Sunday, October 6, 2013

വൈദ്യുതമേഖലയുടെ നവീകരണക്കരാര്‍ കൊറിയന്‍ കമ്പനി മറിച്ചുവിറ്റു

തിരുവനന്തപുരം: വൈദ്യുതമേഖലയുടെ നവീകരണകരാര്‍ കൊറിയന്‍ കമ്പനി മറിച്ചുവിറ്റു. നടപടികള്‍ക്ക്‌ കെ.എസ്‌.ഇ.ബി. അംഗീകാരം. കൊറിയന്‍ കമ്പനിയായ കെപ്‌കോ ഡേറ്റാ നെറ്റ്‌വര്‍ക്ക്‌ 240 കോടിയുടെ കരാര്‍ രഹസ്യമായി വിപ്രോയ്‌ക്ക്‌ മറിച്ചു നല്‍കുകയായിരുന്നു. വിപ്രോ ടെന്‍ഡറില്‍ പങ്കെടുത്തു പുറത്തായ കമ്പനിയാണ്‌. കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ആര്‍എ.പി.ഡി.ആര്‍.പി പദ്ധതിയിലാണ്‌ തട്ടിപ്പ്‌. ഇതു സംബന്ധിച്ച ഉടമ്പടി ഇരു കമ്പനികളും ഒപ്പിട്ടു. കരാര്‍ മറിച്ചു നല്‍കാന്‍ പാടില്ലെന്ന കേന്ദ്ര ഊര്‍ജ്‌ജ മന്ത്രാലയത്തിന്റെ വ്യവസ്‌ഥകള്‍ ലംഘിച്ചാണ്‌ കെ.എസ്‌.ഇ.ബി. അംഗീകാരം നല്‍കിയത്‌. കരാര്‍ ലഭിച്ചതോടെ കോടികളുടെ ലാഭമാണ്‌ സ്വകാര്യ കമ്പനിയായ വിപ്രോയ്‌ക്ക്‌ ലഭിക്കുന്നത്‌. പദ്ധതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ വിപ്രോ ആരംഭിച്ചു. വൈദ്യുത മേഖലയുടെ നവീകരണത്തിനായുള്ള ആര്‍എ.പി.ഡി.ആര്‍.പി (റീസ്‌ട്രക്‌ച്ചേഡ്‌ ആക്‌സിലറേറ്റഡ്‌ പവര്‍ ഡവലപ്‌മെന്റ്‌ ആന്റ്‌ റിഫോംസ്‌ പദ്ധതി) നടപ്പിലാക്കാനുള്ള സാങ്കേതിക വൈദഗ്‌ധ്യമില്ലെന്നും ഇക്കാരണത്താല്‍ കരാര്‍ മറ്റൊരു കമ്പനിയെ ഏല്‍പ്പിക്കാന്‍ അനുവദിക്കണമെന്നും കാണിച്ച്‌ കൊറിയന്‍ കമ്പനിയായ കെപ്‌കോ ഡേറ്റാ നെറ്റ്‌ വര്‍ക്ക്‌ അധികൃതര്‍ വൈദ്യുതി ബോര്‍ഡിന്‌ കത്ത്‌ നല്‍കിയതോടെയാണ്‌ ഉപകരാര്‍ വഴിയുള്ള കോടികളുടെ തട്ടിപ്പിന്‌ തുടക്കമായത്‌. ബില്ലിംഗ്‌ അടക്കമുള്ള മേഖലകളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പിലാക്കാന്‍ സാങ്കേതിക വൈദഗ്‌ധ്യം ഇല്ലെന്ന്‌ കൊറിയന്‍ കമ്പനി ബോര്‍ഡിനു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. ഇത്‌ നവീകരണ പദ്ധതികള്‍ക്ക്‌ കാലതാമസമുണ്ടാക്കുമെന്നും ഇക്കാരണത്താല്‍ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ മറ്റു കമ്പനികള്‍ക്ക്‌ നല്‍കാന്‍ അനുവദിക്കണമെന്നും കൊറിയന്‍ കമ്പനി ആവശ്യപ്പെട്ടു. കൊറിയന്‍ കമ്പനിയുടെ കത്ത്‌ പരിഗണിച്ച വൈദ്യുതി ബോര്‍ഡ്‌ മറ്റു കമ്പനികള്‍ക്ക്‌ ഉപകരാര്‍ നല്‍കുന്നതിന്‌ അനുമതി നല്‍കുകയായിരുന്നു. കേന്ദ്ര പദ്ധതിയായ ആര്‍-എ.പി.ഡി.ആര്‍.പിയില്‍ ഉപകരാര്‍ നല്‍കുന്നതിന്‌ വ്യവസ്‌ഥകളില്ലെന്നത്‌ അവഗണിച്ചുകൊണ്ടായിരുന്നു ബോര്‍ഡിന്റെ നടപടി. ഉപകരാര്‍ നല്‍കുന്നത്‌ ഏതു കമ്പനിക്കാണെന്നോ ഇതിനുള്ള സാങ്കേതിക വൈദഗ്‌ധ്യം കമ്പനിക്കുണ്ടോയെന്നോ വൈദ്യുതി ബോര്‍ഡ്‌ ആരാഞ്ഞില്ല. വൈദഗ്‌ധ്യമില്ലാത്തിനാല്‍ പദ്ധതി നടത്തിപ്പ്‌ മറ്റൊരു കമ്പനിക്ക്‌ നല്‍കണമെന്ന കൊറിയന്‍ കമ്പനിയുടെ വാദം അംഗീകരിക്കാനാകില്ലെന്നും, ഫലത്തില്‍ ഇത്‌ ടെണ്ടറില്‍ നിന്ന്‌ പുറത്തായ കമ്പനികള്‍ക്ക്‌ കരാര്‍ ലഭിക്കുന്നതിന്‌ ഇടയാക്കുമെന്നുമുള്ള ബോര്‍ഡിലെ സാങ്കേതിക വിദഗ്‌ധരുടെ വാദവും ബോര്‍ഡ്‌ നേതൃത്വം തള്ളിക്കളഞ്ഞു. ഉപകരാര്‍ നല്‍കുന്നതിന്‌ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ കൊറിയന്‍ കമ്പനി നവീകരണ കരാര്‍ വിപ്രോയ്‌ക്ക്‌ മറിച്ചു നല്‍കി. ഇതിനുള്ള കരാറിലും ഇരു കമ്പനികളും ഒപ്പിട്ടു. വൈദ്യുതി ബോര്‍ഡും ഇതിന്‌ അംഗീകാരം നല്‍കിയതോടെ ടെണ്ടറില്‍ നിന്നും പുറത്തായിട്ടും കരാര്‍ വീണ്ടും വിപ്രോയുടെ കൈകളിലേക്കുതന്നെയെത്തി. ബോര്‍ഡിന്റെ രേഖകളില്‍ കരാര്‍ കൊറിയന്‍ കമ്പനിക്കാണെങ്കിലും പദ്ധതി നടപ്പിലാക്കുന്നത്‌ വിപ്രോയാണ്‌. കമ്പ്യൂട്ടര്‍ ശൃംഖലയുടെ നവീകരണം, കമ്പ്യൂട്ടര്‍ ബില്ലിംഗ്‌ തുടങ്ങിയ ജോലികള്‍ വിപ്രോ ആരംഭിച്ചു കഴിഞ്ഞു. ടെണ്ടറില്‍ പറഞ്ഞതിനെക്കാള്‍ കുറഞ്ഞ തുകയ്‌ക്ക്‌ നവീകരണക്കരാര്‍ വിപ്രോയ്‌ക്ക്‌ ലഭിച്ചപ്പോള്‍,പദ്ധതി നടപ്പിലാക്കാതെ തന്നെ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കൊറിയന്‍ കമ്പനിക്ക്‌ കഴിഞ്ഞു. കേരള രാഷ്‌ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ചതാണ്‌ വൈദ്യുത മേഖലയുടെ നവീകരണക്കരാര്‍. 2010ലാണ്‌ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചത്‌. കരാറില്‍ താല്‍പര്യമറിയിച്ച പൊതുമേഖലാ സ്‌ഥാപനമായ ഭാരത്‌ ഇലക്ര്‌ടിക്കല്‍ ലിമിറ്റഡ്‌ അടക്കമുള്ളവരെ വൈദ്യുതി ബോര്‍ഡ്‌ തുടക്കത്തില്‍ തന്നെ ഒഴിവാക്കി. ഓമ്‌നിയഗേറ്റ്‌,കെ.എല്‍.ജി, ടാറ്റാ കണ്‍സള്‍ട്ടന്‍സി, റിലയന്‍സ്‌, എം.ഐ.സി ഇലക്രേ്‌ടാണിക്‌സ്‌, ഇന്‍ഫോസിസ്‌, കൊറിയന്‍കമ്പനിയായ കെപ്‌കോ ഡേറ്റാ നെറ്റ്‌ വര്‍ക്ക്‌ എന്നീ കമ്പനികളാണ്‌ വിപ്രോയ്‌ക്ക്‌ പുറമേ 2010ല്‍ നടന്ന അവസാനവട്ട ടെണ്ടറില്‍ പങ്കെടുത്തത്‌. കമ്പനികളുടെ യോഗ്യത പരിശോധിച്ചത്‌ സര്‍ക്കാര്‍ നിയോഗിച്ച സീഡ്‌ ബാക്ക്‌ വെന്‍ച്വേഴ്‌സ്‌ എന്ന കണ്‍സള്‍ട്ടന്‍സിയായിരുന്നു. ആവശ്യമായ യോഗ്യതകളുണ്ടായിരുന്ന ഓമ്‌നിയ ഗേറ്റിനെയും, എം.ഐ.സിയേയും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ്‌ ഒഴിവാക്കി. തുടര്‍ന്നാണ്‌ കൊറിയന്‍ കമ്പനിക്ക്‌ കരാര്‍ ലഭിക്കുന്നത്‌. രാഷ്‌ട്രീയ വിവാദമായതിനെത്തുടര്‍ന്ന്‌ കരാര്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ റദ്ദാക്കി. തുടര്‍ന്ന്‌ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്‌തു. ഇതിനെതിരെ അപ്പീല്‍ പോകാന്‍ തുടര്‍ന്ന്‌ അധികാരത്തില്‍ വന്ന യു.ഡി.എഫ്‌ സര്‍ക്കാരും ശ്രമിച്ചില്ല.
Reports Mangalam Daily , October 7, 2013 , by എ.എസ്‌. ഉല്ലാസ്‌

No comments:

Post a Comment