Friday, August 2, 2013

മര്‍മത്ത് അടിയേറ്റ് മുഖ്യമന്ത്രി

തിരു: യുഡിഎഫില്‍ ഇനി കലാപത്തിന്റെ കനല്‍ ആളിപ്പടരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായുള്ള അങ്കം മുറുകും. സോളാര്‍ കൂടുതല്‍ കത്തും. മുറിവേറ്റ നേതാവും പ്രതിയോഗിയെ ചതിയില്‍ പരിക്കേല്‍പ്പിച്ച ഭരണനേതാവും തമ്മിലുള്ള ബന്ധം ഇനി ഒരിക്കലും പഴയതുപോലാവില്ല. ഈ പ്രഖ്യാപനമാണ്് ഡല്‍ഹിയില്‍ രമേശിന്റെ വാക്കുകളില്‍ കത്തിനിന്നത്. മന്ത്രിസ്ഥാനം ഒരുക്കാന്‍ ഘടകകക്ഷികളുമായി വിലപേശല്‍ കരാര്‍ വേണ്ടെന്ന് രമേശ് പറഞ്ഞപ്പോള്‍ കള്ളക്കച്ചവടത്തിന് ഇറങ്ങിയ ഉമ്മന്‍ചാണ്ടിക്കാണ് മുഖമടച്ച് അടി കൊണ്ടത്. കെപിസിസി പ്രസിഡന്റിന് ആഭ്യന്തരം നല്‍കാന്‍ ഉമ്മന്‍ചാണ്ടിക്ക് അരനിമിഷം മതിയായിരുന്നു. ഇതിന് വിസമ്മതിച്ച ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അണികള്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിക്കൂട്ടിലാണ്. ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് സോണിയാഗാന്ധിയെ കണ്ട ശേഷം ഏകപക്ഷീയമായി രമേശ് പ്രഖ്യപിച്ചപ്പോള്‍ മുഖ്യമന്ത്രിയും കൂട്ടരും അക്ഷരാര്‍ഥത്തില്‍ ഞെട്ടി. മന്ത്രിയാകണ്ട, കെപിസിസി പ്രസിഡന്റായി തുടര്‍ന്നുകൊള്ളാമെന്ന് രമേശ് മാധ്യമങ്ങളോട് പറയുമ്പോള്‍ മാത്രമാണ് ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞത്. മന്ത്രിസഭാ അഴിച്ചുപണി അടിച്ചുപിരിഞ്ഞത് കണ്ട് എ കെ ആന്റണി ചിരിക്കുന്നുണ്ടാവണം. ഇത് മുന്‍കൂട്ടികണ്ടാണ് വയ്യാവേലിക്കില്ലെന്ന നിലപാടുമായി സ്വന്തം ഒത്തുതീര്‍പ്പുഫോര്‍മുലകള്‍ ആന്റണി അവതരിപ്പിക്കാതിരുന്നത്. രമേശിന് മുന്നില്‍ മന്ത്രിസഭയുടെ വാതില്‍ അടഞ്ഞതിന്റെ ഉത്തരവാദിത്തം ലീഗിന്റെ തലയില്‍ വീഴുന്നത് ചെറുക്കാന്‍ ലീഗ്നേതൃയോഗം തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങള്‍ കോണ്‍ഗ്രസ് നിരാകരിച്ചതില്‍ കെ എം മാണിയും പ്രതിഷേധത്തിലാണ്. പാര്‍ടിയുടെ അടിയന്തര നേതൃയോഗം ശനിയാഴ്ച മാണി വിളിച്ചിട്ടുണ്ട്. ജോസ് കെ മാണിയെ ആഗസ്ത് അഞ്ചിന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പായി കേന്ദ്രസഹമന്ത്രിയാക്കാമെന്ന ഉറപ്പ് ഉമ്മന്‍ചാണ്ടി നല്‍കിയിരുന്നു. ആ പൂതി നടപ്പില്ലെന്നും അതിനായി ഡല്‍ഹിയില്‍ ചര്‍ച്ചക്കു വരേണ്ടെന്നുമുള്ള സന്ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നല്‍കിയതിന്റെ ക്ഷീണവും മാണിക്കുണ്ട്.
News Credits : ആര്‍ എസ് ബാബു, on: 03-Aug-2013, Deshabhimani Daily

No comments:

Post a Comment