Saturday, November 26, 2016

സഹകരണമേഖലയ്ക്കായി മുതലക്കണ്ണീര്‍

വന്‍ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവഗതികള്‍ പതിയെ സാധാരണനിലയിലേക്കെത്തുകയാണ്. അതിന്റെ പേരില്‍ രാഷ്ട്രീയ കൊയ്ത്തിനിറങ്ങിയവര്‍ക്ക് ഒരുതരത്തിലുമുള്ള സമാധാനം കിട്ടിയിട്ടില്ല.
സമൂഹത്തിലെ ഛിദ്രവാസനകള്‍ക്ക് ആവോളം വെള്ളവും വളവും ചേര്‍ത്തുകൊടുത്ത് അസ്വസ്ഥത വ്യാപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിന് ഏതറ്റംവരെ പോകാനും അത്തരക്കാര്‍ തയ്യാറായിരിക്കുന്നു. പ്രശ്‌നങ്ങളെ നിര്‍ധാരണം ചെയ്യുന്നതിനുപകരം എങ്ങനെ കൂടുതല്‍ സങ്കീര്‍ണമാക്കാമെന്നാണ് ചിന്തിക്കുന്നത്. കേരളത്തിലെ ഇടത്-വലതു മുന്നണികളും അവര്‍ക്ക് പിന്‍പാട്ട് പാടുന്നവരും അതിന് കൈമെയ് മറന്ന് രംഗത്തുവന്നു. കള്ളനും അവന് കഞ്ഞിവെച്ചവരുംകൂടി ആളെക്കൂട്ടി നടത്തുന്ന സമരാഭാസമായി ഇപ്പോഴത്തെ സംഭവഗതികള്‍ അധപ്പതിച്ചിരിക്കുകയാണ്.
കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരും അവരെ നയിക്കുന്ന ബിജെപിയും ശ്രമിക്കുന്നു എന്ന ആക്ഷേപത്തിന് ഇടത്-വലത് മുന്നണികള്‍ മുനകൂര്‍പ്പിച്ചിരിക്കുന്നു. ഏതൊക്കെ തരത്തില്‍ കേന്ദ്രസര്‍ക്കാറിന്റെയും റിസര്‍വ് ബാങ്കിന്റെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അട്ടിമറിക്കാമോ അങ്ങനെയൊക്കെ അവര്‍ ചെയ്യുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് നിയമസഭയില്‍ കണ്ടത്. സഹകരണ മേഖലയ്ക്കുനേരെ ഉണ്ടെന്നു പറയുന്ന കേന്ദ്രഭീഷണിയെ ചെറുക്കാനായാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടിയത്.
സഹകരണമേഖലയിലെ ഭീഷണി വിശകലനം ചെയ്ത് അറിയുന്നതിനു പകരം നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും അധിക്ഷേപിക്കാനാണ് അംഗങ്ങള്‍ ശ്രമിച്ചത്. ബിജെപി പ്രതിനിധി ഒ. രാജഗോപാല്‍ യുക്തിയുക്തമായി സ്ഥിതിഗതികളെക്കുറിച്ച് വിവരിച്ചെങ്കിലും അതൊന്നും ചെവിക്കൊള്ളാനായിരുന്നില്ല അജണ്ടാധിഷ്ഠിത നിലപാടുമായി എത്തിയ അംഗങ്ങള്‍ ശ്രമിച്ചത്. പലപ്പോഴും തടസ്സപ്പെടുത്തി.
സഹകരണമേഖല മൊത്തം കള്ളപ്പണക്കാര്‍ക്ക് തീറെഴുതിക്കൊടുത്തുവെന്നോ, അത്തരക്കാരാലാണ് സഹകരണമേഖല നിയന്ത്രിക്കപ്പെടുന്നതെന്നോ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല; റിസര്‍വ് ബാങ്ക് നിരീക്ഷിച്ചിട്ടുമില്ല. എന്നാല്‍ മറ്റു ബാങ്കുകള്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ തങ്ങള്‍ക്കു ബാധകമല്ലെന്ന ധാര്‍ഷ്ട്യത്തിന്റെ കൊമ്പുകുലുക്കി സാമ്പത്തികമേഖലയില്‍ മുക്രയിട്ടു നടക്കാനാണ് അവര്‍ താല്‍പ്പര്യപ്പെടുന്നത്. അത് രാഷ്ട്രീയ നേതൃത്വത്തിന്റെ കൈത്താങ്ങുകൊണ്ടാണ്. ഈ കൈത്താങ്ങിന്റെ ഉള്ളറകളിലേക്ക് ഊളിയിട്ടാല്‍ കാര്യങ്ങളൊന്നും അത്ര സുതാര്യമല്ലെന്ന് കണ്ടെത്താനാവും.
സാധാരണക്കാരുടെ ആവലാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഒരു പരിധിവരെ സഹകരണമേഖലയ്ക്കു കഴിയുന്നുണ്ടെന്നത് വസ്തുതയാണ്. അതേസമയം കണക്കില്‍പ്പെടാത്തതും ദുരൂഹതയുള്ളതുമായ ഇടപാടുകള്‍ക്ക് അരുനില്‍ക്കുന്ന സ്വഭാവം അവര്‍ക്കുണ്ട്. അത് രാഷ്ട്രീയമാവാം; മതതാല്‍പ്പര്യവുമാവാം. എന്തായാലും എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. അതിനെതിരെ നിയമസഭ പ്രത്യേകസമ്മേളനം വിളിച്ചുകൂട്ടി വികാര പ്രകടനം നടത്തിയതുകൊണ്ടോ, കേന്ദ്രസര്‍ക്കാറിനെ ഭള്ള് പറഞ്ഞതുകൊണ്ടോ കാര്യമില്ല. സ്ഥിതിഗതികള്‍ നിഷ്പക്ഷമായി വിലയിരുത്തി കാര്യങ്ങള്‍ കണ്ണുതുറന്നു കണ്ട് നടപടിയെടുക്കണം.
ഏതായാലും നിയമസഭാ പ്രത്യേകസമ്മേളനത്തില്‍ ഒരു കാര്യം ശ്രദ്ധേയമായി. സംസാരിച്ച പലരും സഹകരണമേഖലയുടെ തുടക്കത്തിലെ സ്ഥിതിഗതികള്‍ പരാമര്‍ശിക്കുകയുണ്ടായി. പാവപ്പെട്ടവരുടെയും അന്തിപ്പട്ടിണിക്കാരന്റെയും പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നവര്‍ കണക്കില്‍പ്പെടാത്ത കോടികള്‍ സഹകരണ മേഖലയിലൂടെ കടന്നുപോകുന്നുണ്ടെന്നറിയണം. പാവങ്ങളെ കരുവാക്കിയുള്ള ഈ ചതുരംഗക്കളിക്കു നേരെയാണ് റിസര്‍വ് ബാങ്ക് വിരല്‍ചൂണ്ടിയത്. അത് സഹകരണമേഖല തകരാതിരിക്കാനാണ്, പാവപ്പെട്ടവന് എന്നും ആശ്വാസം കിട്ടാനാണ്.
സാമ്പത്തിക ഫാസിസമെന്നും, പ്രാഞ്ചിയേട്ടന്റെ സമീപനമെന്നും സാമ്പത്തികാടിമത്തമെന്നുമൊക്കെ വിലയിരുത്തി കേന്ദ്രത്തിനെതിരെ ദുഷ്ടലാക്കോടെ നീങ്ങുന്നവര്‍ തന്നെയാണ് സഹകരണമേഖലയ്ക്ക് ഉദകക്രിയ ചെയ്യുന്നതെന്ന് പറയാതിരുന്നുകൂടാ. അനാവശ്യമായ ഭീതിയുയര്‍ത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്ന സമീപനമാണ് തല്‍പ്പരകക്ഷികള്‍ പുലര്‍ത്തുന്നത്. അത് ആ മേഖല തളരാനാണ് ഇടവരിക. തന്നെ തഴയുകയും അപമാനിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാറിനെതിരെ ഒരക്ഷരം പറയാനാവാത്ത കാലുഷ്യം വി.എസ് നിയമസഭയില്‍ ബിജെപി കേരള അധ്യക്ഷനും പാര്‍ട്ടിക്കുമെതിരെ ഓക്കാനിച്ചുകൂട്ടുകയായിരുന്നു.
അതിനെ വിശേഷിപ്പിക്കാന്‍ പറ്റിയ വാക്കുകള്‍ മലയാളത്തിലില്ല. മടിയില്‍ കനമുള്ള ചെന്നിത്തലയ്ക്കും മറ്റും വഴിയില്‍ ഭയം തോന്നുന്നതിന്റെ പിന്നിലും എന്താണെന്ന് ആര്‍ക്കാണറിയാത്തത്. അവരൊക്കെ ആദായനികുതി വകുപ്പ് മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ പരസ്യം ശ്രദ്ധിച്ചശേഷം നിയമസഭയില്‍ എത്തിയിരുന്നെങ്കില്‍ വിടുവായത്തം ഒഴിവാക്കാമായിരുന്നു.
Article credits ജന്മഭൂമി

No comments:

Post a Comment