Wednesday, November 9, 2016

കള്ളപ്പണത്തിനെതിരെ യുദ്ധം ആദ്യത്തേതല്ല, അവസാനവുമല്ല

ന്യൂദല്‍ഹി: കള്ളപ്പണം തടയാന്‍ മറ്റെന്തൊക്കെ വഴികളുണ്ടെന്നാണ് കേരള ധനമന്ത്രി തോമസ് ഐസക്കിന്റെ ചോദ്യം. ജനങ്ങളെ പരിഭ്രാന്തിയിലാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഐസക്ക് കഥയറിയാതെ ആട്ടം കാണുന്നവരുടെ കൂട്ടത്തിലാണ്. കള്ളപ്പണം തടയുമെന്നത് മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ നടപടിയല്ല കഴിഞ്ഞ ദിവസത്തേത്, അവസാനത്തേതുമല്ല. കള്ളപ്പണ ഭീകരത അവസാനിപ്പിക്കാന്‍ പത്തിലേറെ സുപ്രധാന നടപടികള്‍ക്ക് ശേഷമാണ് ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനം മോദി കൈക്കൊണ്ടത്.
പ്രധാനമന്ത്രിയായതിന്റെ പിറ്റേ ദിവസം തന്നെ പ്രത്യേക അന്വേഷണ സംഘ (എസ്‌ഐടി)ത്തെ നിയമിച്ചാണ് മോദി കള്ളപ്പണ വേട്ട ആരംഭിച്ചത്. പുതിയ സര്‍ക്കാരിന്റെ ആദ്യ തീരുമാനം. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് എസ്‌ഐടി പ്രവര്‍ത്തിക്കുന്നത്. ജനീവയില്‍ കള്ളപ്പണം നിക്ഷേപിച്ച 627 ഭാരതീയരുടെ വിവരങ്ങള്‍ സുപ്രീംകോടതിക്ക് കൈമാറി.
പണമിടപാടുകള്‍ ബാങ്കുകളിലൂടെ മാത്രമാക്കാനുള്ള നടപടികളായിരുന്നു പിന്നീട്. ഇതിന് എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ ജന്‍ധന്‍ യോജന ആരംഭിച്ചു. ഗ്രാമങ്ങളില്‍ പദ്ധതി വിജയിപ്പിക്കാന്‍ മോദി പ്രത്യേക താല്‍പര്യമെടുത്തു. വരാനിരിക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായിരുന്നു പദ്ധതി. ഇപ്പോള്‍ ഉയര്‍ന്ന മുല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ എല്ലാവര്‍ക്കും ബാങ്കിനെ ആശ്രയിക്കേണ്ടി വന്നു. 25.45 കോടി പുതിയ അക്കൗണ്ടുകള്‍ തുറന്നു. 15.62 കോടി അക്കൗണ്ടുകളും ഗ്രാമീണ മേഖലയില്‍. 45,302.48 കോടിയാണ് നിക്ഷേപം. ഗ്യാസ് സബ്‌സിഡി ഉള്‍പ്പെടെ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ബാങ്ക് വഴിയാക്കി.
മൗറീഷ്യസ്, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളുമായി നികുതി കരാറുകള്‍ പുനക്രമീകരിച്ചു. ഇരട്ട നികുതി ഒഴിവാക്കുന്നതിന് നികുതി അടക്കുന്നവരുടെ വിവരങ്ങള്‍ പരസ്പരം കൈമാറാനും ധാരണയായി. ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്റ് ഡവലപ്‌മെന്റ് (ഒഇസിഡി) രാജ്യങ്ങള്‍ തമ്മില്‍ 2017 മുതല്‍ വിദേശ അക്കൗണ്ട് വിവരങ്ങള്‍ അതാത് രാജ്യത്തെ അറിയിക്കുന്നതിനും തീരുമാനിച്ചു. വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്തുന്നതിന് പദ്ധതി രൂപീകരിച്ചു. ഇതിലൂടെ 4,164 കോടിയുടെ കള്ളപ്പണം വെളിപ്പെട്ടു. പിന്നാലെ, രാജ്യത്തുള്ള കള്ളപ്പണവും അനധികൃത വരുമാനവും സ്വമേധയാ വെളിപ്പെടുത്താനും അവസരം നല്‍കി. ഇതിലൂടെ 65,250 കോടി രൂപയുടെ കള്ളപ്പണ ആസ്തി വെളിപ്പെട്ടു. നികുതിയിനത്തില്‍ 30,000 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇടപാടുകള്‍ക്ക് ഇരുപതിനായിരത്തിന് മുകളില്‍ പണമായി കൈമാറുന്നതിന് ഇരുപത് ശതമാനം നികുതി ഏര്‍പ്പെടുത്തി. വലിയ ഇടപാടുകള്‍ക്ക് പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കി. ഇടപാടുകള്‍ക്ക് രണ്ട് ലക്ഷത്തിന് മുകളില്‍ പണമായി കൈമാറുന്നതിന് ഒരു ശതമാനം നികുതി അപ്പോള്‍ത്തന്നെ ഈടാക്കും. ബിനാമി ഇടപാടുകള്‍ തടയുന്നതിന് ബിനാമി ട്രാന്‍സാക്ഷന്‍ (പ്രൊഹിബിഷന്‍) നിയമം ഭേദഗതി ചെയ്തു. ബിനാമി ഇടപാടുകാര്‍ക്കെതിരെ ശക്തമായ നടപടിക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമം. എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി.
കള്ളപ്പണം സ്വയം വെളിപ്പെടുത്തി നിയമനടപടി ഒഴിവാക്കാനുള്ള പദ്ധതിയുടെ കാലാവധി സെപ്തംബര്‍ മുപ്പത് വരെയായിരുന്നു. സെപ്തംബര്‍ മുപ്പതിന് ശേഷമുള്ള കടുത്ത നടപടികള്‍ക്ക് തന്നെ കുറ്റപ്പെടുത്തരുതെന്ന് മോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. കള്ളപ്പണക്കാര്‍ ഭയക്കേണ്ടി വരുമെന്ന് തന്നെയാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.

കള്ളപ്പണത്തിന് നികുതിയീടാക്കും

റദ്ദാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 2,300 കോടി കറന്‍സി നോട്ടുകള്‍ ഇന്നു മുതല്‍ രാജ്യത്തെ ബാങ്കുകളിലെത്തിത്തുടങ്ങും. ഒന്നേകാല്‍ ലക്ഷത്തോളം ബാങ്ക് ശാഖകള്‍ വഴി പഴയ നോട്ടുകള്‍ മാറി പുതിയവ വാങ്ങാം. എന്നാല്‍, ബാങ്കുകളിലെത്തുന്ന കണക്കില്‍ പെടാത്ത പണത്തിന് നികുതി ഈടാക്കുമെന്ന് കേന്ദ്രധനമന്ത്രി അറിയിച്ചു. തിരക്ക് കുറയ്ക്കുന്നതിന് ശനി, ഞായര്‍ ദിവസങ്ങള്‍ കൂടി ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമാക്കിയിട്ടുണ്ട്.
നികുതിയടക്കാത്ത വ്യക്തികള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ ബാങ്കുകളില്‍ മാറാം. അതില്‍ കൂടുതല്‍ തുക എത്തുകയാണെങ്കില്‍ നികുതി ഈടാക്കും. നികുതി ദായകര്‍ മാറ്റിയെടുക്കുന്ന 50,000 രൂപ വരെയുള്ള തുകകള്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്ക് കരുതിവെച്ച തുകയായി കണക്കാക്കി നികുതിയിനത്തില്‍ ഉള്‍പ്പെടുത്തില്ല.
നിര്‍ദ്ദിഷ്ട ഫോറം പൂരിപ്പിച്ച് തിരിച്ചറിയല്‍ രേഖയ്‌ക്കൊപ്പം നോട്ടുകള്‍ നല്‍കണം. 4,000 രൂപ വരെ ഇത്തരത്തില്‍ ഒരു തവണ മാറ്റിയെടുക്കാമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അക്കൗണ്ടില്‍ നിന്നും ദിവസം പതിനായിരം രൂപയും ഒരാഴ്ച 20,000 രൂപയും പിന്‍വലിക്കാവുന്നതാണ്. എടിഎമ്മുകളില്‍ നിന്നും രണ്ടായിരം രൂപ വീതം ഇന്ന് മുതല്‍ പിന്‍വലിക്കാം. നവംബര്‍ 18ന് ശേഷം പ്രതിദിനം 4,000 രൂപ വീതം പിന്‍വലിക്കാം. എടിഎമ്മുകളില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുതിയ നോട്ടുകള്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്.
പുതിയ 500, 2,000 രൂപാ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ കൂടുതല്‍ ബാങ്കുകളില്‍ പുതിയ നോട്ടുകള്‍ എത്തിത്തുടങ്ങും. പുതിയ നോട്ടുകള്‍ എത്താത്ത ബാങ്ക് ശാഖകളില്‍ നൂറു രൂപ നോട്ടുകള്‍ പരമാവധി വിതരണം ചെയ്യും.
പുതിയ രണ്ടായിരം രൂപ നോട്ടുകളില്‍ ഇലക്ട്രോണിക് ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിഷേധിച്ചു. ബാങ്ക് അക്കൗണ്ടുകളില്ലാത്ത എല്ലാവര്‍ക്കും ഇന്ന് മുതല്‍ പുതിയ അക്കൗണ്ട് തുറക്കാനുള്ള സൗകര്യം എല്ലാ ബാങ്കുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
News Credit,Janamabhumidaily,Nov 10 2016

No comments:

Post a Comment