Wednesday, September 18, 2013

സലിംരാജിനെതിരായ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍ കാണാതായി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായ സലിംരാജിനെതിരായ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍ പോലീസ്‌ ആസ്‌ഥാനത്തുനിന്നു കാണാതായി. സലിംരാജിന്റെ വഴിവിട്ട ബന്ധങ്ങളും ദുരൂഹ ഇടപാടുകളും അക്കമിട്ടു നിരത്തുന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടാണ്‌ കാണാതായത്‌. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്‌റ്റിലായതോടെ സലിംരാജിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ആവശ്യപ്പെട്ടപ്പോഴാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍ കാണാനില്ലെന്ന്‌ വ്യക്‌തമായതെന്നാണ്‌ സൂചന. സലിംരാജിനെതിരായ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടു മുങ്ങിയതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതനു പങ്കുണ്ടെന്നാണ്‌ വിശ്വസനീയകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍ കാണാതായതില്‍ ആഭ്യന്തരമന്ത്രി അതൃപ്‌തി പ്രകടിപ്പിച്ചതായി അറിയുന്നു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട്‌ മുങ്ങിയതെവിടെ നിന്ന്‌ എന്നതിനെ സംബന്ധിച്ച്‌ രഹസ്യാന്വേഷണ വിഭാഗം പരിശോധന ആരംഭിച്ചതായും അറിയുന്നു.സലിംരാജിനെ മുഖ്യമന്ത്രിയുടെ ഗണ്‍മാനായി നിയമിക്കുന്നതിനെതിരെ ശക്‌തമായ വിയോജിപ്പു രേഖപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ്‌ ഇന്റലിജന്‍സ്‌ വിഭാഗം നല്‍കിയിരുന്നത്‌. സലിംരാജിന്റെ നിയമനത്തിനെതിരെ ഇന്റലിജന്‍സ്‌ മേധാവി നേരിട്ട്‌ എതിര്‍പ്പ്‌ അറിയിക്കുകയും ചെയ്‌തിരുന്നു. ഈ എതിര്‍പ്പുകളെല്ലാം മറികടന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശക്‌തമായ താല്‍പര്യപ്രകാരമാണ്‌ സലിംരാജിനെ ഗണ്‍മാനാക്കിയത്‌. പോലീസ്‌ സേനയിലെ ഉന്നത ഉദ്യോഗസ്‌ഥരെപോലും പുച്‌ഛിച്ചുതള്ളുന്ന രീതിയിലുള്ള പെരുമാറ്റമാണ്‌ സാദാ പോലീസുകാരനായിരുന്നിട്ടു കൂടി സലിംരാജിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നതെന്ന്‌ പോലീസുകാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ ചിലരുമായുള്ള അടുത്തബന്ധം മുതലെടുത്താണ്‌ സലിംരാജ്‌ സംസ്‌ഥാന ഭരണ സിരാകേന്ദ്രത്തില്‍ വിലസിയത്‌. ഇപ്പോള്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍പ്പെട്ട്‌ അറസ്‌റ്റിലായതോടെ സലിംരാജിന്റെ മേലുള്ള കുരുക്ക്‌ മുറുക്കാന്‍ ആഭ്യന്തരമന്ത്രി ഇടപെട്ട്‌ ചില ശക്‌തമായ നീക്കങ്ങള്‍ നടത്തിയതായാണ്‌ സൂചന. സലിംരാജിന്റെ അധോലോക, സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ്‌ ശേഖരിച്ചു വരികയാണ്‌.
September 14, 2013,Mangalam Daily

No comments:

Post a Comment