Tuesday, August 30, 2016

പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ പൂർണരൂപം

എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ആഗസ്റ്റ് 29 ന് ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമാണ്. ഈ ദിവസം രാജ്യമെങ്ങും ദേശീയ സ്‌പോര്‍ട്‌സ് ദിനമായി ആചരിച്ചു പോരുന്നു. ഞാന്‍ ധ്യാന്‍ചന്ദിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് നിങ്ങളേവരെയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം 1928 ലും 1932 ലും 1936 ലും ഒളിമ്പിക് മത്സരങ്ങളില്‍ ഭാരതത്തിന് ഹോക്കിയില്‍ സ്വര്‍ണ്ണമെഡല്‍ നേടിത്തന്നതില്‍ മഹത്തായ പങ്കു വഹിച്ചിരുന്നു. നാം ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരെല്ലാം, ബ്രാഡ്മാന്റെ പേരു കേട്ടിട്ടുണ്ട്. അദ്ദേഹം ധ്യാന്‍ചന്ദിനെക്കുറിച്ചുപറഞ്ഞത് ഹി സ്‌കോര്‍സ് ഗോള്‍സ് ലൈക് റണ്‍സ് (അദ്ദേഹം റണ്ണുകളെടുക്കുന്നതുപോലെ ഗോളുകള്‍ നേടുന്നു) എന്നാണ്.
ധ്യാന്‍ചന്ദ്ജി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെയും ദേശസ്‌നേഹത്തിന്റെയും ജീവസ്സുറ്റ ഉദാഹരണമായിരുന്നു. ഒരിക്കല്‍ കൊല്‍ക്കത്തയില്‍ ഒരു കളിക്കിടയില്‍ ഒരു എതിര്‍കളിക്കാരന്‍ ധ്യാന്‍ചന്ദിന്റെ തലയില്‍ ഹോക്കിസ്റ്റിക്കുകൊണ്ട് അടിക്കുകയുണ്ടായി. അപ്പോള്‍ കളി അവസാനിക്കാന്‍ 10 മിനിറ്റ് ബാക്കിയുണ്ടായിരുന്നു. ധ്യാന്‍ചന്ദ് ആ പത്തുമിനിറ്റിനുള്ളില്‍ മൂന്നു ഗോളുകളടിക്കുകയും ഗോളുകള്‍കൊണ്ട് മറുപടികൊടുത്തുവെന്നു പറയുകയും ചെയ്തു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, മന്‍ കീ ബാത്തിന്റെ സമയം വരുമ്പോഴൊക്കെ മൈഗവ് ല്‍ അല്ലെങ്കില്‍ നരേന്ദ്രമോദി ആപ്പ് ല്‍ നിരവധി അഭിപ്രായങ്ങള്‍ ലഭിക്കാറുണ്ട്. വൈവിധ്യങ്ങള്‍ നിറഞ്ഞവ. എന്നാല്‍ ഇപ്രാവശ്യം എല്ലാവരും തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത് റിയോ ഒളിമ്പിക്‌സിനെക്കുറിച്ച് ഞാന്‍ തീര്‍ച്ചയായും ചിലതു പറയണമെന്നാണ്. സാധാരണ പൗരന്മാര്‍ക്ക് ഒളിമ്പിക്‌സിനോട് ഇത്രയും അടുപ്പവും, ഇത്രയും ഉണര്‍വ്വും നാടിന്റെ പ്രധാനമന്ത്രി ഇതെക്കുറിച്ചു ചിലതു പറയണമെന്ന് ആകാംക്ഷയോടെ അഭ്യര്‍ഥിക്കുന്നതും ഞാന്‍ വളരെ പ്രതീക്ഷയോടെയാണു കാണുന്നത്. ക്രിക്കറ്റല്ലാതെയുള്ള കളികളുടെ കാര്യത്തിലും ഭാരതത്തിലെ പൗരന്മാര്‍ക്കിടയില്‍ ഇത്രത്തോളം സ്‌നേഹവും ഇത്രയധികം ഉണര്‍വും ഇത്രയധികം അറിവുമുണ്ട്.
ഈ സന്ദേശം വായിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രേരണാദായകമായ കാര്യമാണ്. ശ്രീ.അജിത് സിംഗ് എന്നൊരാള്‍ നരേന്ദ്രമോദി ആപ്പ് ല്‍ എഴുതി, ദയവായി ഇപ്രാവശ്യം മന്‍കീ ബാത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും കളികളില്‍ അവര്‍ പങ്കുചേരുന്നതിനെക്കുറിച്ചും തീര്‍ച്ചയായും പറയണം, കാരണം അവര്‍ റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിക്കൊണ്ട് നാടിന്റെ അഭിമാനമുയര്‍ത്തിയിരിക്കുന്നു. ശ്രീ.സച്ചിന്‍ എന്നൊരാള്‍ എഴുതിയിരിക്കുന്നത് മന്‍കീ ബാത്തില്‍ സിന്ധു, സാക്ഷി, ദീപാ കര്‍മാകര്‍ എന്നിവരെക്കുറിച്ച് തീര്‍ച്ചയായും പറയണം എന്നാണ്. നമുക്കു കിട്ടിയ മെഡലുകള്‍ പെണ്‍കുട്ടികളാണു നേടിത്തന്നത്. അവര്‍ ഒരു തരത്തിലും ആരെക്കാളും പിന്നിലല്ലെന്ന് നമ്മുടെ പുത്രിമാര്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. ഇവര്‍ ഇന്ത്യയുടെ വടക്ക്, തെക്ക്, കിഴക്ക് അല്ലെങ്കില്‍ മറ്റേതെങ്കിലും കോണില്‍ നിന്നുമാണ്. ഭാരതത്തിലങ്ങോളമിങ്ങോളമുള്ള പെണ്‍കുട്ടികള്‍ ഭാരതത്തിനു കീര്‍ത്തിയേകാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കയാണെന്നാണു തോന്നുന്നത്.
മൈഗവ് ല്‍ ശിഖര്‍ ഠാകുര്‍ എഴുതിയത് നമുക്ക് ഒളിമ്പിക്‌സില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം സാധിക്കുമായിരുന്നുവെന്നാണ്. അദ്ദേഹം എഴുതി, ‘ആദരണീയ മോദിസര്‍, റിയോയില്‍ നാം രണ്ടുമെഡലുകള്‍ നേടിയതില്‍ ആദ്യമായി ആശംസകള്‍. എന്നാല്‍ നമ്മുടെ പ്രകടനം നന്നായിരുന്നോ എന്നതിലേക്ക് ഞാന്‍ അങ്ങയുടെ ശ്രദ്ധ ക്ഷണിക്കാനാഗ്രഹിക്കുന്നു. ഇല്ല എന്നാണ് ഉത്തരം. സ്‌പോര്‍ട്‌സില്‍ നമുക്ക് നീണ്ട ദൂരം താണ്ടേണ്ടതുണ്ട്. നമ്മുടെ മാതാപിതാക്കള്‍ ഇന്നും പഠനത്തിലും അകാദമിക് വിഷയങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സമൂഹം ഇന്നും സ്‌പോര്‍ട്‌സിനെ സമയം നഷ്ടപ്പെടുത്തലായി കണക്കാക്കുന്നു. ഈ ചിന്താഗതി മാറ്റേണ്ടത് ആവശ്യമാണ്. സമൂഹത്തിന്റെ ഉത്സാഹം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഈ കാര്യം അങ്ങയേക്കാള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ ആര്‍ക്കുമാവില്ല.’
ഇതേപോലെ ശ്രീ.സത്യപ്രകാശ് മെഹ്‌റാ നരേന്ദ്രമോദി ആപ്പ് ല്‍ എഴുതി – മന്‍ കീ ബാത്തില്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില്‍ (പാഠ്യേതര വിഷയങ്ങളില്‍) ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിശേഷിച്ചും സ്‌പോര്‍ട്‌സിന്റെ കാര്യത്തില്‍ കുട്ടികളും യുവാക്കളും കൂടുതല്‍ ഉത്സാഹിക്കണം. ഒരു തരത്തില്‍ ഇതേ ചിന്താഗതിയാണ് ആയിരക്കണക്കിനാളുകള്‍ വ്യക്തമാക്കിയത്. നാം ആശിച്ചതുപോലെയുള്ള ഒരു പ്രകടനം നമുക്കു നടത്താനായില്ല എന്നത് നമുക്കു നിഷേധിക്കാനാവില്ല. ചില ഇനങ്ങളില്‍ നമ്മുടെ കളിക്കാര്‍ ഭാരതത്തില്‍ നല്ല പ്രകടനം കാഴ്ച വച്ചുവെങ്കിലും, ഇവിടെ കാഴ്ചവച്ച നല്ല പ്രകടനം അവിടെ പ്രതീക്ഷിച്ചതുപോലെ സാധിച്ചില്ല. മെഡല്‍ പട്ടികയില്‍ നമുക്കു കേവലം രണ്ടുമെഡല്‍ മാത്രമേ കിട്ടിയുള്ളൂ.
പക്ഷേ, മെഡല്‍ കിട്ടിയില്ലെങ്കിലും ശ്രദ്ധിച്ചു നോക്കിയാല്‍ പല ഇനങ്ങളിലും നമ്മുടെ താരങ്ങള്‍ നല്ല പ്രദര്‍ശനം കാഴ്ചവച്ചു എന്നു കാണാം. കണ്ടില്ലേ, ഷൂട്ടിംഗില്‍ നമ്മുടെ അഭിനവ് ബിന്ദ്രാജി നാലാം സ്ഥാനത്തെത്തി, വളരെ ചെറിയ വ്യത്യാസത്തിലാണ് അദ്ദേഹത്തിന് മെഡല്‍ നഷ്ടപ്പെട്ടത്. ജിംനാസ്റ്റിക്‌സില്‍ ദീപാ കര്‍മാകറും നല്ല പ്രകടനത്തോടെ നാലാം സ്ഥാനത്തെത്തി. വളരെ ചെറിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടപ്പെട്ടു. ഒളിമ്പിക്‌സ്, ജിംനാസ്റ്റിക്‌സ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യത്തെ ഭാരതപുത്രിയാണ് ദീപ എന്ന കാര്യം നമുക്കെങ്ങനെ മറക്കാനാകും? ടെന്നീസില്‍ സാനിയ മിര്‍സായുടെയും രോഹന്‍ ബൊപ്പണ്ണയുടെയും ജോഡിയുടെ കാര്യത്തിലും ഇങ്ങനെതന്നെയാണു സംഭവിച്ചത്.
അത്‌ലറ്റിക്‌സില്‍ നാം നല്ല പ്രകടനം കാഴ്ചവച്ചു. പി.ടി.ഉഷയ്ക്കുശേഷം 32 വര്‍ഷത്തിനിടയില്‍ ആദ്യമായി ലളിതാ ബാബര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഫൈനലിന് യോഗ്യത നേടി. 36 വര്‍ഷങ്ങള്‍ക്കുശേഷം മഹിളാ ഹോക്കി ടീം ഒളിമ്പിക്‌സിലെത്തിയെന്നറിയുന്നതും സന്തോഷമുള്ള കാര്യം തന്നെയാണ്. കഴിഞ്ഞ 36 വര്‍ഷത്തിനിടയില്‍ ആദ്യമായി പുരുഷ ഹോക്കിയില്‍ നോക്ക് ഔട്ട് സ്റ്റേജില്‍ വരെയെത്തി. നമ്മുടെ ടീം വളരെ ശക്തരാണ്. മെഡല്‍ നേടിയ അര്‍ജന്റീനാ ടീം മുഴുവന്‍ ടൂര്‍ണമെന്റില്‍ ഒരേയൊരു പ്രാവശ്യമേ തോറ്റുള്ളു. തോല്‍പ്പിച്ചവരാരായിരുന്നു…? ഭാരതത്തിന്റെ കളിക്കാരായിരുന്നു. വരും കാലം തീര്‍ച്ചയായും നമുക്കു നല്ലതു വരുത്തും.
ബോക്‌സിംഗില്‍ വികാസ് കൃഷ്ണ യാദവ് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി. എന്നാല്‍ ബ്രോണ്‍സ് മെഡല്‍ നേടാനായില്ല. പല കളിക്കാരുടെയും, ഉദാഹരണത്തിന് അദിതി അശോക്, ദത്തൂ ഭോകനല്‍, അതനു ദാസ് തുടങ്ങിയവരുടെ പ്രകടനം നന്നായിരുന്നു. പക്ഷേ, പ്രിയപ്പെട്ട ദേശവാസികളേ, നമുക്കു വളരെയേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. പക്ഷേ, ചെയ്തുപോന്നതുപോലെയാണ് ഇനിയും ചെയ്യുന്നതെങ്കില്‍ ഒരുപക്ഷേ, നമുക്കു വീണ്ടും നിരാശയാകും കൈവരുക. ഞാന്‍ ഒരു കമ്മറ്റിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരതസര്‍ക്കാര്‍ വിഷയത്തിന്റെ ആഴങ്ങളിലേക്കു പോകും. ലോകത്തില്‍ എന്തെല്ലാം തരത്തിലുള്ള പരിശീലനങ്ങളാണു നടക്കുന്നതെന്ന് പഠനം നടത്തും. നമുക്ക് ഇനിയും എങ്ങനെ നന്നാകാനാകും എന്നതിനെക്കുറിച്ച് രൂപരേഖ തയ്യാറാക്കും. 2020, 2024, 2028 – എന്നിങ്ങനെ ദൂരവ്യാപകമായ ചിന്താഗതിയോടെയാണ് പദ്ധതി തയ്യാറാക്കേണ്ടത്. സംസ്ഥാന സര്‍ക്കാരുകളും ഇതുപോലെയുള്ള കമ്മറ്റികള്‍ ഉണ്ടാക്കണമെന്നും സ്‌പോര്‍ട്‌സ് രംഗത്ത് നമുക്ക് എന്തു ചെയ്യാനാകുമെന്നും, നമ്മുടെ ഓരോരോ സംസ്ഥാനത്തിനും എന്തു ചെയ്യാനാകുമെന്നും ചിന്തിക്കണം. സംസ്ഥാനങ്ങള്‍ ശക്തി കാട്ടാനാകുന്ന തങ്ങളുടേതായ ഒന്നോ രണ്ടോ ഇനങ്ങള്‍ തെരഞ്ഞെടുക്കണം.
സ്‌പോര്‍ട്‌സ് അസോസിയേഷനുകളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നത് അവര്‍ നിഷ്പക്ഷതയോടെ വിചാരവിശകലനം നടത്തണം എന്നാണ്. ഭാരതത്തിലെ ഓരോ പൗരനോടും ഞാന്‍ അഭ്യര്‍ഥിക്കുന്നത് ഏതൊന്നിലാണോ താത്പര്യം അതെക്കുറിച്ചുള്ള അഭിപ്രായം നരേന്ദ്രമോദി അപ്പ് ലൂടെ എനിക്കയക്കുക. സര്‍ക്കാരിന് എഴുതുക, ചര്‍ച്ച ചെയ്ത് തങ്ങളുടെ നിവേദനം സര്‍ക്കാരിനു നല്കുക. സംസ്ഥാനസര്‍ക്കാരുകള്‍ ചര്‍ച്ചകള്‍ക്കുമേല്‍ ചര്‍ച്ചകള്‍ നടത്തി തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. നാം പൂര്‍ണ്ണമായും തയ്യാറെടുക്കുക. നാം, നൂറ്റി ഇരുപത്തിയഞ്ചു കോടി ജനങ്ങള്‍, 65 ശതമാനം യുവാക്കളുള്ള നാട്, സ്‌പോര്‍ട്‌സ് രംഗത്ത് നല്ല നിലവാരത്തിലേക്കുയരണം എന്ന ദൃഢനിശ്ചയത്തോടെ മുന്നേറേണ്ടതുണ്ട്.
പ്രിയപ്പെട്ട ദേശവാസികളേ, സെപ്റ്റംബര്‍ 5 അധ്യാപകദിനമാണ്. ഞാന്‍ പല വര്‍ഷങ്ങളായി അധ്യാപകദിനത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം വളരെ സമയം ചെലവിടാറുണ്ട്. ഒരു വിദ്യാര്‍ഥിയെപ്പോലെ സമയം ചെലവാക്കിയിരുന്നു. ചെറിയ ചെറിയ കുട്ടികളില്‍ നിന്നും ഞാന്‍ വളരെ കാര്യങ്ങള്‍ പഠിച്ചു. എന്നെ സംബന്ധിച്ചിടത്തോളം സെപ്റ്റംബര്‍ 5 അധ്യാപക ദിനവും അധ്യയന ദിനവുമായിരുന്നു. പക്ഷേ, ഇപ്രാവശ്യം എനിക്ക് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകണം. അതുകൊണ്ട് മന്‍ കീബാത്തില്‍ തന്നെ എന്റെ ഈ വികാരം പ്രകടിപ്പിക്കണമെന്നു തീരുമാനിച്ചു.
ജീവിതത്തില്‍ അമ്മയ്ക്ക് എത്രത്തോളം സ്ഥാനമുണ്ടോ അത്രതന്നെ സ്ഥാനം അധ്യാപകനുമുണ്ട്. സ്വന്തം കാര്യത്തേക്കാളധികം സ്വന്തക്കാരുടെ കാര്യത്തില്‍ വേവലാതിപ്പെടുന്ന അധ്യാപകരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ തങ്ങളുടെ ശിഷ്യര്‍ക്കു വേണ്ടി, തങ്ങളുടെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി, ജീവിതം അര്‍പ്പിക്കുന്നു. ഇപ്പോള്‍, റിയോ ഒളിമ്പിക്‌സിനുശേഷം നാലുപാടും പുല്ലേലാ ഗോപീചന്ദിനെക്കുറിച്ചുള്ള ചര്‍ച്ചയാണു കേള്‍ക്കുന്നത്. അദ്ദേഹം സ്‌പോര്‍ട്‌സ്മാനാണ് – അതോടൊപ്പം നല്ല അധ്യാപകന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാഹരണം മുന്നോട്ടു വയ്ക്കുന്നു. ഇന്ന് ഞാന്‍ ഗോപീചന്ദിനെ ഒരു കളിക്കാരന്‍ എന്നതിനേക്കാള്‍ നല്ല അധ്യാപകനെന്ന നിലയിലാണു കാണുന്നത്. അധ്യാപകദിനത്തില്‍, പുല്ലേല ഗോപീചന്ദിനെ, അദ്ദേഹത്തിന്റെ തപസ്യയെ, സ്‌പോര്‍ട്‌സിനോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ, തന്റെ വിദ്യാര്‍ഥികളുടെ വിജയത്തില്‍ സന്തോഷിക്കുന്ന അദ്ദേഹത്തിന്റെ രീതിയെ ഞാന്‍ സല്യൂട് ചെയ്യുന്നു.
നമ്മുടെയെല്ലാം ജീവിതത്തില്‍ അധ്യാപകരുടെ സംഭാവന നമുക്കെപ്പോഴും അനുഭവപ്പെടാറുണ്ട്. സെപ്റ്റംബര്‍ 5 ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി, ഡോ.സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ജീയുടെ ജന്മദിനമാണ്. നാട് ഈ ദിനം അധ്യാപകദിനമായി കൊണ്ടാടുന്നു. അദ്ദേഹം ജീവിതത്തില്‍ ഏതു പദവിയിലെത്തിയെങ്കിലും സ്വയം എന്നും അദ്ദേഹം അധ്യാപകനായിത്തന്നെ ജീവിക്കാനാണു ശ്രമിച്ചത്. ഇത്രമാത്രമല്ല, ‘ഉള്ളിലെ വിദ്യാര്‍ഥി ഒരിക്കലും മരിക്കാത്ത ആളാണ് നല്ല അധ്യാപകന്‍’ എന്ന് അദ്ദേഹം എന്നും പറയാറുണ്ടായിരുന്നു. രാഷ്ട്പതിയുടെ പദവിയിലാണെങ്കിലും അധ്യാപകനായി ജീവിക്കുകയും അധ്യാപക മനസ്സുണ്ടായിരുന്നതുകൊണ്ട് ഉള്ളിലെ വിദ്യാര്‍ഥിയെ സജീവമായി നിര്‍ത്തുകയും ചെയ്ത ആശ്ചര്യകരമായ ജീവിതമാണ് ഡോ.രാധാകൃഷ്ണന്‍ ജീവിച്ചുകാട്ടിയത്.
എനിക്ക് എന്റെ അധ്യാപകരുടെ അനേകം കഥകള്‍ ഓര്‍മ്മയുണ്ട്. കാരണം ഞങ്ങളുടെ ചെറിയ ഗ്രാമത്തില്‍ അധ്യാപകരായിരുന്നു ഞങ്ങളുടെ ഹീറോകള്‍. എന്റെ ഒരു അധ്യാപകന്റെ കത്ത്, ഇപ്പോള്‍ അദ്ദേഹത്തിന് 90 വയസ്സായിരിക്കുന്നുവെങ്കിലും ഇപ്പോഴും എല്ലാമാസവും ലഭിക്കുന്നു. കൈ കൊണ്ടെഴുതിയ കത്തു വരുന്നു. ഒരു മാസം കൊണ്ട് അദ്ദേഹം ഏതെല്ലാം പുസ്തകങ്ങള്‍ വായിച്ചുവെന്ന് അതില്‍ അവിടവിടെ സൂചനകളുണ്ടാകും, ഉദ്ധരണികളുണ്ടാകും. മാസം മുഴുവന്‍ ഞാന്‍ എന്തെല്ലാം, ചെയ്തു, അവ അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ശരിയായിരുന്നോ അല്ലയോ. ഇന്നും അദ്ദേഹം എന്നെ ക്ലാസ് റൂമില്‍ പഠിപ്പിക്കുന്ന പ്രതീതിയാണ്. ഇന്നും അദ്ദേഹം എനിക്ക് കറസ്‌പോണ്ടന്‍സ് കോഴ്‌സ് നല്കുകയാണെന്നു പറയാം. ഈ തൊണ്ണൂറാം വയസ്സിലും അദ്ദേഹത്തിന്റെ കൈയക്ഷരം കണ്ടാല്‍ ഈ പ്രായത്തിലും ഇത്രയും സുന്ദരങ്ങളായ അക്ഷരങ്ങള്‍ എഴുതുന്നുവല്ലോ എന്ന് അദ്ഭുതപ്പെടും.
എന്റെ അക്ഷരം വളരെ മോശമായതുകൊണ്ട് ആരുടെയെങ്കിലും നല്ല അക്ഷരം കണ്ടാല്‍ എന്റെ മനസ്സില്‍ വളരെയധികം ആദരവു തോന്നും. എന്റെ ഈ അനുഭവം നിങ്ങള്‍ക്കുമുണ്ടാകാം. നിങ്ങളുടെ അധ്യാപകരില്‍ നിന്നുണ്ടായ നല്ല അനുഭവങ്ങള്‍, ലോകത്തോടു പറഞ്ഞാല്‍ അധ്യാപകരോടുള്ള വീക്ഷണത്തില്‍ മാറ്റം വരും, അഭിമാനം തോന്നും, സമൂഹത്തില്‍ നമ്മുടെ അധ്യാപകരുടെ അഭിമാനമുയര്‍ത്തുക യെന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്. നരേന്ദ്രമോദി ആപ്പ് ല്‍ നിങ്ങളുടെ അധ്യാപകര്‍ക്കൊപ്പമുള്ള ഫോട്ടോ, അധ്യാപകരുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങള്‍, പ്രേരകങ്ങളായ എന്തെങ്കിലും കാര്യങ്ങള്‍ തീര്‍ച്ചയായും പങ്കുവയ്ക്കണം. അധ്യാപകരുടെ സംഭാവനകളെ വിദ്യാര്‍ഥികളുടെ കണ്ണുകള്‍കൊണ്ടു കാണുകയെന്നതുതന്നെ വളരെ വിലപ്പെട്ട കാര്യമാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഗണേശോത്സവം അടുത്തുവരുന്നു. ഗണേശന്‍ വിഘ്‌നങ്ങള്‍ മാറ്റുന്നു… നമ്മുടെ നാടിന്റെ, നമ്മുടെ സമൂഹത്തിന്റെ, നമ്മുടെ കുടുംബത്തിന്റെ, നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ വിഘ്‌നങ്ങളില്ലാതിരിക്കട്ടെ. എന്നാല്‍ ഗണേശോത്സവത്തിന്റെ കാര്യം പറയുമ്പോള്‍ ലോകമാന്യ തിലകനെക്കുറിച്ച് ഓര്‍മ്മ വരുന്നതു സ്വഭാവികമാണ്. പൊതുഗണേശോത്സവം തുടങ്ങി വച്ചത് ലോകമാന്യ തിലകനാണ്. അതിലൂടെ അദ്ദേഹം ഈ മതപരമായ ആഘോഷത്തെ ദേശത്തെ ഉണര്‍ത്താനുള്ള സന്ദര്‍ഭമാക്കി മാറ്റി. സാമൂഹിക സംസ്‌കാരത്തിന്റെ ആഘോഷമാക്കി. ഗണേശോത്സവത്തിലൂടെ സാമൂഹിക ജീവിതത്തെ സ്പര്‍ശിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു വിശദമായ ചര്‍ച്ചകള്‍ നടക്കട്ടെ. സമൂഹത്തിന് പുതിയ ഓജസ്സും തേജസ്സും ലഭിക്കുന്ന പരിപാടികളാകണം സംഘടിപ്പിക്കുന്നത്. അതോടൊപ്പം അദ്ദേഹം നല്കിയ മന്ത്രം, സ്വരാജ് നമ്മുടെ ജന്മസിദ്ധമായ അവകാശമാണെന്ന മന്ത്രം പ്രധാനമായിരിക്കട്ടെ. ആ മന്ത്രം സ്വാതന്ത്ര്യസമരത്തിന് ശക്തിയേകിയിരുന്നു.
ഇന്നും, ഇപ്പോള്‍ മഹാരാഷ്ട്രയില്‍ മാത്രമല്ല, ഭാരതത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഗണേശോത്സവം നടക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാ യുവാക്കളും ഈ ആഘോഷത്തിനായി വളരെ തയ്യാറെടുപ്പുകള്‍ നടത്തുന്നു, വളരെ ഉത്സാഹവുമുണ്ടാകും. ചിലര്‍ ഇപ്പോഴും ലോകമാന്യതിലകന്‍ ഏതൊരു വികാരമാണോ മുന്നോട്ടു വച്ചത്, അത് അനുകരിക്കാന്‍ അകമഴിഞ്ഞ് ശ്രമിക്കുന്നു. പൊതു വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നു, ലേഖനമത്സരങ്ങള്‍ നടത്തുന്നു, പൂക്കളമത്സരങ്ങള്‍ നടത്തുന്നു. അതിലെ ദൃശ്യങ്ങളില്‍ സമൂഹത്തെ സ്പര്‍ശിക്കുന്ന വിഷയങ്ങള്‍ വളരെ കലാപൂര്‍ണ്ണമായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്നു. ഒരു തരത്തില്‍ പൊതു വിദ്യാഭ്യാസത്തിന്റെ ഒരു വലിയ മുന്നേറ്റമാണ് ഗണേശോത്സവത്തിലൂടെ നടക്കുന്നത്. ലോകമാന്യ തിലകന്‍ സ്വരാജ് നമ്മുടെ ജന്മസിദ്ധമായ അവകാശമാണ് എന്ന് പ്രേരകമന്ത്രം നല്കി. എന്നാല്‍ നാം സ്വതന്ത്ര ഭാരതത്തിലാണു ജീവിക്കുന്നത്. ഇന്നത്തെ മന്ത്രം സുരാജ് – സദ്ഭരണം – നമ്മുടെ അവകാശമാണ് എന്നായിക്കൂടേ. നമുക്കിനി സുരാജിലേക്കാണു പോകേണ്ടത്. അത് നമ്മുടെ പ്രഥമഗണനീയ വിഷയമാകട്ടെ. ഈ മന്ത്രത്തെ അടിസ്ഥാനപ്പെടുത്തി നമുക്ക് ഗണേശോത്സവത്തിന്റെ സന്ദേശം നല്കാനാവില്ലേ? വരൂ.. ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
ഉത്സവം സമൂഹത്തിന്റെ ശക്തിയാണെന്നതു ശരിയാണ്. ഉത്സവം വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തിന് പുതിയ പ്രാണനേകുന്നു. ഉത്സവമില്ലാതെ ജീവിതം അസാധ്യമാണ്. എന്നാല്‍ അതിനെ കാലത്തിനനുസരിച്ച് രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ഇപ്രാവശ്യം പലരും എനിക്ക് വിശേഷിച്ചും എഴുതിയത് ഗണേശോത്സവത്തെക്കുറിച്ചും ദുര്‍ഗ്ഗാ പൂജയെക്കുറിച്ചുമാണ്. അവരുടെ വേവലാതി പരിസ്ഥിതിയെക്കുറിച്ചാണ് ശ്രീ.ശങ്കര്‍ നാരായണപ്രസാദ് എന്നു പേരുള്ള ഒരാള്‍ വളരെ മനസ്സര്‍പ്പിച്ചു പറയുന്നു, ‘മോദീജീ, പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ടുണ്ടാക്കിയ ഗണേശ വിഗ്രഹങ്ങള്‍ ഉപയോഗിക്കരുത് എന്ന് അങ്ങ് ജനങ്ങളോടു പറയൂ. ഗ്രാമത്തിലെ കുളത്തിലെ മണ്ണുകൊണ്ടുണ്ടാക്കിയ ഗണേശ്ജിയെ ഉപയോഗിച്ചൂകൂടേ. പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ടുണ്ടാക്കിയ പ്രതിമകള്‍ പരിസ്ഥിതിക്ക് യോജിച്ചതല്ല. അദ്ദേഹവും മറ്റു പലരും വളരെ വേദന വ്യക്തമാക്കിയിരിക്കുന്നു. എനിക്കും നിങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത് നമുക്ക് ഗണേശന്റെയും ദുര്‍ഗ്ഗാദേവിയുടെയും മണ്ണുകൊണ്ടുള്ള പ്രതിമകള്‍ ഉണ്ടാക്കി നമ്മുടെ പഴയ പാരമ്പര്യത്തിലേക്കു മടങ്ങിക്കൂടേ എന്നാണ്.
പരിസ്ഥിതി സംരക്ഷിക്കല്‍, നമ്മുടെ നദികളും തടാകങ്ങളും സംരക്ഷിക്കല്‍, അതിലുണ്ടാകുന്ന മലിനീകരണത്തില്‍ നിന്നും ആ ജലത്തിലെ ചെറു ജീവജാലങ്ങളെ സംരക്ഷിക്കല്‍ തുടങ്ങിയവയും ഈശ്വരസേവ തന്നെയാണ്. ഗണേശന്‍ വിഘ്‌നഹരനാണ്. അതുകൊണ്ടുതന്നെ വിഘ്‌നമുണ്ടാക്കുന്ന ഗണേശനെ നമ്മളുണ്ടാക്കാന്‍ പാടില്ല. ഞാന്‍ ഈ പറയുന്നത് നിങ്ങള്‍ എത്രത്തോളം സ്വീകരിക്കുമെന്നെനിക്കറിയില്ല. പക്ഷേ, ഇതു ഞാന്‍ മാത്രമല്ല പറയുന്നത്, പലരും പറയുന്നു. പലരുടെയും കാര്യം പലപ്രാവശ്യം കേട്ടിരിക്കുന്നു – പൂനയിലെ ഒരു പ്രതിമാനിര്‍മ്മാതാവ് ശ്രീ.അഭിജീത് ധോംണ്ട്ഫലേ, കോല്ഹാപൂരിലെ നിസര്‍ഗ് മിത്ര്, വിജ്ഞാന്‍ പ്രബോധിനി എന്നീ സംഘടനകള്‍, വിദര്‍ഭയിലെ നിസര്‍ഗ്ഗ്-കട്ടാ, പൂനയിലെ ജ്ഞാന പ്രബോധിനി, മുംബൈയിലെ ഗിരഗാംവചാ രാജാ. ഇങ്ങനെയുള്ള അനേകം സ്ഥാപനങ്ങളും മണ്ണുകൊണ്ടുള്ള ഗണേശനെ ഉണ്ടാക്കാന്‍ വളരെ അധ്വാനിക്കുന്നു, പ്രചരിപ്പിക്കുകയും ചെയ്യുന്നു.
പരിസ്ഥിതി സൗഹൃദപരമായ ഗണേശോത്സവം എന്നതും സാമൂഹ്യ സേവനമാണ്. ദൂര്‍ഗ്ഗാ പൂജയ്ക്ക് ഇനിയും സമയമുണ്ട്. പ്രതിമകളുണ്ടാക്കിയിരുന്ന പഴയ കുടുംബങ്ങള്‍ക്കും തൊഴില്‍ ലഭിക്കും… തടാകത്തിലെ നദിയിലെ ചേറുകൊണ്ട് ഉണ്ടാക്കിയാല്‍ അത് വീണ്ടും അതില്‍ത്തന്നെ ചെന്നു ലയിച്ചു ചേരുമെന്നതുകൊണ്ട് പരിസ്ഥിതിക്ക് കാര്യമായ ഹാനി സംഭവിക്കുന്നുമില്ല. നിങ്ങളേവര്‍ക്കും ഗണേശചതുര്‍ഥിയുടെ അനേകം ശുഭാശംസകള്‍ നേരുന്നു..
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഭാരതരത്‌നം മദര്‍ തെരേസ – സെപ്റ്റംബര്‍ 4 ന് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കും. മദര്‍ തെരേസ ജീവിതം മുഴുവന്‍ ഭാരതത്തിലെ ദരിദ്രരെ സേവിക്കാനായി വിനിയോഗിച്ചു. അവര്‍ അല്‍ബേനിയായിലാണു ജനിച്ചത്. അവരുടെ ഭാഷയും ഇംഗ്ലീഷുമായിരുന്നില്ല. എന്നാല്‍ അവര്‍ ജീവിതം രൂപപ്പെടുത്തി, ദരിദ്രരെ സേവിക്കാന്‍ തക്കതാക്കുന്നതിന് വളരെ അധ്വാനിച്ചു. ജീവിതം മുഴുവന്‍ ദരിദ്രരെ സേവിച്ച മദര്‍ തെരേസയ്ക്ക് വിശുദ്ധയെന്ന പദവി കിട്ടുകയാണ് എന്നതില്‍ എല്ലാ ഭാരതീയര്‍ക്കും അഭിമാനം തോന്നുക സ്വാഭാവികമാണ്. സെപ്റ്റംബര്‍ 4 നു നടക്കുന്ന ഈ ആഘോഷത്തില്‍ 125 കോടി നാട്ടുകാര്‍ക്കുവേണ്ടി ഭാരത സര്‍ക്കാര്‍ നമ്മുടെ വിദേശകാര്യമന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെയും അവിടേക്കയക്കുന്നുണ്ട്. സന്യാസിമാരില്‍ നിന്നും, ഋഷിമാരില്‍ നിന്നും മുനിമാരില്‍ നിന്നും മഹാപുരുഷന്മാരില്‍ നിന്നും അനുനിമിഷം നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാന്‍ ലഭിക്കുന്നു. നാം എന്തെങ്കിലുമൊക്കെ നേടിക്കൊണ്ടിരിക്കും, പഠിച്ചുകൊണ്ടിരിക്കും, എന്തെങ്കിലുമൊക്കെ നല്ലതു ചെയ്തുകൊണ്ടിരിക്കും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, വികസനം ഒരു ജനമുന്നേറ്റമാകുമ്പോള്‍ എത്രവലിയ മാറ്റമാണുണ്ടാകുന്നത്. ജനശക്തിയെ ഈശ്വരന്റെതന്നെ മറ്റൊരു രൂപമായി കണക്കാക്കപ്പെടുന്നു. ഭാരത സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ 5 സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നിര്‍മ്മലമായ ഗംഗയ്ക്കുവേണ്ടി, ഗംഗയെ ശുദ്ധീകരിക്കാന്‍, ആളുകളെ ബന്ധപ്പെടുത്താനുള്ള വിജയപ്രദമായ ശ്രമം നടത്തി. ഈ മാസം 20 ന്‌ ഗംഗയുടെ തീരത്തെ ഗ്രാമ മുഖ്യന്മാരുടെ ഒരു യോഗം അലഹാബാദില്‍ വിളിച്ചു കൂട്ടുകയുണ്ടായി. പുരുഷന്മാരുമുണ്ടായിരുന്നു, സ്ത്രീകളുമുണ്ടായിരുന്നു. അവര്‍ അലഹാബാദില്‍ വരുകയും ഗംഗാതീരത്തെ ഗ്രാമ മുഖ്യന്മാര്‍ ഗംഗാതീരത്തെ തങ്ങളുടെ ഗ്രാമങ്ങളില്‍ തുറന്ന സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്ന ശീലം ഉടന്‍ നിര്‍ത്തിക്കുമെന്നും ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനുള്ള ജനമുന്നേറ്റം നടത്തുമെന്നും ഗംഗ ശുദ്ധീകരിക്കുന്നതില്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്നും തങ്ങളുടെ ഗ്രാമം ഗംഗയെ മലിനമാക്കില്ലെന്നും ഗംഗാമാതാവിനെ സാക്ഷിയാക്കി ശപഥം ചെയ്തു. ഈ ഒരു ദൃഢനിശ്ചയത്തിനായി, ചിലര്‍ ഉത്തരാഖണ്ഡില്‍ നിന്ന് ചിലര്‍ ഉത്തര്‍ പ്രദേശില്‍ നിന്ന്, ചിലര്‍ ബീഹാറില്‍ നിന്ന്, ചിലര്‍ ഝാര്‍ഖണ്ഡില്‍ നിന്ന്, ചിലര്‍ പശ്ചിമ ബംഗാളില്‍ നിന്ന് അലഹബാദില്‍ എത്തിയതിന് ഏവരെയും അഭിനന്ദിക്കുന്നു. ഈ ഒരു ആശയത്തെ നടപ്പില്‍ വരുത്തിയതിന് ഞാന്‍ ഭാരത സര്‍ക്കാരിന്റെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും, മന്ത്രിമാര്‍ക്കും ആശംസകള്‍ നേരുന്നു. ജനശക്തി സംഭരിച്ച് ഗംഗ ശുദ്ധീകരിക്കുന്നതില്‍ മഹത്തായ കാല്‍വയ്പ്പിന്റെ പേരില്‍ ഞാന്‍ ആ 5 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോടും നന്ദി വ്യക്തമാക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, ചില കാര്യങ്ങള്‍ ചിലപ്പോള്‍ എന്റെ മനസ്സിനെ സ്പര്‍ശിക്കുന്നു. ആ ആശയങ്ങള്‍ രൂപപ്പെടുത്തിയ ആളുകളോട് എന്റെ മനസ്സില്‍ ഒരു വിശേഷാല്‍ ആദരവ് ഉണ്ടാവുകയും ചെയ്യുന്നു. ജൂലായ് 15 ന് ഛത്തീസ്ഗഢിലെ കബീര്‍ധാം ജില്ലയിലെ ഏകദേശം 1700 ലധികം സ്‌കൂളുകളിലെ ഒന്നേകാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഒരുമിച്ച് തങ്ങളുടെ മാതാപിതാക്കള്‍ക്ക് കത്തെഴുതി. ചിലര്‍ ഇംഗ്ലീഷിലെഴുതി, ചിലര്‍ ഹിന്ദിയിലെഴുതി, ചിലര്‍ ഛത്തീസ്ഗഢിയിലെഴുതി. അവര്‍ ആ കത്തില്‍ അവരുടെ അച്ഛനമ്മമാരോടു പറഞ്ഞത് തങ്ങളുടെ വീടുകളില്‍ ടോയ്‌ലറ്റ് – ശൗചാലയം – വേണമെന്നായിരുന്നു. അതിനായി അവര്‍ ആവശ്യപ്പെട്ടു, ചിലര്‍ എഴുതിയത് ഈ വര്‍ഷം തങ്ങളുടെ ജന്മദിനം ആഘോഷിച്ചില്ലെങ്കിലും തീര്‍ച്ചയായും ടോയ്‌ലറ്റ് ഉണ്ടാക്കണമെന്നായിരുന്നു. ഏഴുമുതല്‍ പതിനേഴു വരെ വയസ്സുള്ള കുട്ടികളാണ് ഇതു ചെയ്തത്. അടുത്ത ദിവസം സ്‌കൂളിലെത്തിയപ്പോള്‍ അവരുടെ കൈയില്‍ ടീച്ചര്‍ക്കു കൊടുക്കാനുള്ള കത്തുണ്ടായിരുന്നു. വലിയ സ്വാധീനമാണ്, വൈകാരികമായ ഇടപെടലാണ് അതുകൊണ്ടുണ്ടായത്. നിശ്ചിത തീയതിക്കകം ടോയ്‌ലറ്റ് ഉണ്ടാക്കിക്കൊടുക്കുമെന്ന വാഗ്ദാനമാണ് ആ കത്തുകളില്‍ അച്ഛനമ്മമാര്‍ നല്കിയിരുന്നത്. ഈ ആശയം ആരുടെ മനസ്സിലാണോ ഉദിച്ചത്, അവരെയും ഈ ശ്രമം നടത്തിയവരെയും ആ വിദ്യാര്‍ഥികളെയും അഭിനന്ദിക്കുന്നു. അച്ഛനമ്മമാരെ വിശേഷിച്ചും അഭിനന്ദിക്കുന്നു. കാരണം അവര്‍ തങ്ങളുടെ കുട്ടികളുടെ കത്തിനെ ഗൗരവത്തിലെടുത്ത് ടോയ്‌ലെറ്റുണ്ടാക്കുവാന്‍ തീരുമാനിച്ചു. ഇതാണു നമുക്കു പ്രേരണയേകുന്നത്.
കര്‍ണ്ണാടകത്തിലെ കോപ്പാല്‍ ജില്ലയിലെ പതിനാറു വയസ്സുള്ള ഒരു പെണ്‍കുട്ടി മല്ലമ്മ. ഈ കുട്ടി സ്വന്തം കുടുംബത്തിനെതിരെ സത്യാഗ്രഹം നടത്തി. അവള്‍ ആഹാരം പോലും വേണ്ടെന്നു വച്ചു. സ്വന്തമായി എന്തെങ്കിലും നേടാനല്ല, നല്ല വസ്ത്രത്തിനുവേണ്ടിയല്ല, എന്തെങ്കിലും മധുരപലഹാരം തിന്നാനല്ല, മറിച്ച് വീട്ടില്‍ ശൗചാലയം വേണമെന്നു പറഞ്ഞാണ് മല്ലമ്മ സത്യാഗ്രഹം നടത്തിയത്. കുടുംബത്തിന് സാമ്പത്തികമായി കഴിവില്ലായിരുന്നു. കുട്ടി ശാഠ്യത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. മല്ലമ്മ ശൗചാലയത്തിനായി സത്യാഗ്രഹം നടത്തുന്നുവെന്നറിഞ്ഞ ഗ്രാമ മുഖ്യന്‍ മൊഹമ്മദ് ശഫി പതിനെട്ടായിരം രൂപയ്ക്കുള്ള ഏര്‍പ്പാടു ചെയ്യുകയും ഒരു ആഴ്ചയ്ക്കുള്ളില്‍ തന്നെ ടോയ്‌ലറ്റ് ഉണ്ടാക്കുകയും ചെയ്തു. മല്ലമ്മയെന്ന പെണ്‍കുട്ടിയുടെ ശക്തിയും മൊഹമ്മദ് ശഫീയെപ്പോലുള്ള ഗ്രാമ മുഖ്യനും അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ എങ്ങനെയൊക്കെയാണു വഴി തുറക്കപ്പെടുന്നത്.. ഇതാണ് ജനശക്തി.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, സ്വച്ഛഭാരതമെന്നത് എല്ലാ ഭാരതീയരുടെയും സ്വപ്നമായിരിക്കയാണ്. ചില ഭാരതീയരുടെ ദൃഢനിശ്ചയമായിരിക്കുന്നു. ചിലര്‍ ഭാരതീയര്‍ ഇതിനെ തങ്ങളുടെ ലക്ഷ്യമാക്കിയിരിക്കുന്നു. എല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവരും തങ്ങളുടേതായ പങ്കു വഹിക്കുന്നു. പുതിയ പുതിയ ശ്രമങ്ങളെക്കുറിച്ച് ദിവസേന വാര്‍ത്തകളെത്തുന്നു. ഭാരത സര്‍ക്കാര്‍ പുതിയ ഒരു ആശയം മുന്നോട്ടു വച്ച് ആഹ്വാനം നടത്തിയിരിക്കുന്നു – രണ്ടു മിനിട്ട്, മൂന്നു മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമ ഉണ്ടാക്കുക, ഈ ഷോര്‍ട് ഫിലിം ഭാരത സര്‍ക്കാരിനയക്കുക… വെബ് സൈറ്റില്‍ ഇതെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. ഈ ഷോര്‍ട് ഫിലിമുകളുടെ മത്സരത്തില്‍ വിജയികള്‍ക്ക് ഒക്‌ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനത്തില്‍ പുരസ്‌കാരം നല്കും.
ടിവി ചാനലുകാരോടും എനിക്കു പറയാനുള്ളത് നിങ്ങളും ഇതുപോലുള്ള സിനിമയുണ്ടാക്കാന്‍ ആഹ്വാനം പുറപ്പെടുവിക്കുകയും മത്സരം നടത്തുകയും ചെയ്യണമെന്നാണ്. ക്രിയേറ്റിവിറ്റിയും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് ശക്തിയേകും. പുതിയ മുദ്രാവാക്യങ്ങള്‍ ലഭിക്കും, പുതിയ രീതികളെക്കുറിച്ചറിയാനാകും, പുതിയ പ്രേരണ ലഭിക്കും…. ഇതെല്ലാം ജനങ്ങളുടെയും സാധാരണ കലാകാരന്മാരുടെയും പങ്കുചേരലിലൂടെയാകും. സിനിമയുണ്ടാക്കാന്‍ വലിയ സ്റ്റുഡിയോ വേണമെന്നോ, വലിയ ക്യാമറ വേണമെന്നോ ഇല്ല. ഇപ്പോള്‍ നമ്മുടെ മൊബൈല്‍ ഫോണിന്റെ ക്യാമറ കൊണ്ടും സിനിമയുണ്ടാക്കാനാകും. വരൂ… മുന്നേറാം.. ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ അയല്‍ക്കാരുമായി നമുക്ക് നല്ല ബന്ധമായിരിക്കണമെന്നും സ്വാഭാവികമായിരിക്കണമെന്നും സജീവമായിരിക്കണമെന്നും ഭാരതം എന്നും ആഗ്രഹിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു മഹത്തായ കാര്യം നടന്നു. നമ്മുടെ രാഷ്ട്രപതി, ആദരണീയനായ പ്രണബ് മുഖര്‍ജി കൊല്‍ക്കത്തയില്‍ ഒരു പുതിയ പരിപാടി ഉദ്ഘാടനം ചെയ്തു. ‘ആകാശവാണി മൈത്രി ചാനല്‍’. രാഷ്ട്രപതി ഒരു റേഡിയോ ചാനല്‍ ഉദ്ഘാടനം ചെയ്യണോ എന്നു പലര്‍ക്കും തോന്നിയേക്കാം. പക്ഷേ, ഇത് സാധാരണമായ ഒരു റേഡിയോ ചാനലല്ല. ഒരു വലിയ ചുവടുവയ്പ്പാണ്. നമ്മുടെ അയല്‍പക്കത്ത് ബംഗ്ലാദേശുണ്ട്. ബംഗ്ലാ ദേശും പശ്ചിമബംഗാളും ഒരേ സാംസ്‌കാരിക പാരമ്പര്യത്തോടെ ഇന്നും നിലനില്‍ക്കുന്നു എന്നു നമുക്കറിയാം. ഇവിടെ ‘ആകാശവാണി മൈത്രി’യും അവിടെ ‘ബാംഗ്ലാദേശ് ബേതാര്‍’. അവര്‍ പരസ്പരം തങ്ങളുടെ പരിപാടികള്‍ പങ്കുവയ്ക്കും, ഇരുവശത്തുമുള്ള ബാഗ്ലാഭാഷക്കാരായ ആളുകള്‍ ആകാശവാണിയുടെ പരിപാടികള്‍ ആസ്വദിക്കും. വ്യക്തി ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ആകാശവാണിയുടെ സംഭാവന വളരെ വലുതാണ്. രാഷ്ട്രപതി ഇത് ഉദ്ഘാടനം ചെയ്തു. അവര്‍ ഇക്കാര്യത്തില്‍ നമ്മളുമായി സഹകരിച്ചതില്‍ ഞാന്‍ ബാംഗ്ലാദേശിനോടും നന്ദി വ്യക്തമാക്കുന്നു. വിദേശനയത്തിലും തങ്ങളുടെ പങ്കുവഹിക്കുന്നതില്‍ ഞാന്‍ ആകാശവാണിക്ക് ആശംസകള്‍ നേരുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങളെനിക്ക് പ്രധാനമന്ത്രിയെന്ന ജോലിയാകാം നല്കിയത്. പക്ഷേ, ഞാനും നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനാണ്. ചിലപ്പോഴൊക്കെ ചില വൈകാരിക സംഭവങ്ങള്‍ എന്റെ ഹൃദയത്തെ അധികം സ്പര്‍ശിക്കുന്നു. ഇത്തരം വികാരംകൊള്ളിക്കുന്ന സംഭവങ്ങള്‍ പുതിയ ഊര്‍ജ്ജം പകരുകയും ചെയ്യുന്നു, പ്രേരണയേകുകയും ചെയ്യുന്നു; ഇതാണ് ഭാരതത്തിലെ ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പ്രേരണയേകുന്നത്.
കഴിഞ്ഞ ദിവസം ഹൃദയസ്പൃക്കായ ഒരു കത്തു കിട്ടി. ഏകദേശം 84 വയസ്സുള്ള ഒരു അമ്മ, റിട്ടയേഡ് ടീച്ചര്‍, എനിക്ക് ഒരു കത്തയച്ചു. പേരു പറയുന്നതില്‍ നിന്ന് കത്തിലൂടെ ആ അമ്മ വിലക്കിയിരുന്നില്ലെങ്കില്‍ ഇന്ന് ആ അമ്മയുടെ പേരു പറഞ്ഞ് നിങ്ങളോടു സംസാരിക്കണമെന്നാണ് മനസ്സാഗ്രഹിക്കുന്നത്. കത്തില്‍ അമ്മ എഴുതിയിരുന്നു, ‘അങ്ങ് ഗ്യാസ് സബ്‌സിഡി ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ഞാന്‍ ഗ്യാസ് സ്ബസിഡി ഉപേക്ഷിക്കുകയും പിന്നീട് അത് മറക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം അങ്ങയുടെ ഒരു ആള്‍ വന്ന് എനിക്ക് ഒരു കത്തു തന്നിട്ടു പോയി. ഗിവ് ഇറ്റ് അപ്പിന്റെ പേരില്‍ എനിക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തു കിട്ടി. എന്നെ സംബന്ധിച്ചിടത്തോളം ഭാരത പ്രധാനമന്ത്രിയുടെ കത്ത് ഒരു പത്മശ്രീയെക്കാള്‍ ഒട്ടും കുറഞ്ഞതല്ല.
ദേശവാസികളേ, ആരെല്ലാം ഗ്യാസ് സബ്‌സിഡി ഉപേക്ഷിച്ചോ അവര്‍ക്കെല്ലാം കത്തെഴുതാനുള്ള ശ്രമമാണു ഞാന്‍ നടത്തിയത്. ആ കത്ത് എന്റെ പ്രതിനിധി നേരിട്ട് കൈമാറണമെന്നുമാഗ്രഹിച്ചു. ഒരു കോടിയിലധികം ആളുകള്‍ക്ക് കത്തയക്കാനുള്ള ശ്രമമാണു നടത്തുന്നത്. അതനുസരിച്ചാണ് ആ അമ്മയ്ക്ക് എന്റെ കത്തു കിട്ടിയത്. അങ്ങ് നല്ല കാര്യമാണു ചെയ്യുന്നതെന്ന് ആ അമ്മ എനിക്കെഴുതി. ദരിദ്രരായ അമ്മമാര്‍ക്ക് അടുപ്പിലെ പുകയില്‍ നിന്നു മോചനമേകാനുള്ള അങ്ങയുടെ പരിശ്രമം അഭിനന്ദനാര്‍ഹമാണ്. റിട്ടയേര്‍ഡ് ടീച്ചറായ എനിക്ക് വൈകാതെ 90 വയസ്സാകും. അതുകൊണ്ട് ഞാന്‍ അമ്പതിനായിരം രൂപയുടെ സംഭാവന അങ്ങയ്ക്ക് അയയ്ക്കുന്നു. ഇതുകൂടി അങ്ങ് ദരിദ്രരായ അമ്മമാരെ അടുപ്പിലെ പുകയില്‍ നിന്ന് മോചിപ്പിക്കാന്‍ ഉപയോഗിക്കണം.
ഒരു സാധാരണ അധ്യാപികയെന്ന നിലയില്‍ പെന്‍ഷന്‍ കൊണ്ട് ഇപജീവനം നടത്തുന്ന ഒരു അമ്മ അമ്പതിനായിരും രൂപ ദരിദ്രരായ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അടുപ്പിലെ പുകയില്‍ നിന്ന് മോചനമേകാന്‍, ഗ്യാസ് കണക്ഷന്‍ നല്കാനായി കൊടുക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിച്ചു നോക്കാം. അമ്പതിനായിരും രൂപയുടെ പ്രശ്‌നമല്ല. ആ അമ്മയുടെ ചിന്താഗതിയാണു പ്രധാനം. ഇങ്ങനെയുള്ള കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും ആശീര്‍വ്വാദം കൊണ്ടാണ് എന്റെ ഈ നാട് ഭാവിയില്‍ വിശ്വാസമര്‍പ്പിച്ച് സുശക്തമാകുന്നത്. ആ കത്ത് പ്രധാനമന്ത്രിയെന്ന നിലയിലല്ല എനിക്കെഴുതിയിരിക്കുന്നത്. നേരെ കത്തെഴുതി – ‘മോദീ ഭൈയാ…’ സ്വയം കഷ്ടപ്പെട്ടുകൊണ്ട് എന്നും ആര്‍ക്കെങ്കിലും നന്മചെയ്യാനായി ശ്രമിക്കുന്ന ആ അമ്മയെ ഞാന്‍ പ്രണമിക്കുന്നു. സ്വയം കഷ്ടം സഹിച്ച് എന്നും മറ്റുള്ളവരെ സഹായിക്കാന്‍ മുതിരുന്ന ഭാരതത്തിലെ കോടിക്കണക്കിന് അമ്മമാരെയും പ്രണമിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കഴിഞ്ഞ വര്‍ഷം ക്ഷാമം കാരണം നാം കഷ്ടപ്പെട്ടു. പക്ഷേ, ഈ ആഗസ്റ്റ് മാസം നിരന്തരമായ മഴ കാരണം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായി. നാടിന്റെ ചില ഭാഗങ്ങളില്‍ വീണ്ടും വീണ്ടും വെള്ളപ്പൊക്കമുണ്ടായി. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും പ്രാദേശിക സ്വതന്ത്രസ്ഥാപനങ്ങളും സാമൂഹ്യ സ്ഥാപനങ്ങളും പൗരന്മാരും എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യാന്‍ വളരെയേറെ ശ്രമിച്ചു. പക്ഷേ, വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയിലും മറ്റു ചില വാര്‍ത്തകള്‍കൂടി കേട്ടു.. അത് കൂടുതല്‍ ഓര്‍മ്മവയ്‌ക്കേണ്ടതുണ്ടായിരുന്നു. ഐക്യത്തിന്റെ ശക്തി എന്താണെന്നും, ഒരുമിച്ചു മുന്നേറിയാല്‍ എത്ര വലിയ പരിണതിയുണ്ടാക്കാമെന്നും ഈ വര്‍ഷത്തെ ആഗസ്റ്റ് മാസം ഓര്‍മ്മപ്പെടുത്തും.
ആഗസ്റ്റ് 2016 ശക്തമായ രാഷ്ട്രീയ വൈരം വച്ചു പുലര്‍ത്തുന്ന പാര്‍ട്ടികള്‍, പരസ്പരം എതിര്‍ക്കാന്‍ ഒരവസരവും കൈവിടാത്ത പാര്‍ട്ടികള്‍, നാടെങ്ങുമുള്ള ഏകദേശം 90 പാര്‍ട്ടികള്‍, പാര്‍ലമെന്റിലുള്ള എല്ലാ പാര്‍ട്ടികളും ഒരുമിച്ചു ചേര്‍ന്ന് ജിഎസ്ടി നിയമം പാസാക്കി. ഇതിന്റെ ക്രെഡിറ്റ് എല്ലാ പാര്‍ട്ടികള്‍ക്കുമാണ്. എല്ലാ പാര്‍ട്ടികളും ഒത്തുചേര്‍ന്ന് ഒരു ദിശയിലേക്കു നടന്നാല്‍ എത്ര വലിയ കാര്യമാണ് സാധിക്കാനാകുന്നത് എന്നതിന്റെ ഉദാഹരണമാണിത്. അതേപോലെ കാശ്മീരില്‍ നടന്ന സംഭവങ്ങളെക്കുറിച്ചും അവിടത്തെ സ്ഥിതിഗതികളെക്കുറിച്ചും നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു ചേര്‍ന്ന് ഒരേ സ്വരത്തില്‍ സംസാരിച്ചു. ലോകത്തിനും സന്ദേശമേകി, വിഘടനവാദികള്‍ക്കും സന്ദേശമേകി.. കാശ്മീരിലെ പൗരന്മാരോടു നമുക്കുള്ള അനുഭാവവും വ്യക്തമാക്കപ്പെട്ടു.
കാശ്മീരുമായി ബന്ധപ്പെട്ട എല്ലാ പാര്‍ട്ടികളുമായി ഞാന്‍ നടത്തിയ ആശയവിനിമയത്തില്‍ എല്ലാവരുടെയും അഭിപ്രായങ്ങളില്‍ നിന്ന് ഒരു കാര്യം വ്യക്തമായി. അത് കുറഞ്ഞ വാക്കുകളില്‍ വ്യക്തമാക്കാനാണെങ്കില്‍ പറയേണ്ടത്, ഐക്യവും മമതയും മൂലമന്ത്രമായിരുന്നുവെന്നാണ്. നമ്മുടെ എല്ലാവരുടെയും അഭിപ്രായം, എല്ലാ ദേശവാസികളുടെയും അഭിപ്രായം, ഗ്രാമ മുഖ്യന്‍മാര്‍ മുതല്‍ പ്രധാനമന്ത്രിവരെയുള്ളവരുടെ അഭിപ്രായം, കാശ്മീരില്‍ ആരുടെ ജീവന്‍ പോയാലും, അത് ഏതെങ്കിലും യുവാവിന്റേതാണെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥന്റേതാണെങ്കിലും ആ നഷ്ടം നമ്മുടേതുതന്നെയാണ്. നമ്മുടെ സ്വന്തക്കാരുടേതാണ്. നമ്മുടെ നാടിന്റേതുതന്നെയാണ്. ഈ ചെറിയ കുട്ടികളെ മുന്നോട്ടു തള്ളി വിട്ട് കാശ്മീരില്‍ അശാന്തിയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എന്നെങ്കിലും ഈ നിരപരാധികളായ കുട്ടികളോട് ഉത്തരം പറയേണ്ടി വരും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, രാജ്യം വളരെ വലുതാണ്. വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്തെ ഐക്യത്തിന്റെ ബന്ധനത്തില്‍ നിര്‍ത്തുന്നതില്‍ പൗരനെന്ന നിലയില്‍, സമൂഹമെന്ന നിലയില്‍, സര്‍ക്കാരെന്ന നിലയില്‍ നമ്മുടെയെല്ലാവരുടെയും ഉത്തരവാദിത്വം ഐക്യത്തിനു ശക്തിപകരുന്ന കാര്യങ്ങള്‍ക്കു ബലമേകുക, അതിനെ കൂടുതല്‍ വ്യക്തമാക്കുക എന്നതാണ്. അപ്പോഴേ, നാടിന് ഉജ്ജ്വലമായ ഭാവി ഉണ്ടാക്കാനാകൂ. അതുണ്ടാകുകയും ചെയ്യും. എനിക്ക് നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങളുടെ ശക്തിയില്‍ വിശ്വാസമുണ്ട്. ഇന്ന് ഇത്രമാത്രം.. വളരെയേറെ നന്ദി.
Translation and Publishing Credits ,Janamtv.com

Monday, August 29, 2016

പ്രത്യയ ശാസ്ത്രം ഉപേക്ഷിച്ച് സിപി‌എം നാല്‍ക്കവലയില്‍ നട്ടം തിരിയുന്നു: കുമ്മനം

കൊച്ചി: അനാവശ്യ വിവാദങ്ങളുണ്ടാക്കി ഭരണ വീഴ്ചകള്‍ മറച്ച് വയ്ക്കാന്‍ സിപി‌എം വിഫല ശ്രമം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രത്യയ ശാസ്ത്രം ഉപേക്ഷിച്ച് സിപി‌എം നാല്‍ക്കവലയില്‍ നട്ടം തിരിയുകയാണ്. ഒരേസമയം ശ്രീകൃഷ്ണ ജയന്തിയും ചട്ടമ്പിസ്വാമി ജയന്തിയും ആഘോഷിക്കുകയും നിലവിലക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് അതിന്റെ ഒന്നാന്തരം തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
വന്‍ ജനപിന്തുണയോടെയാണ് ബാലഗോകുലം ശ്രീകൃഷ്ണജയന്തി ദിവസം കേരളം മുഴുവന്‍ ശോഭായാത്രകള്‍ നടത്തുന്നത്. ഇതില്‍ അസൂയ പൂണ്ടാണ് സിപി‌എമ്മും ഈ ആഘോഷത്തിന് മുതിര്‍ന്നത്. എന്നാല്‍ സിപി‌എമ്മിന്റെ ഈ വേഷം കെട്ടല്‍ ജനങ്ങള്‍ തിരസ്കരിച്ചു. അതിന്റെ ജാള്യത മറയ്ക്കാനാണ് ശ്രീകൃഷ്ണന്‍ നാലു ചുവരുകള്‍ക്കുള്ളില്‍ മതിയെന്ന സിപി‌എമ്മിന്റെ ആജ്ഞ.
മതവും ഭക്തിയും വിശ്വാസവും വേണ്ടെന്ന് പറയുന്നവര്‍ ഹൈന്ദവാചാര ആഘോഷങ്ങളെ എതിര്‍ക്കുന്നത് എന്തിനു വേണ്ടിയാണെന്നും കുമ്മനം ചോദിച്ചു. നിലവിളക്കിനെതിരെയാണ് മന്ത്രി സുധാകരന്‍ ആക്രോശിച്ചത്. നിലവിളക്ക് സംസ്കാരത്തിന്റെ ഭാഗമാണ്. ആ സംസ്കാരം ഞങ്ങള്‍ക്കില്ലെന്നാണോ സുധാകരന്‍ പറയുന്നത്. കേരളത്തിന്റെ സിപി‌എമ്മിന്റെ അധപതനം കുറിച്ചിരിക്കുകയാണ്. സ്കൂളുകളില്‍ ജാതി ചോദിക്കുകയോ പറയുകയോ ചെയ്യരുതെന്നാണ് സുധാകരന്‍ ആവശ്യപ്പെടുന്നത്. ഇത് പാവപ്പെട്ട ഹിന്ദുക്കളുടെ സംവരണം അട്ടിമറിക്കാനാണ്.
ഓണത്തിന് സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളം ഒരുക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമാണ് നിലവിളക്ക് വേണ്ടെന്ന് പറയാന്‍ സുധാകരന് ധൈര്യം നല്‍കിയതെന്നും കുമ്മനം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തകങ്ങള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികളെ തെരുവിലിറക്കിയ സിപി‌എം ഭരണത്തിലെത്തിയിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും പാഠപുസ്തകം പൂര്‍ണമായും നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും കുമ്മനം
ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖ: അഭിപ്രായം പറയേണ്ടത് സര്‍ക്കാരല്ലെന്ന് കുമ്മനം
കൊച്ചി: ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയേണ്ടത് സര്‍ക്കാരല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇക്കാര്യം പറയാന്‍ ക്ഷേത്രോപദേശക സമിതികളും ഭക്തജനങ്ങളുടെ കമ്മറ്റികളും ബന്ധപ്പെട്ട മറ്റ് സംഘടനകളും ഉണ്ടെന്നും അവരാണ് ഇക്കാര്യം പറയേണ്ടതെന്നും കുമ്മനം പറഞ്ഞു. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുമെന്ന ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു കുമ്മനം.
കടകംപള്ളിയുടെ വാക്കുകള്‍ ആര്‍എസ്എസിനോടുളള വിരോധം കൊണ്ടാണെന്നും അസഹിഷ്ണുത കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറയുന്നതെന്നും കുമ്മനം പരിഹസിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് ക്ഷേത്രപരിസരത്ത് നടത്തുന്ന ശാഖകള്‍ നിയന്ത്രിക്കുമെന്ന് കടകംപളളി സുരേന്ദ്രന്‍ പ്രസ്താവന നടത്തിയത്.
ജനകീയ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ യാതൊരു പ്രസക്തിയും ഇല്ലാത്ത വിഷയങ്ങള്‍ കുത്തിപ്പൊക്കിയെടുത്ത് വികാരങ്ങളെ വ്രണപ്പെടുത്തി വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഈ അഭിപ്രായപ്രകടനങ്ങളുടെ യഥാര്‍ഥ ലക്ഷ്യം അതാണെന്നും അദ്ദേഹം ആരോപിച്ചു. ആര്‍എസ്എസ് ശാഖകളെക്കുറിച്ച് ഒരു ക്ഷേത്രത്തില്‍ നിന്നും പരാതി ഉയര്‍ന്നിട്ടില്ലെന്നും അങ്ങനെ ഉണ്ടെങ്കില്‍ കടകംപള്ളി സുരേന്ദ്രന്‍ അത് വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുകയാണ്. ശബരിമലയില്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കാന്‍ അവിടെ സംവിധാനമുണ്ട്. ഓരോ ക്ഷേത്രങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ആചാരങ്ങള്‍ ഉണ്ട്. നിലവിളക്ക് കൊളുത്താന്‍ പാടില്ല, പൂക്കളം പാടില്ല, അഷ്ടമിരോഹിണി പാടില്ല എന്ന് പറയുന്നവര്‍ ഇനി നാമജപവും പൂജയും പാടില്ലെന്ന് പറയുമെന്നും കുമ്മനം പറഞ്ഞു.
നിലവിളക്ക് കൊളുത്തേണ്ടെന്നും പൂക്കളം ഇടേണ്ടെന്നും പറയുന്നത് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തോട് കാട്ടുന്ന നിന്ദയാണെന്നും നിലവിളക്ക് കൊളുത്തേണ്ടെന്ന ജി. സുധാകരന്റെ പ്രസ്താവന നാടിനേറ്റ കളങ്കമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
News Credits,Janmabhumi,Janamtv

മയ്യത്ത് നമസ്‌കാരത്തിന് പ്രത്യേക ഇടം: തീരുമാനം പിന്‍വലിക്കുമെന്ന് ആശുപത്രി അധികൃതരുടെ ഉറപ്പ്

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രി വളപ്പില്‍ മയ്യത്ത് നമസ്‌കാരത്തിന് കെട്ടിടം പണിയാനുളള തീരുമാനം പിന്‍വലിക്കുമെന്ന് അധികൃതരുടെ ഉറപ്പ്. മയ്യത്ത് നമസ്‌കാരത്തിന് കെട്ടിടം പണിയാനുള്ള ആശുപത്രി വികസന സമിതിയുടെ നീക്കം വിവാദമായതോടെ യുവമോര്‍ച്ച പ്രതിഷേധം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം പിന്‍വലിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയത്.
ജില്ലാ ആശുപത്രി വളപ്പില്‍ നിയമം ലംഘിച്ച് മയ്യത്ത് നമസ്‌കാരത്തിന് കെട്ടിടം നിര്‍മിക്കാനുള്ള ആശുപത്രി വികസന സമിതിയുടെ നീക്കം ജനം ടിവിയാണ് പുറത്ത് വിട്ടത്. വാര്‍ത്ത വന്നതിനു പിന്നാലെ കെട്ടിടനിര്‍മാണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജില്ലാ ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തിനിടയിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഇരച്ചു കയറുകയായിരുന്നു.
സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന തീരുമാനത്തില്‍ നിന്നും വികസനസമിതി പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോണ്‍ഫറന്‍സ് ഹാളിന് അകത്തും പുറത്തുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു. തീരുമാനം പുനഃപരിശോധിക്കുമെന്നും നിലവിലെ ഭരണസമിതിയുടെ കാലത്ത് വിവാദ തീരുമാനങ്ങള്‍ നടപ്പിലാക്കില്ലെന്നും ആശുപത്രി വികസന സമിതി ഉറപ്പ് നല്‍കിയതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയത്.
യുഡിഎഫിന്റെ ചുവടുപിടിച്ച് പൊതു ഇടങ്ങളെ മതത്തിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരും വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും ഈ നീക്കം മതേതരത്വത്തിന് ഭീഷണിയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. 2015 ഓഗസ്റ്റിലാണ് മയ്യത്ത് നമസ്‌കാരത്തിനായി പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ആശുപത്രി വികസന സമിതിയില്‍ ഉന്നയിക്കപ്പെടുന്നത്.
പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ വൈകുമെന്നതിനാല്‍, ശരിയത്ത് നിയമ പ്രകാരം കൃത്യസമയത്ത് മയ്യത്തിന് മതപ്രകാരമുള്ള കര്‍മങ്ങള്‍ ചെയ്യാന്‍ സാധിക്കില്ലെന്നതായിരുന്നു കാരണം. എന്നാല്‍ സമിതിയിലെ ചിലരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിയില്ല. തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ശക്തമായ സമ്മര്‍ദ്ദം ചെലുത്തി വികസന സമിതി പ്രത്യേക ഉത്തരവിറക്കുകയായിരുന്നു. 2016 ഫെബ്രുവരി രണ്ടിനാണ് മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തുന്നതിനായി ആശുപത്രി മോര്‍ച്ചറിയോട് ചേര്‍ന്ന് സ്ഥലം അനുവദിച്ചു കൊണ്ട് ഉത്തരവായത്.
ഈ വിവാദ ഉത്തരവിന്റെ മറവിലായിരുന്നു കെട്ടിടം നിര്‍മിക്കാന്‍ നീക്കം നടന്നത്. ഫണ്ട് നല്‍കാന്‍ ചില വിദേശ ഇന്ത്യക്കാരും തയ്യാറായതോടെ കെട്ടിടം നിര്‍മിക്കാനുളള നീക്കങ്ങള്‍ സജീവമാകുകയായിരുന്നു. നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പറത്തിയായിരുന്നു ആശുപത്രി വികസന സമിതി ഈ തീരുമാനം അംഗീകരിച്ചത്.
News Credits Janamtv

കേരളത്തിലേത് ഹിന്ദു വിരുദ്ധ സര്‍ക്കാരെന്ന് എം.ടി രമേശ്

കോഴിക്കോട്: കേരളത്തിലേത് ഹിന്ദു വിരുദ്ധ സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പൂക്കളം ഇടുന്നതിനെ എതിര്‍ത്ത മുഖ്യമന്ത്രിയും നിലവിളക്ക് കൊളുത്തുന്നതിനെ എതിര്‍ക്കുന്ന മന്ത്രിയും ഇതിന് തെളിവുകളാണെന്നും എം.ടി രമേശ് കോഴിക്കോട് പറഞ്ഞു. ഹിന്ദുമതവുമായി ബന്ധപ്പെട്ട കാര്യങ്ങളെ മാത്രം തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീകൃഷ്ണജയന്തി എവിടെ നടത്തണമെന്ന് തീരുമാനിക്കാനുളള അവകാശം വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം. ശ്രീകൃഷ്ണജയന്തി ജനകീയമായി മാറിയതിലുള്ള അസൂയയാണ് അത് വികലമായി ചിത്രീകരിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ഒരു ഭാഗത്ത് ഇത്തരം ആഘോഷങ്ങള്‍ നടത്താന്‍ തയ്യാറാകുകയും മറുഭാഗത്ത് അതിന്റെ ഭാഗമായിട്ടുളള സമ്പ്രദായങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎം സ്വീകരിക്കുന്നതെന്നും എം.ടി രമേശ് കുറ്റപ്പെടുത്തി.
ഈ നാടിന്റെ പാരമ്പര്യത്തിനെതിരായി സിപിഎം സ്വീകരിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളം ഇടുന്നത് വിലക്കിയതിലൂടെ വ്യക്തമാകുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ പൂക്കളമിടുന്നത് വര്‍ഷങ്ങളായി കേരളത്തില്‍ ഉളള ശീലമാണ്. പൂക്കളമിട്ടതുകൊണ്ട് സര്‍ക്കാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം സ്തംഭിച്ചതായി ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി.
ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്താന്‍ പാടില്ലെന്ന അഭിപ്രായത്തിലൂടെ കഴിഞ്ഞ സര്‍ക്കാരിലെ ലീഗ് മന്ത്രിമാരുടെ പാത പിന്തുടരാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്നും ഇത് ഭാരതീയ പാരമ്പര്യത്തെ നിഷേധിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

Sunday, August 28, 2016

കമ്യൂണിസ്റ്റ് കന്നി അയ്യപ്പന്‍

ഒടുവില്‍ പിണറായി വിജയനും ശബരിമലയിലെത്തി. സന്നിധാനത്തെത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. അയ്യപ്പനും മഴയും ഒത്തുപിടിച്ചതുകൊണ്ട് പിണറായി സഖാവിന്റെ കന്നിമലകയറ്റം നടന്നില്ല. എന്നാലും പമ്പയില്‍ വട്ടമിരുന്ന് അവലോകനം നടത്തി. വെറും അവലോകനമല്ല, ശബരിമലയെ ഒന്നാകെ ഉടച്ചുവാര്‍ക്കാനാണ് പിണറായി സര്‍ക്കാരിന്റെ പദ്ധതി. മണ്ഡലകാലം മുന്നൂറ്ററുപത്തഞ്ച് ദിവസവുമാക്കണം, ഉദയാസ്തമന പൂജ നട്ടുച്ചയ്ക്കും നടത്തണം.
ഇരുപത്തിനാല് മണിക്കൂറും ദര്‍ശനത്തിന് അവസരമൊരുക്കണം. ഡെവലപ്പ്‌മെന്റ് ഫണ്ടിലേക്ക് ഭക്തരില്‍ നിന്ന് പണമീടാക്കണം. ദര്‍ശനം ടിക്കറ്റ് വെച്ച് പൊലിപ്പിക്കണം. വിഐപികള്‍ക്കും വിവിഐപികള്‍ക്കും സെലിബ്രിറ്റീസിനുമൊക്കെ അയ്യപ്പനെ വന്നുകണ്ടുപോകാന്‍ ഫാസ്റ്റ് ട്രാക്ക്, സൂപ്പര്‍ഫാസ്റ്റ് ട്രാക്ക് ടിക്കറ്റുകള്‍ ഈടാക്കണം. അഞ്ഞൂറും ആയിരവും പതിനായിരവുമൊക്കെ ആ ഇനത്തില്‍ വരുമാനമുണ്ടാക്കണം. അയ്യപ്പന്മാരുടെ ഊരും പേരും തിരിയാന്‍ പോലീസ് നിരീക്ഷണമൊരുക്കണം, സ്ത്രീകളെയാകെ ശബരിമലയിലെത്തിക്കാന്‍ വഴി വല്ലതുമുണ്ടോ എന്ന് ആരായണം… തുടങ്ങി ശബരിമലയെ തുടച്ച് വെടിപ്പാക്കാനുള്ള ഒരുപിടി പുതിയ പദ്ധതികളുമായാണ് പിണറായിയുടെ മലകയറ്റം.
അവലോകനത്തിലെ പിണറായി മൊഴികള്‍ മൊത്തത്തില്‍ പരിശോധിച്ചാല്‍ സംഭവം വിസ്മയ വാട്ടര്‍ തീം പാര്‍ക്ക് പോലെയെന്തോ ആണെന്നാണ് അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നതെന്ന് വ്യക്തം. ശബരിമലയിലെത്തുന്ന കോടാനുകോടി ഭക്തരില്‍ നിന്ന് എങ്ങനെ പണമൂറ്റാം എന്ന കുടിലബുദ്ധിയില്‍ നിന്നാണ് സഖാവ് പിണറായിക്ക് തിരുപ്പതി വെങ്കിടേശ്വരനോട് മതിപ്പ് തോന്നിയത്. ടിക്കറ്റ് വെച്ച് ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ട്രാക്കുകള്‍ എന്ന ട്രിക്കില്‍ മാത്രമേ എന്നിട്ടും പിണറായിയുടെ കണ്ണുടക്കിയുള്ളൂ… തിരുപ്പതിമലനിരകളിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സര്‍ക്കാരല്ല എന്ന മിനിമം ബോധ്യമുണ്ടായിരുന്നുവെങ്കില്‍ പിണറായി ഈ അബദ്ധത്തില്‍ ചെന്നുചാടില്ലായിരുന്നു.
മേല്‍നോട്ടം പേരിന് സര്‍ക്കാരിനാണെങ്കിലും കാര്യങ്ങള്‍ അവിടെ നിയന്ത്രിക്കുന്നത് പുരോഹിതരടങ്ങിയ ഉപദേശക സമിതിയും കര്‍ഷകപ്രതിനിധികളടങ്ങിയ സമിതിയുമാണ്. പണം, പൂജ, പ്രസാദം, ലഡ്ഡു, വനം, അണക്കെട്ട്, റോഡ്, ഗതാഗതം, കൃഷി, അടിസ്ഥാനസൗകര്യങ്ങള്‍ അടക്കം എല്ലാറ്റിന്റെയും നിയന്ത്രണം ഭക്തിയും വിശ്വാസവും മാത്രം കൈമുതലായ ആ സമിതിയാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടാണ് പിണറായി സഖാവിന് ഇനിയും മനസ്സിലാക്കാത്ത വിധത്തില്‍ തിരുപ്പതി വെങ്കിടേശ്വരന്റെ പണവും പ്രതാപവും വൈഭവവും സ്വാധീനവും കോളേജുകളായും ആശുപത്രികളായും അനാഥാലയങ്ങളായും എണ്ണമറ്റ സേവാസംരംഭങ്ങളായും ഭാരതമെമ്പാടും പടര്‍ന്നുകിടക്കുന്നത്.
ശ്രീ വെങ്കിടേശ്വര വേദിക് സര്‍വകലാശാല, ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍, ശ്രീ വെങ്കിടേശ്വര കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ്, ശ്രീ വെങ്കിടേശ്വര ആയുര്‍വേദ കോളേജ്, ശ്രീ വെങ്കിടേശ്വര യോഗ ഇന്‍സ്റ്റിറ്റ്യൂട്ട്, ശ്രീ വെങ്കിടേശ്വര പോളിടെക്‌നിക് ഫോര്‍ ഫിസിക്കലി ചലഞ്ച്ഡ്, ശ്രീപത്മാവതി വിമന്‍സ് പോളിടെക്‌നിക്, ശ്രീ വെങ്കിടേശ്വര കോളേജ്, ന്യൂദല്‍ഹി, ശ്രീ വെങ്കിടേശ്വര ഗോസംരക്ഷണ ശാല, ശ്രീ വെങ്കിടേശ്വര ധര്‍മരഥം സൗജന്യ ബസ് സര്‍വീസ്, ശ്രീ വെങ്കിടേശ്വര കല്യാണമണ്ഡപം, ശ്രീ വെങ്കിടേശ്വര സ്‌കൂളുകള്‍, ശ്രീ വെങ്കിടേശ്വര സെന്‍ട്രല്‍ ലൈബ്രറി, ശ്രീ വെങ്കിടേശ്വര റിസര്‍ച്ച് സെന്റര്‍, ശ്രീ വെങ്കിടേശ്വര ആശുപത്രി, ശ്രീ വെങ്കിടേശ്വര അന്നദാനകേന്ദ്രം അന്നപ്രസാദം, തിരുപ്പതി തിരുമല ദേവസ്ഥാനം ടെലിവിഷന്‍ ചാനല്‍, പിന്നെയും അനേകം അനുബന്ധ സ്ഥാപനങ്ങള്‍… ശബരിമലയില്‍ ഇത്രകാലം വീണ കാണിക്കപ്പണത്തിന്റെ ചെറിയ ഓഹരിയില്‍ പോലും ധര്‍മ്മശാസ്താവിന്റെ പേരുകൊത്തിയ ഒരു ജനസേവനകേന്ദ്രം കണികാണാനില്ലാതെപോയതെന്തുകൊണ്ടാണെന്ന് ഭരിക്കാന്‍ കുപ്പായമിട്ട് കേറിയിരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ചിന്തിക്കണം.
തൊട്ടിപ്പിരിവിനോട് പൊതുജനം പഴയതുപോലെ സഹകരിക്കാത്തതുകൊണ്ട് ഇനി പിരിവ് അമ്പലനടയിലായിക്കോട്ടെ എന്ന പിണറായിയന്‍ ആര്‍ത്തിയുടെ പ്രായോഗികനടപടിക്രമങ്ങളിലൊന്നുമാത്രമാണ് ഇപ്പോള്‍ കേട്ട അവലോകന നിര്‍ദ്ദേശങ്ങള്‍. മുടിഞ്ഞ സൗകര്യങ്ങളാണ് ഭക്തപരവശനായ സഖാവ് പിണറായി അയ്യപ്പന്മാര്‍ക്കായി മുന്നോട്ടുവെക്കുന്നത്. ഒരു മണ്ഡലകാലം മുഴുവന്‍ വ്രതം നോറ്റ് കല്ലും മുള്ളും ചവിട്ടി അയ്യപ്പനെകാണാനെത്തുന്ന ഭക്തര്‍ക്ക് പിണറായി എയര്‍പോര്‍ട്ട് നിര്‍മ്മിച്ചുകൊടുക്കും. പട്ടിണിക്കാരോടും പാവങ്ങളോടുമൊപ്പം മലകയറാനാവാത്ത സമ്പന്നസഖാക്കള്‍ക്ക് അയ്യപ്പനെകാണാന്‍ പ്രത്യേകം കൂപ്പണുകള്‍ ഏര്‍പ്പാടാക്കും. പിന്നാലെ ഹോംസ്റ്റേ, വിവിഐപികള്‍ക്കായി പഞ്ചനക്ഷത്ര സൗകര്യങ്ങള്‍…. ശബരിമലയിലെ സകല വഴിപാടുകളുടെയും തുക കുത്തനെക്കൂട്ടിയതിന്റെ പിറ്റേന്നാളാണ് പമ്പാതീരത്ത് എയര്‍പോര്‍ട്ടുണ്ടാക്കി മുഖ്യമന്ത്രി അയ്യപ്പന്മാരെ സഹായിക്കാന്‍ ഒരുമ്പെട്ടിറങ്ങിയതെന്നോര്‍ക്കണം.

കഴിഞ്ഞ മണ്ഡലകാലത്താണ് പി. ജയരാജന്‍ അയ്യപ്പന്മാര്‍ക്കായി കഞ്ഞിസദ്യയും വിശ്രമകേന്ദ്രവും ഒരുക്കി സംഘപരിവാറാകാന്‍ ശ്രമിച്ചത്.

അഷ്ടമിരോഹിണിക്ക് കാവിക്കൊടി പിടിച്ച് ഘോഷയാത്ര നടത്താനുള്ള മോഹം ഇനിയും അടങ്ങാത്തതിനാല്‍ അന്നേദിവസം ഓണാഘോഷവും ചട്ടമ്പിസ്വാമിജയന്തിയുമൊക്കെ നടത്തി പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ് പാര്‍ട്ടിയും സഖാക്കളുമൊക്കെ. കേരളത്തില്‍ മാത്രമായി ഒതുങ്ങുന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഒരു വഴി വേണമല്ലോ. ചൈനയിലെ പാര്‍ട്ടി ചുവന്ന കൊടിയും പിടിച്ച് മുതലാളിത്തം പ്രസംഗിക്കുന്നതുപോലെ ഒരിടപാടിനാണ് കുറേക്കാലമായി ശ്രമിക്കുന്നത്. ശബരിമലയിലാണെങ്കില്‍ കറുപ്പും വെളുപ്പും നീലയും കഴിഞ്ഞാല്‍ പിന്നെ നല്ല ചോപ്പന്‍ ഇരുമുടിക്കെട്ടിനാണ് ഡിമാന്റ്. എന്നാല്‍ പിന്നെ ആവഴിക്ക് നടക്കാമെന്ന ചിന്തയില്‍നിന്നാണ് അയ്യപ്പഭക്തര്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് പിണറായി തന്നെ എത്തിയത്.
പിണറായിയും കടകംപള്ളിയും ഇപ്പോള്‍ പറയുന്നത് ആകെ തടസ്സം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണെന്നാണ്. പാവം ആര്‍എസ്എസാണ് എന്നാണ് ആരോപണം. പാര്‍ട്ടി കോണ്‍ഗ്രസാണെങ്കിലും ഓച്ചിറ അമ്പലത്തില്‍ നാല് പതിറ്റാണ്ടായി ഭജനംപാര്‍ക്കുന്ന ഒരു ഭക്തശിരോമണിയാണ് പ്രയാര്‍. കോണ്‍ഗ്രസുകാരുടെ ആര്‍ത്തി തീണ്ടിയിട്ടില്ലാത്ത ഒരു നേതാവ്. താന്‍ ആര്‍എസ്എസ് അല്ലെന്ന് തെളിയിക്കാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പുംകൊണ്ട് നടക്കേണ്ട അവസ്ഥയിലാണ് പ്രയാര്‍. പുരികം വളച്ച് കണ്ണുരുട്ടി ആളെ ഭയപ്പെടുത്തി വര്‍ത്തമാനം പറഞ്ഞുശീലിച്ച പിണറായിയുടെ മുഖത്തുനോക്കി ടിക്കറ്റ് വച്ച് അയ്യപ്പനെ കാണാമെന്ന സമ്പ്രദായം ശബരിമലയില്‍ നടക്കില്ല എന്ന് വെട്ടിത്തുറന്ന് പറഞ്ഞപ്പോഴാണ് പ്രയാര്‍ ആര്‍എസ്എസുകാരനായത്. പാര്‍ട്ടി കമ്മറ്റിയില്‍ പങ്കെടുക്കുന്നതുപോലെ ശബരിമല അവലോകനയോഗത്തില്‍ വന്ന് തനിക്ക് തോന്നിയത് പറഞ്ഞിട്ടുപോകാമെന്ന സഖാവിന്റെ ധാര്‍ഷ്ട്യത്തിനാണ് അന്ന് തിരിച്ചടിയേറ്റത്.
മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ പള്ളികളെയും മോസ്‌കുകളെയും വിട്ട് അമ്പലങ്ങളെ മാത്രം പരിഷ്‌കരിച്ച് വെടക്കാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതിന്റെ ഒടുവിലത്തെ സൂചനയാണ് പിണറായിയുടെ അയ്യപ്പവേഷം. കേരളത്തിലെ ഒരു മുസ്ലിം പള്ളിയിലും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പ്രവേശിക്കാന്‍ സാധ്യമല്ല. സുന്നിവിഭാഗത്തിന്റെ പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാറേയില്ല. മുജാഹിദ് വിഭാഗത്തിന്റെ പള്ളികളില്‍ പ്രവേശിപ്പിക്കുമെങ്കിലും ഒരുമിച്ച് ആരാധന നടത്താന്‍ സ്വാതന്ത്ര്യമില്ല. സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പ്രത്യേക വഴിയും ആരാധനയ്ക്ക് പ്രത്യേക മറ കെട്ടിയുമാണ് അനുവാദം നല്‍കുന്നത്. ഇതൊന്നും സ്ത്രീവിവേചനമായി സര്‍ക്കാരിന്റെ അജണ്ടയിലില്ല. മുത്തലാക്ക്, പിന്തുടര്‍ച്ചാവകാശം, ജീവനാംശം എന്നീ വിഷയങ്ങളില്‍ മുസ്ലിം സ്ത്രീസമൂഹം അനുഭവിക്കുന്ന കൊടിയ പീഡനത്തെക്കുറിച്ചും അയ്യപ്പപിണറായിക്ക് വേവലാതിയില്ല. ശബരിമലയില്‍ സ്ത്രീകള്‍ കയറണം അത്ര മാത്രം. പാര്‍ട്ടി സെക്രട്ടറി കോടിയേരി ചോദിക്കുന്നത് സ്ത്രീകള്‍ അയ്യപ്പനെ കണ്ടാല്‍ മല ഇടിഞ്ഞുവീഴുമോ എന്നാണ്. ലക്ഷക്കണക്കിന് സ്ത്രീകള്‍ വര്‍ഷാവര്‍ഷം മല ചവിട്ടി അയ്യപ്പനെ കണ്ട് മടങ്ങുന്ന കാനനക്ഷേത്രത്തിന്റെ പവിത്രതയെക്കുറിച്ച് മാര്‍ക്‌സിസ്റ്റുകള്‍ക്ക് എന്തറിയാനാണ്? കാട്ടുകോഴിക്കെന്ത് വാവും സംക്രാന്തിയും!
News Credits janmabhumi daily

Friday, August 26, 2016

ജോലി സമയത്ത് പാർട്ടി പ്രവർത്തനം നടത്തുന്നതിൽ പിണറായിക്ക് കുഴപ്പമില്ലേയെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: ഓണക്കാലത്ത് സർക്കാർ ഓഫീസുകളിൽ പൂക്കളം ഒരുക്കാൻ ജീവനക്കാരെ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മുഴുവൻ മലയാളികളോടുമുള്ള അവഹേളനമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ജോലി സമയത്ത് പാർട്ടി പ്രവർത്തനം നടത്തുന്നതിൽ പിണറായിക്ക് കുഴപ്പമില്ല, പൂക്കളം ഒരുക്കുന്നതാണ് പ്രശ്നമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സുരേന്ദ്രൻ വ്യക്തമാക്കുന്നു.
ഇത് കാലാകാലങ്ങളായി ജീവനക്കാർ ചെയ്യാറുള്ളതാണ്. മലയാളികളുടെ ദേശീയോൽസവമായ ഓണത്തെ അവഹേളിച്ചതിലൂടെ ലോകമെമ്പാടുമുള്ള മലയാളികളെയാണ് പിണറായി അവഹേളിച്ചത്.
നടപടി അടിയന്തിരമായി പുനഃപരിശോധിക്കണമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
Article credits Janamtv.com

സ്വരാജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് : എ ഐ വൈ എഫ് നേതാവിന്റെ മാതാപിതാക്കളെ ഡി വൈ എഫ് ഐക്കാർ തല്ലിച്ചതച്ചു

ഡി വൈ എഫ് ഐക്കാർ നടത്തിയ വിപ്ളവ രക്ഷാബന്ധനെതിരെ പോസ്റ്റിട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് അഖിൽ പരാതിയിൽ പറയുന്നത് കൊല്ലം : തൃപ്പൂണിത്തുറ എം എൽ എ എം സ്വരാജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വിഷയത്തിൽ എ ഐ വൈ എഫ് നേതാവിനേയും മാതാപിതാക്കളേയും ഡി വൈ എഫ് ഐ ക്കാർ തല്ലിച്ചതച്ചു. എ ഐ എസ് എഫ് ശൂരനാട് മണ്ഡലം സെക്രട്ടറിയും എ ഐ വൈ എഫ് മണ്ഡലം കമ്മിറ്റി അംഗവുമായ അഖിൽ കണ്ണമ്പിള്ളിക്കും കുടുംബത്തിനുമാണ് മർദ്ദനമേറ്റത്.
എറണാകുളം ജില്ലയിൽ സി പി എമ്മും സിപിഐയും തമ്മിലുള്ള വാക്പോരിന്റെ തുടർച്ചയാണ് ശൂരനാട് നടന്നത് . തൃപ്പൂണിത്തുറ എം എൽ എ എം സ്വരാജിനെതിരെ എ ഐ എസ് എഫ് അംഗവും ശൂരനാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയുമായ ആദിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് പ്രശ്നം ആരംഭിച്ചത്.
ആദിലിനെ ഒരു സംഘം എസ് എഫ് ഐക്കാർ തടഞ്ഞു വയ്ക്കുകയും മർദ്ദിക്കുകയും ചെയ്തു . ഇതിൽ അഖിൽ കണ്ണമ്പിള്ളിയും മറ്റ് എ ഐ എസ് എഫ് നേതാക്കളും ഇടപെട്ടു . തുടർന്ന് ആദിലിന്റെ പരാതിയിൽ രണ്ട് എസ് എഫ് ഐക്കാരെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഇതിനു ശേഷമാണ് അഖിലിന്റെ വീടിന് നേരേ ആക്രമണമുണ്ടായത് . രാത്രി എട്ടരയോടെ ഡി വൈ എഫ് ഐ നേതാക്കളുടെ നേതൃത്വത്തിലെത്തിയ ആറംഗ സംഘം വീട് വളഞ്ഞ് അക്രമം നടത്തുകയായിരുന്നു . മുൻപുണ്ടായ ഒരു അപകടത്തിൽ രണ്ട് കാൽമുട്ടുകളും തകർന്ന് നടക്കാൻ പ്രയാസമുള്ള അച്ഛനെ ചവിട്ടി താഴെയിട്ട് മർദ്ദിക്കുകയായിരുന്നെന്ന് അഖിൽ പറയുന്നു . തടയാൻ ചെന്ന അമ്മയേയും മർദ്ദിച്ചു.
തന്റെ നേർക്ക് അക്രമികൾ തിരിഞ്ഞതോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും വീടിന്റെ ചില്ലുകളെല്ലാം തകർത്തെന്നും അഖിൽ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു. ഡി വൈ എഫ് ഐക്കാർ നടത്തിയ വിപ്ളവ രക്ഷാബന്ധനെതിരെ പോസ്റ്റിട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് അഖിൽ പരാതിയിൽ പറയുന്നത്.
മർദ്ദനത്തിൽ പരിക്കേറ്റ അഖിലിന്റെ അച്ഛൻ രാമചന്ദ്രൻ ( 64 ) അമ്മ ലൈല ( 45 ) എന്നിവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് . സംഭവത്തെത്തുടർന്ന് ശൂരനാട് സംഘർഷം നിലനിൽക്കുന്നുണ്ട് .

Thursday, August 18, 2016

സാഹോദര്യത്തിന്റെ കാഹളം മുഴക്കി ഇന്ന് രക്ഷാബന്ധൻ

‘സര്‍വ്വേ പി സുഖിന സന്തു’ എന്നു പ്രാര്‍ത്ഥിച്ച പാരമ്പര്യമുള്ള മഹത്തായ സംസ്‌കാരത്തിന്റെ സവിശേഷമായ ഉത്സവങ്ങളിലൊന്നാണ് രക്ഷാ ബന്ധന്‍. പൗരാണികമായും സമകാലികമായും പ്രാധാന്യമര്‍ഹിക്കുന്ന ഈ ഉത്സവം ഭാരത ജനതയുടെ ഒരുമയുടെ ഉത്സവമായിരുന്നു. സമാജ സംഘടനയായ രാഷ്ട്രീയ സ്വയംസേവക സംഘം സ്വാഭാവികമായും തങ്ങളുടെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നായി രക്ഷാബന്ധനേയും തെരഞ്ഞെടുത്തത് അതുകൊണ്ടാണ്. ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി നാള്‍ ജാതി മത വര്‍ഗ രാഷ്ട്രീയ ഭേദമെന്യേ ഭാരതീയര്‍ ഈ ഉത്സവം ആഘോഷിക്കുന്നു. നാമമാത്രമായി പാകിസ്താനിലും വിപുലമായി നേപ്പാളിലും രക്ഷാബന്ധന് ആഘോഷിക്കാറുണ്ട്.
രക്ഷാബന്ധന്റെ ചരിത്രപരമായ ദൗത്യമെന്തായിരുന്നെന്നും അത് ഇന്നത്തെ ഭാരതീയ സാഹചര്യത്തില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നും ചിന്തിക്കേണ്ടത് ഇത്തരുണത്തില്‍ ആവശ്യമാണ്.
ഐതിഹ്യങ്ങളിലും ചരിത്രത്തിലും അതിനൊരൊറ്റ മാനമേ ഉണ്ടായിരുന്നുള്ളൂ. അത് സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സുരക്ഷയുടേതുമായിരുന്നു. അതിന്റെ ഏറ്റവും തീഷ്ണമായ, ഐതിഹാസികമായ പ്രയോഗം നടന്നത് സ്വാതന്ത്ര്യ സമര കാലത്താണ്.
ചൈതന്യം നഷ്ടപ്പെട്ടു കൊണ്ടിരുന്ന ഒരു രാഷ്ട്രം ബ്രിട്ടീഷുകാരന്റെ നുകത്തിനു കീഴില് തളര്‍ന്നു മയങ്ങുമ്പോള്‍ ജനതയുടെ ആത്മവീര്യമുയര്‍ത്താന്‍ പവിത്രമായ ഭാരതീയ ആഘോഷങ്ങള്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ പുനരുജ്ജീവിപ്പിച്ചു. അരവിന്ദ ഘോഷും റാഷ് ബിഹാരിയും തിലകനും വീര സവര്‍ക്കറും ഖുദിറാം ബോസുമടക്കം എണ്ണമറ്റ ധീരന്മാര്‍ സിംഹഗര്‍ജ്ജനം മുഴക്കി അടര്‍ക്കളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു.
വന്ദേമാതര മന്ത്രധ്വനികള്‍ നാടെങ്ങും പ്രതിദ്ധ്വനിച്ചപ്പോള്‍ മുട്ടു വിറച്ച ബ്രിട്ടീഷ് ഭരണകൂടം രാഷ്ട്രത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ വേണ്ടി 1905-ല്‍ ബംഗാള്‍ വിഭജിച്ചു. എന്നാല്‍ സ്വാതന്ത്ര്യ ദാഹികളായ സിംഹങ്ങളെ പിടിച്ചു കെട്ടാന്‍ വിഭജനമെന്ന ഉമ്മാക്കിക്കായില്ല. വയലേലകളിലും തെരുവോരങ്ങളിലും കൂടൂതലുച്ചത്തില്‍ വന്ദേമാതരം മുഴങ്ങി, പണിസ്ഥലങ്ങളും കളിസ്ഥലങ്ങളും അടുക്കളകള്‍ പോലും ഭാരതമാതാവിന്റെ ജയമുദ്‌ഘോഷിച്ചു. മത ജാതി വര്‍ണ്ണ വര്‍ഗ ഭേദമില്ലാതെ ജനങ്ങള്‍ പരസ്പരം രാഖി ബന്ധിച്ച് സാഹോദര്യവും രാഷ്ട്ര സ്‌നേഹവും ഉയര്‍ത്തിപ്പിടിച്ചു. നാടെങ്ങും പ്രതിഷേധങ്ങള്‍ മുഴങ്ങി. ഒടുവില്‍ അധികാരിവര്‍ഗ്ഗങ്ങള്‍ ജനതയുടെ രാഷ്ട്രസ്‌നേഹത്തിനു മുന്നില്‍ മുട്ടുമടക്കി.
ബംഗാള്‍ വിഭജനം പിന്‍വലിക്കപ്പെട്ടു. രക്ഷാബന്ധന്‍ രാഷ്ട്രബോധത്തെ എങ്ങനെ സ്വാധീനിച്ചു എന്നതിന്റെ പ്രകടമായ ഉദാഹരണമാണത്. സത്യാന്വേഷികളായ പുരാതന ഭാരതീയര്‍ തങ്ങളുടെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പടുത്തുയര്‍ത്തിയ മഹദ് ചിന്തകള്‍ ഒരിക്കലും അപ്രായോഗീകമായിരുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു അത്. ജനതയുടെ ഏകോപനത്തിന് അവരുടെ മനസ്സിലുറങ്ങിക്കിടക്കുന്ന പൈതൃകത്തെ തൊട്ടുണര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയവര്‍ രക്ഷാബന്ധനത്തെ ജനകീയ ഉത്സവങ്ങളിലൊന്നാക്കി നിലനിര്‍ത്തുകയും ചെയ്തു.
ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സാഹോദര്യസ്‌നേഹവും അതുണര്‍ത്താനാവശ്യമായ ഉത്സവങ്ങളും കൂടൂതല്‍ പ്രാധാന്യമുള്ളതായി മാറുന്നു.
ലോകം ഒരു പക്ഷിക്കൂടായിക്കണ്ട ഋഷിപാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാര്‍, ലോകം അവനവന്റെ സങ്കുചിത ചിന്തയിലൊതുക്കുമ്പോള്‍ സ്‌നേഹവും സാഹോദര്യവും പകര്‍ന്നു നല്കുന്ന രക്ഷാബന്ധന്‍ സ്വാര്‍ത്ഥ ചിന്തകളില്‍ നിന്നും പുറത്തുകടക്കാന്‍ സഹായിക്കുന്നു.
ഒപ്പം എല്ലാം രാഷ്ട്രത്തിനായി സമര്‍പ്പിക്കാനുള്ള ചിന്തകള്‍ ഉണര്‍ത്തുകയും ചെയ്യുന്നു. ഉണര്‍ന്നെണീല്‍ക്കുന്ന യുവകേസേരികള്‍ സാഹോദര്യത്തിന്റെ രാഖി ബന്ധിച്ച് സാമ്പത്തികമായും സാമൂഹികമായും സാംസ്‌കാരികമായും സൈനികമായുമുള്ള ഭാരതത്തിന്റെ പരമവൈഭവം കാംക്ഷിച്ച് വര്‍ദ്ധിതവീര്യത്തോ
Article Credits Janamtv.com

Thursday, August 4, 2016

സൗദി പ്രതിസന്ധി: കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ വിജയത്തിലേക്ക്

ന്യൂഡല്‍ഹി: തൊഴില്‍ പ്രശ്‌നം മൂലം സൗദി അറേബ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ വിജയത്തിലേക്ക്. ഇന്ത്യക്കാരായ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൗദി രാജാവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ വ്യക്തമാക്കി.
ശമ്പളം ലഭിക്കാതെ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ എത്തിക്കാമെന്ന് സൗദി അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സുഷമ സ്വരാജ് അറിയിച്ചു. ക്യാമ്പുകള്‍ വൃത്തിയാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സൗദി തൊഴില്‍ മന്ത്രിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എക്‌സിറ്റ് വീസകള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി സൗദി തൊഴില്‍ മന്ത്രി അറിയിച്ചിട്ടുണ്ടെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
ശമ്പള കുടിശികയുടെ കാര്യത്തിലും തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സുഷമ സ്വരാജ് പറഞ്ഞു. കിട്ടാനുളള ശമ്പളത്തെക്കുറിച്ച് തൊഴില്‍ വകുപ്പ് ഓഫീസുകളില്‍ തൊഴിലാളികള്‍ക്ക് രേഖാമൂലം വിവരം നല്‍കാം. നാട്ടിലെത്തിയതിന് ശേഷവും ശമ്പളക്കുടിശിക ലഭ്യമാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീക്കുന്നതെന്നും സുഷമ സ്വരാജ് പറഞ്ഞു. തൊഴിലാളികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാത്ത തരത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി ഭരണകൂടം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സുഷമ വ്യക്തമാക്കി.
വിഷയത്തില്‍ സഹായം വാഗ്ദാനം ചെയ്ത സൗദി രാജാവിന് സുഷമ സ്വരാജ് നന്ദി അറിയിച്ചു. സര്‍ക്കാര്‍ നടപടിയെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും സ്വാഗതം ചെയ്തു. ഇന്ത്യയിലെ ജനങ്ങളുടെ പേരില്‍ സൗദി ഭരണകൂടത്തിന് നന്ദി പറയുകയാണ് വേണ്ടതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
News Credits-Janamtv.com