Tuesday, September 24, 2013

സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടാല്‍ എന്താണ് കുഴപ്പം: ഹൈക്കോടതി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയെ കണ്ടതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി. ഈ കൂടിക്കാഴ്ച എങ്ങനെ കുറ്റകരമാകും. ഇവിടത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് എന്തു പ്രയോജനമാണുള്ളതെന്നും കോടതി ചോദിച്ചു. സോളാര്‍ ഇടപാടില്‍ സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്ന ശ്രീധരന്‍ നായരുടെ സത്യവാങ്മൂലം പരിശോധിക്കവേയാണ് കോടതിയുടെ പരാമര്‍ശം. സോളാര്‍ ഇടപാടില്‍ പണം മുടക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി ശ്രീധരന്‍ നായര്‍ പരാതിയില്‍ പറയുന്നില്ല. സരിത മുഖ്യമന്ത്രി പേര് ദുരുപയോഗിച്ചതാവാമെന്നും കോടതി നിരീക്ഷിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടാന്‍ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ ജോയ് കൈതാരം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രാരംഭ വാദം കേള്‍ക്കവേയാണ് കോടതിയുടെ നിരീക്ഷണം.
September 23, 2013,Reportertv News
___________________________________________
സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടാല്‍ എന്താണ് തെറ്റ്? ഹൈക്കോടതി
കൊച്ചി: സോളാര്‍ തട്ടിപ്പിനിരയായ ശ്രീധരന്‍ നായര്‍, സരിത നായരോടൊപ്പം മുഖ്യമന്ത്രിയെ കാണുന്നതില്‍ തെറ്റെന്താണ് എന്ന് ഹൈക്കോടതി ആരാഞ്ഞു. രണ്ട് പ്രതികള്‍ മാത്രമുള്ള കേസില്‍ മുഖ്യമന്ത്രിയുടെ പേര് കൊണ്ടുവരുന്നത് രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണോ എന്നും ചോദ്യമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ എടുക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് വാക്കാല്‍ ഇക്കാര്യം ചോദിച്ചത്. ശ്രീധരന്‍ നായര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആക്ഷേപമില്ലല്ലോ എന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും സോളാര്‍ തട്ടിപ്പ് കേസില്‍ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് തൃശ്ശൂര്‍ സ്വദേശി ജോയ് കൈതാരത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. കേസില്‍ കക്ഷിയല്ലെന്നിരിക്കേ ഹര്‍ജിക്കാരന് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടോ എന്നും കോടതി അന്വേഷിച്ചു. മുഖ്യമന്ത്രിയുടെ വാക്കിന്റെ അടിസ്ഥാനത്തിലാണ് പണം നല്‍കിയതെന്ന് കബളിപ്പിക്കപ്പെട്ട ശ്രീധരന്‍ നായര്‍ മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. എങ്കില്‍ അതിന് ആധാരമായ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചിട്ടുണ്ട്. സോളാര്‍ പദ്ധതിക്കുവേണ്ടി സരിതയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നാണ് പരാതിക്കാരനായ ശ്രീധരന്‍ നായര്‍ പറയുന്നതെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നു. അക്കാര്യം മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലും കവാടത്തിലും മറ്റുമായുള്ള 24 നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെടുന്നത്. എ.ഡി.ജി.പി. എ. ഹേമചന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന ചില കാര്യങ്ങള്‍ തെറ്റും വ്യാജവുമാണെന്ന് ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചു. കോടതി നിര്‍ദേശിച്ച പ്രകാരം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് പറയുന്നത്. മുഖ്യമന്ത്രിക്ക് പങ്കുള്ളതായി കരുതുന്നില്ലെന്ന് താന്‍ പറഞ്ഞുവെന്നും മറ്റും പറയുന്ന എ.ഡി.ജി.പി. യുടെ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണ്. മജിസ്‌ട്രേട്ടിന് മൊഴി നല്‍കിയ ശേഷം താന്‍ അന്വേഷണ സംഘത്തലവന് മൊഴി നല്‍കിയിട്ടില്ല. 2012 ജൂലായ് 9-ന് രാത്രി 8-ന് സരിതയോടൊപ്പം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയിരുന്നു. ഇതേക്കുറിച്ച് മജിസ്‌ട്രേട്ട് മുമ്പാകെ നിയമാനുസൃതം നല്‍കിയ മൊഴിയില്‍ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ശ്രീധരന്‍ നായര്‍ കബളിപ്പിക്കപ്പെട്ട കേസില്‍ പുറമേ നിന്നൊരാള്‍ക്ക് ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അക്കാര്യം പരിഗണിച്ച് തീര്‍പ്പാക്കിയ ശേഷമേ ശ്രീധരന്‍ നായരുടെ സത്യവാങ്മൂലം രേഖകളില്‍ സ്വീകരിക്കാവൂ എന്നും ചൂണ്ടിക്കാട്ടി. കേസിലുള്‍പ്പെടാത്ത ആള്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി കഴിഞ്ഞ ദിവസം ശ്രീധരന്‍ നായരെ കക്ഷി ചേര്‍ത്തതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട സാക്ഷികളില്‍ നിന്ന് കോടതി മുഖേന തെളിവ് ശേഖരിക്കാനുള്ള ശ്രമമാണ് ഹര്‍ജിക്കാരന്‍ നടത്തുന്നതെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച പത്രികയില്‍ പറയുന്നു. അന്വേഷണ ഏജന്‍സി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കോടതിക്ക് നടപടികള്‍ സാധ്യമാവൂ എന്നാണ് സര്‍ക്കാരിന്റെ വാദം.
News Report Mathrubhumi Daily Sep 24, 2013

No comments:

Post a Comment