Sunday, September 29, 2013

തിരുവഞ്ചൂരും നന്ദകുമാറും തമ്മിലുള്ള ബന്ധം വ്യക്തമാക്കണം- കെ. സുരേന്ദ്രന്‍

തൃശ്ശൂര്‍: ടി.ജി. നന്ദകുമാറുമായുള്ള ബന്ധം പുറത്തുപറയാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തയ്യാറാകണമെന്ന് ബി.ജെ.പി. സംസ്ഥാന ജന.സെക്രട്ടറി കെ. സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡാറ്റാ സെന്‍ററുകളുടെ കൈമാറ്റം സംബന്ധിച്ച സി.ബി.ഐ. അന്വേഷണം തിരുവഞ്ചൂരുമായി ചേര്‍ന്ന് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആഭ്യന്തരമന്ത്രിയുമായി തനിക്ക് 5 വര്‍ഷത്തെ ബന്ധമുണ്ടെന്ന് ടി.ജി. നന്ദകുമാര്‍ വെളിപ്പെടുത്തിയിട്ടും ഇത് നിഷേധിക്കാനോ, വിഷയത്തില്‍ പ്രതികരിക്കാനോ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തയ്യാറായിട്ടില്ല. സംശയം ദുരീകരിക്കാന്‍ ഒരുവര്‍ഷത്തെ ഇവരുടെ ടെലിഫോണ്‍ രേഖകള്‍ പുറത്തുവിടാന്‍ ആഭ്യന്തരമന്ത്രി തയ്യാറാകണം- സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജൂണ്‍ 23ന് രാത്രി കോട്ടയം പി.ഡബ്ല്യു.ഡി. ഹൗസില്‍ തിരുവഞ്ചൂരും ടി.ജി. നന്ദകുമാറും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടന്നു. ഈ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ തിരുവഞ്ചൂര്‍ വ്യക്തമാക്കണം. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഡാറ്റാ സെന്‍റര്‍ കൈമാറ്റം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും സമരം ചെയ്ത യു.ഡി.എഫ്. ഇതേപ്പറ്റി ഇപ്പോള്‍ മിണ്ടുന്നില്ല. മുഖ്യമന്ത്രിയും തിരുവഞ്ചൂരും എന്തിന് ടി.ജി. നന്ദകുമാറിനെ ഭയപ്പെടണം? സുരേന്ദ്രന്‍ ചോദിച്ചു. ഡാറ്റാ സെന്‍റര്‍ കൈമാറ്റക്കേസ് വി.എസ്. അച്യുതാനന്ദനെതിരെയുള്ള രാഷ്ട്രീയ ആയുധമായിട്ടും യു.ഡി.എഫ്. നേതാക്കള്‍ മൗനം പാലിക്കുകയാണ്. കെ.പി.സി.സി. പ്രസിഡന്‍േറാ, കോണ്‍ഗ്രസ് പാര്‍ട്ടിയോ ഇതിനെതിരെ രംഗത്തുവരാന്‍ മടിക്കുകയാണ്. കെ.ടി. ജയകൃഷ്ണന്‍ വധക്കേസ്സില്‍ സി.ബി.ഐ. അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടും എന്തുകൊണ്ട് തുടര്‍ നടപടികള്‍ ആയില്ലെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

No comments:

Post a Comment