Wednesday, October 23, 2013

'സുതാര്യ കേരള'ത്തിലെ പരാതിയിന്മേല്‍ സലിം രാജിനെതിരായ നടപടി ഒതുക്കി

തിരുവനന്തപുരം: ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്ന, മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയില്‍, മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെതിരേ ഉന്നയിക്കപ്പെട്ട പരാതിയില്‍ തുടര്‍നടപടിയുണ്ടായില്ല. മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇക്കാര്യം നിഷേധിച്ചെങ്കിലും സംഭവത്തെക്കുറിച്ച്‌ റവന്യൂ ഇന്റലിജന്‍സ്‌ അന്വേഷണമാരംഭിച്ചു. കഴിഞ്ഞ മേയ്‌ 21-നു സംപ്രേഷണം ചെയ്‌ത സുതാര്യകേരളം പരിപാടിയില്‍ കടകംപള്ളി സ്വദേശിയായ ബാലസുബ്രഹ്‌മണ്യമാണ്‌ സലിംരാജിന്റെ ഭൂമിതട്ടിപ്പിനെക്കുറിച്ചു പരാതി ഉന്നയിച്ചത്‌. സലിംരാജിന്റെ നേതൃത്വത്തില്‍ 3587 എന്ന വ്യാജതണ്ടപ്പേരുണ്ടാക്കി 44.5 ഏക്കര്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി. ഇതു പരിഗണിച്ച മുഖ്യമന്ത്രി, പരാതിക്കാര്‍ക്ക്‌ ഭൂമി നഷ്‌ടപ്പെടാതിരിക്കാനുള്ള അടിയന്തരനടപടിയെടുക്കാന്‍ ജില്ലാ കലക്‌ടറോടു നിര്‍ദേശിച്ചു. ഭൂമി സംബന്ധിച്ച്‌ കോടതിയില്‍ കേസുകളുണ്ടെന്നും മറ്റുമാണ്‌ ഇതിനു കലക്‌ടര്‍ നല്‍കിയ വിശദീകരണം. നേരിട്ടുപോയി കാര്യങ്ങള്‍ പരിശോധിക്കാന്‍ കലക്‌ടറോടു മുഖ്യമന്ത്രി നിര്‍ദേശിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല. കടകംപള്ളി വില്ലേജ്‌ ഓഫീസിലെത്തിയ ഭൂവുടമകള്‍ക്ക്‌ കരമടയ്‌ക്കാന്‍പോലുമായില്ല. ഭൂമി കേസില്‍ കിടക്കുന്നതിനാല്‍ കരമടയ്‌ക്കാനാകില്ലെന്നാണു വില്ലേജ്‌ ഓഫീസര്‍ അറിയിച്ചത്‌. അധികൃതരുടെ ഒത്താശയോടെ ഭൂമാഫിയയില്‍പെട്ട അഷ്‌റഫ്‌, മജീദ്‌ എന്നിവര്‍ വ്യാജപട്ടയമുള്ള ഈ ഭൂമി വിറ്റെന്നും യഥാര്‍ഥ ഉടമകള്‍ പരാതിപ്പെട്ടിരുന്നു. ഡെപ്യൂട്ടി കലക്‌ടര്‍ (സൗത്ത്‌ സോണ്‍) നടത്തിയ അന്വേഷണത്തില്‍ 3587 എന്ന തണ്ടപ്പേര്‍ വ്യാജമാണെന്നു കണ്ടെത്തി. ഈ റിപ്പോര്‍ട്ട്‌ വന്നിട്ടും വ്യാജതണ്ടപ്പേര്‍ റദ്ദാക്കുകയോ കരം സ്വീകരിക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്‌തില്ല. ഈ പ്രശ്‌നമുന്നയിച്ച്‌, ജില്ലാ കലക്‌ടര്‍ നോട്ടീസ്‌ നല്‍കി മേയ്‌ 31-ന്‌ അസല്‍പ്രമാണം, കരം തീരുവ, എന്നിവയുടെ പകര്‍പ്പുകള്‍ വാങ്ങിവയ്‌ക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ മാസങ്ങളായിട്ടും നടപടിയെടുത്തില്ല. വ്യാജതണ്ടപ്പേരില്‍ കരമടയ്‌ക്കാന്‍ ഭൂമിതട്ടിപ്പ്‌ സംഘാംഗമായ അഷ്‌റഫ്‌ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു. ഇതുസംബന്ധിച്ചു നിരവധി കേസുകളാണ്‌ ഹൈക്കോടതിയിലുള്ളത്‌. എന്നാല്‍ കേസുകളില്‍ പറയുന്ന വ്യക്‌തികള്‍ക്ക്‌ കടകംപള്ളി വില്ലേജിലെ റവന്യൂ രേഖകള്‍പ്രകാരം വസ്‌തുക്കള്‍ കൈവശമില്ലെന്നു തഹസില്‍ദാര്‍മാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നിട്ടും യഥാര്‍ഥ ഭൂവുടമകള്‍ക്ക്‌ കരമടയ്‌ക്കാന്‍ അനുവാദം നല്‍കിയില്ല. ഉടമകള്‍ സലിംരാജിനെതിരേ പോലീസ്‌ കമ്മിഷണര്‍ക്കു പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. എന്നാല്‍, സുതാര്യകേരളവുമായി ബന്ധപ്പെട്ട്‌ അടിസ്‌ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച്‌ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും താറടിക്കാനുള്ള രാഷ്‌ട്രീയനീക്കമാണിതെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. കഴിഞ്ഞ മേയ്‌ 14-നാണ്‌ പരാതി സുതാര്യകേരളത്തില്‍ റെക്കോഡ്‌ ചെയ്‌തത്‌. ആരും നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്നില്ല ഇത്‌. ഒരു പത്രവാര്‍ത്ത സുതാര്യകേരളത്തിലേക്ക്‌ ഉദ്യോഗസ്‌ഥര്‍ നേരിട്ടെടുക്കുകയായിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ വ്യക്‌തമാക്കി.
News credits Mangalam Daily, October 23, 2013
--------------
സലീംരാജിന്റെ ഭൂമിതട്ടിപ്പ്: സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭുമിയിടപാടു കേസുകളില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്ന് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം. ഭൂമി ഇടപാടുകളില്‍ സലീംരാജ് രേഖകളില്‍ ക്രമക്കേടുകളെ ക്യത്രിമം നടത്തിയിട്ടുണ്ടോയെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടി പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. മുന്‍നിലപാടില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ അനുകൂലിച്ചു. സിബിഐ അന്വേഷണത്തോട് എതിര്‍പ്പില്ലെന്ന് എജി കോടതിയെ അറിയിച്ചു.ഈ കേസുകളില്‍ സര്‍ക്കാരിന് മറച്ചുവെക്കാന്‍ ഒന്നുമില്ലെന്ന് എജി വ്യക്തമാക്കി.
സലിംരാജ് ഉള്‍പ്പെട്ട ഭുമിയിടപാടു കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ സലീംരാജ് അധികാരകേന്ദ്രമാണെന്നായിരുന്നു ജസ്റ്റിസ് ഹാരുണ്‍ എല്‍ റഷീദിന്റെ നീരീക്ഷണം. ഈ കേസുകള്‍ റവന്യൂ-പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ അതിന് വിശ്വാസ്യത ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിക്കുകയായിരുന്നു. ഭൂമി ഇടപാട് നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഓഫിസില്‍ ജോലിയുളള ഭാര്യയുടെ സഹായം സലീംരാജിന് ലഭിച്ചോ? ഇവര്‍ ഏത് സാഹചര്യത്തിലാണ് ഇവിടെ ഡെപ്യൂട്ടേഷനില്‍ എത്തിയത്? തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. ഇക്കാര്യത്തില്‍ നാളെ സര്‍ക്കാര്‍ വിശദീകരണം അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തെയും എറണാകുളത്തെയും ഭൂമി ഇടപാട് കേസുകളില്‍ സലീംരാജ് എങ്ങനെ ഒരു പോലെ ഉള്‍പ്പെട്ടു? ഈ കേസുകള്‍ തമ്മില്‍ ബന്ധമുണ്ടോയെന്നും കോടതി ചോദിച്ചു. ഭുമി ഇടപാടിലെ എല്ലാ ക്രമക്കേടുകളെ കുറിച്ചും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അന്വേഷണത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരോ അധികാരകേന്ദ്രത്തിലുളളവരോ ഇടപെടതുത്. ഇടപ്പെട്ടാല്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി അക്കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Asianet News,23 October 2013

No comments:

Post a Comment