Sunday, October 6, 2013

സംസ്ഥാന ഭരണം നിശ്ചലം

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ മന്ത്രിമാര്‍ തട്ടിപ്പുകേസുകളിലും വിവാദക്കുരുക്കുകളിലുംപെടുകയും യുഡിഎഫിലും കോണ്‍ഗ്രസിലും പോര്‍വിളി ശക്തിപ്പെടുകയും ചെയ്തതോടെ സംസ്ഥാനഭരണം പൂര്‍ണമായി നിലച്ചു. സോളാര്‍ തട്ടിപ്പുകേസ് പുറത്തുവന്നതോടെ ഉടലെടുത്ത പ്രതിസന്ധിയില്‍നിന്ന് കരകയറാനാകാതെ ഭരണം വഴിപാടായി. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സുപ്രധാനമായ ഫയലുകളില്‍ ഒപ്പിടാന്‍പോലും സെക്രട്ടറിയറ്റില്‍ എത്തുന്നില്ല. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുമ്പോഴും പരിഹരിക്കാതെ പരസ്പരം കൊമ്പുകോര്‍ക്കുകയാണ് ഭരണനേതൃത്വം. ബുധനാഴ്ചകളിലെ മന്ത്രിസഭായോഗങ്ങളില്‍ പങ്കെടുക്കാന്‍മാത്രമാണ് മിക്ക മന്ത്രിമാരും സെക്രട്ടറിയറ്റില്‍ എത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കൊണ്ടുവന്ന് രണ്ടു തട്ടിപ്പുപദ്ധതികള്‍ ഉദ്ഘാടനംചെയ്ത് പുകമറ സൃഷ്ടിച്ചതല്ലാതെ മറ്റൊന്നും കഴിഞ്ഞ നാലുമാസത്തിനിടെ നടന്നില്ല. ഈ പദ്ധതികളുടെയും പൊള്ളത്തരം തുറന്നുകാട്ടപ്പെട്ടതോടെ സര്‍ക്കാര്‍ വെട്ടിലാവുകയും ചെയ്തു. ക്ഷേമ- വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തീരുമാനം കൈക്കൊള്ളാന്‍ ഭരണതലത്തില്‍ ഒരു നടപടിയുമില്ല. വൈദ്യുതിരംഗം താറുമാറായി. ഏറ്റവും കൂടുതല്‍ മഴ കിട്ടി ജലസംഭരണികള്‍ നിറഞ്ഞുകവിഞ്ഞിട്ടും ആസൂത്രണത്തിലെ കെടുകാര്യസ്ഥത കാരണം സംസ്ഥാനത്ത് കടുത്ത വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തി. കെഎസ്ആര്‍ടിസി അതിരൂക്ഷമായ പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യമരുന്നുകളില്ല. ജെനറിക് മരുന്നുകളുടെ വിതരണവും നടക്കുന്നില്ല. ഭൂരഹിതര്‍ക്കുള്ള ഭൂമിവിതരണം നിലച്ചു. വനംവകുപ്പിന് മന്ത്രിയില്ലാതായിട്ട് മാസങ്ങളായി. ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കേണ്ട സമയം അടുത്തെത്തിയെങ്കിലും കായികവകുപ്പിനും നാഥനില്ല. കേരളത്തിന്റെ അഭിമാനമായി മാറിയ അന്താരാഷ്ട്ര ചലച്ചിത്രമേള പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴും ഒരുക്കങ്ങള്‍ ഒന്നുമായിട്ടില്ല. വിദ്യാഭ്യാസമേഖലയിലെ ലീഗുവല്‍ക്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പുകയുന്നതിനിടെയാണ് ന്യൂനപക്ഷ പ്രൊമോട്ടര്‍മാരുടെ നിയമനത്തിലൂടെ വീണ്ടും വിവാദം സൃഷ്ടിച്ചത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിമാത്രമാണ് വകുപ്പിനെ ഉപയോഗിക്കുന്നതെന്ന് എ ഗ്രൂപ്പുകാര്‍തന്നെ പരാതിപ്പെടുന്നു. കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന റെയ്ഡും എതിരാളികളെ ഒതുക്കാനുള്ള തന്ത്രമായാണ് കാണുന്നത്. പൊതുവിതരണമേഖലയില്‍ കടുത്ത നിഷ്ക്രിയത്വവും അഴിമതിയും കൊടികുത്തി വാഴുന്നു. വകുപ്പുമന്ത്രി ചുമതലയേറ്റെങ്കിലും ബാഹ്യശക്തികളാണ് ഭരണം നിയന്ത്രിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ പ്രഖ്യാപിച്ച ഒരു പദ്ധതിപോലും എങ്ങുമെത്തിയില്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയേടത്തുതന്നെയാണ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ തുടര്‍പ്രവര്‍ത്തനം നിലച്ചു. കൊട്ടിഘോഷിച്ച് നടത്തിയ എമെര്‍ജിങ് കേരളയുടെ ഭാഗമായ ഒരു പദ്ധതിപോലും തുടങ്ങിയില്ല. സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടെയുള്ള പദ്ധതികളുടെ സ്ഥിതിയും മറിച്ചല്ല. തര്‍ക്കത്തിനും തമ്മിലടിക്കും പുറമേ ഭരണത്തലവന്‍തന്നെ ആരോപണങ്ങളില്‍പ്പെട്ടതോടെ പരസ്പരവിശ്വാസവും കൂട്ടുത്തരവാദിത്തവുമില്ലാതായി. മന്ത്രിസഭായോഗത്തില്‍പ്പോലും മന്ത്രിമാര്‍ പരസ്പരം ഏറ്റുമുട്ടുകയും ചെളിവാരി എറിയുകയുമാണ്.
Reports Desabhimani,6-Oct-2013

No comments:

Post a Comment