Saturday, November 19, 2016

കള്ളപ്പണത്തിന് കടലാസ് കമ്പനികള്‍; പോപ്പുലര്‍ ഫിനാന്‍സില്‍ 2500 കോടി

പോപ്പുലര്‍ ഫിനാന്‍സിന്റെ ഓഫീസ് കൊച്ചി: നോട്ടുനിരോധനം നിലവില്‍വന്ന സാഹചര്യത്തില്‍, കോന്നി ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സിലെ 2500 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപത്തിലേക്ക് അന്വേഷണം നീളുന്നു. കേരള മണിലെന്‍ഡേഴ്‌സ് ആക്ടിനു (കെഎംഎല്‍) കീഴില്‍ വരുന്ന ഈ സ്ഥാപനം, മൂന്ന് കടലാസ് കമ്പനികളുണ്ടാക്കി, അതിലാണ് നിക്ഷേപം സ്വീകരിക്കുന്നത്. കേരള മണിലെന്‍ഡേഴ്‌സ് ആക്ടിനു കീഴിലുളള സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അധികാരമില്ലാതിരിക്കെയാണ്, ഈ ചട്ടലംഘനം.
റിസര്‍വ് ബാങ്ക് 2012 ജൂണ്‍ 20 ന്, ഈ സ്ഥാപനത്തില്‍ പണം നിക്ഷേപിക്കരുതെന്നു കാട്ടി, പ്രമുഖ പത്രങ്ങളില്‍ പരസ്യം ചെയ്തിരുന്നു. പ്രതിസന്ധിയുണ്ടായാല്‍, നിക്ഷേപകര്‍ക്കു മടക്കി നല്‍കാന്‍, പോപ്പുലര്‍ ഫിനാന്‍സിന് കൃത്യമായ ആസ്തിയില്ല. പോപ്പുലര്‍ ഫിനാന്‍സിന്റെ കടലാസു കമ്പനികളിലൊന്നായ പോപ്പുലര്‍ ട്രേഡേഴ്‌സിന്റെ പേരില്‍ കോന്നിയില്‍ ഒരു മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റ് മാത്രമാണുള്ളത്.
ചെറിയ ചിട്ടി കമ്പനിയായി 1965 ല്‍ ടി.കെ. ഡാനിയല്‍ തുടങ്ങിയ പോപ്പുലര്‍ ഫിനാന്‍സിന്റെ ഇപ്പോഴത്തെ മാനേജിങ് പാര്‍ട്ണര്‍, അദ്ദേഹത്തിന്റെ മകന്‍ തോമസ് ഡാനിയലാണ്. 1992-96 ല്‍ റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ വന്നപ്പോഴാണ്, പോപ്പുലര്‍ ഫിനാന്‍സ്, മൂന്ന് കടലാസ് സബ്‌സിഡിയറികള്‍ തുടങ്ങിയത്: പോപ്പുലര്‍ ട്രേഡേഴ്‌സ്, പോപ്പുലര്‍ പ്രിന്റേഴ്‌സ്, പോപ്പുലര്‍ ഡീലേഴ്‌സ്.
ആകെ 279 ശാഖകളാണ് കേരളത്തിലും പുറത്തുമായി ഉള്ളത്. ഇതില്‍, 14 എണ്ണം പോപ്പുലര്‍ മിനി ഫിനാന്‍സിന്റേതും 11 എണ്ണം പോപ്പുലര്‍ ഫിനാന്‍സ് കമ്പനിയുടേതുമാണ്. ബാക്കിയെല്ലാം പോപ്പുലര്‍ ഫിനാന്‍സിന്റേതും. നിയമപ്രകാരം, ഇവയ്ക്ക് സ്വര്‍ണപ്പണയം മാത്രമേ ആകാവൂ. പക്ഷേ, അതു ലംഘിച്ച്, നിക്ഷേപം സ്വീകരിക്കാന്‍, 14 എണ്ണത്തിന് പോപ്പുലര്‍ ഡീലേഴ്‌സ് എന്ന കടലാസ് കമ്പനിയും 11 ന് പോപ്പുലര്‍ പ്രിന്റേഴ്‌സ് എന്ന കടലാസ് കമ്പനിയും, ബാക്കിക്ക് പോപ്പുലര്‍ ട്രേഡേഴ്‌സ് എന്ന കടലാസ് കമ്പനിയുമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ബെംഗളൂരുവില്‍ പോപ്പുലര്‍ ബില്‍ഡേഴ്‌സ് എന്ന പേരില്‍ ഉണ്ടാക്കിയിരിക്കുന്ന കടലാസ് കമ്പനി, ഇപ്പോള്‍ പോപ്പുലര്‍ ട്രേഡേഴ്‌സ് തന്നെയായി മാറിയിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിക്കുന്നവര്‍ക്ക്, ഈ കടലാസ് കമ്പനികളുടെ രസീത് ആണ് കിട്ടുന്നത്. റിസര്‍വ് ബാങ്കിനു മുന്നില്‍ പോപ്പുലര്‍ ഫിനാന്‍സ് എന്ന കമ്പനിയേയുള്ളൂ; ഈ കടലാസ് കമ്പനികള്‍ ഇല്ല. അതിനാലാണ് 2012 ജൂണ്‍ 20 ന് ജനമറിയാനായി റിസര്‍വ് ബാങ്ക് പോപ്പുലര്‍ ഫിനാന്‍സിനെതിരെ പരസ്യം ചെയ്തത്. പത്തനംതിട്ട വാകയാറിലെ പോപ്പുലര്‍ ടവേഴ്‌സിലെ ഈ സ്ഥാപനത്തിന് നിക്ഷേപം സ്വീകരിക്കാന്‍ അധികാരമില്ലെന്നും കമ്പനി നിയമത്തിനു വിധേയമായല്ല ഇവര്‍ നിക്ഷേപം സ്വീകരിക്കുന്നതെന്നും ഇത്, ആര്‍ബിഐ ചട്ടത്തിലെ 45-എസ് വകുപ്പനുസരിച്ച് ശിക്ഷാര്‍ഹമാണെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിക്കുന്നവര്‍ക്ക്, പോപ്പുലര്‍ ട്രേഡേഴ്‌സിന്റെ പേരില്‍ ഒരു കാര്‍ഡ് കൊടുക്കും. അതില്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ കിട്ടുന്ന തുക പറയുന്നില്ല.
പോപ്പുലര്‍ ട്രേഡേഴ്‌സിന് പൊതുമേഖലാ ബാങ്കുകളില്‍ അക്കൗണ്ടുകളുണ്ട്. പ്രധാനമായും ഫെഡറല്‍ ബാങ്കിലാണ്, ഇടപാട്. പോപ്പുലര്‍ ട്രേഡേഴ്‌സില്‍ ഒരാള്‍ പണം നിക്ഷേപിച്ചാല്‍, അത് ചെക്ക് വഴി പോപ്പുലര്‍ ഫിനാന്‍സിന്റെ അക്കൗണ്ടിലേക്ക്, മാനേജിങ് പാര്‍ട്ണറിന്റെ വായ്പയായി മാറ്റുകയാണ്.
ഈ നിക്ഷേപത്തിന്റെ വലിയ പങ്കും ഓസ്‌ട്രേലിയ, യുഎഇ എന്നിവിടങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. കട ലാസ് കമ്പനികള്‍ക്ക് ആസ്തിയില്ലാത്തതിനാല്‍, ഫിനാന്‍സ് പൊട്ടിയാല്‍, ഉടമകള്‍ക്ക് ഒന്നും സംഭവിക്കാനില്ല.
News Credits,രാമചന്ദ്രന്‍,Janmabhumidaily.com,,November 20, 2016

No comments:

Post a Comment