Friday, October 14, 2016

ഇ പി ജയരാജൻ രാജി വച്ചു

തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തേത്തുടർന്ന് പ്രതിസന്ധിയിലായ ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജി വച്ചു. സ്ഥാനമേറ്റ് 142ആം ദിവസമാണ് ഇ.പി.ജയരാജൻ രാജി വയ്ക്കുന്നത്.
രാവിലെ പത്തു മണിയോടെ ആരംഭിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനൊടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർണ്ണായകമായ തീരുമാനത്തേത്തുടർന്ന് ജയരാജൻ രാജി വച്ചത്.
അനധികൃത നിയമനങ്ങളുടെ പേരിൽ പാർട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും കടുത്ത വിമർശനം ജയരാജൻ ഏറ്റുവാങ്ങിയിരുന്നു. മന്ത്രിസ്ഥാനം ഏറ്റെടുത്തതു മുതൽ വിടുവായത്തം മുഖമുദ്രയാക്കിയതിന്റെ പേരിൽ ഒട്ടേറെ വിവാദങ്ങൾക്കാണ് ജയരാജൻ തിരി കൊളുത്തിയത്. സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോർജ്ജിനെ അനധികൃത നിയമനം നടത്തിയെന്ന പേരിൽ അവഹേളിച്ചു പുറത്താക്കിയ ജയരാജന് അതേ നാണയത്തിൽ തിരിച്ചടി കിട്ടുന്നതിനാണ് രാഷ്ട്രീയകേരളം സാക്ഷ്യം വഹിച്ചത്.
അനധികൃത നിയമനവിവാദത്തേത്തുടർന്ന് ജയരാജനെതിരേ വിജിലൻസ് ത്വരിതപരിശോധന നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെയും, സർക്കാരിന്റെയും മുഖം രക്ഷിക്കാൻ മറ്റു വഴികളില്ലാത്ത സാഹചര്യത്തിലാണ് ജയരാജനോട് രാജി ആവശ്യപ്പെടാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിർബന്ധിതമായത്.
വിജിലൻസ് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉൾപ്പെടുത്തണമെന്ന് എം ടി രമേശ്
തിരുവനന്തപുരം: ഇ പി ജയരാജൻ രാജി വെച്ചതു കൊണ്ട് പ്രശ്നം തീരുന്നില്ലെന്ന് ബിജെപി. മുഖ്യമന്ത്രി അറിയാതെയാണ് നിയമനങ്ങൾ നടന്നതെന്ന് വിശ്വസിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് തിരുവനന്തപുരത്ത് പറഞ്ഞു. നിയമന കാര്യത്തിൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം പകൽ പോലെ വ്യക്തമാണ്. അതിനാൽ തന്നെ വിജലിൻസ് അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഉൾപ്പെടുത്തണമെന്ന് രമേശ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയരാജന്‍റെ രാജി മഹാകാര്യമായി ഉയർത്തിപ്പിടിക്കുന്ന സിപിഎം നിലപാട് പരിഹാസ്യമാണ്. ഗത്യന്തരമില്ലാതെയാണ് ജയരാജൻ രാജി വെച്ചത്. ആരോപണം ഉയര്‍ന്നപ്പോൾ മുതൽ വ്യാപക പ്രതിഷേധം ഉണ്ടായെങ്കിലും ജയരാജനെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടിയും മുഖ്യമന്ത്രിയും സ്വീകരിച്ചത്. എന്നാൽ ആർക്കും രക്ഷപ്പെടുത്താനാകാത്ത വിധം കുരുക്ക് മുറുകിയപ്പോൾ രാജി വെക്കേണ്ടി വന്നതാണ്. 100 ദിവസം കൊണ്ട് തന്നെ ഒരു മന്ത്രിക്ക് രാജി വെക്കേണ്ടിവന്നതോടെ അഴിമതിയുടെ കാര്യത്തിൽ യുഡിഎഫുമായി എൽഡിഎഫിന് വ്യത്യാസമില്ലെന്ന് തെളിഞ്ഞു.
ഇ പി ജയരാജനെതിരായ വാർത്ത പുറത്തു വരരുതെന്ന് ചിന്ത മൂലമാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാദ്ധ്യമങ്ങളെ അക്രമിച്ചത്. അക്രമത്തിന് പിന്നിൽ അഭിഭാഷകരുടെ വേഷം ധരിച്ച സിപിഎം ആജ്ഞാനുവർത്തികളാണ്. കോടതിയിൽ നിന്ന് മാദ്ധ്യമങ്ങളെ ആട്ടിപ്പായിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്ന ബിജെപി ആരോപണം ശരിയെന്ന് ഇതോടെ തെളിഞ്ഞു. എന്തിനാണ് ജയരാജന്‍റെ കേസ് പരിഗണനക്ക് വന്നപ്പോൾ മാത്രം മാദ്ധ്യമങ്ങളെ കോടതിയിൽ നിന്ന് പുറത്താക്കിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.
ചിറ്റപ്പന്റെ രാജി ആഘോഷിച്ച് സോഷ്യല്‍ മീഡിയ
ബന്ധു നിയമന വിവാദത്തില്‍ പെട്ട വ്യവസായ മന്ത്രി ഇപി ജയരാജന്റെ രാജി ആഘോഷിച്ച് സോഷ്യല്‍ മീഡിയ. ജയരാജനെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകള്‍ കൊണ്ട് നിറയുകയാണ് നവ മാദ്ധ്യമങ്ങള്‍. ചിറ്റപ്പന്‍ ജയരാജന്‍ എന്ന പുതിയ പേരാണ് സോഷ്യല്‍ മീഡിയ ജയരാജന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഇതാദ്യമായല്ല ജയരാജന്‍ സോഷ്യല്‍മീഡിയ ട്രോളുകളിലെ പ്രധാന കഥാപാത്രമാകുന്നത്. ബോക്‌സര്‍ മുഹമ്മദ് അലിയെ ചാനല്‍ ചര്‍ച്ചയില്‍ അനുസ്മരിച്ചതോടെയാണ് ജയരാജന്‍ സോഷ്യല്‍മീഡിയയിലെ താരമാകുന്നത്. സംസ്ഥാനത്തിനായി മുഹമ്മദ് അലി സ്വര്‍ണ്ണം നേടിയെന്നടക്കമുള്ള ജയരാജന്റെ പ്രതികരണത്തെ ഏറ്റെടുക്കുകയായിരുന്നു ഇരയെ കാത്തിരുന്ന ട്രോളന്‍മാര്‍.
പിന്നീട് അഞ്ജു ബോബി ജോര്‍ജിനെ പുറത്താക്കിയപ്പോഴും ജയരാജന്‍ തന്നെയായിരുന്നു ട്രോളന്‍മാരുടെ പ്രധാന ഇര. ഒടുവില്‍ ബന്ധു നിയമന വിവാദം ആളിക്കത്തി രാജിവച്ചപ്പോഴും ജയരാജനെ ട്രോളന്‍മാര്‍ വെറുതെവിടുന്നില്ല.
‘ജയരാജേട്ടാ രാജിവച്ചതില്‍ കായിക കേരളം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും.’ ‘കേരളത്തിന്റെ സ്വന്തം മുഹമ്മദ് അലിയുടെ അനുഗ്രഹം എന്നും താങ്കളുടെ കൂടെയുണ്ടാകും.’ ‘നിങ്ങളെപ്പോലെയൊരു ചിറ്റപ്പനില്ലല്ലോ എന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സങ്കടമുണ്ട്.’ ‘അഞ്ജു ബോബി ജോര്‍ജ് ഏതു പള്ളിയിലാണ് പോയി പ്രാര്‍ത്ഥിച്ചത് എന്നറിഞ്ഞിരുന്നെങ്കില്‍ അവിടം വരെ ഒന്ന് പോകാമായിരുന്നു.’ ഇങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍.
എന്തായാലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജ്ജിനെ അനധികൃത നിയമനം നടത്തിയെന്ന പേരില്‍ അവഹേളിച്ചു പുറത്താക്കിയ ജയരാജന് അതേ നാണയത്തില്‍ തിരിച്ചടി കിട്ടിയത് ആഘോഷിക്കുകയാണ് നവ മാദ്ധ്യമങ്ങളും ട്രോളന്‍മാരും.
News Credit ,Janamtv.com

No comments:

Post a Comment