Thursday, August 22, 2013

സരിതയുടെ മൊഴി അട്ടിമറിച്ചു; തെളിവുമായി കെ.സുരേന്ദ്രന്‍

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി സരിത എസ്.നായര്‍ എഴുതി നല്‍കിയ മൊഴി അട്ടിമറിച്ചുവെന്നതിനു തെളിവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. വിവരാവകാശ രേഖ പ്രകാരം പത്തനംതിട്ട സബ് ജയില്‍ സൂപ്രണ്ട് നല്‍കിയ മറുപടിയിലാണ് മൊഴി അട്ടിമറിച്ചതിന് തെളിവുള്ളതെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കുന്നു. പത്തനംതിട്ട സബ് ജയിലില്‍ നിന്ന് സരിത നായര്‍ തന്റെ അഭിഭാഷകന് ആദ്യം എഴുതി നല്‍കിയ മൊഴി 21 പേജുള്ളതാണെന്ന് ജയില്‍ സൂപ്രണ്ടിന്റെ മറുപടിയില്‍ വ്യക്തമാണ്. എന്നാല്‍ മൊഴി കോടതിയില്‍ എത്തിയപ്പോള്‍ നാലു പേജായി ചുരുങ്ങി. സരിത 21 പേജുള്ള മൊഴി നല്‍കിയതായി അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില്‍ രണ്ടു കേന്ദ്രമന്ത്രിമാരുടെയും നാല് സംസ്ഥാന മന്ത്രിമാരുടെയും ഏതാനും ഐപിഎസ്, മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരുടെയും പേര് വ്യക്തമാക്കിയിരുന്നു. ഈ മൊഴിയാണ് മന്ത്രി കെ.ബാബുവും ബെന്നി ബഹന്നാനും ചേര്‍ന്ന് അട്ടിമറിച്ചത്. ജയില്‍ സൂപ്രണ്ട് നല്‍കിയ മറുപടിയില്‍ സരിത അഭിഭാഷകന് നല്‍കുന്നതിനായി മൊഴി എഴുതി നല്‍കിയെന്നും 21 പേപ്പറുള്ളതാണ് മൊഴിയെന്നും ജയില്‍ ചട്ടം അനുവദിക്കാത്തതിനാല്‍ അവയുടെ പകര്‍പ്പ് എടുത്ത് സൂക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ജയില്‍ സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്. മൊഴി അട്ടിമറിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കു വേണ്ടിയാണ്. മൊഴി മാറ്റിയതിലൂടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയാണ്. ഈ ആരോപണം ഉന്നയിച്ച തനിക്കു നേരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. എറണാകുളം അഡീഷണം സിജെഎം കോടതിയില്‍ മൊഴി നല്‍കാന്‍ തയ്യാറായ സരിതയ്ക്ക് സാവകാശം അനുവദിച്ച മജിസ്‌ട്രേറ്റിന്റെ നടപടി ദുരൂഹമാണ്. ഇത് ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണത്തിലാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. അതേസമയം, പത്തനംതിട്ട ജയിലില്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ മാത്രമാണ് സരിതയെ സന്ദര്‍ശിച്ചതെന്നും വിവരാവകാശ നിയമപ്രകാരം ഒരു ചാനലിന് നല്‍കിയ മറുപടിയില്‍ ജയില്‍ സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്. സരിതയെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം ഫെനി ബാലകൃഷ്ണനും അവര്‍ തനിക്ക് 21 പേജുള്ള മൊഴി നല്‍കിയെന്നും അതില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഒന്‍പതു ദിവസത്തോളം വൈകി മൊഴി കോടതിയില്‍ എത്തിയപ്പോള്‍ നാലു പേജായി ചുരുങ്ങുകയായിരുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഉന്നതരുടെ പേരുകള്‍ ഒഴിവാക്കി തനിക്ക് വധഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നുമാണ് സരിത പുതിയ മൊഴിയില്‍ പറഞ്ഞിരുന്നത്. News credits ; mangalam Daily

No comments:

Post a Comment