Saturday, November 26, 2016

കള്ളപ്പണം: മുഖ്യമന്ത്രിക്ക് ബേജാറെന്തിന് – കുമ്മനം

തൃശൂര്‍: കള്ളപ്പണക്കാര്‍ക്കെതിരെ നടപടി എടുക്കുമ്പോള്‍ മുഖ്യമന്ത്രി എന്തിനാണ് ബേജാറാകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്രം നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കരണ ശ്രമങ്ങളെ അട്ടിമറിക്കാനാണ് കേരളസര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നും കുമ്മനം തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും കള്ളപ്പണക്കാരുടെ മുന്നണികളായി. ഇരുകൂട്ടരും ചേര്‍ന്ന് ബിജെപിയെ ആക്രമിക്കുന്നതിന് പിന്നിലെ കാരണമിതാണ്. മോദിസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടിയിലൂടെ ഈ അവിശുദ്ധ ബന്ധങ്ങളാണ് പൊളിയാന്‍ പോകുന്നത്.
സഹകരണമേഖല ശക്തിപ്പെടുത്താനും ശുദ്ധീകരിക്കാനുമാണ് കേന്ദ്ര ശ്രമം. നിക്ഷേപകരുടെ ഒരു രൂപപോലും നഷ്ടപ്പെടരുത്. അതേസമയം റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചാകണം സഹ. ബാങ്കുകള്‍ പ്രവര്‍ത്തിക്കേണ്ടത്.
സഹകരണമേഖലയെ നിയമാനുസൃതമാക്കാന്‍ റിസര്‍വ്ബാങ്കും കേന്ദ്രസര്‍ക്കാരും നാളുകളായി ശ്രമിച്ചുവരികയാണ്. എന്നാല്‍ കേരളസര്‍ക്കാര്‍ അതാഗ്രഹിക്കുന്നില്ല. എന്തുകൊണ്ടാണ് കേരളത്തിലെ സഹകരണസ്ഥാപനങ്ങള്‍ നബാര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാത്തതെന്നും കുമ്മനം ചോദിച്ചു. നബാഡിന്റെ പണം വേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
നബാഡിന്റെ പണം സ്വീകരിച്ചാല്‍ നാലുശതമാനം പലിശയെ ഈടാക്കാനാകൂ. സാധാരണക്കാരില്‍ നിന്ന് കൊള്ളപ്പലിശ ഈടാക്കാന്‍ കഴിയില്ല. കുമ്മനം ചൂണ്ടിക്കാട്ടി. ഒരു റേഷന്‍കാര്‍ഡ് പോലും മര്യാദക്ക് കൊടുക്കാന്‍ കഴിയാത്തവരാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. കേരളത്തില്‍ കുടിവെള്ളമില്ലാത്ത എത്രയോ ഗ്രാമങ്ങളുണ്ട്. അന്നത്തിനും വെള്ളത്തിനുപോലും കഷ്ടപ്പെടുന്ന ജനങ്ങളുണ്ട്.
കണ്ണൂരിലെ അക്രമങ്ങളും സഹകരണമേഖലയിലെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ വിളിച്ചിട്ടുള്ള സര്‍വകക്ഷിയോഗങ്ങളില്‍ ബിജെപി പങ്കെടുക്കുമെന്നും കുമ്മനം പറഞ്ഞു. നവംബര്‍ 28ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നുണപ്രചരണങ്ങള്‍ക്കെതിരെ ജില്ലാ ആസ്ഥാനങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ഡിസംബറില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജാഥകള്‍ സംഘടിപ്പിക്കുമെന്നും കുമ്മനം അറിയിച്ചു. ഒ.രാജഗോപാല്‍ എംഎല്‍എയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
News Credits,ജന്മഭൂമി

No comments:

Post a Comment