Wednesday, September 18, 2013

ഉമ്മന്‍ചാണ്ടിക്ക് പങ്കെന്ന് വീണ്ടും വെളിപ്പെടുത്തല്‍

തിരു: സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുപ്പത് ശതമാനം കമ്മീഷന്‍ നല്‍കണമെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞതായി തട്ടിപ്പിനിരയായ അമേരിക്കന്‍ വ്യവസായി കെ ബാബുരാജന്‍. ഉമ്മന്‍ചാണ്ടിയുമായി ബിജു നിരവധി തവണ ബന്ധപ്പെട്ടതിന് താന്‍ സാക്ഷിയാണ്. തന്റെ വീട്ടില്‍ വച്ച് പല പ്രാവശ്യം മുഖ്യമന്ത്രിയുമായി ബിജു ടെലിഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ബാബുരാജന്‍ റിപ്പോര്‍ട്ടര്‍ , പീപ്പിള്‍ ചാനലുകളോട് വെളിപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ പത്തനംതിട്ടയിലെ ക്രഷറുടമ ശ്രീധരന്‍ നായരുടെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നത്. 1.19 കോടി രൂപയാണ് താന്‍ ബിജുവിന് കൈമാറിയത്. ഇടപാടിന്റെ വിശ്വാസ്യതയ്ക്കായി ഉമ്മന്‍ചാണ്ടിയുടെ മഷിപ്പേന കൊണ്ടുള്ള കൈയൊപ്പുവച്ച കത്താണ് തന്നെ ബിജു കാണിച്ചത്. ശരിയായ ലെറ്റര്‍ പാഡാണ് ഇതെന്ന് എനിക്ക് ഉറപ്പാണ്. ഇത് വ്യാജമാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. പാരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിന്റെ കത്തും ഇതിനൊപ്പം കാട്ടിയിരുന്നു. 30 ശതമാനം കമ്മീഷന്‍ തുക, മുഖ്യമന്ത്രി വീണ്ടും സോളാര്‍ കമ്പനിയില്‍ കുറഞ്ഞ പലിശയില്‍ നിക്ഷേപിക്കുമെന്നും ബിജു പറഞ്ഞിരുന്നു.ഈ തുക മുഖ്യമന്ത്രിക്ക് മുത്തൂറ്റിലും മറ്റും നിക്ഷേപിച്ചു കൂടെ എന്നു താന്‍ ചോദിച്ചപ്പോള്‍, അതിലൊക്കെ നിക്ഷേപിച്ചാല്‍ പുറത്തറിയുമെന്ന് ബിജു പറഞ്ഞതായും ബാബുരാജന്‍ വെളിപ്പെടുത്തി. എറണാകുളത്ത് ഗസ്റ്റ് ഹൗസില്‍ ഗണേഷ്കുമാറിനെ പറ്റി മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതായും ബിജു പറഞ്ഞിരുന്നു. സോളര്‍ വിവാദങ്ങളെ തുടര്‍ന്ന് തന്റെ ജീവിന് ഭീഷണിയുണ്ട്. കരുതലോടെയാണ് ജീവിക്കുന്നത്. തന്റെ കേസില്‍ കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും ബാബുരാജന്‍ പറഞ്ഞു. ബിജുവും സരിതയും തന്നെ വഞ്ചിച്ചതായി മാര്‍ച്ച് 14ന് തന്നെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നേരിട്ട് കണ്ട് അറിയിച്ചു. മുഖ്യമന്ത്രിയുടെ പേരുപറഞ്ഞാണ് പണം തട്ടിയതെന്നും അറിയിച്ചതാണ്. എന്നാല്‍ പിന്നീട് ഒരു നടപടിയും ഉണ്ടായില്ലായെന്നും ബാബുരാജന്‍ പീപ്പിള്‍ ചാനലിലോട് പ്രതികരിച്ചു. ആറന്മുള ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജില്‍നിന്ന് 2012 നവംബര്‍ മുതല്‍ നിരവധി തവണകളായി 1.19 കോടി രൂപ തട്ടിയെടുത്തതായി ബാബുരാജ് മുമ്പു തന്നെ വെളിപ്പെടുത്തിയതാണ്. ഇക്കാര്യം ദേശാഭിമാനിയടക്കമുള്ള മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു. മനോരമ ദിനപത്രത്തില്‍ വന്ന പരസ്യം കണ്ടാണ് സരിതയെയും ബിജുവിനേയും ബാബുരാജന്‍ സമീപിച്ചത്. കാറ്റാടിപ്പാടത്തില്‍ പണം മുടക്കിയാല്‍ 27 ശതമാനമാണ് ലാഭം വാഗ്ദാനം ചെയ്തത്. പണം പറ്റി മാസങ്ങള്‍ കഴിഞ്ഞിട്ടും സോളാര്‍ പാനല്‍ സ്ഥാപിച്ചില്ല. വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍, മാര്‍ച്ച് 14ന് അഭിഭാഷകനും മറ്റൊരു സുഹൃത്തിനുമൊപ്പം ആഭ്യന്തരമന്ത്രിയുടെ വീട്ടിലെത്തി പരാതി നല്‍കി. എന്നാല്‍, 15ന് പകല്‍ 12.14നാണ് പരാതി സ്വീകരിച്ചതെന്നു കാട്ടിയാണ് ആഭ്യന്തരവകുപ്പ് ബാബുരാജിന് രസീത് നല്‍കിയത്. മൂന്നു മാസം പിന്നിട്ടിട്ടും കേസെടുക്കാന്‍ തയ്യാറാകാത്ത പൊലീസ്, ക്രൈംബ്രാഞ്ചിന് കൈമാറിയ ഈ പരാതിയില്‍ ജൂണ്‍ 19ന് മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനിടെ, ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഞായറാഴ്ച ഡല്‍ഹിക്ക് തിരിക്കുന്ന അദ്ദേഹം തിങ്കളാഴ്ച ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും.
Posted on: 08-Sep-2013 Deshabhimani Daily ബിജു-ഉമ്മന്‍ചാണ്ടി ഇടപാടിന്റെ 2 കത്ത് പുറത്ത്
വി എം പ്രദീപ്
Posted on: 10-Sep-2013
പുതുപ്പള്ളി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇടനിലനിര്‍ത്തിയാണ്് അമേരിക്കന്‍ വ്യവസായി ഇ കെ ബാബുരാജനില്‍ നിന്നും ബിജു രാധാകൃഷ്ണന്‍ 1.19 കോടി രൂപ തട്ടിയെടുത്തത് എന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ബിജു രാധാകൃഷ്ണന്‍ കാണിച്ച, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതായ രണ്ടു കത്തുകളും കേന്ദ്ര പരാമ്പര്യേതര ഊര്‍ജ്ജമന്ത്രാലയത്തിന്റെ ടെലഗ്രാമും വിശ്വസിച്ചാണ് ബാബുരാജന്‍ പണം കൈമാറിയത്. തട്ടിപ്പുസംഘത്തിനു വേണ്ടി മുഖ്യമന്ത്രി നല്‍കിയ രണ്ടു കത്തുകളും "ദേശാഭിമാനി"ക്ക് ലഭിച്ചു. ബാബുരാജനെ സംസ്ഥാന പാരമ്പര്യേതര ഊര്‍ജ്ജ ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രി ഡോ. ഫറുഖ് അബ്ദുള്ളയ്ക്ക് മുഖ്യമന്ത്രി അയച്ച ജിഒ നമ്പറുള്ള കത്താണ് അതിലൊന്ന്. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ 836 കോടി രൂപ ചെലവിട്ട് 533 മെഗാവാട്ട് കാറ്റാടിപ്പാടം സ്ഥാപിക്കാന്‍ അനുവാദം തേടി കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി അയച്ച കത്താണ് രണ്ടാമത്തേത്. ഇതില്‍ പദ്ധതിയുടെ നടത്തിപ്പുകാരനായി സോളാര്‍ കഫെ എം ഡി ബാബുരാജനെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് സൂചിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ലെറ്റര്‍ ഹെഡിലുള്ള, അദ്ദേഹത്തിന്റെ ഒപ്പോടു കൂടിയ കത്ത് വിശ്വസിച്ചാണ് ബാബുരാജന്‍ പണമിറക്കിയത്. ഈ 836 കോടിയുടെ 30 ശതമാനം കമ്മീഷനാണ് ബിജു മുഖ്യമന്ത്രിയ്ക്ക് വാഗ്ദാനം ചെയ്തത്. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയം ഡയറക്ടര്‍ ഡോ. ജി പ്രസാദ് ഈ കാറ്റാടിപ്പാടത്തിന് അംഗീകാരം നല്‍കി അയച്ച ടെലഗ്രാമും ബാബുരാജനെ ബിജു കാണിച്ചിരുന്നു. കേരള-തമിഴ്നാട് മുഖ്യമന്ത്രിമാരുടെ ശുപാര്‍ശയിന്മേലാണ് പദ്ധതിക്ക് അംഗീകാരം നല്‍കുന്നതെന്നും ഇതില്‍ സൂചിപ്പിച്ചിരുന്നു. ഇവ മൂന്നും കണ്ടതോടെയാണ് മുഖ്യമന്ത്രിയെ വിശ്വസിച്ച് ബാബുരാജന്‍ പണം പൂര്‍ണമായും കൈമാറിയത്. കത്തില്‍ ആര്‍ ബി നായര്‍ എന്നാണ് ബിജുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രി അയച്ച കത്തില്‍ ബാബുരാജനെ കെപിസിസി നിര്‍വാഹകസമിതി അംഗമായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഇദ്ദേഹത്തിന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം പോലുമില്ല. 2012 ഡിസംബര്‍ 13നാണ് ഈ കത്ത് അയച്ചത്. രണ്ടാമത്തെ കത്ത് 2012 ഡിസംബര്‍ 18നും. തന്നെ കെപിസിസി നിര്‍വാഹകസമിതി അംഗമായി ചിത്രീകരിച്ചതിനെക്കുറിച്ച് ബിജു രാധാകൃഷ്ണനോട് ചോദിച്ചിരുന്നതായി ബാബുരാജ് "ദേശാഭിമാനി"യോട് പറഞ്ഞു. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുടെയും തമിഴ്നാട് മുഖ്യമന്ത്രിയുടെയും അംഗീകാരം കിട്ടുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു മറുപടി. അസല്‍ കത്തുകളാണ് ആദ്യം ബിജു രാധാകൃഷ്ണന്‍ കാണിച്ചിരുന്നത്. പിന്നീട്, തനിക്ക് അതിന്റെ പകര്‍പ്പുകള്‍ നല്‍കി. ഈ കത്തുകള്‍ കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകരെ കാണിച്ചിരുന്നു. ഒപ്പ് മുഖ്യമന്ത്രിയുടേതു തന്നെയെന്നാണ് അവരുടെയും വിലയിരുത്തല്‍. ഫയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള കത്തുകള്‍ വ്യാജമാണെന്ന് സംശയിക്കാന്‍ സാഹചര്യമില്ല. അല്ലാത്ത പക്ഷം, കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമാന്ത്രാലയത്തിന്റെ കത്തുകളടക്കം അന്വേഷണത്തിന് വിധേയമാക്കേണ്ടതല്ലേയെന്നും ബാബുരാജന്‍ ചോദിച്ചു. മനോരമ പത്രത്തില്‍ 2012ല്‍ വന്ന പരസ്യം കണ്ടാണ് തട്ടിപ്പുകമ്പനിയുമായി ബന്ധപ്പെട്ടത്. റീജണല്‍ ഡയറക്ടര്‍ എന്നു പരിചയപ്പെടുത്തി സരിത നായരാണ് ഇടയാറന്മുളയിലുള്ള തന്റെ വീട്ടില്‍ എത്തിയത്. ബിജുരാധാകൃഷ്ണനും സരിതയും നൂറിലേറെ തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. തന്നെ തട്ടിപ്പിന് ഇരയാക്കിയതില്‍ ഇരുവര്‍ക്കും തുല്യപങ്കുണ്ട്. ഡല്‍ഹിയില്‍ വെച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച ഒരുക്കാമെന്ന് മൂന്നുതവണ ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ നടന്നില്ല. മൂന്നു തവണയും എയര്‍പോര്‍ട്ടിലേയ്ക്കുള്ള യാത്രാമധ്യെ ബിജു രാധാകൃഷ്ണന്‍ ഇടപെട്ട് തടസങ്ങള്‍ പറഞ്ഞു. കൈവശമുള്ള കത്തുകളുടെ പകര്‍പ്പ് ബാബുരാജന്‍ പൊലീസിന് കൈമാറിയിട്ടില്ല. പക്ഷെ, അഭിഭാഷകന്‍ മുഖേന കോടതിയില്‍ നല്‍കും. അന്വേഷണസംഘം കത്തിനെക്കുറിച്ച് ചോദിച്ചിട്ടില്ലെന്നും ബാബുരാജന്‍ പറഞ്ഞു.

No comments:

Post a Comment