തിരു: സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുറ്റകരമായ പങ്ക് അന്വേഷിക്കാനുള്ള ജഡ്ജിയെ മുഖ്യമന്ത്രി തന്നെ തീരുമാനിച്ച് പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അന്വേഷണ സംവിധാനത്തെ തട്ടിപ്പുകേസിലെ പ്രതി തന്നെ നിശ്ചയിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്രമാത്രം മലീമസമായിട്ടില്ല.
ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെടുന്നത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഉള്‍പ്പെടുന്ന വന്‍ തട്ടിപ്പായതുകൊണ്ടാണ്. എന്നാല്‍, സിറ്റിംഗ് ജഡ്ജിയെ വിട്ടുകിട്ടാതിരിക്കാന്‍ പാകത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയെയും ഓഫീസിനെയും പറ്റിയുള്ള അന്വേഷണമാണ് മുഖ്യമായും ഉദ്ദേശിക്കുന്നതെന്ന വസ്തുത ഒഴിവാക്കി ഹൈക്കോടതിയെ സമീപിച്ചത് ഇതിന്റെ ഭാഗമായാണ്. ഭരണാധികാരികളടക്കമുള്ള ഉന്നതര്‍ക്കെതിരെ ആരോപണമുയര്‍ന്ന തട്ടിപ്പാണ് സോളാര്‍ കേസെന്ന് ഇന്ന് ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് ജയിലില്‍ കഴിയുന്ന സരിതാ നായരും ബിജു രാധാകൃഷ്ണനും തട്ടിപ്പിനിരയായവര്‍ക്ക് പണം നല്‍കിയതുകൊണ്ടുമാത്രം കേസ് ഒത്തുതീരില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്.
ജയിലില്‍ കിടക്കുന്ന പ്രതികള്‍ക്കുവേണ്ടി കേസ് അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ച് പണം കൊടുത്തതിന്റെ സ്രോതസ് അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സോളാര്‍ തട്ടിപ്പുകേസില്‍ ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ പരസ്യാന്വേഷണമാണ് വേണ്ടതെന്ന കാര്യമാണ് ഇതെല്ലാം വ്യക്തമാക്കുന്നതെന്ന് എന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
News Deshabhimani 24-Oct-2013
No comments:
Post a Comment