Thursday, October 3, 2013

സി.ബി.ഐ. നേര്‍വഴിക്കു വന്നാല്‍ കേന്ദ്രമന്ത്രിയും കുടുങ്ങും

കോഴിക്കോട്‌ : സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ ഫായിസിനെ കസ്‌റ്റംസുമായി ബന്ധപ്പെടുത്തിയതു കരിപ്പൂര്‍ എയര്‍ കസ്‌റ്റംസിന്റെ മുന്‍ തലവനെന്നു സൂചന. ഒരു കേന്ദ്രമന്ത്രിയുടെ പ്രത്യേകതാല്‍പര്യപ്രകാരം അദ്ദേഹത്തിന്റെ പഴ്‌സണല്‍ സ്‌റ്റാഫില്‍ ഒരു വര്‍ഷത്തോളമായി സുപ്രധാന പദവിയിലിരിക്കുകയാണ്‌ കരിപ്പൂര്‍ എയര്‍ കസ്‌റ്റംസിന്റെ ഈ മുന്‍ തലവന്‍. എന്നാല്‍, ഫായിസിനെ കസ്‌റ്റംസുമായി ബന്ധപ്പെടുത്തിയതു കരിപ്പൂര്‍ എയര്‍ കസ്‌റ്റംസിന്റെ ഈ മുന്‍ തലവനാണെന്ന കാര്യം കസ്‌റ്റംസ്‌ ഉന്നതര്‍ അതീവരഹസ്യമാക്കിവച്ചിരിക്കുകയാണ്‌. സിബി.ഐ. അനേ്വഷണം നേര്‍വഴിയില്‍ നടന്നാല്‍ കേന്ദ്രമന്ത്രിയടക്കം കുടുങ്ങുമെന്നതിനാല്‍ മന്ത്രിയുടെ പാര്‍ട്ടി നേതൃത്വമടക്കം പരിഭ്രാന്തിയിലാണ്‌. ഫായിസുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടായിരുന്നുവെന്ന ആരോപണം നേരിടുന്ന കോഴിക്കോട്‌ റൂറലിലെ ഒരു ഉത്തരേന്ത്യക്കാരനായ മുന്‍ പോലീസ്‌ ചീഫ്‌ വഴിയായിരുന്നു കസ്‌റ്റംസ്‌ തലവന്‍ ഫായിസിനെ പരിചയപ്പെട്ടതെന്നാണു വിവരം. പോലീസ്‌ ചീഫും കസ്‌റ്റംസ്‌ തലവനും സിവില്‍ സര്‍വീസില്‍ വ്യത്യസ്‌ത വിഭാഗങ്ങളിലായിരുന്നെങ്കിലും ഒരേ ബാച്ചുകാരായിരുന്നു. അന്നു മുതലേ ഇരുവരും ഉറ്റ സൗഹൃദത്തിലുമാണ്‌. കേന്ദ്രമന്ത്രിയുടെ പ്രത്യേക താല്‍പര്യമായിരുന്നു കസ്‌റ്റംസ്‌ ഉന്നതന്റെ കരിപ്പൂരിലെ നിയമനത്തിനു പിന്നില്‍. മുമ്പു റൂറല്‍ എസ്‌.പിയായിരുന്ന ആരോപണവിധേയനായ വിക്രം വഴിയാണു പുതുതായി സ്‌ഥാനമേറ്റെടുത്ത ഉത്തരേന്ത്യക്കാരന്‍ ഫായിസുമായി അടുത്തത്‌. ഉത്തരേന്ത്യക്കാരനായ പോലീസ്‌ ഉന്നതനുമായുള്ള സൗഹൃദം ഫായിസ്‌ സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്‌തു. കസ്‌റ്റംസ്‌ തലവന്റെ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ മൂവരും നിരവധി തവണ സംഗമിച്ചിരുന്നതായും സല്‍ക്കാരങ്ങള്‍ നടത്തിയതായും വിവരമുണ്ട്‌. ഇയാള്‍ വിമാനത്താവളത്തില്‍ ചുമതലയിലിരുന്ന കാലത്തു കാര്യമായ സ്വര്‍ണക്കടത്തു വേട്ടകളൊന്നും കരിപ്പൂരില്‍ നടത്തിയിരുന്നില്ല എന്നതാണു ശ്രദ്ധേയം. അവിശുദ്ധ കൂട്ടുകെട്ടു പുറത്തുവരാതിരിക്കാന്‍ മൂവരുടെയും കുടുംബങ്ങള്‍ ഒരുമിച്ചു ഷോപ്പിംഗിനായി തെരഞ്ഞെടുത്തതു തലശേരിയെയായിരുന്നു. ഇപ്പോള്‍ കേന്ദ്രമന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫില്‍ സുപ്രധാന തസ്‌തികയിലിരിക്കുന്ന ആള്‍ കസ്‌റ്റംസ്‌ തലവനായിരിക്കുമ്പോഴാണു ഫായിസ്‌ കോഴിക്കോട്‌ വഴി കൂടുതല്‍ സ്വര്‍ണക്കടത്തു നടത്തിയതെന്നും കസ്‌റ്റംസിനു വിവരം ലഭിച്ചിട്ടുണ്ട്‌. ഇയാള്‍ വഴിയായിരുന്നു മറ്റു വിമാനത്താവളങ്ങളിലെ ഉന്നത കസ്‌റ്റംസ്‌ അധികൃതരുമായി ഫായിസ്‌ വിപുലമായ ബന്ധങ്ങള്‍ സ്‌ഥാപിച്ചത്‌. ഫായിസിന്റെ ബന്ധങ്ങള്‍ വ്യാപകമായതോടെ അപകടം മണത്ത കസ്‌റ്റംസ്‌ ഉന്നതന്‍ മന്ത്രിയുമായുള്ള ബന്ധമുപയോഗിച്ചു പഴ്‌സണല്‍ സ്‌റ്റാഫിലെ സുപ്രധാന പദവിയില്‍ എത്തിച്ചേരുകയായിരുന്നു. സ്വര്‍ണക്കടത്തിനെതിരേ കരിപ്പൂരില്‍ സി.ബി.ഐയുടെ നിരീക്ഷണം ശക്‌തമായതും പുതിയ ലാവണം തേടാന്‍ കാരണമായി.
Mangalam Daily Report,October 4, 2013 by വി.ടി. അജിത്‌കുമാര്‍
----------------------
എന്‍.ഐ.എ. വേണ്ടെന്നു ഡി.ജി.പി.: ഫായിസിനു "സുരക്ഷ'യൊരുക്കി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത്‌ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ അന്വേഷണമുണ്ടാകില്ല. കേസ്‌ എന്‍.ഐ.എയ്‌ക്കു വിടാനാകില്ലെന്നു കാട്ടി ഡി.ജി.പി: കെ.എസ്‌. ബാലസുബ്രഹ്‌മണ്യം കഴിഞ്ഞദിവസം സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ നല്‍കി. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന നെടുമ്പാശേരി സ്വര്‍ണക്കടത്ത്‌ കേസില്‍ ഉന്നതരെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണു എന്‍.ഐ.എ. അന്വേഷണം അട്ടിമറിക്കുന്നതിനു പിന്നില്‍. കേസിലെ പ്രതി ഫായിസിന്റെ രഹസ്യ ഇടപാടുകളും ഉന്നതബന്ധങ്ങളും പുറത്തുവരില്ലെന്ന്‌ ഇതോടെ ഉറപ്പായി. സ്വര്‍ണക്കടത്തിനെക്കുറിച്ചു കേരളാ പോലീസിന്‌ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്നതാണ്‌ എന്‍.ഐ.എ. അന്വേഷണം ഇല്ലാതാക്കാനുള്ള ന്യായീകരണം. വിധ്വംസകപ്രവര്‍ത്തനങ്ങളുടെ പേരില്‍ ആര്‍ക്കുമെതിരേ കേസെടുത്തിട്ടുമില്ല. ഈ സാഹചര്യത്തില്‍ കേസ്‌ എന്‍.ഐ.എക്ക്‌ കൈമാറുന്നതില്‍ പോലീസിനു പരിമിതികളുണ്ടെന്നു ഡി.ജി.പിയുടെ രഹസ്യറിപ്പോര്‍ട്ട്‌ പറയുന്നു. എന്‍.ഐ.എ. അന്വേഷണം ആവശ്യപ്പെട്ടു സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ മുഖ്യമന്ത്രിക്കു നല്‍കിയ കത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഡി.ജി.പിയുടെ റിപ്പോര്‍ട്ട്‌. സ്വര്‍ണക്കടത്തിനെക്കുറിച്ചു കസ്‌റ്റംസ്‌ അന്വേഷിക്കുന്നുണ്ട്‌. കേസില്‍ ഉള്‍പ്പെട്ട കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ സി.ബി.ഐ. അന്വേഷണവും നടക്കുന്നു. പക്ഷേ രാഷ്‌ട്രീയക്കാരും ഐ.പി.എസ്‌. ഉദ്യോഗസ്‌ഥരുമടക്കം നിരവധിപേര്‍ ഹവാലയടക്കമുളള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനിന്നതിനെക്കുറിച്ച്‌ ഒരു ഏജന്‍സിയും ഇതുവരെ അന്വേഷിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ വേണമെങ്കില്‍ സി.ബി.ഐയെ ചുമതലപ്പെടുത്താമെന്നു റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. രാജ്യദ്രോഹം, കുഴല്‍പ്പണക്കടത്ത്‌, മനുഷ്യക്കടത്തു തുടങ്ങി അതിഗുരുതരമായ ആരോപണങ്ങള്‍ ഫായിസുമായി ബന്ധപ്പെട്ടുയര്‍ന്നെങ്കിലും സര്‍ക്കാര്‍ മൗനം പാലിക്കുന്നതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ലെന്നാണ്‌ ഉന്നതപോലീസ്‌ കേന്ദ്രങ്ങളുടെ നിലപാട്‌. നെടുമ്പാശേരിയില്‍വച്ചു സ്വര്‍ണക്കടത്തു പിടികൂടിയതോടെ ഉന്നത രാഷ്‌ട്രീയനേതാക്കളും സിനിമാരംഗത്തെ പ്രമുഖരും അധോലോകബന്ധമുളള മോഡലുകളും ഫായിസിന്റെ സഹായികളായി പ്രവര്‍ത്തിച്ചതിനുള്ള തെളിവുകള്‍ പുറത്തുവന്നിരുന്നു. ഇവരെല്ലാം രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ നേരിടേണ്ടിവരും. ഈ സാഹചര്യത്തിലാണു കേസ്‌ എന്‍.ഐ.എയ്‌ക്കു വിടുന്നത്‌ എന്തുവിലകൊടുത്തും ഇല്ലാതാക്കാനുള്ള അണിയറനീക്കം.
reports Mangalam Daily എസ്‌. നാരായണന്‍, Thursday, October 3, 2013

No comments:

Post a Comment