Wednesday, September 18, 2013

സര്‍ക്കാര്‍ തണലില്‍ സരിതയ്ക്കും ബിജുവിനും റെസ്റ്റ്ഹൗസില്‍ സുഖവാസം
14-Sep-2013
കാഞ്ഞങ്ങാട്: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ സരിതയ്ക്കും ബിജു രാധാകൃഷ്ണനും റസ്റ്റ്ഹൗസില്‍ സുഖവാസമൊരുക്കി. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന ഇരുവര്‍ക്കും ജയിലിനു പകരം കാഞ്ഞങ്ങാട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലാണ് പൊലീസ് താമസസൗകര്യം ഏര്‍പ്പാടാക്കിയത്. ബുധനാഴ്ച രാത്രി എത്തിച്ച ഇവരെ തൊട്ടരികില്‍ പൊലീസ് സ്റ്റേഷനും സബ്ജയിലുമുണ്ടെങ്കിലും റെസ്റ്റ്ഹൗസിലെ വിഐപി മുറികളിലേക്കാണ് കൊണ്ടുപോയത്. രാവിലെ കുളിയും പ്രഭാതഭക്ഷണവുമെല്ലാം കഴിഞ്ഞപ്പോഴേക്കും വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും റെസ്റ്റ്ഹൗസിലേക്ക് എത്തി. തുടര്‍ന്ന് പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് മാറ്റി. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കാന്‍ തൊടുപുഴയില്‍നിന്നാണ് ഇവരെ കൊണ്ടുവന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളെ മറ്റിടങ്ങളില്‍ താമസിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. തൊടുപുഴയില്‍നിന്ന് ഉച്ചയ്ക്കുമുമ്പേ പുറപ്പെട്ട സംഘം രാത്രി ഏറെ വൈകിയാണ് കാഞ്ഞങ്ങാട്ടെത്തിയത്. കണ്ണൂര്‍ജയിലില്‍ പാര്‍പ്പിച്ചാലും രാവിലെ കോടതി സമയത്തിനുമുമ്പേ ഹോസ്ദുര്‍ഗില്‍ എത്തിക്കാമായിരുന്നു. അട്ടക്കുളങ്ങര ജയിലിലായിരുന്ന സരിതയെയും എറണാകുളം ജയിലിലായിരുന്ന ബിജുവിനെയും ബുധനാഴ്ച രാവിലെ തൊടുപുഴ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി ഇവരെ കാക്കനാട് സബ് ജയിലിലേക്കാണ് അയച്ചത്. എന്നാല്‍, നാലുവര്‍ഷംമുമ്പ് കാഞ്ഞങ്ങാട്ടെ പവര്‍ ഫോര്‍ യു എന്ന സ്ഥാപനത്തില്‍നിന്ന് ഒന്നേമുക്കാല്‍ ലക്ഷം തട്ടിയ കേസില്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ഹോസ്ദുര്‍ഗ് കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് നാലിന് കാഞ്ഞങ്ങാട് ഡിവൈഎസ്പി സബ്ജയില്‍ അധികൃതരെ വിളിച്ച് സരിതയെയും ബിജുവിനെയും രാത്രി എത്തിക്കുമെന്നും ജയിലില്‍ താമസസൗകര്യമൊരുക്കണമെന്നും അറിയിച്ചിരുന്നു. ഇതനുസരിച്ച് ജയിലില്‍ സൗകര്യമൊരുക്കി വാര്‍ഡന്മാര്‍ക്ക് പ്രത്യേക ഡ്യൂട്ടിയും നല്‍കി. എന്നാല്‍, ഉന്നതരുടെ നിര്‍ദേശത്തെതുടര്‍ന്ന് പ്രതികളെ റെസ്റ്റ് ഹൗസിലേക്കാണ് കൊണ്ടുവന്നത്. പ്രതികളെ യഥാസമയം ജയിലിലെത്തിക്കാതെ, പല സ്ഥലത്തും കറങ്ങിയതായും പുറത്തുനിന്നുള്ള ആളുകളെ കാണാന്‍ പൊലീസ് സൗകര്യം ചെയ്തുകൊടുത്തതായും സൂചനയുണ്ട്. റെസ്റ്റ് ഹൗസില്‍ താമസിപ്പിച്ചെങ്കിലും അവിടെ ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ല. സിഐ റെസ്റ്റ്ഹൗസിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനിയറോട് സംസാരിച്ചശേഷമാണ് പ്രതികളെ താമസിപ്പിച്ചത്. എന്നാല്‍, വെളുപ്പിന് വന്നതുകൊണ്ട് മുറി എടുത്ത കാര്യം രേഖപ്പെടുത്തേണ്ടതില്ലെന്നാണ് പൊലീസ് റെസ്റ്റ് ഹൗസ് ജീവനക്കാരോട് പറഞ്ഞത്.

No comments:

Post a Comment