Monday, July 29, 2013

സി.സി.ടി.വി വിവാദങ്ങളും യാഥാര്‍ഥ്യവും

മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളെക്കുറിച്ച് ഈയിടെ ചില വിവാദങ്ങള്‍ ഉയര്‍ന്നുവല്ലോ. ഒരു കേസില്‍ വെളിവാകുമായിരുന്ന ചില ക്യാമറാ ദൃശ്യങ്ങള്‍ തിരിച്ചു കിട്ടാനിടയില്ലാത്ത വിധം നഷ്ടപ്പെട്ടു എന്ന ന്യായീകരണത്തെ (അല്ലെങ്കില്‍ നഷ്ടപ്പെടുത്തി എന്ന കുറ്റപ്പെടുത്തലുകളെ) തുടര്‍ന്നാണല്ലോ ഈ വിഷയം ചര്‍ക്കയ്ക്ക് വന്നത്. ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് സാങ്കേതിമായി പഠിച്ചു നിലപാടെടുക്കേണ്ട ഈ വിഷയത്തെ പക്ഷേ അല്‍പം ലാഘവത്തോടെ അധികാരികള്‍ നോക്കി കണ്ടോ എന്ന് സംശയിക്കേണ്ടിയരിക്കുന്നു.
സിസി ടിവി അഥവാ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെിലവിഷന്‍ സുരക്ഷയുടെ ഭാഗമായി സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും വെക്കുന്ന ഒരു സിസ്റ്റമാണ്. ആരൊക്കെ വരുന്നു, പോകുന്നു, എന്തൊക്കെ നടക്കുന്ന എന്നൊക്കെ (പല സ്ഥലങ്ങളില്‍വെച്ച ക്യാമറകളുടെ സഹായത്താല്‍) ഒപ്പിയെടുത്ത് അധികാരികളുടെ മുമ്പിലിരിക്കുന്ന ടെലിവിഷന്‍ സെറ്റുകളില്‍ അപ്പപ്പോള്‍ കാണിക്കുന്ന ഒരു സാങ്കേതിക വിദ്യയാണിത്. ഈ ക്യാമറ ദൃശ്യങ്ങള്‍ ഒക്കെ കമ്പ്യൂട്ടറില്‍ അപ്പപ്പോള്‍ ശേഖരിച്ചുവെക്കാനും വര്‍ഷങ്ങളോളം സൂക്ഷിക്കാനും ആവശ്യമുള്ളപ്പോള്‍ ഓരോ ദൃശ്യത്തിന്റെയും സ്ഥലവും തീയതിയും സമയവും അടക്കം പല വിവരങ്ങളും ചേര്‍ത്ത് ദൃശ്യങ്ങള്‍ തിരിച്ചെടുക്കാനും ഈ സാങ്കേതിക വിദ്യക്ക് കഴിവുണ്ട്.
ക്യാമറ ദൃശ്യങ്ങള്‍ അപ്പപ്പോള്‍തന്നെ ശേഖരിച്ചുവക്കണമോ അങ്ങനെയെങ്കില്‍ എത്രകാലം വയ്ക്കണം എന്നൊക്കെയുള്ള നയപരമായ തീരുമാനങ്ങള്‍ക്ക് പിന്നില്‍ സുരക്ഷാപരവും സാമ്പത്തികവും സാങ്കേതികവും നിയമപരവുമായ വശങ്ങള്‍ മാത്രമല്ല ഉള്ളത്. ഇത്തരം നയപരപായ തീരുമാനമെടുക്കുമ്പോള്‍ അവയുടെ സൈബര്‍ കുറ്റാന്വേഷണവശവും കൂടി കണക്കിലെടുക്കേണ്ടിയിരിക്കുന്നു. ഈ രാജ്യത്തെ നിയമം അനുശാസിക്കുന്നതും ആവശ്യപ്പെടുന്നതുമായ തരം തെളിവുകള്‍ സിസിടിവി ദൃശ്യങ്ങളിലുണ്ടാകാനുള്ള സാധ്യത സൈബര്‍ കുറ്റാന്വേഷകരും കോടതിയും ഭാവിയില്‍ ആരാഞ്ഞേക്കാം എന്ന കാരണത്താല്‍ എത്ര സാമ്പത്തികഭാരം ഉണ്ടായാലും സിസിടിവി ദൃശ്യങ്ങള്‍ വര്‍ഷങ്ങളോളം സൂക്ഷിച്ചുവക്കുക എന്ന ശീലം വലിപ്പചെറുപ്പ ഭേദമന്യേ സ്ഥാപനങ്ങക്ക് ഉണ്ടാകേണ്ടതാണ്.
സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ ഒരു സാധാരണ കമ്പ്യൂട്ടറും അതിലൊരു ഹാര്‍ഡ്ഡിസ്‌കും ബന്ധപ്പെട്ട സോഫ്റ്റവെയറും മാത്രംമതി. ക്യാമറകള്‍ക്കും കമ്പ്യൂട്ടറിനും സോഫ്റ്റ്‌വെയറിനും ഹാര്‍ഡ്ഡിസ്‌കിനും അത്രവലിയ മുതല്‍മുടക്കൊന്നുമില്ല. ഒന്നോ രണ്ടോ ലക്ഷമുണ്ടെങ്കില്‍ ഒരു ചെറിയ ഓഫീസില്‍ സിസിടിവി സിസ്റ്റം വെക്കാവുന്നതേയുള്ളൂ. ക്യാമറകളുടെ എണ്ണം കൂടുമ്പോള്‍ ചിലവ് വീണ്ടും ഒന്നോ രണ്ടോലക്ഷം രൂപ കൂടും എന്നു മാത്രം. ഒരിക്കല്‍ വച്ചാല്‍ ഇവയൊക്കെ വര്‍ഷങ്ങളോളം മുടങ്ങാതെ പ്രവര്‍ത്തിക്കുകയും ചെയ്യും. ഇത്തരം സിസിടിവി സിസ്റ്റം സജ്ജമാക്കാനും സമയാസമയം സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനും ടെക്‌നീഷ്യന്മാര്‍ ഇന്ന് കേരളത്തിലെല്ലായിടത്തുമുണ്ട്. ഭാരിച്ച ചെലവില്ല. സാങ്കേതിക വിദഗ്ധരുടെ കുറവില്ല. സാങ്കേതിക വിദ്യയുടെ കുറവ് ഒട്ടുംതന്നെ കേരളത്തിലില്ല എന്നുസാരം.
ദൃശ്യങ്ങള്‍ ശേഖരിച്ചുവെക്കാന്‍ ഒരുപാട് സ്ഥലം കമ്പ്യൂട്ടറില്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും ഇതിന് ഒരുപാട് ഹാര്‍ഡ് ഡിസ്‌കുകള്‍ വാങ്ങേണ്ടിവരുമെന്നും അത് ഭാരിച്ച ചിലവ് വരുത്തിവെക്കുമെന്നും ഒരു വാദം ഉയര്‍ന്നുവരാറുണ്ട്. ഈ വാദത്തിന് ആധുനിക ലോകത്ത് ഒരു നിലനില്‍പുമില്ല. കാരണം വലിയ വിവരശേഖരണശേഷിയുളള ഹാര്‍ഡ് ഡിസ്‌കുകള്‍ കേരളത്തില്‍തന്നെ 5000 രൂപക്കും 8000 രൂപക്കുമൊക്കെ ലഭ്യമാണ്. അങ്ങനെ ഒരു ഹാര്‍ഡ് ഡിസ്‌ക് മതി നിരവധി ക്യാമറകളടങ്ങിയ ഒരു സിസിടിവി സിസ്റ്റം തരുന്ന ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ മുഴുവന്‍ ശേഖരിച്ചുവെക്കാന്‍.
ഉപയോഗിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് തീരുന്നത് മുന്‍കൂട്ടിയറിയാനും തീരുന്ന മുറക്ക് പഴയ ഡിസ്‌ക് പുറത്തെടുത്ത് പുതിയ ഡിസ്‌ക് ഘടിപ്പിക്കാന്‍ ഏതാനും നിമിഷങ്ങള്‍ മതി. പുറത്തെടുത്ത ഹാര്‍ഡ് ഡിസ്‌കുകള്‍ വര്‍ഷങ്ങളോളം സൂക്ഷിക്കാന്‍ വൃത്തിയും അടച്ചുറപ്പുമുള്ള ഒരു ചെറിയ മേശവലിപ്പു മതി. ഇതൊന്നും ഭാരിച്ച ചെലവ് വരുത്തിവെക്കുന്ന കാര്യമല്ല. കോടികണക്കിന് ബജറ്റുള്ള സ്ഥാപനങ്ങള്‍ക്ക് ഇതൊരു കൊച്ചുകാര്യം മാത്രമാണ്.
സി.സി.ടി.വി. ദിശ്യങ്ങള്‍ വര്‍ഷങ്ങളോളം സൂക്ഷിക്കേണ്ടത് അതത് സ്ഥാപനങ്ങളുടെ ചുമതലയാണ്. അതു പറയാന്‍ നിയമത്തിന്റെ പിന്‍ബലമുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കമ്പ്യൂട്ടറില്‍ ഫയല്‍ ആയിട്ടാണ് സൂക്ഷിക്കുന്നത്. ഏതൊരു സാധാരണ ഫയലും പോലെത്തന്നെയാണത്. സാധാരണ ഫയല്‍ ഒരുപാട് വര്‍ഷങ്ങള്‍ സൂക്ഷിക്കുന്നതിന് വ്യക്തമായ നിര്‍ദ്ദേശങ്ങളും ഈ ഫയലുകള്‍ നശിപ്പിക്കുന്നതിന് മുമ്പായി ചെയ്തു തീര്‍ക്കേണ്ട നടപടിക്രമങ്ങളും ഈ രാജ്യത്തുണ്ട്. ഇത്തരം നിര്‍ദ്ദേശങ്ങളും നടപടി ക്രമങ്ങളും കമ്പ്യൂട്ടര്‍ ഫയലുകള്‍ക്കും ബാധകമാണ്. ട്രാന്‍ഫറാകുകയോ റിട്ടയര്‍ ചെയ്യുകയോ ചെയ്യുന്ന ഉദ്യോഗസ്ഥന്‍ (മറ്റു ഫയലുകള്‍ പോലെ) തങ്ങളുടെ കൈവശമുള്ള കമ്പ്യൂട്ടര്‍ ഫയലുകളും പിന്നീട് ചാര്‍ജ്ജെടുക്കുന്ന ഉദ്യോഗസ്ഥന് ഔദ്യോഗികമായിത്തന്നെ കൈമാറേണ്ടതാണ്. അതാത് സ്ഥാപനങ്ങളുടെയും അതിലെ ഉദ്യോഗസ്ഥരുടെയും ചുമതലകളുടെ പട്ടികയില്‍ സിസിടിവി ദൃശ്യങ്ങളുടെ സൂക്ഷിപ്പും ഉള്‍പ്പെടുത്തിയിരിക്കണം.
കമ്പ്യൂട്ടറിലടങ്ങിയിട്ടുള്ള ഫയലുകളിലെ വിവരങ്ങള്‍ ഭാവിയില്‍ ഏതെങ്കിലും ഒരു കേസിലെ തെളിവാകാന്‍ സാധ്യത വളരെ കൂടുതലാണ്. വര്‍ഷങ്ങള്‍ കഴിയുന്തോറും ഈ സാധ്യത കൂടികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം ഉള്ളതിനാലാണ് സാധരാണ ഫയലുകള്‍ സൂക്ഷിക്കുന്ന നടപടി ക്രമങ്ങള്‍ കമ്പ്യൂട്ടര്‍ ഫയലുകള്‍ക്കും ബാധകമാണെന്ന് പറയുന്നത്.
കമ്പ്യൂട്ടര്‍ ഫയലുകളില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ക്ക് നിയമ സാധ്യതയില്ല എന്നൊരു വാദം ഉയര്‍ത്തി അത്തരഫയലുകള്‍ സൂക്ഷിക്കേണ്ടതില്ല എന്ന് വ്യഖ്യാനിക്കുന്നവരുണ്ട്. ഈ വ്യാഖ്യാനവും ശരിയല്ല. കാരണം ഇന്ത്യന്‍ എവിഡന്‍സ് ആക്ടിന്റെ രണ്ടായിരമാണ്ടില്‍ വരുത്തിയ ഭേദഗതി പ്രകാരം കമ്പ്യൂട്ടര്‍ ഫയലുകളില്‍ അടങ്ങിയ വിവരങ്ങള്‍ക്ക് തെളിവായി ഉപയോഗിക്കപ്പെടാന്‍ നിയമ സാധുതയുണ്ട്. കൂടാതെ രണ്ടായിരമാണ്ടില്‍ തന്നെ ഭേദഗതി ചെയ്ത ഇന്ത്യന്‍ ശിക്ഷാനിയമം പ്രകാരവും രണ്ടായിരത്തി എട്ടാമാണ്ടില്‍ ഭേദഗതിചെയ്ത ഐ.ടി. ആക്ട് പ്രകാരവും കമ്പ്യൂട്ടറില്‍ അടങ്ങിയ വിവരങ്ങള്‍ തെളിവായി ഇന്ത്യയിലെ കോടതികള്‍ക്ക് സ്വീകാര്യവുമാണ്. ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ട് സിസിടിവി ദൃശ്യങ്ങള്‍ (മറ്റു കമ്പ്യൂട്ടര്‍ ഫയലുകളും) വര്‍ഷങ്ങളോളം സൂക്ഷച്ചുവെയ്‌ക്കേണ്ടത് അതത് സ്ഥാപനങ്ങളുടെ ചുമതലയാണ്. മാത്രമല്ല ഭാരിച്ച ചിലവിന്റെ മുടന്തന്‍ ന്യായം പറഞ്ഞ് കോടതിയെ തെറ്റിധരിപ്പിയ്ക്കുന്ന ഇന്നത്തെ പരിപാടി ഭാവിയില്‍ നടന്നെന്ന് വരില്ല.
ഇങ്ങനെ സൂക്ഷിച്ചുവെച്ച ഫയലുകള്‍ നശിച്ചു എന്ന ന്യായീകരണവും ഭാവിയില്‍ സൈബര്‍ അന്യേഷണോദ്യോഗസ്ഥര്‍ക്കും കോടതിക്കും സ്വീകാര്യമായി കൊള്ളണമെന്നില്ല. അക്കാര്യം കൂടി ഒന്ന് പരിശോധിച്ചു നോക്കാം. ഹാഡ്ഡിസ്‌ക് തന്നെ അടിച്ചു പൊട്ടിക്കുകയോ തിളച്ച വെള്ളത്തിലിടുകയോ ഹാര്‍ഡ്ഡിസ്‌കില്‍ പൊടിയോ ഈര്‍പ്പമോ കയറുകയോ മറ്റോ നടന്നാലെ ഹാര്‍ഡ്ഡിസ്‌കില്‍ ശേഖരിച്ചു വെച്ചിട്ടുള്ള വിവരങ്ങള്‍ നശിക്കുകയുള്ളൂ. നല്ല ഐടി മാനേജുമെന്റുള്ള സ്ഥാപലങ്ങളില്‍ ഇതൊന്നും നടക്കുകയേയില്ല. അതിനുള്ള നല്ല ഐടി സാങ്കേതിക ജ്ഞാനമൊക്കെ കേരളത്തിലുണ്ട്. ഇങ്ങനെയൊന്നുമല്ലാതെ കമ്പ്യൂട്ടര്‍ ഡാറ്റ നശിച്ചിട്ടുണ്ടെങ്കില്‍ അത് നശിപ്പിച്ചതാവാനെ തരമുള്ളൂ. അശ്രദ്ധമായി കൈകാര്യം ചെയ്തത് മൂലമോ മനഃപൂര്‍വ്വം നശിപ്പിച്ചാലോ അല്ലാതെ ഒരു കമ്പ്യൂട്ടര്‍ ഡാറ്റ നശിക്കില്ല. ഇതില്‍ നിന്നൊക്കെ മനസ്സിലാകുന്നത് സിസിടിവി ദൃശ്യങ്ങളുടെ കമ്പ്യൂട്ടര്‍ ഡാറ്റ മാഞ്ഞുപോയി എന്ന് അധികാരികള്‍ പറയുന്നതിന് ന്യായീകരണമില്ല എന്നു തന്നെയാണ്.
കമ്പ്യൂട്ടര്‍ ഫയലുകള്‍ പലതരത്തില്‍ നശിപ്പിക്കാം. നശിച്ച മിക്കവാറും ഫയലുകള്‍ തിരിച്ചെടുക്കാന്‍ സൈബര്‍ ഫൊറന്‍സിക് സാങ്കേതിക വിദ്യ ഇന്ന് കേരളത്തില്‍ തന്നെ ലഭ്യമാണ്. ഒരു ഹാര്‍ഡ്ഡിസ്‌കിലെ മുഴുവന്‍ ഫയലുകളും നശിപ്പിച്ചാലും അവ തിരിച്ചെടുക്കുവാന്‍ സാധിച്ചാല്‍ അതിനുള്ള ചിലവ് 10,000 രൂപയില്‍ താഴേ മാത്രമേ വരികയുള്ളൂ. സര്‍ക്കാര്‍ ഡാറ്റയാണ് പോയെന്നിരിക്കട്ടെ കേരളത്തിലെ എല്ലാ ജില്ലാ പോലീസ് സൈബര്‍ സെല്ലുകളും പോയത് സൗജന്യമായിത്തന്നെ തിരിച്ചെടുത്തു കൊടുക്കും. എന്നാല്‍ തിരിച്ചു കിട്ടരുത് എന്ന ഉദ്ദേശത്തോടുകൂടിത്തന്നെ നശിപ്പിക്കപ്പെട്ട കമ്പ്യൂട്ടര്‍ ഫയലുകള്‍ ഒരു സൈബര്‍ ഫൊറന്‍സിക് വിദഗ്ദ്ധന്‍ വിചാരിച്ചാലും തിരിച്ചു കിട്ടുകയില്ല. മനഃപൂര്‍വ്വം (തിരിച്ചുകിട്ടരുത് എന്ന ഉദ്ദേശത്തോടു കൂടിത്തന്നെ) കമ്പ്യൂട്ടര്‍ ഫയലുകള്‍ നശിപ്പിക്കാന്‍ സഹായിക്കുന്ന ആത്യാധുനിക സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ സൗജന്യമായിത്തന്നെ ലഭ്യവുമാണ്.
പക്ഷേ ഇങ്ങനെ തിരിച്ചുകിട്ടാത്തവിധത്തില്‍ കമ്പ്യൂട്ടര്‍ ഫയലുകള്‍ നശിപ്പിക്കുന്നത് ഭാവിയില്‍ പല നിയമപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ഇങ്ങനെ നശിപ്പിക്കപ്പെട്ട കമ്പ്യൂട്ടര്‍ ഫയലുകള്‍ അടങ്ങിയിട്ടുള്ള തെളിവുകള്‍ മനഃപൂര്‍വ്വം നശിപ്പിച്ചു എന്നൊരു വ്യാഖ്യാനം ഭാവിയില്‍ സൈബര്‍ കുറ്റാന്വേഷകരുടെയും കോടതിയുടെയും ഭാഗത്തുനിന്നുണ്ടായേക്കാം. അതിനാല്‍തന്നെ കമ്പ്യൂട്ടറില്‍ ശേഖരിച്ചുവെയ്ക്കാവുന്ന വിവരങ്ങള്‍ നശിപ്പിക്കുകയോ അവ ഒരിക്കലും വീണ്ടെടുക്കാനാവാത്തതരത്തില്‍ മായ്ച്ചുകളയുകയോ ചെയ്യുന്നവരൊക്കെ ഭാവിയില്‍ വിവിധ കോടതി കേസ്സുകളിലെ പ്രതിപ്പട്ടികയില്‍ കയറാന്‍ സാധ്യതയുണ്ട്. ഇങ്ങനെ നോക്കിയാല്‍ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാത്ത ഉദ്യോഗസ്ഥരും രണ്ടാഴ്ച കഴിഞ്ഞ് ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ പാകത്തില്‍ സിസിടിവി സിസ്റ്റം ഘടിപ്പിക്കാന്‍ ഉത്തരവ് കൊടുത്ത ഉദ്യോസ്ഥരുമൊക്കെ (അല്ലെങ്കില്‍ അത്തരമൊരു ഉത്തരവില്ലാതെത്തന്നെ സിസിടിവി സിസ്റ്റത്തിലെ ദൃശ്യങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞാല്‍ കളയാനുള്ള കമാന്‍ഡ് സെറ്റ് ചെയ്ത എഞ്ചിനീയര്‍മാരും) കേസ്സിലെ പ്രതികളായി മാറിയേക്കാം.
കമ്പ്യൂട്ടര്‍ ഫയലുകള്‍ നശിപ്പിച്ചതിന്റെ തെളിവുകള്‍ തിയ്യതിയും സമയവും മറ്റും ഉപയോഗിച്ച് ശാസ്ത്രീയമായിത്തന്നെ തെളിയിച്ച് കോടതിയെ ബോധ്യപ്പെടുത്താനുള്ള സാങ്കേതികവിദ്യയും നിയമബലവും യോഗ്യതയും സൈബര്‍ ഫൊറന്‍സിക് വിദഗ്ദ്ധര്‍ക്ക് ഇന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അത്തരം നിരവധി കേസ്സുകളില്‍ പോലീസിനെയും ഇന്റലിജന്‍സിനെയും കോടതിയേയും നിരവധി തവണ സഹായിച്ചതിന്റെ മുന്‍പരിചയമുള്ളതിനാല്‍ കമ്പ്യൂട്ടര്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടാലുള്ള ഭവിഷ്യത്ത് വിവരിക്കാന്‍ ഈ ലേഖകന് വലിയ ബുദ്ധിമുട്ടൊന്നുമില്ല.
Article Credits: ഡോ. പി.വിനോദ് ഭട്ടതിരിപ്പാട്‌ Posted in Mathrubhumi Daily on: 28 Jul 2013

No comments:

Post a Comment