Wednesday, July 24, 2013

History Bites Back Oomman Chandy

തിരിഞ്ഞുകുത്തുന്നു തിരു: അത് അന്നത്തെ നീതി. ഇത് ഇന്നത്തെ നീതി; സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിക്കൂട്ടിലായ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യം നാടെങ്ങും ശക്തമായി ഉയരുമ്പോഴും രാജിയില്ലെന്നും താന്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്ന ആളാണെന്നും ആവര്‍ത്തിക്കുന്ന ഉമ്മന്‍ചാണ്ടി പണ്ട് കരുണാകരന്റെ കാലത്ത് സ്വീകരിച്ച വ്യത്യസ്ത നിലപാട് ഇപ്പോള്‍ തിരിഞ്ഞുകുത്തുന്നു. ജനകീയ പ്രതിഷേധത്തിനു പുറമെ ഹൈക്കോടതിയുടെ രണ്ട് ബെഞ്ചുകളില്‍ നിന്നു രൂക്ഷവിമര്‍ശമുണ്ടായിട്ടും രാജിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയ പ്രസ്താവനകളും പ്രസംഗങ്ങളും ഉമ്മന്‍ചാണ്ടിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നു.
1995ല്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ രാജിക്കായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ കൊട്ടാരവിപ്ലവവും അതിന് കരുത്തുപകരാന്‍ നടത്തിയ പ്രസംഗങ്ങളും അതേ ശക്തിയോടെ തിരിച്ചടിക്കുകയാണ് ഇപ്പോള്‍. അന്ന് കരുണാകരനെ പുകച്ചുചാടിക്കാന്‍ പ്രയോഗിച്ച കുടിലതന്ത്രങ്ങളുടെ പതിന്മടങ്ങ് ഇപ്പോള്‍ പയറ്റിയിട്ടും കസേരയില്‍ അമര്‍ന്നിരിക്കാന്‍ കഴിയാത്ത സ്ഥിതി തുടരുകയാണ് ഉമ്മന്‍ചാണ്ടിക്ക്. ചാരക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പ് കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ പൊതുയോഗങ്ങളിലെ മുഖ്യപ്രാസംഗികന്‍ ഉമ്മന്‍ചാണ്ടിയായിരുന്നു. ഈ പ്രസംഗങ്ങളിലെല്ലാം ഉമ്മന്‍ചാണ്ടി കെ കരുണാകരനെതിരെ കത്തിക്കയറി. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു. ഇതെല്ലാം ഇപ്പോഴും ഓര്‍മയുള്ളതുകൊണ്ടാണ് കരുണാകരന്റെ മക്കളായ കെ മുരളീധരന്‍ എംഎല്‍എയും കെ പത്മജയും ഉമ്മന്‍ചാണ്ടിക്കെതിരെ ഒളിയമ്പെയ്യുന്നത്. 1995 ജനുവരി ഏഴിന് ആലപ്പുഴയില്‍ നടത്തിയ ഒരു പ്രസംഗം മാത്രം മതി ഉമ്മന്‍ചാണ്ടിയുടെ അടിത്തറയിളക്കാന്‍. ജനുവരി എട്ടിന്റെ മലയാളമനോരമ ആ പ്രസംഗം ഒന്നാം പേജില്‍ ആറ് കോളത്തിലാണ് പ്രസിദ്ധീകരിച്ചത്. അന്ന് ഒന്നാം പേജില്‍ താഴെ രണ്ട് അപകടവാര്‍ത്ത ഒഴിച്ച് മുഴുവന്‍ വാര്‍ത്തയും ചാരക്കേസുമായി ബന്ധപ്പെട്ടായിരുന്നു. അതിന് മുമ്പുംപിമ്പും കരുണാകരന്റെ രാജിവരെ മനോരമയും ഉമ്മന്‍ചാണ്ടിയും സ്വീകരിച്ചത് ഇതേ നിലപാട്. "കരുണാകരന്‍ രാജിവയ്ക്കണം: ഉമ്മന്‍ചാണ്ടി" എന്ന തലക്കെട്ടില്‍ കൊടുത്ത വാര്‍ത്ത ഇങ്ങനെ- "" ആലപ്പുഴ: ചാരക്കേസിന്റെ പാപഭാരത്തില്‍ നിന്നും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി രാജിവെച്ചേ മതിയാകൂ എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കരുണാകര വിരുദ്ധര്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച ദേശീയ ഐക്യദാര്‍ഢ്യറാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ചാരക്കേസിന്റെ വിഴുപ്പുപേറാന്‍ കോണ്‍ഗ്രസിലെ മറ്റാരെയും കിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കാരണം അത് മുഖ്യമന്ത്രിയുടെ മാത്രം പാപഭാരമാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെ ഭീഷണി ഉയര്‍ത്തിയ പ്രശ്നത്തില്‍ സംഘടനയ്ക്ക് അകത്തോ സഹപ്രവര്‍ത്തകരുമായോ ചര്‍ച്ചചെയ്യാന്‍ കരുണാകരന്‍ തയ്യാറായില്ല. സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ഓരോരോ നടപടികള്‍ കൈക്കൊള്ളുകയായിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയും സംശയവും ഉളവാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തവെ ജനങ്ങളും പത്രങ്ങളും തനിക്ക് നേരെ ഉയര്‍ത്തുന്ന സംശയത്തിന്റെ വിരല്‍മുനയെ ചൊല്ലി വിലപിച്ചു. ഈ സത്യം തന്നെയാണ് ഞങ്ങളും വിളിച്ചുപറയുന്നത്. മുഖ്യമന്ത്രി പറഞ്ഞാല്‍ സംസ്ഥാനത്ത് ഒരുകൊച്ചുകുഞ്ഞ് പോലും വിശ്വസിക്കാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ഇന്നത്തെ നിലയില്‍ ശ്രീവാസ്തവയ്ക്കെതിരെ നടപടി എടുത്താലും ജനങ്ങള്‍ കോണ്‍ഗ്രസിനെ വെറുതെവിടില്ല. പത്രങ്ങളും മറ്റും ഉയര്‍ത്തിവിട്ട ജനവികാരത്തിന്റെ മുള്‍മുനയില്‍ നിന്ന് നടപടി എടുക്കേണ്ടിവന്നു എന്ന് മാത്രമാവും പൊതുധാരണ. ആ നിലയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും കരുണാകരന്‍ മാറുക മാത്രമാണ് കോണ്‍ഗ്രസിന്റെ രക്ഷയ്ക്ക് നല്ലത്. വ്യക്തികളെക്കാള്‍ വലുത് പ്രസ്ഥാനമാണ്. കര്‍ണാടകയിലും ആന്ധ്രയിലും ഉണ്ടായ തിരിച്ചടി കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തെ ഭരണത്തിന്റെ ദുഷിപ്പ് മാറ്റണം.""- മനോരമ വാര്‍ത്ത തുടരുന്നു.
ചാരക്കേസിന്റെ പാപഭാരത്തില്‍നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി രാജിവച്ചേ മതിയാകൂ എന്നാണ് അന്ന് പറഞ്ഞതെങ്കില്‍ സോളാര്‍ തട്ടിപ്പു കേസിന്റെ പാപഭാരത്തില്‍നിന്ന് ഉമ്മന്‍ചാണ്ടിക്ക് ഇപ്പോള്‍ ഒഴിഞ്ഞുമാറാന്‍ കഴിയാത്തസ്ഥിതിയാണ്. ചാരക്കേസിന്റെ വിഴുപ്പുപേറാന്‍ കോണ്‍ഗ്രസിലെ മറ്റാരെയും കിട്ടില്ലെന്നും അത് മുഖ്യമന്ത്രിയുടെ മാത്രം പാപാഭാരമാണെന്നും അന്നുപറഞ്ഞതില്‍ ചാരക്കേസിന്റെ സ്ഥാനത്ത് സോളാര്‍ എന്നാക്കിയാല്‍ ഉമ്മന്‍ചാണ്ടിക്കും ബാധകമായി. അന്ന് മാധ്യമവാര്‍ത്തകളെ പുകഴ്ത്തിയ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പഴിക്കുന്നു. അന്ന് എല്ലാ കുറ്റവും കരുണകാരനു മേല്‍ ചാര്‍ത്തിയ ഉമ്മന്‍ചാണ്ടി പക്ഷേ ഇപ്പോള്‍ കുറ്റം ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. കോണ്‍ഗ്രസിന്റെ രക്ഷയ്ക്ക് കരുണാകരന്‍ രാജിവയ്ക്കണമെന്ന് പറഞ്ഞ ആള്‍ക്ക് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ രക്ഷയും പ്രശ്നമല്ല. Article Credits:എം രഘുനാഥ് Desabhimani Daily ---------------------------------------------------------------------------------------------------------------
"കരുനീക്കങ്ങള്‍ പതിനഞ്ചാം നമ്പര്‍ മുറിയില്‍നിന്ന് " എം രഘുനാഥ്
26-Jul-2013 10:58 AM
തിരു: മലയാളമനോരമയില്‍ 1995 ഫെബ്രുവരി 21ന്റെ ഒന്നാംപേജ് വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെ: "കരുനീക്കങ്ങള്‍ പതിനഞ്ചാം നമ്പര്‍ മുറിയില്‍നിന്ന്". ചാരക്കേസില്‍ ഐജി രമണ്‍ ശ്രീവാസ്തവയ്ക്കെതിരെ ഹൈക്കോടതി പരാമര്‍ശമുണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കെ കരുണാകരനെ താഴെയിറക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങളെയാണ് മനോരമ പൊടിപ്പും തൊങ്ങലും വച്ച് മഹത്വവല്‍ക്കരിച്ചത്. വാര്‍ത്ത ഇങ്ങനെ തുടരുന്നു: ""എംഎല്‍എ ഹോസ്റ്റലിലെപതിനഞ്ചാം നമ്പര്‍ മുറി രാഷ്ട്രീയ കരുനീക്കങ്ങളുടെ വേദിയായി. ഓള്‍ഡ് ബ്ലോക്കിലെ ഒന്നാംനിലയിലെ ഉമ്മന്‍ചാണ്ടിയുടെ ഈ മുറി കേന്ദ്രീകരിച്ചാണ് കരുണാകരവിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍."" ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫും എം എം ഹസ്സനുമെല്ലാം പതിനഞ്ചാം നമ്പര്‍ മുറിയിലെ കരുനീക്കങ്ങളിലെ കഥാപാത്രങ്ങള്‍. ഈ നീക്കങ്ങളെതുടര്‍ന്ന് മാര്‍ച്ച് 16ന് കരുണാകരന്‍ മുഖ്യമന്ത്രിപദം രാജിവച്ചു. അന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായിരുന്നു കെ മുരളീധരന്‍. 18ന് കോഴിക്കോട്ട് ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ മുരളി ഇങ്ങനെ പറഞ്ഞു: ""കരുണാകരനെ വേദനിപ്പിക്കുകയും പിന്നില്‍നിന്ന് കുത്തുകയും ചെയ്തവരെ ജനം സെക്രട്ടറിയറ്റില്‍നിന്നും അപമാനിച്ച് ഇറക്കിവിടുന്ന കാലം വിദൂരമല്ല"". 18 വര്‍ഷം പിന്നിടുമ്പോള്‍ മുരളീധരന്റെ ശാപവാക്കുകള്‍ വിദൂരമായെങ്കിലും യാഥാര്‍ഥ്യമാവുകയാണോ? ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും കൂടെയുള്ളവരുമെല്ലാം അപമാനഭാരം പേറിയും അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണ്. ഇനിയും കാത്തുനിന്നാല്‍ മുരളിയുടെ വാക്കുകളിലെ അനുഭവങ്ങളായിരിക്കും നേരിടേണ്ടി വരികയെന്ന്് ഉറപ്പ്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ അതേചോദ്യമാണ് അന്ന് കരുണാകരനും ചോദിച്ചതെന്നതും ചരിത്രത്തിലെ യാദൃച്ഛികത.
"95 ജനുവരി 14ന് ഡല്‍ഹിയില്‍ കരുണാകരന്റെ വാര്‍ത്താസമ്മേളനം മനോരമ ഒന്നാംപേജില്‍ റിപ്പോര്‍ട്ടുചെയ്തത് ഇങ്ങനെ: ""എനിക്കെതിരെ വിധിയില്‍ എന്ത്?: കരുണാകരന്‍"" എന്നാണ് തലക്കെട്ട്. ചാരവൃത്തി സംബന്ധിച്ച ഹൈക്കോടതിവിധിയില്‍ തനിക്കോ സംസ്ഥാന ഗവ ര്‍മെന്റിനോ എതിരെ ഒരു പരാമര്‍ശവുമില്ലെന്ന് മുഖ്യമന്ത്രി കെ കരുണാകരന്‍ പ്രസ്താവിച്ചു. ഞാന്‍ തുടക്കം മുതലേ എടുത്ത നിലപാടുണ്ട്. നടപടി എടുക്കണമെങ്കില്‍ അതിനൊരു കാരണം എന്റെ മുന്നില്‍ എത്തണം..."". ഇതിന് മറുപടിയായി ജനുവരി 15നുതന്നെ ഉമ്മന്‍ചാണ്ടി പ്രസ്താവന പുറപ്പെടുവിച്ചു. ജനുവരി 16ന് മനോരമ അത് റിപ്പോര്‍ട്ടുചെയ്തത് ഇങ്ങനെയാണ്: ""പാര്‍ടിയുടെ നാശം കണ്ടിരിക്കാനാകില്ല: ഉമ്മന്‍ചാണ്ടി"" എന്നാണ് തലക്കെട്ട്. ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ വിശ്വാസ്യത പൂര്‍ണമായും തകര്‍ത്തുവെന്ന് ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചുവെന്നും മനോരമ വാര്‍ത്ത നല്‍കി. അന്നും ഇന്നും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ പി ടി തോമസ് 18ന് ഇങ്ങനെ പറഞ്ഞു: "കനത്ത പൊലീസ് അകമ്പടിയില്ലാതെ മുഖ്യമന്ത്രിക്ക് പൊതുജന മധ്യത്തില്‍ സഞ്ചരിക്കാനാകാത്ത സ്ഥിതിയാണുള്ളത്."" എന്നിട്ടുമെന്തേ അധികാരത്തില്‍നിന്ന് ഇറങ്ങാത്തതെന്നും തോമസ് ചോദിച്ചു.
ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥിതിയും ഭിന്നമല്ല. എന്നിട്ടുമെന്തേ ഇറങ്ങാത്തതെന്ന് തോമസ് ചോദിക്കുന്നില്ലെന്നുമാത്രമല്ല, ഉമ്മന്‍ചാണ്ടിക്കുവേണ്ടി കുഴലൂത്ത് തുടരുകയുമാണ്. ""അധികാരം കുരങ്ങന്റെ കയ്യിലെ പൂമാലയാകരുത്: ഉമ്മന്‍ചാണ്ടി"" എന്നാണ് 21ന് മനോരമയുടെ ഒന്നാംപേജിലെ പ്രസ്താവനയുടെ തലക്കെട്ട്.""കേരളപ്രശ്നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടേണ്ട സമയം കഴിഞ്ഞു. ഹൈക്കമാന്‍ഡ് യഥാസമയം ഇടപെട്ടിരുന്നെങ്കില്‍ ഇത്രയേറെ നഷ്ടം പാര്‍ടിക്കും ഗവണ്‍മെന്റിനും വരുമായിരുന്നില്ല. ഇപ്പോഴത്തെ പ്രശ്നം ചര്‍ച്ചകൊണ്ട് തീരില്ല. ചില നടപടികള്‍കൂടി വേണ്ടിവരും."" ഫെബ്രുവരി 26ന് ഉമ്മന്‍ചാണ്ടിയുടെ വാര്‍ത്ത മനോരമ ഇങ്ങനെ നല്‍കി: ""മുഖം വികൃതമായതിനാല്‍ പ്ലാസ്റ്റിക് സര്‍ജറിയാണ് വേണ്ടത്. കണ്ണാടി തല്ലിപ്പൊട്ടിക്കലല്ല."" ---------------------------------------
മാണി അന്നും കുപ്പായം തുന്നി സ്വന്തം ലേഖകന്‍ Desahabhimani Daily 26-Jul-2013 തിരു: സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങള്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനമെന്ന് പൂര്‍ണമായും പറയാനാകില്ലെങ്കിലും യുഡിഎഫ് രാഷ്ട്രീയത്തിലെ കുതികാല്‍വെട്ടുകളുടെയും നെറികേടുകളുടെയും അഴിമതികളുടെയും തനിയാവര്‍ത്തനമാണിതെന്ന് ചരിത്രത്താളുകള്‍ ഓര്‍മപ്പെടുത്തുന്നു. 1995ല്‍ ചാരക്കേസ് കത്തിനില്‍ക്കെ കരുണാകരവിരുദ്ധരും മുസ്ലിംലീഗും കേരള കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രബല ഘടകകക്ഷികളും കരുണാകരന്റെ രാജിക്കായി മുറവിളികൂട്ടുന്ന നാളുകള്‍. കരുണാകരന്‍ മാറിയാല്‍ ആരെന്ന ചോദ്യമുയരാന്‍ തുടങ്ങി. അന്ന് കെ എം മാണി മനോരമയ്ക്ക് ഒരു പ്രത്യേക അഭിമുഖം നല്‍കി. ഫെബ്രുവരി 22നു പ്രസിദ്ധീകരിച്ച ആ അഭിമുഖത്തില്‍ മാണി വാദിച്ചത് മുഖ്യമന്ത്രിയാകാന്‍ മുഖ്യകക്ഷി നേതാവാകണമില്ലെന്ന്. ഇന്ന് ഉമ്മന്‍ചാണ്ടിയുടെ രാജി ആസന്നമായിരിക്കെ മാണി പയറ്റുന്നതും പഴയ നിലപാട്. സോണിയ ഗാന്ധിയെ വരെ കണ്ട് തന്റെ പാരമ്പര്യം വരച്ചുകാട്ടി. അന്ന് മാണി പറഞ്ഞതുകൂടി കൂട്ടിവായിക്കാം, "ഐക്യജനാധിപത്യമുന്നണിയിലെ മുഖ്യകക്ഷിയുടെ നേതാവു തന്നെ മുന്നണി നേതാവാകണമെന്ന് നിര്‍ബന്ധമില്ല. താത്വികമായി പറഞ്ഞാല്‍ മറ്റു ഘടകകക്ഷികളുടെ നേതാവിനും മുന്നണിയുടെ നേതാവാകാം. 1969ല്‍ ഐക്യമുന്നണിയിലെ മുഖ്യകക്ഷിയല്ലായിരുന്ന സിപിഐയിലെ അച്ചുതമേനോനാണ് മുന്നണി നേതാവായത്. ഇതുപോലെ സി എച്ച് മുഹമ്മദുകോയയും ആയിട്ടുണ്ട്. എല്ലാകാലത്തും ഭൂരിപക്ഷകക്ഷിയുടെ നേതാവായിരിക്കണം മുന്നണി നേതാവെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പിന്നെ ഇതെല്ലാം പരസ്പരവിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സൗമനസ്യത്തിന്റെയും അടിസ്ഥാനത്തില്‍ തീരുമാനിക്കുന്നതാണ്." അന്ന് കരുണാകരനെ തുരത്താന്‍ പ്രത്യക്ഷത്തില്‍ തന്നെ മാണിയും കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയോടൊപ്പം ശക്തമായി രംഗത്തുണ്ടായിരുന്നു. ഇന്ന് പക്ഷേ, ഉമ്മന്‍ചാണ്ടിയെ തുരത്താന്‍ രണ്ടുപേരും രംഗത്തില്ലെങ്കിലും ഉമ്മന്‍ചാണ്ടി പോയാലും തങ്ങളുടെ കസേരയ്ക്ക് ഇളക്കം തട്ടരുതെന്ന് ആഗ്രഹിക്കുന്നു. മാണിയാകട്ടെ, ഒരുപടി കൂടി കടന്ന് പഴയ ആഗ്രഹം പൊടിതട്ടിയെടുക്കുകയും ചെയ്തു. ഇനി താന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ മകന്‍ കേന്ദ്ര സഹമന്ത്രിയായാലും മതി. അന്നും ഇന്നും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന തന്ത്രം. കൊട്ടാര വിപ്ലവത്തിനൊടുവില്‍ മാര്‍ച്ച് 16നു ഗാന്ധിപാര്‍ക്കില്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് കരുണാകരന്‍ രാജി പ്രഖ്യാപിച്ചത്. പ്രസംഗം മനോരമ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു-"നന്ദി കെട്ടവനാര്? കെ കരുണാകരന്‍ ചോദിക്കുന്നു. ഗാന്ധിപാര്‍ക്കിലെ ആയിരങ്ങള്‍ ചിരിക്കുന്നു. പരീക്ഷയ്ക്കൊരു ചോദ്യംചോദിച്ചാല്‍ കേരളത്തിലെ ഏത് കൊച്ചുകുട്ടിയും എഴുതും ഒരേ പേര്. കരുണാകരന്റെ മുള്ളുവച്ച പ്രയോഗത്തിന് കൈയടിയുടെ അകമ്പടി. അകത്തുനിന്നും കുത്തിയവനാര്? മുഖ്യമന്ത്രി വീണ്ടും ചോദിക്കുന്നു. ആ ചോദ്യത്തിനും എല്ലാവരും എഴുതും ഒരേ പേര്." "ഇത്രയും നാളത്തെ രാഷ്ട്രീയജീവിതത്തിനിടയില്‍ ഇതുപോലെ രാഷ്ട്രീയ നപുംസകങ്ങളെ കണ്ടിട്ടില്ല. പലതും ഈ ജീവിതത്തില്‍ കണ്ടു. പലതും കാണാനിരിക്കുന്നു. ഇപ്പോള്‍ പലതും കാണുമ്പോള്‍ എന്റെ സഹോദരങ്ങളെയോര്‍ത്ത് ദുഃഖിക്കുന്നു. 110 കൊല്ലം ജനങ്ങളെ സേവിച്ച കോണ്‍ഗ്രസില്‍ ഇതുപോലെ ചതിയന്മാര്‍ ഉണ്ടായ സമയമില്ല. ചരിത്രം ഇവര്‍ക്ക് മാപ്പുകൊടുക്കില്ല." 18 വര്‍ഷം മുമ്പത്തെ കരുണകാരന്റെ വാക്കുകള്‍ അറംപറ്റുന്നുവെന്നു പറഞ്ഞ് നിസ്സാരവല്‍ക്കരിക്കാകുന്നതല്ല. കോണ്‍ഗ്രസ്-യുഡിഎഫ് രാഷ്ട്രീയത്തെ അന്നും ഇന്നും മൂടിനില്‍ക്കുന്ന ജീര്‍ണതയുടെ തനിയാവര്‍ത്തനമാണ് നടക്കുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചിട്ടും ഉമ്മന്‍ചാണ്ടി ഒഴിയാന്‍ തയ്യാറാകുന്നില്ല. അന്ന് പ്രത്യക്ഷത്തില്‍ തന്നെ കരുണാകരവിരുദ്ധര്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കലാപമുയര്‍ത്തി. കലാപം അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പേരു പറഞ്ഞായിരുന്നു. കരുണകാരന്‍ ഉപജാപകവൃന്ദത്തില്‍പ്പെട്ട് ദുഷിച്ചെന്നായിരുന്നു ആരോപണം. കൂടെനില്‍ക്കുന്നവരുടെ അഴിമതിയെ കുറിച്ചായിരുന്നു ഉമ്മന്‍ചാണ്ടി പരിതപിച്ചത്. ഇന്ന് ഉമ്മന്‍ചാണ്ടി ഉപജാപകവൃന്ദത്തിന്റെ പിടിയിലാണ്. കൂടെനില്‍ക്കുന്നവര്‍ മാത്രമല്ല, സ്വയം തന്നെ അഴിമതിക്കേസില്‍ പ്രതിക്കൂട്ടിലും. എന്നിട്ടും കടിച്ചുതൂങ്ങി നില്‍ക്കുമ്പോഴാണ് കെ മുരളീധരന്റെ വാക്കുകള്‍ പ്രസക്തമാകുന്നത്, ""അന്ന് അച്ഛന്‍ രാജിവച്ചത് വെറുതെയായി.""
K Karunakaran's Resignation is in Vain; K Muraleedharan Mocks at Oommen Chandy

No comments:

Post a Comment