Wednesday, October 2, 2013

സലിംരാജിനെ ഡി.ജി.പിക്ക്‌ ഭയം?: ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ പ്രവര്‍ത്തനം മുഖ്യമന്ത്രിയുടേതിനു തുല്യമെന്നു ഹൈക്കോടതി. ജനങ്ങള്‍ക്ക്‌ ഒരു പോലീസ്‌ കോണ്‍സ്‌റ്റബിളിനെപ്പോലും ഭയക്കേണ്ട അവസ്‌ഥയാണെന്നും ഡി.ജി.പിക്കുപോലും സലിംരാജിനെ ഭയമാണെന്നും കോടതി വിമര്‍ശിച്ചു. വ്യാജരേഖയുണ്ടാക്കി സലിംരാജും സംഘവും ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്ന രണ്ടു ഹര്‍ജികള്‍ പരിഗണിക്കവേയാണു ജസ്‌റ്റിസ്‌ ഹാറൂണ്‍ അല്‍ റഷീദിന്റെ നിരീക്ഷണം. സലിംരാജിനെതിരേ ലഭിച്ച പരാതി ഡി.ജി.പി. സര്‍ക്കാരിനു കൈമാറിയതാണു കോടതിയുടെ വിമര്‍ശനത്തിനു കാരണമായത്‌. പരാതിയില്‍ അന്വേഷണം നടത്തുന്നതിനു പകരം സര്‍ക്കാരിനു കൈമാറിയത്‌ എന്തുകൊണ്ടെന്നും കേട്ടുകേള്‍വിയില്ലാത്ത നടപടിയാണു ഡി.ജി.പിയുടേതെന്നും കോടതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ നടക്കുന്നതു ജനങ്ങളുടെ ഭരണമല്ലെന്നും എന്തു ജനാധിപത്യമാണ്‌ ഇവിടെ നടക്കുന്നതെന്നും അനുദിനം തട്ടിപ്പു സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും കോടതി അഭിപ്രായപ്പെട്ടു. എല്ലാത്തരത്തിലും സലിംരാജിന്റെ പ്രവര്‍ത്തനം മുഖ്യമന്ത്രിയെന്ന നിലയിലാണെന്നും ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ അതീവ ഗൗരവതരമാണെന്നും കോടതി പറഞ്ഞു. സലിംരാജിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണു നടപടി സ്വീകരിക്കാതിരുന്നതെന്നും കോടതി ആരാഞ്ഞു. എന്നാല്‍ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കേ സലിംരാജിനെ ഒഴിവാക്കി പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതായി ഹര്‍ജിഭാഗം കോടതിയെ അറിയിച്ചു. സലിംരാജ്‌ അടക്കമുള്ളവരുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പിടിച്ചെടുക്കണമെന്ന കോടതിയുടെ ഇടക്കാല ഉത്തരവിനെതിരേ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണു തിടുക്കംകാട്ടിയതെന്നു കോടതി ചോദിച്ചു. മൊബൈല്‍ ഫോണ്‍ കമ്പനികളെ ഹര്‍ജിയില്‍ കക്ഷിചേര്‍ത്തിട്ടില്ല എന്ന കാരണത്താലാണ്‌ ഇതുസംബന്ധിച്ച സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം ഡിവിഷന്‍ ബെഞ്ച്‌ സ്‌റ്റേ ചെയ്‌തതെന്നും അതിനാല്‍ കമ്പനികളെ കക്ഷിചേര്‍ക്കാന്‍ പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചെന്നും ഹര്‍ജിഭാഗം ചൂണ്ടിക്കാട്ടി. മൊബൈല്‍ കമ്പനികളെ കക്ഷിചേര്‍ക്കണമെന്ന അപേക്ഷയില്‍ എതിര്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനു ബുധനാഴ്‌ചവരെ സാവകാശം അനുവദിച്ചു. അതേസമയം, ഹര്‍ജിയിലെ ആരോപണങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്‌തമാക്കി. വ്യാജരേഖ ഉണ്ടാക്കി സലിംരാജും സംഘവും ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ തിരുവനന്തപുരം സ്വദേശി പ്രേംചന്ദ്‌ ആര്‍. നായര്‍, കളമശേരി സ്വദേശി എന്‍.എ. ഷെരീഫ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണു കോടതി പരിഗണിച്ചത്‌.
---------------
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും സംശയനിഴലില്‍ കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയ ചില ഫണ്ടുകള്‍ അതീവ സംശയകരമെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സുരക്ഷാ ഡ്യൂട്ടിയിലിരിക്കെ മുന്‍ ഗണ്‍മാന്‍ സലിംരാജ്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. കോഴിക്കോട്ട്‌ അറസ്‌റ്റിലാകുന്നതിന്‌ ഏതാനും ദിവസംമുമ്പു സലിംരാജ്‌ നടത്തിയ മുംബൈ സന്ദര്‍ശനത്തെക്കുറിച്ചും അന്വേഷണമാരംഭിച്ചു. നെടുമ്പാശേരി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായ ഫായിസുമായി സലിംരാജിനുള്ള ബന്ധം സ്‌ഥിരീകരിച്ചതായാണു സൂചന. സലിംരാജും ഫായിസുമൊക്കെയായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ രാജ്യസുരക്ഷയ്‌ക്കു ഗുരുതര ഭീഷണിയുയര്‍ത്തുന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളിലേക്കു നീങ്ങുന്നതായാണു രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. മുഖ്യമന്ത്രിയുടെ സുരക്ഷാച്ചുമതല നിര്‍വഹിക്കുന്നതിനിടെ സലിംരാജ്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വകാര്യമായി എത്തിയതിന്റെ കാമറാ ദൃശ്യങ്ങള്‍ ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ക്കു കിട്ടിയതായാണ്‌ അറിവ്‌. വിമാനത്താവളത്തില്‍ സലിംരാജ്‌ ചില ദുരൂഹ വ്യക്‌തികളെ സ്വീകരിച്ചതായി നേരത്തെ സ്‌ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലിരിക്കെ അദ്ദേഹത്തിന്റെ അറിവോടെയാണോ സലിംരാജ്‌ വിമാനത്താവളത്തിലേക്കു പോയതെന്ന കാര്യത്തില്‍ വ്യക്‌തതയില്ല. സ്വര്‍ണക്കടത്തുകാരന്‍ ഫായിസിനു മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരുമായി ഉണ്ടായിരുന്ന ബന്ധമാണു ദുരിതാശ്വാസനിധിയെയും സംശയനിഴലിലാക്കിയത്‌. ആരോപണ വിധേയരായ ആര്‍.കെ. ബാലകൃഷ്‌ണന്‍, ജിക്കുമോന്‍, സലിംരാജ്‌ എന്നിവരുമായി ബന്ധപ്പെട്ടു ദുരിതാശ്വാസനിധിയിലേക്കെത്തിയ ചില ഫണ്ടുകളെക്കുറിച്ചാണു രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്‌. സലിംരാജിന്റെ മുംബൈ ബന്ധം എന്താണെന്നു സ്‌ഥിരീകരിക്കുന്നതിനുള്ള ശ്രമത്തിലാണ്‌ അന്വേഷണ ഏജന്‍സികള്‍. കരിപ്പൂര്‍ വിമാനത്താവളംവഴി നിയമവിരുദ്ധ ഇടപാടുകള്‍ നടന്നെന്ന സംശയം ഇന്റലിജന്‍സ്‌ ഏജന്‍സികളെ ആശങ്കയിലാക്കിയിട്ടുണ്ട്‌.
Reports Mangalam Daily,October 2, 2013
---------------------------
സലിംരാജിനും സംഘത്തിനും ജാമ്യം
കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനും കൂട്ടാളികള്‍ക്കും കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വി ഭാസ്കരന്‍ ഉപാധികളോടെ ജാമ്യം നല്‍കി. രണ്ട് ആള്‍ജാമ്യവും അരലക്ഷം രൂപവീതം ബോണ്ടിലുമാണ് ജാമ്യം. പാസ്പോര്‍ട് കൈമാറണം, കേരളം വിടരുത്, രണ്ടു മാസം എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് നാലിന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണം എന്നിവയാണ് മറ്റുപാധികള്‍. അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുടെ ബന്ധുവായ അഡ്വ. കെ ഷഹീര്‍സിങ്ങാണ് സലിംരാജിനും സംഘത്തിനുമായി ഹാജരായത്. കോഴിക്കോട് കരിക്കാംകുളത്ത് സെപ്തംബര്‍ 10 നാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന കൊല്ലം കരുനാഗപ്പള്ളി ആദിനാട് പ്രണവം വീട്ടില്‍ പ്രസന്നനെ ഇന്നോവ കാറിലെത്തിയ സലിംരാജിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുവച്ച് ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സാമ്പത്തിക തട്ടിപ്പുകേസിലെ പിടികിട്ടാപ്പുള്ളി ഓച്ചിറ കടാശേരി റിജോ, യൂത്ത് കോണ്‍ഗ്രസ് ഓച്ചിറ മണ്ഡലം സെക്രട്ടറി ജുനൈദ്, യൂത്ത് കോണ്‍ഗ്രസ് കുലശേഖരപുരം മണ്ഡലം സെക്രട്ടറിയും വിവിധ കേസുകളില്‍ പ്രതിയുമായ ഇര്‍ഷാദ്, ഓച്ചിറ സ്വദേശികളും വിവിധ കേസുകളില്‍ പ്രതികളുമായ സിദ്ദിക്ക്, സത്താര്‍, എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഷംനാദ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.

No comments:

Post a Comment