Thursday, January 12, 2017

നോട്ടുരഹിത സമ്പദ് വ്യവസ്ഥ: കേന്ദ്രപദ്ധതി പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: രാജ്യത്തെ നോട്ടുരഹിത സമ്പദ്‌വ്യവസ്ഥ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഇതിനായി നെടുമ്പാശേരിയില്‍ കേന്ദ്രമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചടങ്ങില്‍ സംസ്ഥാന മന്ത്രിമാര്‍ പങ്കെടുത്തില്ല.
പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഐടി സെക്രട്ടറി യഥാസമയം എത്തിയില്ല. സ്ഥലം സന്ദര്‍ശിച്ച മന്ത്രി സി. രവീന്ദ്രനാഥ് പരിപാടിക്കെതിരായി അഭിപ്രായം പറഞ്ഞു. സ്ഥലം എംഎല്‍എ വിട്ടുനിന്നു. സ്ഥലം എംപി ഇന്നസെന്റ് പരാതി ഒഴിവാക്കാനെന്നപോലെ ഇടയ്ക്ക് വന്നുപോയി. നോട്ട് മരവിപ്പിക്കല്‍ പ്രഖ്യാപിച്ച് മിനുട്ടുകള്‍ക്കകം ‘ഇത് പരാജയം’ എന്ന് പ്രസ്താവിച്ച് എതിര്‍ പ്രചരണത്തിന് തുടക്കമിട്ടതാണ് കേരളം. സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ ഓരോ ഘട്ടത്തിലും ജനങ്ങളെ പരിഭ്രാന്തരാക്കാനാണ് കേരളം ശ്രമിച്ചത്. അത് തുടരുകയാണെന്നാണ് ‘ഡിജിധന്‍’ പദ്ധതിയോടുള്ള നിസ്സഹകരണവും തെളിയിച്ചത്.
ജനങ്ങളെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്കു മാറ്റുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയോടാണ് സംസ്ഥാനം നിസ്സഹകരണം കാട്ടിയത്. കമ്പ്യൂട്ടറിനെ എതിര്‍ത്ത പണ്ടത്തെ രാഷ്ട്രീയ വാശിയോടെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ഡിജി ധന്‍ പരിപാടിയേയും സമീപിച്ചത്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളില്‍ ഒന്നായി ഈ പദ്ധതിയില്‍ എറണാകുളത്തെ മോദി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. കേന്ദ്ര ഊര്‍ജ്ജവകുപ്പു മന്ത്രി പീയൂഷ് ഗോയലാണ് സമാപന പരിപാടിക്കെത്തിയത്.
ഉച്ചയ്ക്ക് ഹ്രസ്വ സന്ദര്‍ശനം നടത്തിയപ്പോഴാണ് മന്ത്രി സി. രവീന്ദ്രനാഥ് പരിപാടിക്കെതിരായി അഭിപ്രായം പറഞ്ഞത്. ”എത്ര ഡിജിറ്റലായാലും മണ്ണിനെയും മനുഷ്യനേയും മറക്കരുതെന്നും ഇത്തരം ഇടപാടുകളിലെ ചതിക്കുഴികളോട് കരുതിയിരിക്കണമെന്നും”മന്ത്രി പറഞ്ഞു.
കേരളത്തിന് വലിയ നേട്ടങ്ങള്‍ നല്‍കുന്നതാണ് പദ്ധതിയെന്ന് മന്ത്രി പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. ഇതുവരെ കണക്കില്‍ പെടാതെ കിടന്ന പലയിനത്തിലുള്ള പണം രേഖകളിലായി. നികുതി വരുമാനം കൂടി. ബാങ്കുകളില്‍ നിക്ഷേപം വര്‍ദ്ധിച്ചു. പലിശ കുറഞ്ഞു. ഇതിന്റെയെല്ലാം നേട്ടം സാധാരണക്കാര്‍ക്കാണ്.
നോട്ടിനുപകരമുള്ള സാങ്കേതിക സംവിധാനം മൊബൈല്‍ ഫോണ്‍ പോലും വേണ്ടാതെ വിരലടയാളംകൊണ്ട് നടപ്പിലാകാന്‍ പോകുകയാണ്. കച്ചവടക്കാര്‍ക്കും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും നേട്ടമുണ്ടാക്കുന്നതാണ് പദ്ധതി.
ഏപ്രില്‍ ഒന്നു മുതല്‍ കേരളത്തിലെ എല്ലാ റേഷന്‍ കടകളും നോട്ടുവേണ്ടാത്ത ഇടപാടിലേക്കു മാറും. ഡിജിറ്റല്‍ സാമ്പത്തിക ഇടപാട് കള്ളപ്പണം കുറയ്ക്കും, അഴിമതി ഇല്ലാതാക്കും. എല്ലാവര്‍ക്കും തുല്യ അവസരം ഉണ്ടാകണമെന്ന ഡോ. അംബേദ്കറുടെ സ്വപ്‌നമാണ് ബാങ്കിങ് മേഖലയില്‍ നടപ്പാകുന്നത്, പീയൂഷ് ഗോയല്‍ പറഞ്ഞു.
രാജ്യത്ത് ആദ്യത്തെ ഡിജിറ്റല്‍ വനവാസി കോളനിയായി. നിലമ്പൂരിലെ നെടുങ്കയം കോളനി ഈ നേട്ടം കൈവരിച്ചതില്‍ മന്ത്രി പീയൂഷ് അഭിനന്ദിച്ചു.
പരിപാടിയില്‍ അതിഥിയായിരുന്ന ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി. ആര്‍. ശ്രീജേഷ്, നാളെ കേരളവും ഡിജിറ്റലായേ പറ്റൂ എന്ന് പറഞ്ഞു. ഇന്ന് കുറച്ച് കഷ്ടപ്പെട്ടാലും നാളെ അത് ഗുണകരമാണെന്നത് ആശ്വാസമാണ്. നാടോടുമ്പോള്‍ നടുവേ ഓടി ശീലമുള്ള മലയാളിക്ക്, ഇപ്പോഴത്തെ ചെറു വിഷമങ്ങള്‍ അത്ര പ്രശ്‌നമാകില്ല, എന്നാണ് പറഞ്ഞത്.
ജനപങ്കാളിത്തംവേണ്ട പരിപാടി നഗരപരിധിക്കു പുറത്ത് വിമാനത്താവളത്തിനടുത്ത് ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു. എങ്കിലും വലിയ ജനപങ്കാളിത്തമുണ്ടായത് ശ്രദ്ധേയമായി. വിവിധ ബാങ്കുകളും സര്‍ക്കാര്‍ ഐടി സ്ഥാപനങ്ങളും എണ്ണക്കമ്പനികളും നടത്തിയ സ്റ്റാളുകളില്‍ വന്‍ ജനത്തിരക്കുണ്ടായി.
News Credits,കാവാലം ശശികുമാര്‍,Janmabhumi Daily

എം.ജി കാമ്പസില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐക്കാരുടെ ക്രൂരമര്‍ദ്ദനം

കോട്ടയം: നാട്ടകം പോളിക്ക് പിന്നാലെ എം.ജി സര്‍വ്വകലാശാല കാമ്പസിലും ദളിത് വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐക്കാരുടെ ക്രൂര മര്‍ദ്ദനം. സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്സിലെ ഗവേഷക വിദ്യാര്‍ത്ഥി കാലടി തത്തപ്പള്ളില്‍ കുമാരന്റെ മകന്‍ വിവേകി(26)നാണ് മര്‍ദ്ദനമേറ്റത്. എം.ജി. സര്‍വകലാശാല കാമ്പസിലെ ഹോസ്റ്റലിലാണ് എം.ഫില്‍ വിദ്യാര്‍ത്ഥിയായ വിവേകിനെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ വിഭാഗത്തില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 11.30ഓടെ കാമ്പസിലെ ഹോസ്റ്റലില്‍ വിവേകിന്റെ മുറിയില്‍ കയറി കമ്പിവടികളും മദ്യക്കുപ്പികളും ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.
ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച അംബേദ്കര്‍ സ്റ്റുഡന്റ്സ് മൂവ്മെന്റ് എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകനാണ് വിവേക്. സംഘടനയുടെ നേതൃത്വത്തില്‍ ‘ദളിതരുടെ ഉന്നമനം’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.ഇതില്‍ അദ്ധ്യാപകരും യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. സംഘടന സജീവമായാല്‍ എസ്എഫ്‌ഐയുടെ നില പരുങ്ങലിലാകുമെന്ന ഭയപ്പാടാണ് സെമിനാറിന് നേതൃത്വം നല്‍കിയ വിവേകിനെ മര്‍ദ്ദിക്കാന്‍ കാരണം. ‘നീ എസ്എഫ്‌ഐക്കെതിരെ സംഘടന ഉണ്ടാക്കുമോടാ’ എന്നും ‘നിന്നെയൊക്കെ കൊന്നുകളഞ്ഞാല്‍ ഒരുത്തനും ചോദിക്കാനില്ല’എന്നും പറഞ്ഞായിരുന്നു അക്രമം.
മുറിയിലേയ്ക്ക് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം അതിക്രമിച്ചു കയറുകയായിരുന്നുവെന്നു ഗാന്ധിനഗര്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. മുറി പൂര്‍ണമായും തല്ലിത്തകര്‍ത്ത അക്രമികള്‍ ജാതീയത കലര്‍ന്ന അസഭ്യവാക്കുകള്‍ വിളിച്ച് അപമാനിക്കുകയും പരാതിപ്പെട്ടാല്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അരുണ്‍, ശ്യാംലാല്‍, സച്ചു സദാനന്ദന്‍, ഹേമന്ദ് എന്നിവരാണ് അക്രമം അഴിച്ചുവിട്ടതെന്നും പരാതിയില്‍ പറയുന്നു. പോലീസിന് പുറമേ എം.ജി വി.സിക്കും വിവേക് പരാതി നല്കിയിട്ടുണ്ട്.
അരമണിക്കൂറോളം മുറിക്കുള്ളില്‍ അഴിഞ്ഞാടിയ അക്രമികള്‍ വിവേക് കുഴഞ്ഞു വീണതിനെതുടര്‍ന്നാണ് മുറിവിട്ടത്. പിന്നീട് സമീപ മുറികളിലെ വിദ്യാര്‍ത്ഥികളാണ് വിവേകിനെ ആശുപത്രിയിലെത്തിച്ചത്.
അക്രമികളെ അറസ്റ്റുചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വിവേകിനെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
News credits,Janmabhumidaily

Saturday, January 7, 2017

കല്ലെറിഞ്ഞാൽ കാശില്ല : കശ്മീരിൽ അക്രമം കുറഞ്ഞു

ശ്രീനഗർ : നോട്ട് അസാധുവാക്കൽ കശ്മീരിലെ കല്ലേറുകാരെ കഷ്ടത്തിലാക്കിയെന്ന് റിപ്പോർട്ട് . ഒപ്പം മാവോയിസ്റ്റുകൾക്കും ഹവാല ഇടപാടുകാർക്കും അധോലോക സംഘങ്ങൾക്കും വൻ തിരിച്ചടിയായെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
കല്ലേറുകാർക്ക് പ്രതിഫലം നൽകുന്നുവെന്ന വാർത്ത നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു . 2010 ലെ അക്രമ സംഭവങ്ങളിലും കാശ് വാങ്ങി കല്ലെറിയുന്നവർ പ്രധാന പങ്കുവഹിച്ചിരുന്നു . അറസ്റ്റ് ചെയ്യപ്പെട്ട ഒരു കശ്മീരി യുവാവ് കല്ലെറിഞ്ഞാൽ ദിവസം 500 രൂപ ലഭിക്കുമെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത് ഈയിടെയാണ് .
കല്ലെറിയുന്നവർക്ക് കൊടുക്കാൻ കരുതി വച്ചിരുന്ന പാക് നിർമ്മിത കള്ള നോട്ടുകൾ നോട്ട് അസാധുവാക്കിയതോടെ ഉപയോഗശൂന്യമായി . ഇതോടെ ഭീകരവാദത്തിന് അനായാസം ലഭ്യമായിക്കൊണ്ടിരുന്ന പണത്തിന്റെ സ്രോതസ് നിലച്ചു . അതിലൊരു പഞ് വാങ്ങി കല്ലെറിയൽ പ്രക്ഷോഭം നടത്തിവന്നവർക്കും അതോടെ തിരിച്ചടിയായി.
കശ്മീരിൽ ഭീകര പ്രവർത്തനത്തിന് അറുപത് ശതമാനത്തോളം കുറവ് വന്നതായാണ് സുരക്ഷ ഏജൻസികളുടെ റിപ്പോർട്ട്. ഭീകര സംഘടനകളുടെ ഗ്രൗണ്ട് ലെവൽ പ്രവർത്തകർക്കും നോട്ട് അസാധുവാക്കൽ തിരിച്ചടിയായി. ഇത് ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തി പകരുകയും ചെയ്തു.
ഖനി ഉടമകളിൽ നിന്നും മറ്റും സംഭരിച്ചിരുന്ന പണം അസാധുവായതാണ് മാവോയിസ്റ്റുകളെ കുഴക്കിയത് . 500,1000 നോട്ടുകളായി ശേഖരിച്ചിരുന്ന വൻ തുക ഇതോടെ ഉപയോഗിക്കാൻ കഴിയാതെയായി . ഗ്രാമീണരെ വശത്താക്കി തുക സാധുവാക്കാൻ ശ്രമിച്ചെങ്കിലും അത്ര കണ്ട് ഫലപ്രദമായില്ല .
News Credits,Janamtv News

കുട്ടികളെ എങ്ങനെ മതം മാറ്റാം എന്ന് പഠിപ്പിക്കുന്ന സിലബസ് ഇവിടെ വേണ്ട : മുഖ്യമന്ത്രി

തിരുവനന്തപുരം : മതം മാറ്റം പഠിപ്പിക്കുന്ന സ്കൂളുകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ . കുട്ടികളെ എങ്ങനെ മതം മാറ്റാം എന്ന് പഠിപ്പിക്കുന്ന സിലബസ് ഇവിടെ ആവശ്യമില്ലെന്നും പിണറായി വിജയൻ . തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ന്യൂനപക്ഷമായത് കൊണ്ടുമാത്രം ആർക്കും ഇവിടെ പ്രശ്നങ്ങളുണ്ടാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തിൽ തീവ്രവാദ നീക്കമുണ്ടെന്നത് തുറന്ന് സമ്മതിച്ചു . ഇക്കാര്യത്തിൽ ജാഗ്രത വേണം. തീവ്രവാദത്തോട് യാതൊരു തരത്തിലും വിട്ടു വീഴ്ച കാണിക്കാൻ പറ്റില്ല വിട്ടുവീഴ്ച കാണിച്ചാൽ അത് നാടിന്റെ ഭാവി തകർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെറ്റായ രീതിയിൽ യു എ പി എ ഉപയോഗിക്കാൻ പാടില്ല എന്നത് സർക്കാരിന്റെ നയമാണ് . അതുപോലെ തന്നെ കാപ്പ ഒരു രാഷ്ട്രീയ പ്രവർത്തകർക്കെതിരേയും പ്രയോഗിക്കരുതെന്നതും സർക്കാരിന്റെ നയമാണ് . ഇതിനു വിരുദ്ധമായുണ്ടായ തീരുമാനങ്ങൾ തിരുത്തിയിട്ടുണ്ട് . ഇത്തരം കേസുകൾ പുന: പരിശോധിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
News Credits,Janamtv News

നോട്ട് റദ്ദാക്കല്‍ ധീരമായ നടപടി; ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇന്ത്യ പ്രാപ്തം

ന്യൂദല്‍ഹി: നോട്ട് റദ്ദാക്കല്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള ചരിത്രത്തിലെ ധീരമായ തീരുമാനമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ സാമ്പത്തിക പ്രമേയം. കള്ളപ്പണം, കള്ളനോട്ട്, ഭീകരത എന്നിവക്കുള്ള ശക്തമായ തിരിച്ചടിയാണ് തീരുമാനമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച പ്രമേയം വിശദീകരിക്കുന്നു. 107 കോടി മൊബൈല്‍ കണക്ഷനുകളും 147 കോടി അക്കൗണ്ടുകളും 75 കോടിയിലേറെ ഡബിറ്റ് കാര്‍ഡുകളുമുള്ള ഇന്ത്യ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രാപ്തമെന്നും പ്രമേയം വിവരിക്കുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ നികുതി ചോര്‍ച്ച തടയും.
ബാങ്കുകളില്‍ കൂടുതല്‍ പണമെത്തിയിട്ടുണ്ട്. ഇത് വായ്പാ ശേഷി കൂട്ടും. പലിശ കുറക്കും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും കൂടുതല്‍ വരുമാനം ലഭിക്കും. മൊത്ത ആഭ്യന്തര വരുമാനം വര്‍ദ്ധിക്കും. ഭാവിയില്‍ ജിഎസ്ടി നടപ്പാക്കാന്‍ കള്ളപ്പണത്തിന്റെ സമാന്തര സമ്പദ് വ്യവസ്ഥ തകരേണ്ടതുണ്ട്. പ്രമേയം ചൂണ്ടിക്കാട്ടി.
നോട്ട് റദ്ദാക്കിയതിന് ശേഷം വലിയ സംസ്ഥാനങ്ങളുടെ വരുമാനം വര്‍ദ്ധിച്ചെന്ന് ധനമന്ത്രി വിവരിച്ചതായി പത്രസമ്മേളനത്തില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കാര്യക്ഷമമായ ഭരണമാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി. നടപടികള്‍ക്ക് നിര്‍വ്വാഹക സമിതി യോഗം സര്‍ക്കാരിനെ അഭിനന്ദിച്ചു.
നോട്ട് റദ്ദാക്കലില്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തെ പ്രമേയം വിമര്‍ശിച്ചു. ജനങ്ങള്‍ ത്യാഗം സഹിച്ച് തീരുമാനത്തെ പിന്തുണച്ചപ്പോള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു പ്രതിപക്ഷ ശ്രമം. ജനങ്ങള്‍ ശുഭപ്രതീക്ഷയിലായിരുന്നെങ്കില്‍ പ്രതിപക്ഷത്തിന് നിഷേധാത്മക സമീപനമായിരുന്നു.
ആവശ്യമായ മുന്നൊരുക്കത്തോടെയാണ് നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിച്ചത്. മികച്ച രീതിയില്‍ നടപ്പാക്കാനും സാധിച്ചു. അധികാരത്തിലെത്തുന്നതിന് നല്‍കിയ വാഗദ്ാനങ്ങളില്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് തെളിഞ്ഞു. കള്ളപ്പണത്തിനെതിരായ ആദ്യത്തേയോ അവസാനത്തേയോ നടപടിയല്ല നോട്ട് റദ്ദാക്കല്‍. പ്രത്യേക അന്വേഷണ സംഘം, കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താനുള്ള പദ്ധതി, ബിനാമി നിയമം തുടങ്ങി നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു.

പാര്‍ട്ടി ഫണ്ടിന് സുതാര്യത വേണം: മോദി

ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ സംവിധാനം കൂടുതല്‍ സുതാര്യമാക്കണം. ”സുതാര്യത രാജ്യത്തിന്റെ സംസ്‌കാരമായി സ്വീകരിക്കുകയാണ് ഇപ്പോള്‍. രാഷ്ട്രീയ പാര്‍ട്ടികളും ഇത് ഉള്‍ക്കൊള്ളണം. സംഭാവനകളിലും സാമ്പത്തിക സമാഹരണത്തിലും സുതാര്യത വേണം. ബിജെപി ഇതില്‍ പ്രധാന പങ്കുവഹിക്കും”. ദല്‍ഹിയില്‍ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ മോദി പറഞ്ഞു.
ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിത നിലവാരം ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പാവപ്പെട്ടവര്‍ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനുള്ള മുദ്രാവാക്യമല്ല. അവരെ സേവിക്കുന്നതിനുള്ള അവസരമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയല്ല ദരിദ്രരെ നോക്കിക്കാണുന്നത്. നോട്ട് റദ്ദാക്കല്‍ നടപ്പാക്കാന്‍ സാധിച്ചത് ത്യാഗം സഹിച്ച പാവപ്പെട്ടവരുടെ ശക്തി കൊണ്ടാണ്.
തെരഞ്ഞെടുപ്പില്‍ ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിന് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നും മോദി ആവശ്യപ്പെട്ടു. യോഗ്യതയുള്ളവരാണ് മത്സരിക്കേണ്ടത്. യോഗ്യതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കും.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മിന്നലാക്രമണവും നോട്ട് റദ്ദാക്കലും മുഖ്യവിഷയമാക്കിയാകും ബിജെപി പ്രചാരണത്തിനിറങ്ങുക.
നോട്ട് റദ്ദാക്കിയതിനെതിരെ പ്രതിപക്ഷം പ്രചാരണം നടത്തുമ്പോള്‍ അതേ വിഷയത്തിലെ നേട്ടം ജനങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരിച്ച് വെല്ലുവിളി ഏറ്റെടുക്കാനാണ് ബിജെപിയുടെ തീരുമാനം.
News Credits,Janamtv,Janmabhumi Daily

മദ്ധ്യപ്രദേശ് മുൻസിപ്പൽ തെരഞ്ഞെടുപ്പിലും താമരത്തിളക്കം

ഭോപ്പാൽ : തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിജയമാവർത്തിച്ച് ബിജെപി . മദ്ധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് മുനിസിപ്പാലിറ്റികളിൽ മൂന്നും ബിജെപി തൂത്തുവാരി.
തെരഞ്ഞെടുപ്പ് നടന്ന ഹർദ , മാൻഡവ്, അമർകണ്ടക് എന്നീ മുനിസിപ്പാലിറ്റികളിലാണ് ബിജെപി ഉജ്ജ്വല വിജയം നേടിയത്. ഹർദയിൽ ആകെയുള്ള 35 സീറ്റുകളിൽ 30 ഉം ബിജെപി നേടി . കോൺഗ്രസിന് 4 സീറ്റുകളും സ്വതന്ത്രന് ഒരു സീറ്റും ജയിച്ചു.
മാൻഡവിൽ 16 സീറ്റുകളിൽ 12 ഉം ബിജെപി നേടി . കോൺഗ്രസിന് 4 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. അമർകണ്ടക്കിൽ ആകെയുള്ള 15 സീറ്റിൽ 11 ഉം ബിജെപി നേടി . കോൺഗ്രസിന് 3 സീറ്റുകൾ ലഭിച്ചു . ഒരു സീറ്റ് സ്വതന്ത്രൻ നേടി.
നോട്ട് നിരോധനത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം മിന്നുന്ന പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. ചണ്ഡീഗഡ് , ഛത്തീസ്ഗഡ്, ഗുജറാത്ത് , മഹാരാഷ്ട്ര , രാജസ്ഥാൻ എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലും ബിജെപി ഉജ്ജ്വല വിജയം നേടിയിരുന്നു.

മധ്യപ്രദേശില്‍ 3 നഗരസഭകള്‍ ബിജെപിക്ക്

ന്യൂദല്‍ഹി: ചണ്ഡീഗഢ്, ഛത്തീസ്ഗഢ്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ മധ്യപ്രദേശ് നഗരസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് ജയം. മൂന്നു നഗരസഭകളിലെ 35 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇതില്‍ 30 സീറ്റും ബിജെപി തൂത്തുവാരി. ബാക്കി നാലെണ്ണം കോണ്‍ഗ്രസിനും ഒരെണ്ണം സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കുമാണ് ലഭിച്ചത്.
മണ്‍ഡൗ നഗരസഭാ കൗണ്‍സില്‍ പ്രസിഡന്റായി ബിജെപിയുടെ മാല്‍തി ഗണ്‍വാറിനെ(2913 വോട്ട്) തെരഞ്ഞെടുത്തു. അമര്‍കാന്തക് കൗണ്‍സില്‍ പ്രസിഡന്റായി പ്രഭ കനരിയയും(2245 വോട്ട്) വിജയിച്ചു. കൂടാതെ ഹര്‍ദയില്‍ സുരേന്ദ്ര ജെയിനും 27558 വോട്ട് നേടിയും വിജയിച്ചു.
കഴിഞ്ഞമാസം ചണ്ഡീഗഢ് മുനിസിപ്പാലിറ്റിയില്‍ നടന്ന തെരഞ്ഞെടുപ്പി ബിജെപിയാണ് മുന്‍തൂക്കം നേടിയത്.
News Credits,Janamtv,Janmabhumi daily

Tuesday, January 3, 2017

സിപിഎമ്മുകാര്‍ തകര്‍ത്ത സ്‌കൂള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒറ്റ രാത്രി കൊണ്ട് പൂര്‍വ്വസ്ഥിതിയിലാക്കി

കണ്ണൂര്‍: ആര്‍എസ്എസിന്റെ പ്രാഥമിക ശിക്ഷാ വര്‍ഗിന് വേദിയായതിന്റെ പേരില്‍ സിപിഎമ്മുകാര്‍ അടിച്ചു തകര്‍ത്ത സ്‌കൂള്‍ കെട്ടിടം ഒറ്റ രാത്രി കൊണ്ട് അറ്റകുറ്റപ്പണി നടത്തി പൂര്‍വ്വസ്ഥിതിയിലാക്കി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാതൃകയായി. കണ്ണൂര്‍ വളപട്ടണത്തെ നിത്യാനന്ദ സ്‌കൂളിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ക്കുളളില്‍ പുനര്‍ജ്ജന്‍മം നല്‍കിയത്. ക്രിസ്മസ് അവധി കഴിഞ്ഞ് ചൊവ്വാഴ്ച സ്‌കൂള്‍ തുറക്കേണ്ടതിനാല്‍ തിങ്കളാഴ്ച രാത്രിയോടെ തന്നെ സ്വയംസേവകര്‍ സ്‌കൂളിന്റെ കേടുപാടുകള്‍ തീര്‍ക്കുകയായിരുന്നു.
മഴു, ഇരുമ്പുവടി തുടങ്ങിയ മാരാകായുധങ്ങളുമായി എത്തിയാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ മുപ്പതോളം സിപിഎം അക്രമികള്‍ സ്‌കൂള്‍ കെട്ടിടം അടിച്ചു തകര്‍ത്തത്.
നൂറ്റിയറുപത്തിയെട്ടോളം ജനല്‍ചില്ലുകള്‍ തകര്‍ത്തു. ജലവിതരണപൈപ്പുകളും ടോയ്‌ലറ്റില്‍ നിന്നുള്ള പൈപ്പുകളും തകര്‍ത്തു. കുട്ടികള്‍ക്ക് കൈകഴുകാനുള്ള ടാപ്പുകള്‍ മഴുകൊണ്ട് വെട്ടിമുറിച്ചു. ചൊവ്വാഴ്ച സ്‌കൂള്‍ തുറക്കാനിരിക്കെ കുട്ടികളുടെ അദ്ധ്യയനം പോലും മുടങ്ങുന്ന സ്ഥിതിയായിരുന്നു. എന്നാല്‍ കുട്ടികള്‍ ഒരിക്കലും ഇരകളാകരുതെന്ന തിരിച്ചറിവില്‍ സ്‌കൂള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൈ മെയ് മറന്ന് അധ്വാനിക്കുകയായിരുന്നു.
പ്രദേശത്തെ സ്വയംസേവകരുടെ നേതൃത്വത്തിലായിരുന്നു അറ്റകുറ്റപ്പണി നടത്തിയത്. മുഴുവന്‍ ജനല്‍ചില്ലുകളും പൈപ്പുകളും ടാപ്പുകളും മാറ്റിസ്ഥാപിച്ചു. പുലര്‍ച്ചെയോടെ സകലപണിയും പൂര്‍ത്തിയാക്കി. നൂറോളം സ്വയം സേവകരാണ് സ്‌കൂള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ പരിശ്രമിച്ചത്.
ആര്‍.എസ്.എസ് ക്യാമ്പ് നടത്താന്‍ അനുവദിച്ചതിനാല്‍ സ്‌കൂളിലെ പഠനം മുടങ്ങിയെന്ന തരത്തില്‍ സംഭവത്തെ ചിത്രീകരിക്കാനും അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമായിരുന്നു സിപിഎം ലക്ഷ്യമിട്ടിരുന്നത്. ഈ നീക്കമാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സേവന മനോഭാവത്തില്‍ നിഷ്പ്രഭമായത്.
News Credits,Janamtv News

കോണ്‍ഗ്രസ് സമരത്തില്‍; രാഹുല്‍ പുതുവത്സരാഘോഷത്തിലും

ന്യൂദല്‍ഹി: നോട്ട് റദ്ദാക്കലില്‍ കോണ്‍ഗ്രസ് രാജ്യവ്യാപക സമരം പ്രഖ്യാപിക്കുമ്പോള്‍ ഉപാധ്യക്ഷന്‍ രാഹുല്‍ വിദേശത്ത് പുതുവത്സര ആഘോഷത്തില്‍. നിര്‍ണായക സമയത്ത് പാര്‍ട്ടിയോടൊപ്പം നില്‍ക്കാതെ ആഘോഷവുമായി കറങ്ങിനടക്കുന്ന രാഹുലിനെതിരെ നേതാക്കളില്‍ അമര്‍ഷം. ഇന്ന് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും സ്ഥിരീകരിക്കാനാകുന്നില്ല.
അതേ സമയം കൂറ്റന്‍ റാലിയില്‍ പങ്കെടുത്ത് മോദി ഉത്തര്‍പ്രദേശില്‍ നിറഞ്ഞുനില്‍ക്കുന്നു. അവധിയെടുക്കാതെ 365 ദിവസവും 18 മണിക്കൂര്‍ ജോലി ചെയ്യുന്ന മോദിയുടെ എതിരാളിയായി ആഘോഷത്തിന് അവധിയെടുത്ത് മുങ്ങുന്ന രാഹുലിനെ എങ്ങനെ അവതരിപ്പിക്കുമെന്നാണ് സമരത്തിനിടെ നേതാക്കളുടെ തന്നെ ചോദ്യം.
പുതുവത്സരത്തലേന്ന് പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ കാത്തിരുന്ന മോദിയുടെ പ്രസംഗത്തിന് തൊട്ടുമുന്‍പാണ് രാഹുല്‍ ലണ്ടനിലേക്ക് പറന്നത്. നോട്ട് റദ്ദാക്കലിന് അമ്പത് ദിവസം പിന്നിടുമ്പോള്‍ മോദി എന്തു പറയുമെന്നായിരുന്നു എല്ലാവരുടെയും ആകാംക്ഷ. മോദിയുടെ പ്രസംഗത്തിന് പ്രതിപക്ഷത്തിന്റെ മുഴുവന്‍ നേതാവായി കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന രാഹുലിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. ട്വിറ്ററിലൂടെ പ്രതികരിക്കാമെങ്കിലും വിദേശത്തെ ആഘോഷത്തിനിടയില്‍ ഇന്ത്യയെക്കുറിച്ചോര്‍ത്ത് ‘വേദനി’ക്കുന്നതില്‍ അനൗചിത്യമുണ്ട്.
ഒരു മാസത്തെ സമരം തിങ്കളാഴ്ച ആരംഭിച്ചെന്ന് കോണ്‍ഗ്രസ് പറയുന്നു. ആദ്യ രണ്ട് ദിവസങ്ങളില്‍ നേതാക്കളുടെ പത്രസമ്മേളനമാണ്. രാജ്യവ്യാപക പ്രക്ഷോഭം നടക്കുമ്പോള്‍ രാഹുലിന്റെ അഭാവം വിശദീകരിക്കാന്‍ നേതാക്കള്‍ ബുദ്ധിമുട്ടുന്നു. അനാരോഗ്യം കാരണം സോണിയ സജീവവുമല്ല. ആറിന് കലക്ടറേറ്റ് ഉപരോധമാണ്. ഇതിന് മുന്‍പെങ്കിലും രാഹുലെത്താനാണ് പാര്‍ട്ടിയുടെ പ്രാര്‍ത്ഥന. 2015ല്‍ ബജറ്റ് സമ്മേളനത്തില്‍ ആരോടും പറയാതെ പറന്ന് രാഹുല്‍ പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു.
നോട്ട് റദ്ദാക്കലിന്റെ പ്രയാസങ്ങള്‍ ഏറ്റവുമധികം അനുഭവിച്ചിരുന്ന തുടക്കത്തില്‍ പ്രതിപക്ഷം ഒന്നാകെ നടത്തിയ ദേശീയ പ്രക്ഷോഭം പൊളിഞ്ഞതിന് പിന്നാലെയാണ് പുതിയ സമരനാടകവുമായി കോണ്‍ഗ്രസ് വീണ്ടുമെത്തുന്നത്. നവംബറില്‍ ഇടതുപാര്‍ട്ടികള്‍ ഒരാഴ്ച നടത്തിയ പ്രക്ഷോഭം ജനങ്ങള്‍ അറിഞ്ഞതേയില്ല. നവംബര്‍ 28ലെ സംയുക്ത പ്രതിഷേധം പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചു. കേരളത്തില്‍ ഇടത്പക്ഷം ഹര്‍ത്താല്‍ നടത്തിയപ്പോള്‍ കോണ്‍ഗ്രസ് സഹകരിച്ചില്ല. ബംഗാളില്‍ ഇടതും കോണ്‍ഗ്രസ്സും നടത്തിയ ഹര്‍ത്താല്‍ മമത പരാജയപ്പെടുത്തി. ഭൂകമ്പ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രിയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയതോടെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സിനെ ഉപേക്ഷിച്ചു.
ബിജെപിയെയും മോദിയെയും നേരിടാന്‍ രാഹുലിന് സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും തിരിച്ചറിവുണ്ട്. സര്‍ക്കാരിനെതിരായ ശക്തമായ ആയുധമായിരുന്നു നോട്ട് റദ്ദാക്കല്‍. ഇത് മുതലെടുക്കാന്‍ രാഹുലിന് സാധിച്ചില്ലെന്ന് മാത്രമല്ല പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയവും ഇത് തെളിയിക്കുന്നു. പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ടപ്പോള്‍ ഇനിയെന്തിന് സമരമെന്നും ചോദ്യമുയരുന്നു.
Article Credits,Janmabhumidaily

പിഞ്ചുകുഞ്ഞിനെ സിപിഎമ്മുകാര്‍ കാലില്‍തൂക്കി റോഡിലെറിഞ്ഞു

തിരൂര്‍(മലപ്പുറം): സിപിഎമ്മിന്റെ ക്രൂരത പിഞ്ചുകുഞ്ഞിനോടും. തിരൂരില്‍ അച്ഛനോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ സിപിഎം അക്രമികള്‍ കാലില്‍തൂക്കി റോഡിലെറിഞ്ഞു. തിരൂര്‍ പടിഞ്ഞേറേക്കര തൃക്കണാശ്ശേരി സുരേഷിന്റെ മകന്‍ കാശിനാഥിനെയാണ് വന്യമൃഗങ്ങളെ പോലും നാണിപ്പിക്കുന്ന തരത്തില്‍ സിപിഎമ്മുകാര്‍ ഉപദ്രവിച്ചത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കാറില്‍ ചിട്ടിയുടെ പണം നല്‍കാന്‍ മറ്റൊരാളുടെ വീട്ടിലേക്ക് പോകുകയായിരുന്നു സുരേഷും കുഞ്ഞും. ആ സമയം മൂന്നുപേര്‍ വഴിയില്‍വെച്ച് പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നത് കണ്ട് വാഹനം നിര്‍ത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. മൂന്നുപേരും കാറില്‍ നിന്ന് സുരേഷിനെ പിടിച്ചിറക്കി മര്‍ദ്ദിച്ചു. പേടിച്ച് അലറിക്കരഞ്ഞ കുഞ്ഞിനെ അക്രമികളിലൊരാള്‍ കാലില്‍തൂക്കിയെടുത്ത് റോഡിലേക്കെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഓടികൂടിയ നാട്ടുകാര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.
കുറച്ചുനാളുകളായി അഴിമുഖം, പടിഞ്ഞാറേക്കര ഭാഗങ്ങളില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണ്. സ്ത്രീകള്‍ക്ക് പകല്‍പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. നടപടിയെടുക്കാതെ പോലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും പരാതിയുണ്ട്.
News Credits,ജന്മഭൂമി,സ്വന്തം ലേഖകന്‍ January 4, 2017