Tuesday, July 23, 2013

രക്ഷയ്ക്ക് ഇനിയില്ല വഴി

രക്ഷയ്ക്ക് ഇനിയില്ല വഴി
കെ എം മോഹന്‍ദാസ് Posted on: 23-Jul-2013 തിരു: എല്ലാവഴിയും അടഞ്ഞിട്ടും ഏതുവിധേനയും മുഖ്യമന്ത്രിപദത്തില്‍ കടിച്ചുതൂങ്ങാന്‍ സമനില തെറ്റി പരക്കംപായുകയാണ് ഉമ്മന്‍ചാണ്ടി. സരിതയും ബിജു രാധാകൃഷ്ണനുമായുള്ള ഗാഢബന്ധം വ്യക്തമാക്കി മുഖ്യമന്ത്രിക്കെതിരെ നിത്യേന പുതിയ തെളിവുകള്‍ വരുന്നതിനൊപ്പമാണ് കോടതിയുടെ രൂക്ഷവിമര്‍ശം. ഒരേദിവസം നീതിപീഠത്തില്‍നിന്ന് ഇരട്ടപ്രഹരം ഏറ്റുവാങ്ങിയ ബഹുമതിയും ഉമ്മന്‍ചാണ്ടിക്ക് സ്വന്തമായി. എന്നിട്ടും തൊടുന്യായങ്ങളില്‍ തൂങ്ങി കസേരയുറപ്പിക്കാനുള്ള ബദ്ധപ്പാടിലാണ് അദ്ദേഹം. എത്രതന്നെ അപമാനം സഹിക്കേണ്ടിവന്നാലും മുഖ്യമന്ത്രിക്കസേര വിടില്ലെന്ന് പ്രഖ്യാപിച്ച അപൂര്‍വതയുണ്ട് ഉമ്മന്‍ചാണ്ടിക്ക്. മറ്റൊരു കോണ്‍ഗ്രസ് ഭരണാധികാരിയും ഇത്രയ്ക്ക് തൊലിക്കട്ടി കാണിച്ചിട്ടില്ല. അധികാരത്തില്‍ തുടരാന്‍ എന്ത് അവഹേളനവും അപമാനവും താന്‍ സഹിക്കുമെന്ന് ഉമ്മന്‍ചാണ്ടി പരസ്യമായി പറഞ്ഞു. സദാചാരമൂല്യങ്ങളും ജനാധിപത്യവും ധാര്‍മികതയുമൊന്നും തന്റെ നിഘണ്ടുവില്‍ ഇല്ലെന്ന് അദ്ദേഹം പലവട്ടം തെളിയിച്ചു. കൂടെനിന്നവരെ കുത്തിമലര്‍ത്തി അധികാരത്തിലേക്ക് കയറാന്‍ ഒരുമടിയും കാണിച്ചിട്ടുമില്ല.
കോടതികളില്‍നിന്ന് തുടരെ പരാമര്‍ശങ്ങള്‍ വരുമ്പോഴും കോടതികളോട് അദ്ദേഹത്തിന് വല്ലാത്ത ബഹുമാനമുണ്ട്. എന്നാല്‍, ഹൈക്കോടതിയിലെ രണ്ടു ബെഞ്ചുകളില്‍ നിന്ന് ചൊവ്വാഴ്ച കടുത്ത വിമര്‍ശം ഉയര്‍ന്നപ്പോള്‍ കുറ്റം മാധ്യമങ്ങളുടേതായി. "കോടതിയുടെ പേരില്‍ മാധ്യമങ്ങള്‍ എന്തെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അതിന് എന്നെ കിട്ടില്ല" ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഈയൊരു ഉത്തരമേ ഉമ്മന്‍ചാണ്ടിയുടെ പക്കലുണ്ടായിരുന്നുള്ളൂ. ഒരു ന്യായവാദവും വിലപ്പോകില്ലെന്നു കണ്ട മുഖ്യമന്ത്രി പതിവുവിട്ട് ക്രുദ്ധനാകുകയും "വിധി" പഠിച്ചുവരാന്‍ മാധ്യമങ്ങളെ ഉപദേശിക്കുകയും ചെയ്ത് സ്ഥലംവിട്ടു. മുഖ്യമന്ത്രിക്കു മുമ്പ് മാധ്യമങ്ങളെ കണ്ട ആഭ്യന്തരമന്ത്രിയും വല്ലാതെ അസ്വസ്ഥനായിരുന്നു. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല, എനിക്കിത്രയേ പറയാനുള്ളൂ, കോടതി സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല- എന്നിങ്ങനെയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ന്യായീകരണം. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി കോടതികളില്‍നിന്ന് നിരന്തരം പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് സരിതയ്ക്ക് 40 ലക്ഷം നല്‍കിയതെന്ന ക്രഷര്‍ ഉടമ ശ്രീധരന്‍നായരുടെ പരാതിയില്‍ കൂട്ടിച്ചേര്‍ക്കലുണ്ടെന്ന വാദം തെറ്റാണെന്ന് പത്തനംതിട്ട കോടതി നിരീക്ഷിച്ചിരുന്നു. ടെന്നി ജോപ്പന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനം ഉപയോഗിച്ചെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇപ്പോഴാകട്ടെ രണ്ട് ബെഞ്ചുകള്‍ ഒരേദിവസം സര്‍ക്കാരിനെയും പൊലീസിനെയും പ്രതിക്കൂട്ടിലേറ്റി.
ഹൈക്കോടതി അമര്‍ഷവും അസംതൃപ്തിയും മാത്രമല്ല, സര്‍ക്കാരില്‍ അവിശ്വാസവും പ്രകടിപ്പിച്ചു. അഡ്വക്കറ്റ് ജനറലിനെ കോടതി വിളിച്ചുവരുത്തി. എന്നിട്ടും രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. തനെന്തിന് രാജിവയ്ക്കണമെന്നാണ് ചോദ്യം. കോടതി പരാമര്‍ശങ്ങളുടെ പേരില്‍ കെ കരുണാകരന്‍ ആവശ്യമില്ലാതെ രണ്ടുതവണ രാജിവച്ചെന്ന മുരളീധരന്റെ പരാമര്‍ശമാണ് ഇതിനു മറുപടി. തന്റെ കള്ളത്തരങ്ങള്‍ക്ക് മറയിടാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനെ മാധ്യമങ്ങള്‍ക്കു മുന്നിലേക്ക് അയക്കാനും മുഖ്യമന്ത്രി മടിച്ചില്ല. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫലി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് ഹൈക്കോടതിയെ ആക്ഷേപിച്ചു. കോടതിക്ക് തെറ്റിദ്ധാരണയാണെന്നാണ് ഡിജിപിയുടെ കണ്ടെത്തല്‍. മൂവാറ്റുപുഴ കോടതിയുടെ വാറന്റ് നടപ്പാക്കേണ്ടതിനാല്‍ സരിതയെ മൊഴിയെടുക്കുന്നതിന് എത്തിക്കാനായില്ല എന്നാണ് ന്യായം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ജൂലൈ ഒന്നു മുതല്‍ മൂന്നു തവണ വാറന്റ് പുറപ്പെടുവിച്ചിട്ടും സരിതയെ ഹാജരാക്കാന്‍ ഈ ഡിജിപിയുടെ നീതിബോധം ഉണര്‍ന്നില്ല. Article credits:Deshabhimani Daily

No comments:

Post a Comment