Sunday, August 4, 2013

മുഖ്യമന്ത്രിയെ ചോദ്യംചെയ്യും ?

സ്വന്തം ലേഖകര്‍,05-Aug-2013 Desabhimani Daily
തിരു/ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിത എസ് നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതിനുശേഷമാണ് പണം നല്‍കിയതെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി കോന്നി മല്ലേലി ക്രഷര്‍ ഉടമ ശ്രീധരന്‍നായര്‍ പ്രത്യേക അന്വേഷകസംഘത്തിന് മൊഴിനല്‍കി. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചുവരുത്തി ഞായറാഴ്ച രാവിലെ മൊഴിയെടുത്തപ്പോഴാണ് മുഖ്യമന്ത്രിക്കും സ്റ്റാഫിനുമെതിരായ പരാതി അദ്ദേഹം ആവര്‍ത്തിച്ചത്. അഭിഭാഷകന്‍ സോണി ഭാസ്കറും ഒപ്പമുണ്ടായിരുന്നു.
164-വകുപ്പ് പ്രകാരം കോടതിക്കു നല്‍കിയ രഹസ്യമൊഴിയില്‍ ശ്രീധരന്‍നായര്‍ ഉറച്ചുനിന്നതിനാല്‍ അതേക്കുറിച്ച് പൊലീസ് അദ്ദേഹത്തോട് കൂടുതല്‍ ചോദിച്ചില്ല. സരിത അയച്ച മൊബൈല്‍ സന്ദേശങ്ങളില്‍ വ്യക്തത വരുത്താനാണ് ഒന്നേമുക്കാല്‍ മണിക്കൂര്‍ മൊഴിരേഖപ്പെടുത്തിയതെന്ന് ഉന്നതപൊലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. പ്രത്യേക അനേഷകസംഘത്തില്‍പ്പെട്ട ചെങ്ങന്നൂര്‍ ഡിവൈഎസ്പി പ്രസന്നന്‍നായര്‍, കോട്ടയം ഡിവൈഎസ്പി ടി അജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. കോന്നി ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന് ജൂലൈ ആറിന് അദേഹം നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വായിച്ചുകേള്‍പ്പിച്ചായിരുന്നു ചോദ്യംചെയ്യല്‍. സോളാര്‍തട്ടിപ്പില്‍ മുഖ്യമന്ത്രി പങ്കാളിയാണെന്നിടത്ത് ശ്രീധരന്‍നായര്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ എഡിജിപി ഹേമചന്ദ്രന്‍ നേതൃത്വം നല്‍കുന്ന അന്വേഷണസംഘം വൈകാതെ മുഖ്യമന്ത്രിയെ ചോദ്യംചെയ്യും. സാധാരണ ഇത്തരം കേസുകളില്‍ ആക്ഷേപ വിധേയനെ പ്രതിചേര്‍ത്താണ് ചോദ്യംചെയ്യേണ്ടത്്.
സര്‍ക്കാര്‍ താല്‍പ്പര്യപ്രകാരം അതൊഴിവാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പ്രതിയല്ലെന്ന റിപ്പോര്‍ട്ട് കോടതിയില്‍ കൊടുക്കാനും മുന്‍കൂട്ടി ധാരണയായിട്ടുണ്ട്. നിയമപരമായ വഴി സുഗമമാക്കാന്‍ ഉമ്മന്‍ചാണ്ടിയെ ചോദ്യംചെയ്തുവെന്ന രേഖയുണ്ടാക്കല്‍ മാത്രമാണ് ലക്ഷ്യം. തട്ടിപ്പുകേസിലെ കുറ്റാരോപിതന് നോട്ടീസ് നല്‍കി അന്വേഷണ സംഘത്തിന്റെ ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യേണ്ടത്. അതൊഴിവാക്കി സെക്രട്ടറിയറ്റിലെ ഓഫീസില്‍ പോയി എഡിജിപി ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്തതായി രേഖയുണ്ടാക്കും.
പാമോയില്‍- ടൈറ്റാനിയം കേസുകളില്‍ ഉമ്മന്‍ചാണ്ടിയെ വിജിലന്‍സ് ചോദ്യംചെയ്തെന്ന് കാട്ടി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതുപോലുള്ള നാടകം സോളാര്‍കേസിലും ആവര്‍ത്തിക്കാനാണ് പോകുന്നത്. പക്ഷേ, മുന്‍കൂര്‍ നോട്ടീസ് നല്‍കി പ്രത്യേക അന്വേഷണസംഘത്തിന്റെ ആസ്ഥാനത്ത് മുഖ്യമന്ത്രിയെ വിളിപ്പിച്ച് ചോദ്യം ചെയ്യുന്നില്ലെങ്കില്‍ സംഘത്തലവന്‍ എഡിജിപി നിയമക്കുരുക്കിലാകാന്‍ സാധ്യതയുണ്ട്.
മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമായി തട്ടിപ്പുകാര്‍ക്കുള്ള ബന്ധം സരിതയും കൂട്ടാളികളും തന്നെ ബോധ്യപ്പെടുത്തിയപ്പോഴാണ് മൂന്ന് ചെക്കുകളിലായി 40 ലക്ഷം രൂപ സരിതക്ക് കൈമാറിയതെന്നാണ് ശ്രീധരന്‍നായര്‍ കോടതിലും പൊലീസിലും ഒരുപോലെ വ്യക്തമാക്കിയത്. സരിതയ്ക്കൊപ്പം താന്‍ സെക്രട്ടറിയറ്റിലെ ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടെന്നതിലും അദ്ദേഹം ഉറച്ചുനില്‍ക്കുന്നു. സോളാര്‍ തട്ടിപ്പില്‍ 40 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ആരോപിച്ച് പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ശ്രീധരന്‍നായര്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ പരാതിയില്‍ ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തെങ്കിലും മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കാന്‍ പൊലീസ് തയ്യാറായില്ല. ശ്രീധരന്‍നായരുടെ രഹസ്യമൊഴി നടപടിക്കായി പത്തനംതിട്ട കോടതി ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്ക് നല്‍കി മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഇപ്പോഴത്തെ തെളിവെടുപ്പ്.

No comments:

Post a Comment