Sunday, November 6, 2016

സിപിഎമ്മും ഗുണ്ടകളും

ഗുണ്ടകളെ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് ഏറ്റവും ഒടുവില്‍ പറഞ്ഞത് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണനാണ്. രാമകൃഷ്ണന് അത് പറയാന്‍ യോഗ്യതയുണ്ട്. പാര്‍ട്ടിയിലെ ഗുണ്ടകളെ ഓര്‍ത്ത് ഒരുപാട് ദുഃഖിച്ച് ജില്ലാ സെക്രട്ടറിയായിരിക്കെ അവധിയെടുത്ത നേതാവാണല്ലോ. ഗുണ്ടാപ്രശ്‌നം നിയമസഭയിലെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണ്ടകളെ ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഗുണ്ടകളെ പിടിക്കാന്‍ പോലീസില്‍ പ്രത്യേക സംഘത്തെ നിശ്ചയിച്ചിട്ടുമുണ്ട്. ഗുണ്ടകളെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയും വേര്‍തിരിച്ച് കാണാന്‍പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഗുണ്ടകളുടെ സഹായികളും ഏജന്റന്മാരും കിമ്പളം പറ്റുന്നവരുമായ പോലീസ് ഉദ്യോഗസ്ഥര്‍ നിരവധിയാണ്. ‘ഒരു പോത്ത് കുളത്തില്‍ ചത്താല്‍ ആയിരം പോത്തുകളുടെ വെള്ളംകുടി മുട്ടും’ എന്നുപറഞ്ഞതുപോലെയാണിത്. ഒരു പോലീസുദ്യോഗസ്ഥന്‍ ചേലല്ലാത്തത് ചെയ്താല്‍ പോലീസ് സേനയെ മൊത്തത്തില്‍ മാനക്കേടിലാക്കുമെന്ന് പറയേണ്ടതില്ലല്ലോ. കൊച്ചിയില്‍ നിന്ന് ഒളിവില്‍ പോയ സിപിഎം നേതാവ് സര്‍ക്കീര്‍ ഹുസൈന്റെ വലംകൈയായി പ്രവര്‍ത്തിച്ചവരില്‍ തൃക്കാക്കര മുന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ബിജോ അലക്‌സാണ്ടറുമുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
അനധികൃത സ്വത്ത് സമ്പാദ്യകേസില്‍പ്പെട്ട് ഇയാള്‍ സസ്‌പെന്‍ഷനിലാണ്. പാര്‍ട്ടിയുടെ സഹായത്തോടെ ഒളിവില്‍ കഴിയുന്ന സക്കീര്‍ ഹുസൈന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷയും നല്‍കി ഏതോ ‘ചെങ്കോട്ട’യില്‍ സുഖമായി കഴിയുകയാണ്.
യഥാര്‍ത്ഥത്തില്‍ ഗുണ്ടകളാര് സിപിഎമ്മുകാരാര് എന്നതിന് വേര്‍തിരിവൊന്നും ഇപ്പോഴില്ല. പാര്‍ട്ടിയിലെ ഒട്ടുമിക്കവരും ഗുണ്ടാക്വട്ടേഷന്‍കാരാണ്. ക്വട്ടേഷന്‍കാരില്‍ ബഹുഭൂരിപക്ഷവും മാര്‍ക്‌സിസ്റ്റുകാരും. നേരും നെറിവും നീതിയും ന്യായവും മര്യാദയും വേണമെന്നാഗ്രാഹിക്കുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് അണികള്‍ ആ പാര്‍ട്ടിയില്‍ ശ്വാസംമുട്ടിക്കഴിയുകയാണ്. അതില്‍ നേതാക്കളും മന്ത്രിമാരും എംഎല്‍എമാരുമെല്ലാമുണ്ട്. ഒന്നും മിണ്ടാന്‍ കഴിയില്ല. മിണ്ടിയാല്‍ സ്ഥാനം പോകും. മാനം കെടുത്തും. തടികേടാകും. അടുത്തകാലത്ത് കൊല്ലപ്പെട്ട സഖാക്കളുടെ കണക്കെടുത്താല്‍ അത് വ്യക്തമാകും. ഇരാറ്റുപേട്ടയിലെ മുന്‍ പാര്‍ട്ടി സെക്രട്ടറിയെ കൊന്നതിന് അറസ്റ്റിലായത് സിപിഎമ്മുകാര്‍തന്നെയാണെന്നോര്‍ക്കണം. പയ്യന്നൂര്‍, പിണറായി കൊലപാതകങ്ങളെക്കുറിച്ച് സത്യസന്ധമായി അന്വേഷിച്ചാല്‍ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുവരിക.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ആഭ്യന്തരവകുപ്പിന്റെ ചുമതലയുമായി ഭരണം നടത്തുന്ന കാലത്തോളം അത്തരം കേസുകളിലൊന്നും സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. കളമശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറി സര്‍ക്കീര്‍ ഹുസൈന്റെ കാര്യം തന്നെയെടുക്കാം. കോണ്‍ഗ്രസുകാരുടെ അഴിമതിയെക്കാള്‍ ക്രൂരമായ പിടിച്ചുപറിയാണ് സക്കീര്‍ ഹുസൈന്‍ ഇതുവരെ നടത്തിപ്പോന്നത്.
പാര്‍ട്ടിക്കുവേണ്ടി, പാര്‍ട്ടിയുടെ അറിവോടെയാണ് ഇത്രയും കാലം സക്കീര്‍ ഹുസൈന്‍ കൊച്ചിയെ അടക്കിവാണ് ഗുണ്ടാപണി നടത്തിപ്പോന്നത്. തനിക്കു കിട്ടുന്ന കാശിന്റെ വിഹിതം (ലെവി), മാസാമാസം പാര്‍ട്ടിക്ക് നല്‍കിപ്പോന്നു എന്നുംവേണം കരുതാന്‍. സക്കീര്‍ ഹുസൈന്റെ പേരില്‍ മനസ്സില്ലാമനസ്സോടെ ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സക്കീറിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ ജില്ലാ സെക്രട്ടറി പി. രാജീവിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം ശ്രമം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നു പറയപ്പെടുന്നു. സക്കീര്‍ വിദേശത്തേക്ക് കടന്നേക്കുമെന്നും പോലീസിന് വിവരം ലഭിച്ചു. ഇതോടെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കം ആരംഭിച്ചെങ്കിലും നടപ്പാക്കിയില്ല.
വ്യവസായിയെ തട്ടിക്കൊണ്ടുപോയി സിപിഎം ഓഫീസില്‍വച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ സക്കീര്‍ ഒന്നാംപ്രതിയും ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പള്ളി സിദ്ദിഖ് രണ്ടാം പ്രതിയുമാണ്. അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് സക്കീര്‍ കണ്ണൂരിലേക്ക് കടന്നത്. ജില്ലയിലെ പ്രമുഖ നേതാവാണ് സക്കീറിന് പാര്‍ട്ടി ഗ്രാമത്തില്‍ ഒളിത്താവളം ഒരുക്കിയത്. കണ്ണൂരിലെ കൊടുംക്രിമനലുകളായ കാരായിരാജനും കാരായി ദാമോദരനും എറണാകുളത്താണുള്ളത്. ഇവരുമായുള്ള ബന്ധമാണ് ഒളിത്താവളമാക്കാന്‍ കണ്ണൂരിനെ തെരഞ്ഞെടുത്തത്.
കണ്ണൂരിലെ പാര്‍ട്ടിയില്‍ അമ്പതുശതമാനത്തിനെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് പൊതുവിലയിരുത്തല്‍. സിപിഎമ്മില്‍പ്പെട്ട നാലുലക്ഷം പേര്‍ വിവിധ കേസുകളില്‍ പ്രതികളാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗുണ്ടകളെ ഇല്ലാതാക്കണമെങ്കില്‍ സിപിഎം ഇല്ലാതാകണമെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.
Article credit Janmabhumi Daily,October 31, 2016

No comments:

Post a Comment