Saturday, November 19, 2016

സിപിഎം പരാതിയില്‍ ബംഗാളില്‍ കേന്ദ്ര റെയ്ഡ്

ന്യൂദല്‍ഹി: സഹകരണ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തെപ്പറ്റി കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയത് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ബംഗാളില്‍ നിന്നുള്ള ലോക്‌സഭാ എംപിയുമായ മുഹമ്മദ് സലിം. ഇതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസം തന്നെ ബംഗാളിലെ സഹകരണ ബാങ്കുകളില്‍ കേന്ദ്രഏജന്‍സികള്‍ റെയ്ഡ് ആരംഭിച്ചു. രാജ്യത്തെ എല്ലാ സഹകരണ ബാങ്കുകളിലും സിപിഎം നേതാവ് പരാതിപ്പെട്ട തരത്തിലുള്ള തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപകമായ നടപടികള്‍ റിസര്‍വ്വ് ബാങ്ക് ആരംഭിച്ചത്.
മുഹമ്മദ് സലിമിന്റെ മണ്ഡലമായ റായ്ഗഞ്ചിലെ സഹകരണ ബാങ്കില്‍ 68 കോടി രൂപയാണ് നോട്ട് നിരോധനത്തിന് ശേഷം വന്നതെന്നായിരുന്നു പരാതി. റായ്ഗഞ്ചിലെ എസ്ബിഐയുടെ 38 ശാഖകളിലെത്തിയതിനേക്കാള്‍ തുക ഒരു സഹകരണ ബാങ്കില്‍ നിക്ഷേപമായെത്തിയെന്ന് ‘ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിപിഎം കേന്ദ്ര നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസം തന്നെ സഹകരണ ബാങ്കില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ബംഗാളിലെ ഇടത് എംപിമാരുടെ സംഘത്തോടൊപ്പമെത്തിയായിരുന്നു പാര്‍ലമെന്റില്‍ വെച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് മുഹമ്മദ് സലിം പരാതി പറഞ്ഞത്. സഹകരണ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തെപ്പറ്റി ‘ടെലഗ്രാഫ്’ ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടി കള്ളപ്പണ നിക്ഷേപത്തിന് കൂട്ടുനില്‍ക്കുന്ന സഹകരണ ബാങ്കുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുഹമ്മദ് സലിം ജെയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടു.
ശാരദാ ചിട്ടി തട്ടിപ്പിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് സമ്പാദിച്ച കോടികള്‍ സഹകരണ ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് ബംഗാള്‍ സിപിഎം ഘടകത്തിന്റെ പരാതി. നേരത്തെ സിപിഎം നിയന്ത്രണത്തിലായിരുന്ന സഹകരണ ബാങ്കുകളെല്ലാം ഇന്ന് തൃണമൂലിന്റെ കൂടെയാണ്. റായ്ഗഞ്ചിലെ ബാങ്കില്‍ മാത്രം നവംബര്‍ 10നും 13നും ഇടയില്‍ എത്തിയത് 58.21 കോടി രൂപയാണെന്ന് കേന്ദ്ര അന്വേഷണത്തില്‍ വ്യക്തമായി. ബാങ്കിന്റെ ഇത്രകാലത്തെ നിക്ഷേപത്തിന്റെ ഒന്‍പത് ഇരട്ടി നിക്ഷേപം നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായെന്നും കണ്ടെത്തി.
News Credits,Janmabhumidaily.com

No comments:

Post a Comment