നിർദ്ദേശം . സാഹിത്യകാരന്റെ സകല സൃഷ്ടിയിലും സാമൂഹിക വിമർശനം വേണമെന്ന നയം അടിച്ചേൽപ്പിക്കാനും അവർ ശ്രമിച്ചു . റഷ്യയിൽ ഷ്ദാനേവ് എന്ന സാംസ്കാരിക മന്ത്രി നടപ്പാക്കിയ ഫാസിസ്റ്റ് നിർദ്ദേശങ്ങൾ ഇവിടെയും നടപ്പാക്കാനായിരുന്നു ലക്ഷ്യം . പച്ചമലയാളത്തിൽ പറഞ്ഞാൽ പാർട്ടി പറയുന്നത് പോലെ എഴുതുക .
എന്നാൽ പുരോഗമന സാഹിത്യ സംഘടനയെ പാർട്ടിയുടെ പോഷക സംഘടനയാക്കി തൂലികയിലൂടെ കമ്യൂണിസ്റ്റ് നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ കേശവദേവും മുണ്ടശ്ശേരിയും എം പി പോളുമുൾപ്പെടെയുള്ളവർ എതിർത്തു . പ്രമേയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാർക്ക് വേണമെന്ന് അവർ വാദിച്ചു . ഞങ്ങൾ പറയുന്നത് പോലെ എഴുതണം എന്ന തരത്തിൽ സാഹിത്യ മാനിഫെസ്റ്റോ കൊണ്ടുവരാൻ ശ്രമിച്ചവർക്ക് ഇത് തിരിച്ചടിയായി . മുണ്ടശ്ശേരിയേയും ഒപ്പം നിന്നവരേയും രൂപഭദ്രന്മാരെന്ന് കളിയാക്കി വിളിക്കാനും കമ്യൂണിസ്റ്റുകൾ മടിച്ചില്ല .
ഇത്തരം നയങ്ങളെക്കുറിച്ച് മുണ്ടശ്ശേരി തന്റെ ആത്മകഥയിൽ പറയുന്നത് ഇങ്ങനെ .
" രൂപത്താൽ ഭദ്രമായതെന്തോ അതിന്റെ അവസ്ഥ എന്ന അർത്ഥത്തിലാണ് ഞാൻ അങ്ങനെയൊരു സമാസം തട്ടിപ്പടച്ചത് .ഭാവത്തിന്റെ ഭദ്രതയെ നമുക്കറിയാൻ കഴിയുന്നത് രൂപത്തിന്റെ ഭദ്രത കൊണ്ടാണ് . അപ്പോൾ രൂപത്തിൽ ഊന്നിക്കൊണ്ടാവണം സമാസമെന്നെനിക്ക് തോന്നി . പക്ഷേ സാഹിത്യത്തിൽ ജീവിത യാഥാർത്ഥ്യങ്ങൾക്ക് മുൻ തൂക്കം കൊടുക്കാൻ അന്ന് കൊണ്ടു പിടിച്ച് വാദിച്ചിരുന്ന എന്റെ സ്നേഹിതന്മാരിൽ ഒരു കക്ഷിക്കാർ , തെളിച്ചു പറഞ്ഞാൽ കമ്യൂണിസ്റ്റുകൾ തന്നെ ഞാനൂന്നിയത് കേവലാഗ്രരൂപത്തിന്മേലാണെന്ന് ധരിച്ച് എന്നെ ഫോർമലിസ്റ്റാക്കാൻ വെമ്പിക്കളഞ്ഞു. അതിനു ശേഷം എന്നെയും എന്നോടൊപ്പം നിന്നവരേയും രൂപ ഭദ്രന്മാരെന്ന് വിളിക്കാൻ തുടങ്ങി "
(കൊഴിഞ്ഞ ഇലകൾ )
1949 ലെ കൊല്ലം സമ്മേളനത്തിൽ പുരോഗമന കലാ സാഹിത്യ സമിതി രണ്ടായി .ഇന്നത്തെപ്പോലെ അന്നും പിടിച്ചെടുക്കലിൽ മുന്നിൽ തന്നെയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി . സംഘടന പിടിച്ചെടുക്കണമെന്ന് ചൂണ്ടിക്കാട്ടി കാമ്പിശ്ശേരി തനിക്ക് കത്തെഴുതിയതും തുടർന്നുള്ള സംഭവങ്ങളും തോപ്പിൽ ഭാസി എഴുതിയിട്ടുണ്ട് . അന്ന് വരെ ഒരു പുസ്തകം പോലുമെഴുതാത്ത താനും മറ്റ് പാർട്ടിക്കാരും കൂടി സി അച്യുതക്കുറുപ്പിന്റെ സ്റ്റഡി ക്ലാസിൽ പങ്കെടുത്തതും സമ്മേളന ഹാളിലേക്ക് പ്രവേശനം നേടിയതും രസകരമായാണ് ഭാസി വിവരിച്ചിരിക്കുന്നത് .
" ഞങ്ങൾ സമ്മേളന പന്തലിലേക്ക് ചെന്നു . ഞാൻ ആദ്യമായി ചിറ്റു കൊടുത്തു .
തോപ്പിൽ ഭാസി .
എന്ത്വാ ? തകഴി ചോദിച്ചു .
തോപ്പിൽ ഭാസി .. സാഹിത്യകാരൻ.
എന്താണ് എഴുതിയിട്ടുള്ളത് ? തകഴി ചോദിച്ചു .
അതറിഞ്ഞിട്ട് തനിക്കെന്ത് കാര്യം ? എന്റെ ഭാവവും സ്വരവും കണ്ടപ്പോൾ അകത്തേയ്ക്ക് പൊയ്ക്കൊള്ളാൻ തകഴി പറഞ്ഞു. പിന്നാലെ വരുന്നു മറ്റൊരാൾ . തകഴിയുടെ അനന്തരവൻ കൃഷ്ണൻ കുട്ടി . അയാൾ പറഞ്ഞു . അയ്യപ്പൻ പിള്ള - കവി .
എടാ കൃഷ്ണൻ കുട്ടി നീയെന്നാ അയ്യപ്പൻ പിള്ളയായത് ? തകഴി ചോദിച്ചു.
ഞാൻ അയ്യപ്പൻ പിള്ള തന്നെ.. അല്ലെന്ന് പറയാൻ നിങ്ങളാരാ ? അയ്യപ്പൻ പിള്ളയുടെ മറുചോദ്യം
തകഴി പറഞ്ഞു . " എന്റെ മരുമോനേ . നീയും പോ . കമ്യൂണിസം ജയിക്കട്ടെ "
ഞങ്ങൾ അതുകൊണ്ടും തൃപ്തരായില്ല. ഇരുപത്തിയഞ്ച് പ്രതിനിധിപ്പാസുകൾ വയ്ക്കണം . അല്ലെങ്കിൽ ഞങ്ങളീ പന്തലിന് തീവയ്ക്കും.
ആകെ അമ്പരന്ന തകഴിയും ഗുപ്തൻ നായരും ഇരുപത്തിയഞ്ച് പ്രതിനിധി പാസ് തന്നു . സമ്മേളനത്തിൽ ഒരു വോട്ടിനാണ് ഞങ്ങൾ തോറ്റത് . ഞങ്ങൾ തോറ്റെങ്കിലും അഭിമാനധനരായ ആ സാഹിത്യകാരന്മാർ " നിങ്ങൾ തന്നെ എടുത്തോ " എന്ന് പറഞ്ഞ് സംഘടന ഉപേക്ഷിച്ചു പോയി .
പുരോഗമന സാഹിത്യ സംഘടന പിന്നെ എഴുന്നേറ്റ് നടന്നിട്ടില്ല "
( തോപ്പിൽ ഭാസി - ഒരു പിടിച്ചെടുക്കലിന്റെ കഥ )
അഭിപ്രായ സ്വാതന്ത്ര്യം , ആവിഷ്കാര സ്വാതന്ത്ര്യം എന്നെല്ലാം ഇന്ന് വാദിക്കുന്ന അൾട്രാ ഫാസിസ്റ്റുകൾ മുൻപ് സാഹിത്യത്തെ കൈപ്പിടിയിലൊതുക്കാൻ നടത്തിയ ശ്രമമാണ് ഭാസി വിവരിച്ചത് . റഷ്യൻ മോഡലിൽ എഴുത്തുകാരുടെ ഒരു യൂണിയൻ . അവർ തീരുമാനിക്കും എന്തെഴുതണമെന്ന് . സത്യത്തിൽ ഇതായിരുന്നില്ലേ യഥാർത്ഥ ഫാസിസം ?
ഈ ഫാസിസത്തിന്റെ പല്ലുകൾ ഉള്ളിലൊതുക്കിയോ അതല്ലെങ്കിൽ ജനാധിപത്യമെന്ന തങ്ങൾക്ക് പരിചിതമല്ലാത്ത ഒഴുക്കിലൊഴുകി പരുപരുപ്പ് നഷ്ടപ്പെടുകയോ ചെയ്ത പാർട്ടിയെ തന്നെയല്ലേ നമ്മൾ ഇന്ന് കാണുന്നത് ? ഇത്തരം പ്രസ്ഥാനങ്ങൾ വിതയ്ക്കുന്ന സംഭ്രമങ്ങൾക്കൊപ്പം ആടുകയെന്ന ജോലിയല്ലേ പുരസ്കാരം തിരസ്കരിക്കുന്നവർ ചെയ്യുന്നത് ? തീർച്ചയായും ചിന്തിക്കേണ്ട വസ്തുത തന്നെയാണത് .
കവിയും ഗാന രചയിതാവും ഒരു കാലത്ത് പാർട്ടി പ്രവർത്തകനുമായിരുന്ന പി ഭാസ്കരൻ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളോട് അകന്നു തുടങ്ങിയതും അക്കാലത്താണ് . പുരോഗമന സാഹിത്യ സമ്മേളനത്തിൽ എഴുത്തുകാരെ ചങ്ങലയ്ക്കിടാനുള്ള മാനിഫെസ്റ്റോ അവതരിപ്പിച്ച് പാസാക്കാൻ പാർട്ടി പദ്ധതിയിട്ടിരുന്നു . എന്നാൽ ഇത് പരാജയപ്പെടുകയാണുണ്ടായതെന്ന് ഭാസ്കരൻ മാഷ് സാക്ഷ്യപ്പെടുത്തുന്നു . മാത്രമല്ല ഇത് മാത്രമേ പാടുള്ളൂ , ഇത് മാത്രമാണ് സാഹിത്യം എന്ന ശാഠ്യത്തെ സഹിക്കാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം എഴുതി
" സാഹിത്യത്തോടുള്ള പാർട്ടിയുടെ സമീപനം യാഥാസ്ഥിതികമായിരുന്നു .സാഹിത്യത്തേയും സ്വാഭാവിക മനുഷ്യ ചോദനകളേയും പാർട്ടിക്കാർ അംഗീകരിച്ചിരുന്നില്ല .മാനുഷിക ഭാവങ്ങളിൽ ഏറ്റവും ഉദാത്തമായ ഒന്ന് പ്രേമമാണ്. പ്രേമത്തെക്കുറിച്ച് എഴുതുന്നത് മഹാപരാധമായി കണക്കാക്കപ്പെടുന്ന കാലമാണത് .പ്രേമത്തെക്കുറിച്ച് യാതൊന്നും എഴുതിക്കൂടാ എന്ന ഒരലിഖിത നിയമം തന്നെ ഉണ്ടായിരുന്നു "
( ആത്മകഥ - പി ഭാസ്കരൻ )
മനസ്സിനെ മതിൽക്കെട്ടുകളാക്കുന്ന പ്രത്യയശാസ്ത്രങ്ങൾ , അതിൽ വിശ്വസിക്കാത്ത സഹജീവിയെ വെറുക്കാനും പുച്ഛിക്കാനും പഠിപ്പിക്കുന്ന പുതിയ മതത്തെ തന്നെ സൃഷ്ടിക്കുന്നുവെന്നും സത്യാന്വേഷണയജ്ഞത്തിനിടയിൽ തലച്ചോറിന്റെ ചില വാതിലുകൾ സ്ഥിരമായി അടച്ചിടുന്നുവെന്നും ചൂണ്ടിക്കാട്ടി ഭാസ്കരൻ മാഷ് പിന്നീട് പാർട്ടി അംഗത്വം പുതുക്കിയില്ല . 1951 ൽ പാർട്ടിയുടെ അപഭ്രംശത്തെപ്പറ്റി ആവി വണ്ടിയെന്ന കവിതയുമെഴുതി അദ്ദേഹം .
ഡ്രൈവർമാരെ മാറ്റിയത് കൊണ്ട് കാര്യമില്ല . എന്തെന്നാൽ പാളം തന്നെ തകർന്നതാണെന്ന് അദ്ദേഹം അതിലൂടെ ഓർമ്മിപ്പിച്ചു . ഒടുവിൽ താനാ വണ്ടിയിൽ നിന്നിറങ്ങി കാൽ നടയായി പോയെന്ന് കവി പറയുമ്പോൾ അതിൽ നിഴലിക്കുന്നത് സ്വന്തം അനുഭവങ്ങൾ തന്നെയാണ്.
" ജീവിതത്തിന്റെ ശ്യാമ മൈതാനം
പൂവണിഞ്ഞൊരു സുപ്രഭാതത്തിൽ
കണ്ടു ഞാനെന്റെ കൺകളാൽ , ബന്ധം
വിണ്ടു വിണ്ടു തകർന്നതാം വണ്ടി..
വന്നുവീണിതെൻ കൺകളിൽ , കഷ്ടം
മുന്നിൽ നീളും തകർന്നൊരാപ്പാളം .
മുന്നിലേക്ക് ക്ഷണിക്കുന്ന മട്ടിൽ
പിന്നിലേക്ക് നയിക്കുന്ന പാളം
വിണ്ടലത്തിൽ പുതിയ വെളിച്ചം
പൊന്തി നിൽക്കുമാ പൊല്പ്രഭാതത്തിൽ
ഞാനിറങ്ങി നടക്കയാ, യേകൻ
കാൽ നടയായെൻ ദീർഘ പഥത്തിൽ
( ആവി വണ്ടി - പി ഭാസ്കരൻ )
( മുന്നിലേക്ക് ക്ഷണിക്കുന്ന മട്ടിൽ പിന്നിലേക്ക് നയിക്കുന്ന പാളം . എന്തർത്ഥവത്തായ ദീർഘവീക്ഷണമുള്ള വരികൾ .1951 ലെഴുതിയ കവിതയിലെ വരികൾക്ക് ഇന്ന് കാലം കയ്യൊപ്പ് ചാർത്തുകയും ചെയ്തിരിക്കുന്നു !..)
പാർട്ടിയോടൊപ്പം നടന്ന സാഹിത്യകാരന്മാർ പോലും പ്രത്യയശാസ്ത്ര ഫാസിസത്തിൽ മനം മടുത്തിറങ്ങിപ്പോയിട്ടുണ്ട് . സാഹിത്യത്തിൽ അന്ന് ഇതായിരുന്നു അവസ്ഥയെങ്കിൽ പിൽക്കാലത്ത് കേരള രാഷ്ട്രീയത്തിൽ ഈ പ്രത്യയശാസ്ത്രം പുലർത്തിയ ഫാസിസം എല്ലാവർക്കും അറിയാവുന്നതാണ്.
1957 ൽ ആദ്യമായി അധികാരത്തിലേറിയ ശേഷം നടപ്പാക്കിയ സെൽ ഭരണം ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട് . ഇന്ന് കാവിവത്കരണമെന്ന് വ്യാജവാദമുയർത്തുന്നവർ അന്ന് പാഠപുസ്തകങ്ങളിൽ എഴുതിപ്പിടിപ്പിച്ചത് പാർട്ടി വാറോലകൾക്കനുസരിച്ചുള്ള അദ്ധ്യായങ്ങളായിരുന്നു. റഷ്യയേയും ചൈനയേയും സോഷ്യലിസ്റ്റ് പറുദീസകളെന്ന് വിശേഷിപ്പിച്ച് നിരവധി പേജുകൾ മാറ്റിവച്ചപ്പോൾ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിനും ചരിത്രത്തിനും പാഠപുസ്തകങ്ങളിൽ തമസ്കരണം നേരിട്ടു . പ്രത്യയശാസ്ത്ര അധിനിവേശം കേവലം ബൗദ്ധികമായി മാത്രമായിരുന്നില്ല . കായികമായും അത് മുന്നോട്ടു പോയി . രാഷ്ട്രീയ കൊലപാതകങ്ങൾ കൊണ്ട് കേരളത്തെ രക്തരൂക്ഷിതമാക്കി മാറ്റാൻ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു .
സമഗ്രാധിപത്യം നേടിയിടത്തെല്ലാം എഴുത്തുകാരേയും എതിർസ്വരങ്ങളേയും അടിച്ചമർത്തിയ പ്രത്യയശാസ്ത്രത്തിനോട് സഹകരിച്ച് നിന്നവരാണ് ഇപ്പോൾ പുരസ്കാരങ്ങൾ തിരികെ നൽകുന്നത് . എഴുത്തിനേയും കഴുത്തിനേയും ഒരു പോലെ ആക്രമിച്ച് നിരവധി സാഹിത്യകാരന്മാരെ ഉന്മൂലനം ചെയ്തവരെ ഭിത്തിയിൽ തൂക്കി ആരാധിക്കുന്ന ബൗദ്ധിക കാപട്യമാകട്ടെ ഇന്ന് ഫാസിസത്തിനെതിരെയെന്ന പേരിൽ പ്രചാരവേലകൾ നടത്തുന്നു
. സമകാലിക സംഭവങ്ങളെ പർവ്വതീകരിച്ച് പുലി വരുന്നേ പുലിയെന്ന് വിളിച്ച് കൂവി ഭീതി ജനിപ്പിക്കാൻ ശ്രമിക്കുന്നവർ മറച്ചുപിടിച്ചാലും തെളിയുന്ന ഒരു സത്യമുണ്ട് ..
കേരളത്തിൽ ഫാസിസം വന്നിട്ട് കാലമേറെയായി . അതിന്റെ മുഖംമൂടി പക്ഷേ മാനവികതയായിരുന്നെന്ന് മാത്രം..
അവലംബം:
1. കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി
2. ആത്മകഥ - പി ഭാസ്കരൻ
3. മനസാസ്മരാമി - എസ് ഗുപ്തൻ നായർ
4. ഗുപ്തൻ നായരുടെ ലേഖനങ്ങൾ
5. കാൽ നൂറ്റാണ്ട് - ചെറിയാൻ ഫിലിപ്പ്
Article Courtesy-Janamtv News,11/10/2015

Sunday, October 4, 2015

തിരിച്ചടിച്ച്‌ വെള്ളാപ്പള്ളി : വി.എസ്‌. അച്യുതാനന്ദന്‌ ലക്ഷങ്ങള്‍ കൊടുത്തു

കോട്ടയം: വി.എസ്‌. അച്യുതാനന്ദന്റെ നൂറുകോടിയുടെ കണക്കിന്‌ വെള്ളാപ്പള്ളിയുടെ തിരിച്ചടി.
തനിക്കെതിരേ കള്ളക്കണക്കുകള്‍ തട്ടിവിടുന്ന വി.എസിന്‌ പലതവണ വീട്ടില്‍പോയി ലക്ഷങ്ങള്‍ കൊടുത്തിട്ടുണ്ടെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുറന്നടിച്ചു.
രസീത്‌ ഇല്ലാതെ വാങ്ങിയ തുകയെങ്ങനെ സംഭാവനയാകുമെന്നും അദ്ദേഹം മാതൃഭൂമി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.
അഴിമതിയെപ്പറ്റി പറഞ്ഞും പാടിയും നടക്കുന്ന വി.എസ്‌. സ്വന്തം കുടുംബത്തില്‍ നിന്നാണ്‌ ആദ്യം അഴിമതി തുടച്ചുനീക്കേണ്ടത്‌. മാന്യതകൊണ്ടു താന്‍ കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ പാര്‍ട്ടി ഫണ്ടിലേക്കും ഡെപ്പോസിറ്റ്‌ ചെയ്യിച്ചു.
പോരാത്തതിന്‌ കൂടെ നില്‍ക്കുന്നവര്‍ക്കുവേണ്ടി വി.എസ്‌. ജോലിക്ക്‌ എത്രതവണയാണ്‌ ശിപാര്‍ശയുമായി വന്നത്‌. എത്രപേരെ വി.എസിന്റെ നോമിനികളായി നിയമിച്ചു. ജോലി വാഗ്‌ദാനം ചെയ്‌താണ്‌ ഏരിയാ സെക്രട്ടറിയായിരുന്ന ടി.കെ. പളനിക്കെതിരേ വി.എസ്‌. നീക്കം നടത്തിയതുപോലും. സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ എസ്‌.എന്‍.ഡി.പിയില്‍ എടുക്കാനാകില്ല. വേണമെങ്കില്‍ അദ്ദേഹത്തിന്‌ എസ്‌.എന്‍. ട്രസ്‌റ്റില്‍ അംഗമാകാം.
എന്നിട്ട്‌ അതിന്റെ കണക്കു ചോദിച്ചാല്‍ മതി. പിണറായിയും കോടിയേരിയുമൊക്കെ ഇപ്പോള്‍ എസ്‌.എന്‍.ഡി.പി. വേട്ടയ്‌ക്ക്‌ ഇറങ്ങിയിരിക്കുകയാണ്‌. അവര്‍ക്കൊക്കെ എന്നാണ്‌ ഗുരുഭക്‌തിയുണ്ടായതെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഈഴവ സമുദായം കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ നട്ടെല്ലാണെന്ന്‌ ഇന്നലെയാണോ മനസിലായതെന്നും അദ്ദേഹം ചോദിച്ചു.
മാരാരിക്കുളത്ത്‌ വി.എസ്‌. ആദ്യം മല്‍സരിക്കാനെത്തിയപ്പോള്‍ അംബാസഡര്‍ കാറിന്റെ മുന്‍ സീറ്റിലിരുന്നായിരുന്നു യാത്ര. അന്ന്‌ ആ കാറിന്റെ പിന്‍സീറ്റില്‍ വോട്ടു പിടിക്കാന്‍ ഞാനും ഭാര്യയുമുണ്ടായിരുന്നു. അടുത്ത തവണ മല്‍സരിക്കാനെത്തിയപ്പോള്‍ താന്‍ മുഖ്യമന്ത്രിയാണെന്ന രീതിയായിരുന്നു വി.എസിന്‌. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിനു മുമ്പു കേരളത്തില്‍ ഭൂരിപക്ഷ സമുദായങ്ങളുടെ കൂട്ടായ്‌മയില്‍ പാര്‍ട്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സമ്പാദിച്ച കള്ളപ്പണം വെള്ളാപ്പള്ളി സ്വിസ്‌ ബാങ്കില്‍ നിക്ഷേപിച്ചെന്നും ഇതു പിടിക്കാതിരിക്കാനാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായെയും സംഘപരിവാറിനെയും കൂട്ടുപിടിക്കാന്‍ ശമിക്കുന്നതെന്നുമുള്ള വി.എസിന്റെ ആരോപണത്തെയും വെള്ളാപ്പള്ളി പരിഹസിച്ചു. നൂറു കോടിയുമായി ചെന്നാല്‍ സ്വിസ്‌ ബാങ്കുകാര്‍ ഓടിക്കില്ലേയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ഫലിതം.
പത്ത്‌ പന്തീരായിരം കോടിയെങ്കിലുമില്ലാതെ ചെന്നാല്‍ രക്ഷയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഇപ്പോള്‍ എസ്‌.എന്‍ഡി.പി. ബി.ജെ.പിയോട്‌ അടുക്കുന്നെന്നും പാര്‍ട്ടിയുണ്ടാക്കുമെന്നുമൊക്കെ കേള്‍ക്കുമ്പോള്‍ ഇടതുപക്ഷത്തിന്‌ എന്താണിത്ര തലവേദനയെന്നും അഭിമുഖത്തില്‍ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി ചോദിച്ചു. കേരളം പതിറ്റാണ്ടു ഭരിച്ചവര്‍ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക്‌ എന്തു ചെയ്‌തു. അവര്‍ക്കു സംവരണം കൊടുക്കുന്നതില്‍ എസ്‌.എന്‍.ഡി.പിക്ക്‌ എതിര്‍പ്പില്ല.
കാന്തപുരവും തൃശൂര്‍ ബിഷപ്പുമൊക്കെ പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ ആര്‍ക്കും എന്താ പ്രശ്‌നമില്ലാത്തത്‌. എസ്‌.എന്‍.ഡി.പി യോഗം നേരിട്ടു പാര്‍ട്ടിയുണ്ടാക്കില്ല. ഭൂരിപക്ഷക്കാര്‍ ഒന്നുചേര്‍ന്ന്‌ ഒരു പ്രസ്‌ഥാനം ഉണ്ടാക്കും.
അതില്‍ എന്‍.എസ്‌.എസുമുണ്ടാകും.അതിലുണ്ടാകില്ലെന്ന്‌ എന്‍.എസ്‌.എസ്‌. അല്ല, ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ മാത്രമാണ്‌ പറയുന്നത്‌. അത്‌ അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്‌.സംവരണ കാര്യത്തില്‍ തങ്ങളുടെ നിലപാട്‌ ബി.ജെ.പി. അംഗീകരിക്കുകയായിരുന്നു.
എസ്‌.എന്‍.ഡി.പിയെ ഇത്രയും കാലം തഴഞ്ഞവരും ഗുരുവിനെ അപമാനിച്ചവരുമാണ്‌ ഇപ്പോള്‍ ഗുരുവചനങ്ങള്‍ തന്നെ പഠിപ്പിക്കാനെത്തുന്നതെന്നും സി.പി.എമ്മിനെതിരേ വെള്ളാപ്പള്ളി ഒളിയമ്പെയ്‌തു.
ഇവരൊക്കെ സമുദായത്തിന്‌ എന്തെങ്കിലും തന്നോ. എത്ര സ്‌കൂളുകള്‍ മലബാറില്‍ അനുവദിച്ചു. സ്‌കൂള്‍ പേയിട്ട്‌ കോഴ്‌സുപോലും തങ്ങള്‍ക്കു കിട്ടിയില്ല. തങ്ങളെ പരിഗണിക്കുന്നവരെ തങ്ങള്‍ പരിഗണിക്കും.
അതിനാണ്‌ അധികാരമുള്ള ബി.ജെ.പി നേതാക്കളെ കണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ന്യൂനപക്ഷത്തെ താങ്ങി മുസ്ലിം -ക്രിസ്‌ത്യന്‍ പ്രീണനം നടത്തി കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയും കട്ടുമുടിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
News Credit,Mangalam Daily,October 4, 2015