Saturday, October 5, 2013

സലിംരാജിനെതിരായ ഭൂമി തട്ടിപ്പുകേസ്‌: അതൃപ്‌തിയറിയിച്ച്‌ ഡി.ജി.പി. ചീഫ്‌ സെക്രട്ടറിക്ക്‌ കത്തു നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ ഭൂമിതട്ടിപ്പു കേസുമായി ബന്ധപ്പെട്ട്‌ തനിക്കെതിരെയുണ്ടായ ഹൈക്കോടതി പരാമര്‍ശത്തില്‍ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി സംസ്‌ഥാന പോലീസ്‌ മേധാവി കെ.എസ്‌. ബാലസുബ്രഹ്‌മണ്യന്‍ ചീഫ്‌ സെക്രട്ടറിക്ക്‌ കത്തു നല്‍കി. വസ്‌തുതകള്‍ കോടതിയെ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന്‌ വീഴ്‌ചയുണ്ടായതാണ്‌ കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയതെന്നും കത്തില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്‌. ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട്‌ സലിംരാജിന്റെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്‌ദരേഖയുള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ്‌ സലിംരാജിനെ ഡി.ജി.പിക്കും പേടിയാണോയെന്ന പരാമര്‍ശം ജസ്‌റ്റിസ്‌ ഹാറുണ്‍ അല്‍ റഷീദ്‌ നടത്തിയത്‌. തട്ടിപ്പുകാര്‍ക്കുവേണ്ടി പോലീസ്‌ നിലകൊണ്ടെന്ന വിമര്‍ശനം തന്നെ മാനസികമായി മുറിവേല്‍പ്പിച്ചെന്ന്‌ ചീഫ്‌ സെക്രട്ടറി ഇ.കെ. ഭരത്‌ഭൂഷണ്‌ നല്‍കിയ കത്തില്‍ ഡി.ജി.പി പറയുന്നു. ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ മൂന്നുമാസം മുന്‍പു തന്നെ പോലീസ്‌ നടപടി സ്വീകരിച്ചിരുന്നു. വിജിലന്‍സ്‌ അന്വേഷണവും ശിപാര്‍ശ ചെയ്‌തു. കേസില്‍ സലിംരാജിന്‌ ബന്ധമുണ്ടെന്ന്‌ വ്യക്‌തമായതോടെ ഇയാളെ സസ്‌പെന്‍ഡ്‌ ചെയ്യുകയും വകുപ്പുതല നടപടികള്‍ ആരംഭിക്കുകയും ചെയ്‌തു. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ കോടതിയെ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന്‌ വീഴ്‌ചയുണ്ടായതിനാലാണ്‌ കോടതിയില്‍ നിന്ന്‌ പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടായത്‌. ശരിയായ രീതിയില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നെങ്കില്‍ കോടതി പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഇക്കാര്യത്തിലുള്ള തന്റെ വിശദീകരണമെന്ന നിലയിലാണ്‌ കത്തയക്കുന്നതെന്നും ഡി.ജി.പി വ്യക്‌തമാക്കുന്നുണ്ട്‌. ഭൂമി തട്ടിപ്പിനിരയായ തൃക്കാക്കര സ്വദേശിനി ഷെരീഫ, സലിംരാജിനെതിരെ നല്‍കിയ പരാതി ഡി.ജി.പി സര്‍ക്കാരിന്‌ കൈമാറുകയായിരുന്നെന്ന്‌ ഹര്‍ജിക്കാരിയുടെ അഡ്വക്കേറ്റ്‌ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ്‌ സലിംരാജിനെ ഡി.ജി.പിക്ക്‌ പേടിയാണോയെന്ന പരാമര്‍ശം കോടതി നടത്തിയത്‌. പരാതിയില്‍ അന്വേഷണത്തിന്‌ നിര്‍ദേശിക്കാമെന്നിരിക്കേ ഡി.ജി.പി അത്‌ സര്‍ക്കാരിന്‌ കൈമാറിയത്‌ അസാധാരണ നടപടിയായി കോടതി വിലയിരുത്തി. പരാതിയില്‍ ഡി.ജി.പി എന്ത്‌ നടപടിയാണെടുത്തതെന്നും സംസ്‌ഥാനത്ത്‌ ഭരണം നിയന്ത്രിക്കുന്നതാരാണെന്നും കോടതി ആരാഞ്ഞിരുന്നു.
Reports Mangalam Daily,Sunday, October 6, 2013

No comments:

Post a Comment