Saturday, October 19, 2013

സ്വര്‍ണക്കടത്ത്‌: സി.ബി.ഐ.അന്വേഷണം വന്‍തോക്കുകളിലേക്ക്‌

കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്തു കേസിന്റെ അന്വേഷണം കേന്ദ്രസുരക്ഷാ ഏജന്‍സികളുടെ തലപ്പത്തെ ഉന്നതരിലേക്ക്‌. രാജ്യാന്തര സ്വര്‍ണക്കള്ളക്കടത്തുകാരന്‍ ഫായിസുമായി അടുത്ത ബന്ധമുണ്ടെന്ന്‌ ആരോപണ വിധേയരായ ഡയറക്‌ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സ്‌(ഡി.ആര്‍.ഐ) അഡീഷണല്‍ ഡയറക്‌ടര്‍ ജോണ്‍ ജോസഫ്‌, സി.ബി.ഐയുടെ കൊച്ചി യൂണിറ്റ്‌ മുന്‍ എസ്‌.പിയും ഇപ്പോള്‍ സി.ഐ.എസ്‌.എഫ്‌ ഡി.ഐ.ജിയുമായ ടി. വിക്രം ഐ.പി.എസ്‌ എന്നിവരെ ചോദ്യം ചെയ്ാന്‍ കേസയന്വേഷിക്കുന്ന സി.ബി.ഐ സംഘം തീരുമാനിച്ചു. ഡി.ആര്‍.ഐ അഡീ. ഡയറക്‌ടര്‍ ജോണ്‍ ജോസഫിന്റെ ചോദ്യം ചെയ്യല്‍ വൈകില്ലെന്നാണ്‌ ഉന്നത സി.ബി.ഐ. വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, സി.ബി.ഐ മുന്‍ എസ്‌.പി കൂടിയായ ടി. വിക്രമിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷമേ ചോദ്യം ചെയ്യലുണ്ടാകൂ. രാജ്യാന്തര സ്വര്‍ണക്കള്ളക്കടത്തുകാരന്‍ ഫായിസിനെ കസ്‌റ്റംസ്‌ ഉന്നതര്‍ക്ക്‌ പരിചയപ്പെടുത്തിയത്‌ ഡി.ആര്‍.ഐ ഉന്നതനായ ജോണ്‍ ജോസഫ്‌ ആണെന്നുറപ്പിക്കുന്ന തെളിവുകള്‍ സി.ബി.ഐക്ക്‌ ലഭിച്ചിട്ടുണ്ട്‌. ഫായിസിനെ പരിചയപ്പെടുത്തിക്കൊണ്ട്‌ ജോണ്‍ ജോസഫ്‌ കസ്‌റ്റംസ്‌ അസി. കമ്മിഷണര്‍ അനില്‍കുമാറിനയച്ച എസ്‌.എം.എസ്‌ സന്ദേശമാണ്‌ നിര്‍ണായക തെളിവായത്‌. ഈ എസ്‌.എം.എസ്‌ സന്ദേശം സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ജോണ്‍ ജോസഫിന്‌ ഫായിസുമായുള്ള ബന്ധം സംബന്ധിച്ച വിശദമായ അന്വേഷണത്തിനാണ്‌ സി.ബി.ഐയുടെ തീരുമാനം. ഫായിസിനെ തനിക്കു പരിചയപ്പെടുത്തിയത്‌ ജോണ്‍ ജോസഫാണെന്നാണ്‌ ആരോപണവിധേയനായ സി.ബി.ഐ മുന്‍ എസ്‌.പി. ടി. വിക്രവും വെളിപ്പെടുത്തിയിട്ടുള്ളത്‌. വിക്രം ഫായിസിനെ സഹായിച്ചതുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്‌. ഇതിന്റെ വിശദാംശങ്ങള്‍ സി.ബി.ഐ അന്വേഷിച്ചുവരികയാണ്‌. ഒരു കേന്ദ്രമന്ത്രിയുടെയും സംസ്‌ഥാന ഭരണസിരാകേന്ദ്രത്തിലെ പ്രമുഖരുടെയും പ്രതിപക്ഷത്തെ ഉന്നതരുടെയുമൊക്കെ പേരുകള്‍ പ്രതികളുടെ ചോദ്യം ചെയ്യലില്‍ സി.ബി.ഐക്കു ലഭിച്ചിട്ടുണ്ട്‌. എന്നാല്‍, വന്‍ രാഷ്‌ട്രീയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കാവുന്ന ഈ പേരുകളിലേക്ക്‌ അന്വേഷണം നീട്ടാനാകുമെന്ന പ്രതീക്ഷ സി.ബി.ഐക്കുമില്ല. ഉന്നത സ്വാധീനമുള്ള ഐ.പി.എസ്‌ ഉദ്യോഗസ്‌ഥനായ ഡി.ഐ.ജി ടി. വിക്രമിനെതിരായ അന്വേഷണനീക്കത്തില്‍ സി.ബി.ഐക്കുമേല്‍ കനത്ത സമ്മര്‍ദമുണ്ടെന്നാണ്‌ സൂചന. ഫായിസുമായി ബന്ധപ്പെട്ടതിന്റെ ഫോണ്‍ രേഖകളുംതെളിവുകളുമുള്ള സാഹചര്യത്തില്‍ വിക്രമിനെ ചോദ്യം ചെയ്യാതിരിക്കാനാവില്ലെന്നാണ്‌ സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നത്‌. ഫായിസ്‌ കള്ളക്കടത്തുകാരനായിരുന്നെന്ന്‌ അറിയാതെയാണ്‌ സഹായിച്ചതെന്ന വിചിത്രമായ വാദഗതിയാണ്‌ ആരോപണവിധേയരായ ഉദ്യോഗസ്‌ഥരെല്ലാം സ്വീകരിച്ചിട്ടുള്ളതെന്ന കാര്യം ശ്രദ്ധേയമാണ്‌. കള്ളക്കടത്ത്‌ തടയേണ്ട ഡി.ആര്‍.ഐയിലെയും കസ്‌റ്റംസിലെയും പോലീസിലെയും ഉന്നതര്‍ ഫായിസ്‌ എന്ന കള്ളക്കടത്തുകാരനുവേണ്ടി കൈകോര്‍ത്തതിന്റെ ചരടുകള്‍ അഴിക്കാനുള്ള ശ്രമത്തിലാണ്‌ സി.ബി.ഐ.
നെടുമ്പാശേരി സ്വര്‍ണക്കടത്ത്‌: കസ്‌റ്റംസ്‌ അസി. കമ്മിഷണറും ഡ്രൈവറും സി.ബി.ഐ. കസ്‌റ്റഡിയില്‍
കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസില്‍ അറസ്‌റ്റിലായ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ അനില്‍ കുമാറിനെയും ഡ്രൈവര്‍ രജിത്തിനെയും എറണാകുളം സി.ബി.ഐ പ്രത്യേക കോടതി അഞ്ചു ദിവസത്തേക്കു സി.ബി.ഐ കസ്‌റ്റഡിയില്‍ വിട്ടു. കേസിലെ മുഖ്യപ്രതി ഫായിസിനെ തനിക്കു പരിചയപ്പെടുത്തിയത്‌ ഡി.ആര്‍.ഐ അഡീഷണല്‍ ഡയറക്‌ടര്‍ ജോണ്‍ ജോസഫാണെന്നു അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ എസ്‌. അനില്‍കുമാര്‍ കോടതിയില്‍ വെളിപ്പെടുത്തി. ഫായിസ്‌ എത്തുന്ന വിമാനത്തിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ജോണ്‍ ജോസഫ്‌ അയച്ച എസ്‌.എം.എസ്‌ സന്ദേശത്തിന്റെ പകര്‍പ്പും അനില്‍കുമാര്‍ കോടതിയില്‍ ഹാജരാക്കി. ഫായിസിനെ അനില്‍കുമാറിലേക്ക്‌ എത്തിച്ചത്‌ ഡി.ആര്‍.ഐ അഡീഷണല്‍ ഡയറക്‌ടര്‍ ജോണ്‍ ജോസഫാണെന്നും ഇതിനു തെളിവായി കഴിഞ്ഞ ഏപ്രില്‍ 14-ന്‌ അയച്ച എസ്‌.എം.എസ്‌. സന്ദേശത്തിന്റെ പകര്‍പ്പും അനില്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. ഫായിസ്‌ വരുന്ന വിമാനത്തിന്റെ വിവരങ്ങളും ആവശ്യമായ സഹായം ചെയ്ണമെന്നയുമാണ്‌ എസ്‌.എം.എസ്‌ സന്ദേശത്തിലൂടെ ജോണ്‍ ജോസഫ്‌ ആവശ്യപ്പെട്ടത്‌. വഴിവിട്ട രീതിയിലുള്ള യാതൊരു നടപടികളും അനില്‍കുമാര്‍ സ്വീകരിച്ചിട്ടില്ലെന്നും ആരില്‍ നിന്നും പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്നും പ്രതിഭാഗം ബോധിപ്പിച്ചു. എന്നാല്‍ അനില്‍കുമാറിന്റെ ബാങ്ക്‌ അക്കൗണ്ടിലെത്തിയ അഞ്ചു ലക്ഷം രൂപ ഫയാസ്‌ നിക്ഷേപിച്ചതാണെന്നു സി.ബി.ഐ. വാദിച്ചു. കൂടാതെ ഡ്രൈവര്‍ രജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ടി.വി, വാച്ച്‌ എന്നിവ ഫയാസ്‌ സമ്മാനിച്ചതാണെന്നും ഫയാസും അനില്‍കുമാറുമായുള്ള ബന്ധം വ്യക്‌തമാക്കുന്ന സി.ഡിയും മറ്റു രേഖകളും സി.ബി.ഐ. കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും കസ്‌റ്റഡിയില്‍ വിട്ടുകിട്ടണമെന്ന സി.ബി.ഐയുടെ ആവശ്യം അനുവദിച്ചാണ്‌ ഇരുവരേയും ഈ മാസം 22 വരെ കോടതി സി.ബി.ഐ. കസ്‌റ്റഡിയില്‍ വിട്ടത്‌. അതേസമയം കേസിലെ മറ്റു രണ്ടു പ്രതികളായ ആരിഫ, ആസിഫ എന്നിവര്‍ക്ക്‌ ഉപാധികളോടെ സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു.
അനില്‍കുമാറിന്റെ വിവാഹം നടത്തിയത്‌ ഫായിസ്‌ ഏര്‍പ്പെടുത്തിയ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനി
കോട്ടയം: നെടുമ്പാശേരി സ്വര്‍ണക്കടത്തുകേസില്‍ അറസ്‌റ്റിലായ കസ്‌റ്റംസ്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ അനില്‍കുമാറിന്റെ വിവാഹ ആഘോഷം നടത്തിയത്‌ കൊച്ചിയിലെ പ്രശസ്‌തമായ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയുടെ മേല്‍നോട്ടത്തില്‍. അടുത്തിടെയായിരുന്നു അനില്‍കുമാറിന്റെ വിവാഹം. സ്വര്‍ണക്കടത്ത്‌ പ്രതി ഫായിസാണു വിവാഹാഘോഷത്തിന്‌ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയെ ചുമതലപ്പെടുത്തിയത്‌. സംസ്‌ഥാനത്ത്‌ മൂന്നിടങ്ങളിലാണു ലക്ഷങ്ങള്‍ മുടക്കി വിവാഹസത്‌കാരം ഒരുക്കിയത്‌. തിരുവനന്തപുരത്തു വച്ചായിരുന്നു വിവാഹം. തിരുവനന്തപുരത്തും ആലപ്പുഴയിലെ പ്രശസ്‌തമായ ഹോട്ടലിലും, എറണാകുളത്തും സത്‌കാരങ്ങള്‍ നടന്നു. ആലപ്പുഴയിലെ സത്‌കാരം ബന്ധുകള്‍ക്കും സുഹൃത്തുകള്‍ക്കുമായാണു നടത്തിയതെങ്കില്‍ എറണാകുളത്ത്‌ ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍ക്കും വി.വി.ഐ.പികള്‍ക്കും വേണ്ടിയായിരുന്നു. ഫായിസ്‌ പങ്കെടുത്തത്‌ എറണാകുളത്തെ സത്‌കാരത്തിലാണ്‌. വിരുന്നില്‍ പങ്കെടുത്തശേഷം ഏറെ താമസിക്കാതെ മടങ്ങുകയും ചെയ്‌തു. ഉയര്‍ന്ന പല ഉദ്യോഗസ്‌ഥരോടും അടുത്ത സുഹൃത്തുക്കളെ പോലെയാണു ഫായിസ്‌ ഇടപഴകിയത്‌. ലക്ഷങ്ങളാണു വിവാഹത്തിനും സത്‌കാരങ്ങള്‍ക്കുമായി ചെലവായത്‌. വിവാഹത്തിനു മുമ്പ്‌ ബാങ്ക്‌ അക്കൗണ്ട്‌ വഴി അനില്‍കുമാറിനു പണം കൈമാറിയെന്ന ഫായിസിന്റെ മൊഴി നേരത്തെ പുറത്തു വന്നിരുന്നു. ഇതിനു പുറമേയാണു ലക്ഷങ്ങള്‍ മുടക്കി ഇവന്റ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പിനെ ഫായിസ്‌ വിവാഹം നടത്താനായി ഏര്‍പ്പെടുത്തിയത്‌. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്‌. ഫായിസ്‌ ഉള്‍പ്പടെയുള്ളവരില്‍നിന്നു പാരിതോഷികങ്ങളും പണവും കൈപ്പറ്റിയെന്ന തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ്‌ അനില്‍കുമാറിന്റെ ആഢംബര ജീവിതത്തെ കുറിച്ച്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കു വിവരം ലഭിച്ചിരിക്കുന്നത്‌. ഇതിനിടെ മറ്റു ചില കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ക്കും ഫായിസുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നു സൂചനയുണ്ട്‌. മലയാള സിനിമയിലെ ഒരു നടിയും ഫായിസും ഒരു കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥനും വിദേശയാത്ര നടത്തിയെന്ന വിവരവും ഉദ്യോഗസ്‌ഥര്‍ക്കും ലഭിച്ചിട്ടുണ്ട്‌. ഇതു സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്‌.
എം.എസ്‌. സന്ദീപ്‌

news credits Mangalam Daily, October 19, 2013

No comments:

Post a Comment