Sunday, September 1, 2013

സോളാര്‍: മുഖ്യമന്ത്രിക്കും പഴ്‌സണല്‍ സ്‌റ്റാഫിനുമെതിരേ യാക്കോബായസഭാ മുഖപത്രത്തില്‍ രൂക്ഷവിമര്‍ശനം

കോട്ടയം: സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിക്കും മുന്‍ പഴ്‌സണല്‍ സ്‌റ്റാഫംഗങ്ങള്‍ക്കും യാക്കോബായ സഭാമുഖ പത്രത്തില്‍ രൂക്ഷ വിമര്‍ശനം.മെത്രാന്‍കക്ഷി സഭാംഗങ്ങളായ ഇവര്‍ തങ്ങളുടെ പള്ളികള്‍ പൂട്ടിച്ചതിനുള്ള തിരിച്ചടിയാണുണ്ടായിരിക്കുന്നതെന്ന്‌ വിശ്വാസസംരക്ഷകന്റെ ഈ മാസത്തെ പതിപ്പില്‍ അടിവരയിട്ടു പറയുന്നു.ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത ഡോ.മാത്യൂസ്‌ മാര്‍ അന്തീമോസ്‌ എഴുതിയ സുതാര്യ കേരളത്തിന്റെ പൂമുഖവാതില്‍ കടക്കുമ്പോള്‍ എന്ന ലേഖനത്തിലും ഫാ.ഏലിയാസ്‌ ഐപ്പ്‌ പാറയ്‌ക്കല്‍ എഴുതിയ സരിതോര്‍ജവും സഭാശാസ്‌ത്രവും സോളാറില്‍ സംഗമിക്കുമ്പോള്‍ എന്നലേഖനത്തിലും നിശിതമായാണു മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നത്‌.ഇതിനു പുറമെ സഭാതര്‍ക്കത്തില്‍ ഇദ്ദേഹത്തിന്റെ ഓഫീസിന്റെ ഇടപെടല്‍ അന്വേഷിക്കണമെന്ന യാക്കോബായ സഭാ സത്യവിശ്വാസ സംരക്ഷണ സമിതിയുടെ പ്രസ്‌താവനയിലും ഇതേ വികാരം പങ്കുവയ്‌ക്കുന്നു. ഒരു സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറ്റു മന്ത്രിമാരും എം.എല്‍.എമാരും അവരുടെ സന്തത സഹചാരികളായ പി.എമാരും ഉള്‍പ്പെട്ട ഇന്ത്യയിലെ ആദ്യത്തെ അഴിമതിയെന്ന റെക്കോഡാണു ഇതിലൂടെ സ്വന്തമാക്കിയിരിക്കുന്നതെന്ന്‌ മെത്രാപ്പോലീത്ത പറയുന്നു. നാട്ടുകാരുടെയും ലോകരുടെയും കണ്ണില്‍ പൊടിയിട്ട ജനസമ്പര്‍ക്കപരിപാടിയെന്ന നാടകത്തിനു ലഭിച്ച യു.എന്‍.സമ്മാനവുമായി എത്തിയ മുഖ്യനെ കാത്തിരുന്നത്‌ സ്വന്തം മനഃസാക്ഷി സൂക്ഷിപ്പുകാരന്റെ അറസ്‌റ്റാണ്‌.എന്നാല്‍ ഒരേതൂവല്‍പക്ഷികളായ ജിക്കു ജേക്കബിനെയും തോമസ്‌ കുരുവിളയെയും വിട്ടുകളഞ്ഞതിന്റെ സഭാരാഷ്‌ട്രീയം യാക്കേബായ സഭയ്‌ക്കു മനസിലായിക്കഴിഞ്ഞു. അഴിമതിയുടെ കറപുരളാത്ത നേതാവെന്ന്‌ അഭിമാനിക്കുന്ന മുഖ്യമന്ത്രിയുടെ സന്തത സഹചാരികള്‍ കോടീശ്വരന്മാരായത്‌ നിങ്ങള്‍ക്കുമാകാം കോടീശ്വന്‍ എന്ന പരിപാടിയില്‍ പങ്കെടുത്തതുകൊണ്ടല്ലെന്നു സുവ്യക്‌തം.-മെത്രാപ്പോലീത്ത പറയുന്നു. ലേഖനം തുടരുന്നത്‌ ഇങ്ങനെ: മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ അന്യായമായി ചാരക്കേസില്‍ ഇറക്കിവിട്ടപ്പോള്‍ പോലും കോണ്‍ഗ്രസിന്റെ മുഖം ഇത്രമാത്രം വികൃതമായിരുന്നില്ല.മാമലശേരി ഇടവകയിലെ അന്‍പതും അറുപതും വയസായ അമ്മമാരെ ഒരുവര്‍ഷത്തോളം പോലീസ്‌ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ഒപ്പിടീപ്പിച്ച്‌ രസിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നടത്തുന്ന അറസ്‌റ്റുനാടകങ്ങളും സൗജന്യങ്ങളും കൂട്ടിവായിക്കാന്‍ സഭയ്‌ക്കു സാധിക്കുന്നു.കള്ളക്കേസെടുത്തു വിശ്വാസികളെ പ്രത്യേകിച്ചു സ്‌ത്രീകളെ ദ്രോഹിക്കരുതെന്ന്‌ ശ്രേഷ്‌ഠബാവയും മറ്റു മെത്രാപ്പോലീത്തമാരും മുഖ്യമന്ത്രിയെ നേരിട്ടുകണ്ടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്‌ അവഗണിച്ച്‌ സഭയുടെ പള്ളികളില്‍ അതിക്രമിച്ചു കടന്ന്‌ അധികാരം സ്‌ഥാപിക്കാന്‍ മെത്രാന്‍ കക്ഷിക്ക്‌ മുഖ്യമന്ത്രി എല്ലാം ഒത്താശയും ചെയ്‌തുകൊടുത്തതു ജിക്കുവിലൂടെയും തോമസ്‌ കുരുവിളയിലൂടെയുമായിരുന്നു.മന്ത്രി അനൂപ്‌ ജേക്കബിന്റെ നിര്‍ദേശങ്ങള്‍ പോലും പോലീസ്‌ മേധാവികള്‍ നിഷ്‌കരുണം തള്ളിക്കളഞ്ഞെങ്കില്‍ അതിനു പുറകില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്നെന്ന്‌ അറിയാന്‍ പാഴൂര്‍പടിപ്പുരയില്‍ പ്രശ്‌നംവയ്‌ക്കേണ്ട കാര്യമില്ല.യാക്കോബായ സഭാ വിശ്വാസികളെ സര്‍ക്കാര്‍ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. പിറവം തെരഞ്ഞെടുപ്പില്‍ സഭയുടെ വോട്ടുനേടിയ അന്നേ ദിവസം തന്നെ പോലീസ്‌ നരനായാട്ട്‌ അഴിച്ചു വിട്ടതും മാമലശേരി പള്ളിയിലെ പോലീസ്‌ തേര്‍വാഴ്‌ചയും കുറിഞ്ഞി പള്ളിയില്‍ പ്രാര്‍ഥനാ യഞ്‌ജത്തിനിടെ ശ്രേഷ്‌ഠ ബാവയുടെ കണ്ണട ചവിട്ടി ഒടിച്ചതും സഭയോടുള്ള കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ സമീപനം ശരിക്കും മനസിലായി. മുഖ്യമന്ത്രിയും ഓഫീസും സന്തതസഹചാരികളും ചെയ്‌തുകൂട്ടിയ തിന്മകള്‍ക്കു പരിഹാരമുണ്ടാക്കാതെ തെരഞ്ഞെടുപ്പു വരുമ്പോള്‍ ശ്രേഷ്‌ഠ ബാവ വസിക്കുന്ന സുറിയാനി സഭയുടെ ആസ്‌ഥാനമായ പാത്രിയര്‍ക്കാ സെന്ററിന്റെ പടി ചവിട്ടാന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ശ്രമിക്കരുതെന്നും മെത്രാപ്പോലീത്ത മുന്നറിയിപ്പ്‌ നല്‍കുന്നു.ഇനിയും സഭയെ ദ്രോഹിക്കുന്നത്‌ അവസാനിപ്പിച്ചില്ലെങ്കില്‍ ഇതിനു കുടപിടിക്കുന്ന ഉമ്മന്‍ചാണ്ടിയും ചുറ്റിനില്‍ക്കുന്ന മന്ത്രി പുംഗവന്മാരും വലിയവരും ചെറിയവരുമായ ക്രൂരന്മാരും പാവംപയ്യന്മാരും കല്ലിന്മേല്‍കല്ലുശേഷിക്കാതെ തരിപ്പണമാകുമെന്നും എന്നു പറഞ്ഞാണു ലേഖനം അവസാനിപ്പിക്കുന്നത്‌. മുഖ്യമന്ത്രിയുടെ -ഓഫീസ്‌ മറയാക്കി യാക്കോബായ സഭയ്‌ക്കെതിരേ പ്രവര്‍ത്തിച്ച ടെന്നി ജോപ്പന്‍,പുതുപ്പള്ളി ഇടവകാംഗമായ ജിക്കുമോന്‍,നീലിമംഗലം കാതോലിക്കേറ്റ്‌ സെന്റര്‍ ഇടവകാംഗം തോമസ്‌ കുരുവിള എന്നിവരുടെ ഇടപെടലാണു പള്ളികളിലെ പോലീസ്‌ അതിക്രമത്തിനു പിന്നിലെന്ന്‌ വിശ്വാസ സംരക്ഷണ സമിതി ആരോപിക്കുന്നു. ഫാ.എലിയാസിന്റെ വിമര്‍ശനത്തില്‍ നിന്ന്‌: മെത്രാന്‍കക്ഷിസഭയുടെ സ്വന്തം മക്കളായ ടെനി ജോപ്പനും ജിക്കുവിനും മറ്റു പാര്‍ശ്വവര്‍ത്തികള്‍ക്കും യാക്കോബായ സഭാമക്കളെ പീഡിപ്പിക്കാന്‍ അധികാര പത്രം നല്‍കി ഓഫീസ്‌ തുറന്നുകൊടുത്തെങ്കില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ചെയ്‌ത നീചത്വം മറനീക്കി വെളിപ്പെട്ടിരിക്കുന്നു. സ്വജനപക്ഷപാതവും പ്രീണനവും മുഖമുദ്രയാക്കിയ മുഖ്യമന്ത്രിക്കു ഭരണത്തില്‍ തുടരാന്‍ ധാര്‍മികമായ യോഗ്യതയില്ലെന്ന്‌ ഈ കൂട്ടുകക്ഷിവ്യസായം വിളിച്ചോതുന്നു.
News Credits:Mangalam Daily സ്‌റ്റീഫന്‍ അരീക്കര Sep 01 -13

No comments:

Post a Comment