Sunday, July 21, 2013

മുഖ്യമന്ത്രിക്കൊപ്പം വേദിപങ്കിട്ട കോട്ടുധാരി മാറാക്കര സ്വദേശി

Malappuram മുഖ്യമന്ത്രിക്കൊപ്പം തിരൂരില്‍ വേദി പങ്കിട്ട കോട്ടുധാരി കുഴപ്പക്കാരനല്ലെന്ന് പോലീസ്. ശനിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത തിരൂര്‍ മലയാള സര്‍വകലാശാലയുടെ കെട്ടിടോദ്ഘാടന ച്ചടങ്ങിലാണ് ക്ഷണിക്കപ്പെടാത്ത അതിഥി വേദിയില്‍ ഇരിപ്പുറപ്പിച്ചത്. സംഭവം പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും ഇയാളെ വേദിയില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടെ വേദിയില്‍ അജ്ഞാതന്‍ കയറിക്കൂടിയത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് ഇയാളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. കാടാമ്പുഴ സ്റ്റേഷന്‍ പരിധിയില്‍ മാറാക്കര സ്വദേശി പത്രംപള്ളി ലത്തീഫ് എന്നയാളാണ് ഈ കോട്ടുധാരിയെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരൂരിലെ സ്വകാര്യ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യക്കും കുട്ടിക്കുമൊപ്പമാണ് താമസം. കാടാമ്പുഴ എസ്.ഐ ശശിധരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. സ്ഥലത്തെ പ്രാദേശിക രാഷ്ട്രീയ നേതാക്കളോടും അയല്‍വാസികളോടും ലത്തീഫിനെക്കുറിച്ച് അന്വേഷിച്ചു. കുഴപ്പക്കാരനല്ല ഇയാളെന്ന മറുപടിയാണ് പോലീസിന് ലഭിച്ചത്. അതിനാല്‍തന്നെ കേസെടുത്തിട്ടില്ലെന്ന് സ്റ്റേഷനില്‍നിന്ന് അധികൃതര്‍ അറിയിച്ചു. മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്. കോണ്‍ഗ്രസ് ചായ്‌വുള്ളയാളാണെന്നും നാട്ടുകാര്‍ പറയുന്നതായി പോലീസ് പറഞ്ഞു.
വേദിയില്‍ മുഖ്യമന്ത്രിക്കൊപ്പം അജ്ഞാതനെ കണ്ടത് വിവാദമായതോടെ സ്‌പെഷല്‍ ബ്രാഞ്ച് നിര്‍ദേശപ്രകാരമാണ് പോലീസ് അന്വേഷണം നടത്തിയത്. ഷര്‍ട്ടിന് മുകളില്‍ കറുത്ത കോട്ട് ധരിച്ച് കണ്ണടയും വെച്ച് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമൊപ്പം വേദിയിലേക്ക് കയറുകയായിരുന്നു. മുഖ്യമന്ത്രിയെ ഹസ്തദാനം ചെയ്യുകയും അരമണിക്കൂറോളം മുഖ്യമന്ത്രി ഇരുന്നതിന് പിന്‍നിരയില്‍ ഇരിക്കുകയും ചെയ്തു.

No comments:

Post a Comment