Sunday, October 20, 2013

കളി കോട്ടയത്തേക്കു നീങ്ങിയപ്പോള്‍ മാണിയുടെ മട്ടുമാറി: പി.സി. ജോര്‍ജിനു കൂച്ചുവിലങ്ങിടുന്നു

കോട്ടയം: പി.സി. ജോര്‍ജിനെ നിയന്ത്രിക്കാത്തതിനു പകരം വീട്ടാന്‍ കോണ്‍ഗ്രസുകാര്‍ ജോസ്‌ കെ. മാണിയുടെ മണ്ഡലമായ കോട്ടയത്തെ തൊട്ടുകളിക്കുമെന്ന സൂചന വന്നതോടെ മന്ത്രി കെ.എം. മാണി നിലപാടു കര്‍ക്കശമാക്കുന്നു. തുടര്‍ച്ചയായി വിവാദ പ്രസ്‌താവന നടത്തുന്ന ജോര്‍ജിനെ കര്‍ശനമായി താക്കീതുചെയ്‌ത്‌ നിലയ്‌ക്കു നിര്‍ത്താനാണ്‌ തീരുമാനം. ജോര്‍ജിനെ ചീഫ്‌വിപ്പ്‌ സ്‌ഥാനത്തു നിന്നു മാറ്റണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്‌. 23-ന്‌ തിരുവനന്തപുരത്തു ചേരുന്ന കേരളാ കോണ്‍ഗ്രസ്‌ ഉന്നതാധികാരസമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. മുതിര്‍ന്ന നേതാക്കളോട്‌ തിരുവനന്തപുരത്ത്‌ എത്താന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി നേരിട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ജോര്‍ജിന്റെ പ്രസ്‌താവനകള്‍ നിയന്ത്രിക്കാന്‍ കേരള കോണ്‍ഗ്രസ്‌ നേതൃത്വം തയാറായില്ലെങ്കില്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ഭീഷണിയാണ്‌ ഉന്നതാധികാരസമിതിയോഗം വിളിക്കാന്‍ പ്രേരിപ്പിച്ചത്‌. വ്യാഴാഴ്‌ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മന്ത്രി ആര്യാടന്‍ പി.സി.ജോര്‍ജിനെ നിയന്ത്രിക്കണമെന്ന്‌ മാണിക്കു ശക്‌തമായ താക്കീതു നല്‍കിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പലരുടെയും മക്കള്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസ്‌ അണികളെ മുറിവേല്‍പിച്ച്‌ ജയിക്കാമെന്ന്‌ ആരും കരുതരുതെന്നും ആര്യാടന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസി(എം)ലെ പഴയ ജോസഫ്‌ ഗ്രൂപ്പ്‌ നേതാക്കളായ ഫ്രാന്‍സിസ്‌ ജോര്‍ജ്‌, ആന്റണി രാജു, എം.എല്‍.എമാരായ മോന്‍സ്‌ ജോസഫ്‌, ടി.യു. കുരുവിള എന്നിവരുള്‍പ്പെടെയുള്ളവര്‍ ജോര്‍ജ്‌ വിഷയം ചര്‍ച്ച ചെയ്യണമെന്ന്‌ നേതൃത്വത്തോട്‌ ആവശ്യപ്പെട്ടിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോസ്‌ കെ. മാണിയെ പരാജയപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ്‌ ചീഫ്‌ വിപ്പ്‌ കോണ്‍ഗ്രസിനെ പ്രകോപിപ്പിക്കുന്നതെന്ന ആരോപണവുമുണ്ട്‌. ഇതും യോഗം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ്‌ നേതൃത്വത്തിനെതിരേ പി.സി. ജോര്‍ജ്‌ നടത്തുന്ന പ്രസ്‌താവനകള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ദോഷകരമാകുമെന്ന്‌ കോണ്‍ഗ്രസ്‌ കോട്ടയം ജില്ലാ കമ്മറ്റിയും വ്യക്‌തമാക്കിയിരുന്നു. ഇതിനുശേഷവും കോണ്‍ഗ്രസിനെ പ്രകോപിക്കുന്നതരത്തില്‍ ജോര്‍ജ്‌ പ്രസ്‌താവനകള്‍ നടത്തിയതാണ്‌ കേരള കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ അതൃപ്‌തിക്കിടയാക്കിയത്‌. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിനെതിരേ നടത്തുന്ന പ്രസ്‌താവനകള്‍ മധ്യ തിരുവിതാംകൂറില്‍ പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന വിലയിരുത്തലും കേരള കോണ്‍ഗ്രസ്‌ നേതൃത്വത്തിനുണ്ട്‌. പി.സി ജോര്‍ജിനെ മാറ്റി കാഞ്ഞിരപ്പള്ളി എം.എല്‍.എ ഡോ. എന്‍. ജയരാജിനെ ചീഫ്‌ വിപ്പാക്കണമെന്ന നിര്‍ദേശവും കേരളാ കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ പിന്തുണയോടെയാണ്‌ ഈ നീക്കമെന്നാണു സൂചന. ചീഫ്‌ വിപ്പ്‌ സ്‌ഥാനത്തുനിന്ന്‌ പി.സി. ജോര്‍ജിനെ മാറ്റണമെന്ന്‌ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശക്‌തമായി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇടഞ്ഞുനില്‍ക്കുന്ന എന്‍.എസ്‌.എസിനെ അനുനയിപ്പിക്കാന്‍ ഈ നീക്കം ഉപകരിക്കുമെന്നാണു കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. അതേസമയം, ജോര്‍ജിനെതിരേ പെട്ടെന്നു നടപടി എടുക്കുന്നത്‌ ഗുണകരമാകില്ലെന്ന അഭിപ്രായം പാര്‍ട്ടിയിലെ നല്ലൊരു വിഭാഗത്തിനുണ്ട്‌. മന്ത്രിമാരെയും കോണ്‍ഗ്രസ്‌ നേതാക്കളെയും ആക്ഷേപിക്കുന്നതു തുടര്‍ന്നാല്‍മാത്രം നടപടിയെന്ന നിര്‍ദേശവും ഉന്നതാധികാരസമിതി യോഗം ചര്‍ച്ച ചെയ്യും.
ഷാലു മാത്യു,Mangalam Daily, October 20, 2013

No comments:

Post a Comment