Saturday, July 20, 2013

ഉപദേശം 14 മാസം; വിദേശയാത്ര 18

സ്വന്തം ലേഖകന്‍ /Deshabhimani Posted on: 20-Jul-2013 മലപ്പുറം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരിക്കെ ചുരുങ്ങിയ കാലയളവില്‍ ഷാഫി മേത്തര്‍ നടത്തിയത് 18 വിദേശയാത്ര. ചുമതലയേറ്റ് 14 മാസത്തിനിടയിലാണ് സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കുന്ന യാത്ര നടത്തിയത്. നിയമസഭയില്‍ വി എസ് സുനില്‍കുമാര്‍ ഉന്നയിച്ച ചോദ്യത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഭൂരിഭാഗവും സ്വന്തം ആവശ്യങ്ങള്‍ക്കായിരുന്നെന്നും സര്‍ക്കാര്‍ നല്‍കിയ മറുപടിയിലുണ്ട്. സ്വന്തം ചെലവില്‍ യാത്ര നടത്തിയശേഷം ചെലവ് എഴുതിയെടുക്കലാണ് രീതി. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവെന്ന നിലയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികപുരോഗതിക്കോ വികസനത്തിനോ ആയിരുന്നില്ല യാത്രകളെന്ന് പങ്കെടുത്ത പരിപാടികളുടെ സ്വഭാവത്തില്‍നിന്ന് വ്യക്തമാണ്. 2012 മെയ് 21നാണ് ഷാഫി മേത്തര്‍ ചുമതലയേറ്റത്. നാലുദിവസം കഴിഞ്ഞ ഉടനെ 25ന് ദുബായില്‍ സെന്റ് പോള്‍സ് കോളേജ് ഗള്‍ഫ് അലുമ്നി യോഗത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മേളനത്തിലും പങ്കെടുത്തു. ഒക്ടോബറില്‍ നാല് വിദേശരാജ്യങ്ങളിലേക്കായിരുന്നു യാത്ര. രണ്ടിന് ട്രിനിഡാഡില്‍ നടന്ന കരീബിയന്‍ പബ്ലിക് പ്രൊക്യുയര്‍മെന്റ് സമ്മേളനത്തിലും എട്ടുമുതല്‍ 11 വരെ ന്യൂയോര്‍ക്കില്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് നെറ്റ്വര്‍ക്കിലും 30ന് ജപ്പാനിലെ ക്യോട്ടോയില്‍ ഏഷ്യന്‍ വ്യവസായ ശില്‍പ്പശാലയിലും 31ന് ബ്രസീലില്‍ അന്താരാഷ്ട്ര അഴിമതിവിരുദ്ധസമ്മേളനത്തിലും പങ്കെടുത്തു. ഡിസംബര്‍ ഏഴുമുതല്‍ ഒമ്പതുവരെ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ഏഷ്യ സൊസൈറ്റിയുടെ യുവനേതാക്കളുടെ ഉച്ചകോടിയിലും 11, 12 തീയതികളില്‍ ദുബായില്‍ എന്‍ആര്‍ഐ നെറ്റ്വര്‍ക്ക് ഉദ്ഘാടനത്തിനും പങ്കെടുത്തു. മാര്‍ച്ചില്‍ ബ്രിട്ടണ്‍, അമേരിക്ക, തുര്‍ക്കി എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. 10 മുതല്‍ 18 വരെ ലണ്ടനില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ ലീഡേഴ്സ് പരിപാടിയിലും 22ന് യുഎസ്എയിലെ കാലിഫോര്‍ണിയ രാജീവ് സര്‍ക്കിള്‍ സിലിക്കണ്‍വാലി യോഗത്തിലും 19, 20 തീയതികളില്‍ ഇസ്താംബൂളില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്റെ ആഗോളസമ്മേളനത്തിലും പങ്കെടുത്തു. ഏപ്രില്‍ രണ്ടിന് ന്യൂയോര്‍ക്കില്‍ ഹൊറേയ്സ് മാന്‍ സ്കൂള്‍ വൈഡ് സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് അസംബ്ലിയിലും അഞ്ചുമുതല്‍ എട്ടുവരെ സിംഗപ്പൂരില്‍ കൗണ്‍സില്‍ ഓഫ് ഏഷ്യാ മീറ്റിലും പങ്കെടുത്തു. മെയ് രണ്ടിന് സിംഗപ്പൂരില്‍ ഹാര്‍വാഡ് സര്‍വകലാശാലയുടെ അലുമ്നി യോഗത്തിലും 10 മുതല്‍ 15 വരെ യുഎഇയില്‍ കളമശേരി സെന്റ് പോള്‍സ് കോളേജ് അലുമ്നി യോഗത്തിലും 24 മുതല്‍ 26 വരെ ജോര്‍ദാനില്‍ വേള്‍ഡ് ഇക്കണോമിക്സ് ഫോറത്തിലും ഷാഫി എത്തി. ജൂണ്‍ അഞ്ചുമുതല്‍ ഏഴുവരെ മ്യാന്‍മറില്‍ വേള്‍ഡ് ഇക്കണോമിക്സ് ഫോറത്തില്‍ പങ്കെടുത്തു. ഷാഫി മേത്തര്‍ക്ക് ഒരു രൂപയാണ് ശമ്പളമെങ്കിലും യാത്രാബത്ത ഉള്‍പ്പെടെ 73.5 ലക്ഷം രൂപ കൈപ്പറ്റിയതായി പി സി ജോര്‍ജ് ആരോപിച്ചിരുന്നു.

No comments:

Post a Comment